ഞാൻ യഹ്യ, നാടുകടത്തലിനെ താൽക്കാലിക സ്വദേശമാക്കി മാറ്റിയ, കിനാവുകളെ പോരാട്ടമാക്കിമാറ്റിയ ഒരു അഭയാർഥിയുടെ മകൻ. ഈ കുറിപ്പെഴുതുമ്പോൾ ജീവിതത്തിൽ കടന്നുപോയ ഓരോ നിമിഷവും എന്റെ നിനവിലെത്തുന്നു. ഇടുക്കുവഴികൾക്കിടയിലെ കുട്ടിക്കാലവും വർഷങ്ങൾ നീണ്ട തടവുകാലവും ഈ നാടിന്റെ മണ്ണിലിറ്റുവീണ ഓരോ തുള്ളി രക്തവും. ഫലസ്തീൻ ഒരു കീറിപ്പറിഞ്ഞ ഓർമയും രാഷ്ട്രീയക്കാരുടെ മേശകളിന്മേൽ മറന്നുവെക്കപ്പെട്ട ഭൂപടവുമായിരുന്ന ഒരു കാലത്ത്, 1962ൽ ഖാൻ യൂനിസ്...
ഞാൻ യഹ്യ, നാടുകടത്തലിനെ താൽക്കാലിക സ്വദേശമാക്കി മാറ്റിയ, കിനാവുകളെ പോരാട്ടമാക്കിമാറ്റിയ ഒരു അഭയാർഥിയുടെ മകൻ. ഈ കുറിപ്പെഴുതുമ്പോൾ ജീവിതത്തിൽ കടന്നുപോയ ഓരോ നിമിഷവും എന്റെ നിനവിലെത്തുന്നു. ഇടുക്കുവഴികൾക്കിടയിലെ കുട്ടിക്കാലവും വർഷങ്ങൾ നീണ്ട തടവുകാലവും ഈ നാടിന്റെ മണ്ണിലിറ്റുവീണ ഓരോ തുള്ളി രക്തവും.
ഫലസ്തീൻ ഒരു കീറിപ്പറിഞ്ഞ ഓർമയും രാഷ്ട്രീയക്കാരുടെ മേശകളിന്മേൽ മറന്നുവെക്കപ്പെട്ട ഭൂപടവുമായിരുന്ന ഒരു കാലത്ത്, 1962ൽ ഖാൻ യൂനിസ് അഭയാർഥി ക്യാമ്പിലാണ് എന്റെ ജനനം. അഗ്നിക്കും ചാരത്തിനുമിടയിൽ ജീവിതം നെയ്തെടുത്ത ഒരുവനാണ് ഞാൻ, അധിനിവേശത്തിനു കീഴിലെ ജീവിതമെന്നാൽ നിത്യതടവറയലല്ലാതെ മറ്റൊന്നുമല്ലെന്നും ഞാൻ മുമ്പേ തന്നെ മനസ്സിലാക്കിയിരുന്നു.
ഈ നാട്ടിലെ ജീവിതം സാധാരണമല്ലെന്നും ഈ മണ്ണിൽ പിറന്നവരെല്ലാം തകർക്കാൻ കഴിയാത്തൊരായുധം നെഞ്ചകത്തിനുള്ളിൽ കരുതണമെന്നും സ്വാതന്ത്ര്യത്തിലേക്കുള്ള വഴിദൂരം ഏറെയുണ്ടെന്നും പണ്ടേക്കു പണ്ടേ എനിക്കറിയാമായിരുന്നു.
നിങ്ങളോടുള്ള എന്റെ വസിയ്യത്ത് ഇവിടെ തുടങ്ങുന്നു:
അധിനിവേശകർക്കുനേരെ ആദ്യമായി കല്ലെറിഞ്ഞ, നമ്മുടെ മുറിവുകൾക്കുമുന്നിൽ നിശ്ശബ്ദമായി നിൽക്കുന്ന ഒരു ലോകത്തോട് നാം പറയുന്ന ആദ്യ വാക്കുകൾ കല്ലുകളാണെന്ന് മനസ്സിലാക്കിയ ആ കുട്ടിയിൽനിന്ന്.
ഒരു വ്യക്തി അളക്കപ്പെടുന്നത് അവർ ജീവിച്ച വർഷങ്ങളാലല്ല, മറിച്ച് അവർ തന്റെ രാജ്യത്തിന് എന്തു നൽകി എന്നതിനെ അടിസ്ഥാനമാക്കിയാണെന്ന് ഗസ്സയിലെ തെരുവുകളിൽ നിന്ന് ഞാൻ മനസ്സിലാക്കി. തടവറകളും പോരാട്ടങ്ങളും നോവും പ്രത്യാശകളും ചേർന്നതായിരുന്നു എന്റെ ജീവിതം.
ആദ്യമായി ഞാൻ തടവിലാക്കപ്പെടുന്നത് 1988ലാണ്, അന്ന് ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു; ആ ഇരുണ്ട സെല്ലുകളിൽ, എല്ലാ ചുവരുകളിലും വിദൂര ചക്രവാളത്തിലേക്കുള്ള ഒരു ജാലകവും, എല്ലാ കാരിരുമ്പഴികളിലും സ്വാതന്ത്ര്യത്തിലേക്കുള്ള പാതയെ പ്രകാശിപ്പിക്കുന്ന ഒരു വെളിച്ചവും ഞാൻ കണ്ടു. ക്ഷമ എന്നത് വെറുമൊരു നന്മയല്ല, അതൊരു ആയുധമാണെന്ന് ജയിലിൽ വെച്ച് ഞാൻ മനസ്സിലാക്കി. കടലിനെ തുള്ളിതുള്ളിയായി കുടിച്ചുതീർക്കുന്നതുപോലെ കയ്പേറിയ ഒരു ആയുധം.
ജയിലുകളെ ഒരിക്കലും ഭയപ്പെടരുത് എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്, സ്വാതന്ത്ര്യത്തിലേക്കുള്ള നമ്മുടെ നീണ്ട യാത്രയുടെ ഭാഗം മാത്രമാണവ. സ്വാതന്ത്ര്യം എന്നത് കേവലം കവർച്ചചെയ്യപ്പെട്ട അവകാശമല്ല, മറിച്ച് വേദനയിൽനിന്ന് പിറവിയെടുത്തതും ക്ഷമയിൽനിന്ന് ഉരുവപ്പെട്ടതുമായ ഒരു ആശയമാണെന്ന് ജയിൽ എന്നെ പഠിപ്പിച്ചു.
തടവുകാരെ കൈമാറാനുള്ള 2011ലെ വഫാ അൽ അഹ്റാർ ഉടമ്പടിപ്രകാരം മോചിതനായപ്പോൾ ഞാൻ തിരിച്ചുവന്നത് പഴയതുപോലെയായിരുന്നില്ല, നാം നടത്തുന്നത് വെറുമൊരു പോരാട്ടമല്ല, മറിച്ച് നമ്മുടെ അവസാന തുള്ളി രക്തം ഇറ്റുവീഴും വരെ നിർവഹിക്കുന്ന ഭാഗധേയമാണ് എന്ന ശക്തമായ വിധിവിശ്വാസത്താൽ കൂടുതൽ കരുത്താർജിച്ചാണ്.
ഒരിക്കലും മരിക്കാത്ത സ്വപ്നവും വിട്ടുവീഴ്ച ചെയ്യാനാവാത്ത അന്തസ്സും മുറുകെപ്പിടിച്ച് നിലകൊള്ളണമെന്നാണ് എനിക്ക് നിങ്ങളോടുള്ള ഉപദേശം. നമ്മൾ പ്രതിരോധം കൈയൊഴിയണമെന്നും നമ്മുടെ വിഷയം അവസാനമില്ലാത്ത ചർച്ചകളാക്കി മാറ്റണമെന്നുമാണ് ശത്രുപക്ഷം ആഗ്രഹിക്കുന്നത്. പക്ഷേ, എനിക്ക് പറയാനുള്ളത് നിങ്ങളുടെ ന്യായമായ അവകാശങ്ങളുടെ മേൽ വിലപേശലിന് നിൽക്കരുത് എന്നാണ്. നിങ്ങളുടെ ആയുധങ്ങളേക്കാൾ നിങ്ങളുടെ നെഞ്ചുറപ്പിനെയാണ് അവർ ഭയക്കുന്നത്. പ്രതിരോധം എന്നത് നമ്മളേന്തുന്ന ആയുധം മാത്രമല്ല, മറിച്ച് ഓരോ നിശ്വാസത്തിലും നാം ഫലസ്തീനോട് പുലർത്തുന്ന സ്നേഹം കൂടിയാണ്. ഉപരോധത്തിനും ആക്രമണങ്ങൾക്കുമിടയിലും ഉറച്ചുനിൽക്കുക എന്നത് നമ്മുടെ ദൃഢനിശ്ചയമാണ്.
മുള്ളുനിറഞ്ഞ ഈ പാതയിൽ നമ്മെ വിട്ടേച്ചുപോയ രക്തസാക്ഷികളുടെ രക്തത്തോട് കൂറുപുലർത്തണം. സ്വന്തം രക്തത്താൽ അവരാണ് നമുക്ക് സ്വാതന്ത്ര്യത്തിലേക്ക് വഴിതുറന്നുതന്നത്. ആകയാൽ, രാഷ്ട്രീയക്കാരുടെ കണക്കുകൂട്ടലുകളിലും നയതന്ത്ര കളികളിലും കുരുക്കി അവരുടെ ത്യാഗങ്ങളെ പാഴാക്കരുത്. മുമ്പേ നടന്നവർ തുടങ്ങിവെച്ചത് മുന്നോട്ടു കൊണ്ടുപോകാൻ നമ്മൾ ഇവിടെയുണ്ട്. എന്തുതന്നെ സംഭവിച്ചാലും നമ്മളീ പാതയിൽ നിന്ന് വ്യതിചലിക്കയില്ല. നമുക്കു ചുറ്റുമുള്ള ലോകം കൊട്ടിയടച്ചിട്ടും നിലക്കാതെ മിടിച്ച ഫലസ്തീന്റെ ഹൃദയമായ, ദൃഢനിശ്ചയത്തിന്റെ ആസ്ഥാനമായ ഗസ്സ അങ്ങനെത്തന്നെ തുടരും.
2017ൽ ഞാൻ ഗസ്സയിലെ ഹമാസ് നേതൃത്വം ഏറ്റെടുക്കുമ്പോൾ, അത് വെറും അധികാര കൈമാറ്റമായിരുന്നില്ല, പകരം ഒരു കല്ലിൽ തുടങ്ങി തോക്കിൽ തുടരുന്ന ചെറുത്തുനിൽപിന്റെ തുടർച്ചയായിരുന്നു. ഓരോ ദിവസവും, ഉപരോധത്തിൻകീഴിൽ എന്റെ ജനത കടന്നുപോകുന്ന വേദന ഞാൻ അനുഭവിച്ചു, സ്വാതന്ത്ര്യത്തിലേക്കുള്ള ഞങ്ങളുടെ ഓരോ ചുവടിനും വില നൽകേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ, ഞാൻ നിങ്ങളോട് പറയുന്നു: കീഴടങ്ങലിന്റെ വില അതിലും വലുതാണ്. ആകയാൽ, വേര് മണ്ണിലാഴ്ന്ന് മുറുകെപ്പിടിക്കുന്നതുപോലെ നമ്മുടെ മണ്ണിനെ പറ്റിപ്പിടിക്കുക, ജീവിക്കണമെന്ന് തീരുമാനിച്ചുറച്ച ഒരു ജനതയെ പിഴുതെറിയാൻ ഒരു കാറ്റിനും കഴിയില്ല.
തൂഫാനുൽ അഖ്സയിൽ ഞാൻ ഏതെങ്കിലുമൊരു സംഘത്തിന്റെയോ പ്രസ്ഥാനത്തിന്റെയോ നേതാവായിരുന്നില്ല. മറിച്ച്, വിമോചനം സ്വപ്നം കണ്ട ഓരോ ഫലസ്തീനിയുടെയും ശബ്ദമായിരുന്നു. കുഞ്ഞുങ്ങളെന്നോ വയോധികരെന്നോ കല്ലെന്നൊ മരമെന്നോ വേർതിരിവില്ലാത്ത ഒരു ശത്രുവിനെതിരെ എല്ലാവിഭാഗങ്ങളും ഒരുമിച്ച് നിൽക്കുന്ന ഈ യുദ്ധം ഫലസ്തീന്റെ പോരാട്ട പുസ്തകത്തിൽ പുത്തനൊരധ്യായമായിത്തീരണമെന്ന് ഞാൻ ആഗ്രഹിച്ചു.
തൂഫാനുൽ അഖ്സ ശരീരങ്ങൾക്കുമുമ്പ് ആത്മാക്കളും ആയുധങ്ങൾക്കുമുമ്പ് ദൃഢനിശ്ചയവും കൊണ്ടുള്ള പോരാട്ടമായിരുന്നു. ഞാൻ അവശേഷിപ്പിച്ച് പോകുന്നത് വ്യക്തിപരമായ പൈതൃകമല്ല, മറിച്ച് സ്വാതന്ത്ര്യം സ്വപ്നം കണ്ട ഓരോ ഫലസ്തീനിക്കും വേണ്ടി, രക്തസാക്ഷികളായ മക്കളെ തോളിലേറ്റിയ ഓരോ ഉമ്മമാർക്കും വേണ്ടി, ചതിയുണ്ടകളാൽ കൊല്ലപ്പെട്ട പെൺമക്കളെയോർത്ത് വിതുമ്പിയ ഓരോ പിതാവിനും വേണ്ടിയുള്ള കൂട്ടായ പൈതൃകമാണ്.
ചെറുത്തുനിൽപ് ഒരിക്കലും വൃഥാവിലാവില്ലെന്നും അത് നാമുതിർക്കുന്ന വെടിയുണ്ടയല്ലെന്നും അന്തസ്സോടെയും ആത്മാഭിമാനത്തോടെയുമുള്ള ഒരു ജീവിതമാണെന്നുമാണ് അവസാനമായി എനിക്ക് നിങ്ങളെ ഓർമിപ്പിക്കാനുള്ളത്. പോരാട്ടം ദൈർഘ്യമേറിയതാണെന്നും പോർവീഥി കാഠിന്യമേറിയതാണെന്നും തടവറയും സൈനിക ഉപരോധവും എന്നെ പഠിപ്പിച്ചു. എന്നാൽ, കീഴടങ്ങാൻ തയാറല്ലാത്ത ആളുകൾ സ്വന്തം കൈകളാൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കി.
ലോകം നിങ്ങളോട് നീതി പുലർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കരുത്. നമ്മുടെ വേദനകൾക്കുമുന്നിൽ ലോകം എവ്വിധമാണ് നിശ്ശബ്ദത പാലിക്കുന്നതെന്ന് ഞാൻ ജീവിച്ചറിഞ്ഞു. നീതിക്കായി കാത്തിരിക്കരുത്, പകരം നീതിയായി മാറുക. ഫലസ്തീൻ എന്ന സ്വപ്നം നിങ്ങളുടെ ഹൃദയങ്ങളിൽ വഹിക്കുക, ഓരോ മുറിവുകളും ആയുധമാക്കുക, ഓരോ കണ്ണുനീർത്തുള്ളിയും പ്രതീക്ഷയുടെ ഉറവകളാക്കുക.
ഇതെന്റെ വിൽപത്രമാണ്: നിങ്ങൾ ആയുധങ്ങൾ വിട്ടൊഴിയരുത്, കല്ലുകളും എറിഞ്ഞുകളയരുത്, നിങ്ങളുടെ രക്തസാക്ഷികളെ മറക്കരുത്, നിങ്ങളുടെ അവകാശമായ സ്വപ്നത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുത്. നമ്മുടെ നാട്ടിലും നമ്മുടെ ഹൃദയത്തിലും നമ്മുടെ മക്കളുടെ ഭാവിയിലും കഴിയാൻ നാം ഇവിടെയുണ്ട്. മരണം വരെ ഞാൻ സ്നേഹിച്ച നാടും ഒരിക്കലുമുലയാത്ത മലപോലെ ഞാൻ ചുമലിലേറ്റിയ സ്വപ്നവുമായ ഫലസ്തീനെ ഞാൻ നിങ്ങളിൽ ഭരമേൽപിക്കുന്നു.
ഞാൻ വീണാൽ, നിങ്ങളും എന്നോടൊപ്പം വീഴരുത്, പകരം ഒരിക്കലും വീഴാത്ത ഒരു കൊടിക്കൂറ എനിക്കായി ഏന്തുക, ഞങ്ങളുടെ ചാരത്തിൽ നിന്ന് പിറവിയെടുക്കുന്ന ഒരു തലമുറക്ക് കടന്നുപോകാൻ എന്റെ രക്തം പാലമാക്കി മാറ്റുക. മാതൃരാജ്യമെന്നത് പറഞ്ഞുകൊടുക്കാനുള്ള ഒരു കഥയല്ല, മറിച്ച് ജീവിക്കാനുള്ള യാഥാർഥ്യമാണെന്നും ഈ മണ്ണിലെ ഓരോ രക്തസാക്ഷിയിൽ നിന്നും ഒരായിരം വിമോചനപ്പോരാളികൾ പിറവിയെടുക്കുന്നുണ്ടെന്നും മറക്കാതിരിക്കുക.
ഞാൻ നിങ്ങളിലേക്ക് മടങ്ങിയെത്തിയില്ലെങ്കിൽ, സ്വാതന്ത്ര്യത്തിന്റെ തിരമാലകളിലെ ആദ്യത്തെ തുള്ളിയായി ഞാനുണ്ടെന്നും ഈ യാത്ര തുടരുന്നത് കാണാൻ വേണ്ടിയാണ് ഞാനിക്കാലമത്രയും ജീവിച്ചിരുന്നതെന്നും മനസ്സിലാക്കുക. അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്മടക്കമറിയാത്ത പ്രളയമാവുക. നമ്മൾ കേവലം വാർത്താ ബുള്ളറ്റിനുകളിലെ അക്കങ്ങളല്ലെന്നും ആ മണ്ണിന്റെ നേരവകാശികളാണെന്നും ലോകം അംഗീകരിക്കുന്നതുവരെ അടങ്ങിയിരിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.