മോദി സർക്കാർ അഴിമതിവിരുദ്ധ നിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികൾക്കുമേൽ നടത്തുന്ന ഫാഷിസ്റ്റ് കടന്നാക്രമണങ്ങളെ ആസന്നമായ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് പറയാൻ കഴിയില്ല. ഇന്ത്യയിൽ നിലനിൽക്കുന്ന ബഹുകക്ഷി സംവിധാനത്തെയും ഭരണഘടനയുടെ പരമാധികാരത്തെയും ഇല്ലാതാക്കി ഹിന്ദുത്വം വിഭാവന ചെയ്യുന്ന ഏകകക്ഷി വ്യവസ്ഥയിലേക്കോ പ്രസിഡൻഷ്യൻ രീതിയിലേക്കോ കൊണ്ടെത്തിക്കാൻവേണ്ടി നടത്തുന്ന ദീർഘകാല പദ്ധതിയുടെ ഭാഗമാണിത്
അഡോൾഫ് ഹിറ്റ്ലർ 1932ൽ ജർമനിയിൽ നടപ്പാക്കിയ ന്യൂറംബർഗ് നിയമങ്ങളുടെ പിന്തുടർച്ചയിലാണ് ഹോളോ കോസ്റ്റ് പോലുള്ള വംശീയ ഉന്മൂലന പദ്ധതികൾ നടപ്പാക്കിയതെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.
ഇതേസമയം, ഹന്ന ആരന്റ് എന്ന സാമൂഹിക ചിന്തക ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യമുണ്ട്. ന്യൂറംബർഗ് നിയമങ്ങൾക്ക് മുമ്പേതന്നെ നിരവധിയായ ‘ദുരൂഹ’ നിയമങ്ങൾ ജർമൻ പാർലമെന്റിൽ നാസികൾ പാസാക്കിയെടുത്തു എന്നതാണത്. പാർലമെന്ററി നടപടികളുടെ ഭാഗമായി നിലവിൽവന്ന ഈ നിയമങ്ങൾ പ്രത്യക്ഷത്തിൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്നവയാണെന്ന തോന്നലുളവാക്കുന്നതായിരുന്നു.
എന്നാൽ, അവക്ക് പിന്നിലെ യഥാർഥ വസ്തുതകൾ നാസി സംഘടനയുടെ നേതൃത്വത്തിലുള്ളവർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. ജർമനിയുടെ മോശമായ സാമ്പത്തിക സ്ഥിതിയും തൊഴിലില്ലായ്മയും ഒന്നാം ലോക മഹായുദ്ധത്തിന്റെ ഫലമായി ദേശീയതക്കുണ്ടായ അപമാനവും കാരണം മേൽപറഞ്ഞ നിയമങ്ങളുടെ പ്രയോഗം ആർക്കെതിരെ ആയിരിക്കും എന്ന കാര്യം ദുരൂഹമാക്കി നിലനിർത്താൻ നാസികൾക്ക് കഴിഞ്ഞു.
ഇന്ത്യയിലും ഇത്തരം ദുരൂഹ നിയമങ്ങൾ നിരവധിയുണ്ട്. ദേശസുരക്ഷയുടെയും തീവ്രവാദ ഭീഷണിയുടെയും പേരിലാണ് അവ നിലവിൽ വന്നിട്ടുള്ളത്. ദേശസുരക്ഷ എന്നത് എക്കാലത്തും ഭരണകൂട ശക്തികൾക്ക് ഉപകാരപ്പെടുന്ന പരിപാവന മന്ത്രം ആയതിനാൽ അതിനുവേണ്ടിയുള്ള നിയമങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും എതിർപ്പ് പ്രകടിപ്പിക്കാറില്ല.
മറിച്ച് സമവായമാണ് ഉണ്ടാവാറുള്ളത്. യു.എ.പി.എ പോലുള്ള നിയമങ്ങൾ ആഭ്യന്തരമായ തീവ്രവാദ ഭീഷണിക്ക് എതിരെയുള്ളവയാണ്. ഈ നിയമം ചാർജ് ചെയ്യപ്പെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും എല്ലാത്തരം ജനാധിപത്യാവകാശങ്ങളും നിഷേധിക്കപ്പെടുന്നു.
കുറ്റം ചെയ്തിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത ആരോപിതരുടേത് മാത്രമാകുന്നു. സകല അന്താരാഷ്ട്ര മനുഷ്യാവകാശ സങ്കൽപനങ്ങളെയും ഭരണഘടനയിലെ മൗലികാവകാശങ്ങളെയും അട്ടിമറിച്ചുകൊണ്ടുള്ള വ്യവസ്ഥകളാണ് ഈ നിയമത്തിലുള്ളത്. തൽഫലമായി വിചാരണയോ പ്രാഥമികമായ കുറ്റപത്രം പോലും സമർപ്പിക്കാതെയോ ആൾക്കാരെ വർഷങ്ങളോളം ജയിലിലടക്കാൻ കഴിയും.
തീവ്രവാദ പ്രവർത്തനത്തെ തടയുക എന്ന മറയിൽ ഭരണകൂടത്തിന് എതിർനിൽക്കുന്നവരെ നിശബ്ദീകരിക്കാനും ഇല്ലായ്മ ചെയ്യാനുമാണ് ഈ നിയമം പ്രയോഗിക്കപ്പെടുന്നത്. സർവോപരി ന്യൂനപക്ഷ വിഭാഗങ്ങളെ വംശീയമായി കടന്നാക്രമിക്കാനും വിമത സാന്നിധ്യങ്ങളെ തുടച്ചുനീക്കാനും ഇത് ഉപയോഗപ്പെടുത്തുന്നു. മേൽപറഞ്ഞ തരത്തിലുള്ള തീവ്രവാദ വിരുദ്ധ നിയമങ്ങൾ ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾക്ക് നേരെ പ്രയോഗിക്കാൻ ഹിന്ദുത്വ ഭരണകൂടത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്.
പ്രതിപക്ഷ കക്ഷിനേതാക്കൾ ദേശവിരുദ്ധ പ്രവർത്തനം നടത്തുന്നവരാണെന്നും അവർക്ക് ദേശത്തോട് കൂറില്ലെന്നും സ്ഥാപിക്കാൻ എളുപ്പമല്ല. ഈ അവസ്ഥയിൽ ഹിന്ദുത്വ കേന്ദ്ര ഭരണകൂടം കണ്ടുപിടിച്ച മാർഗമാണ് അഴിമതി വിരുദ്ധ നിയമങ്ങളുടെ ഫാഷിസ്റ്റ് പ്രയോഗം.
ഗോഡി മീഡിയ പൊതുതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് നാന്നൂറിലധികം സീറ്റുകൾ കിട്ടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അവരിലുള്ള അങ്കലാപ്പ് ചെറുതല്ല. ഭരണവിരുദ്ധ വികാരത്തോടൊപ്പം പ്രതിപക്ഷ കക്ഷികളുടെ ഐക്യനിരയെയും അവർക്ക് എഴുതിത്തള്ളാനാവുകയില്ല.
ബി.ജെ.പിയെ സംബന്ധിച്ച് പ്രധാനമന്ത്രി മോദി മാത്രമാണ് താര പ്രചാരകൻ. അദ്ദേഹത്തിന് ഇന്ത്യയൊട്ടാകെയുള്ള മുഴുവൻ ലോക്സഭ മണ്ഡലങ്ങളിലും പ്രചാരണം നടത്താൻ സൗകര്യമൊരുക്കുംവിധത്തിൽ 40 ദിവസം നീളുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇലക്ഷൻ കമീഷൻ പ്രഖ്യാപിച്ചിട്ടുള്ളത്.
കോൺഗ്രസ് പോലുള്ള പ്രസ്ഥാനങ്ങളിലെ കാലുമാറ്റക്കാരെയും അവസരമോഹികളെയും അടർത്തിയെടുത്ത് ബി.ജെ.പിയിലേക്ക് കുത്തിനിറക്കുന്നതും ഭരണകൂട ശക്തികൾക്ക് ഉണ്ടായിട്ടുള്ള അങ്കലാപ്പിനെയാണ് കാണിക്കുന്നത്. എന്നാൽ, മോദി സർക്കാർ അഴിമതിവിരുദ്ധ നിയമങ്ങൾ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ കക്ഷികൾക്കുമേൽ നടത്തുന്ന ഫാഷിസ്റ്റ് കടന്നാക്രമണങ്ങളെ ആസന്നമായ തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് പറയാൻ കഴിയില്ല.
ഇന്ത്യയിൽ നിലനിൽക്കുന്ന ബഹുകക്ഷി സംവിധാനത്തെയും ഭരണഘടനയുടെ പരമാധികാരത്തെയും ഇല്ലാതാക്കി ഹിന്ദുത്വം വിഭാവന ചെയ്യുന്ന ഏകകക്ഷി വ്യവസ്ഥയിലേക്കോ പ്രസിഡൻഷ്യൻ രീതിയിലേക്കോ കൊണ്ടെത്തിക്കാൻവേണ്ടി നടത്തുന്ന ദീർഘകാല പദ്ധതിയുടെ ഭാഗമാണിത്.
ഇതിനുവേണ്ടി ഹിന്ദുത്വ ഭരണവർഗത്തിന്റെ ഗുണ്ടാസംഘത്തെ പോലെയോ ഫാഷിസ്റ്റ് അർധസൈനിക വിഭാഗത്തെപോലെയോ ഇ.ഡി, ആദായനികുതി വകുപ്പ് മുതലായ സർക്കാർ ഏജൻസികളെ കയറൂരി വിട്ടിരിക്കുകയാണ്. കോടതികൾക്ക് പെട്ടെന്ന് പരിഗണിക്കാൻ കഴിയാത്തവിധത്തിൽ അഴിമതി വിരുദ്ധ നിയമങ്ങളിലുള്ള പഴുതുകൾ ഉപയോഗിച്ചുകൊണ്ടാണ് ഇത്തരം കടന്നാക്രമണങ്ങൾ നടത്തുന്നത്.
ഹേമന്ത് സോറനെയും ഡി.എം. രവികുമാറിനെയും പോലുള്ള പ്രതിപക്ഷത്തെ ജനപ്രീതിയുള്ള നേതാക്കളെ മുമ്പേതന്നെ ജയിലിലടച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ സാമ്പത്തിക അഴിമതി ആരോപണങ്ങൾ ഉന്നയിക്കാൻ സർവശ്രമങ്ങളും നടത്തി.
തെരഞ്ഞെടുപ്പ് അടുത്തുവന്ന ഘട്ടത്തിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ചു. മുഖ്യ പ്രതിപക്ഷകക്ഷിയായ കോൺഗ്രസിന്റെ ആകെ പ്രവർത്തന മൂലധനത്തിൽ സിംഹഭാഗവും മരവിപ്പിച്ചു. ഇപ്പോൾ മൂവായിരത്തി അഞ്ഞൂറ് കോടി പിഴയടക്കണമെന്നാണ് ആദായനികുതി വകുപ്പ് ഈ പ്രസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതിപക്ഷ കക്ഷികളിലൊന്നായ സി.പി.ഐക്ക് പഴയൊരു പാൻകാർഡ് ഉപയോഗിച്ചതിന്റെ പേരിൽ പതിനൊന്ന് കോടി രൂപക്കുള്ള നോട്ടീസാണ് ഇതേ വകുപ്പ് അയച്ചിട്ടുള്ളത്.
ഇ.ഡി നടത്തിയ റെയ്ഡുകളിൽ 95 ശതമാനവും പ്രതിപക്ഷ കക്ഷികളെ ലക്ഷ്യം വെച്ചുള്ളതാണ്. ഇതേ കക്ഷികളിൽനിന്ന് ആരെങ്കിലും കൂറുമാറി ബി.ജെ.പിയിലേക്ക് പോയാൽ അവർക്കെതിരെയുള്ള എത്ര വലിയ അഴിമതി ആരോപണവും തേച്ചുമായ്ക്കപ്പെടുന്നതും എല്ലാവരും കണ്ടുകൊണ്ടിരിക്കുകയാണ്.
പ്രതിപക്ഷ ഐക്യനിരയെ ശിഥിലീകരിക്കാനും ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയ സ്വഭാവമുള്ള പ്രാദേശിക കക്ഷികളെ ഭയപ്പെടുത്തി വരുതിയിൽ നിർത്താനും ഇ.ഡി എന്ന സർക്കാർ ഭീഷണിയെതന്നെയാണ് ബി.ജെ.പി ഉപയോഗപ്പെടുത്തുന്നത്.
ഇതേസമയം, ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി പാർട്ടിയും കോർപറേറ്റുകൾക്കുവേണ്ടി രാജ്യത്തിന്റെ വിഭവങ്ങളെ തീറെഴുതി കൊടുക്കുന്നവരുമാണെന്ന് ഇലക്ഷൻ ബോണ്ടിലൂടെ തെളിഞ്ഞ ബി.ജെ.പിക്ക് എതിരെയോ കഴിഞ്ഞ 10 വർഷത്തിനിടയിൽ കേന്ദ്ര സർക്കാറിന് എതിരെയും ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാന സർക്കാറുകൾക്കെതിരെയും ഉണ്ടായിട്ടുള്ള അഴിമതി ആരോപണങ്ങളെ പറ്റിയോ ചെറുവിരൽ ചലിപ്പിക്കാൻപോലും ഇതേ ഏജൻസികൾ തയാറായിട്ടില്ലെന്നത് വസ്തുതയാണ്.
ആം ആദ്മി പാർട്ടിയുടെ നേതാവായ കെജ്രിവാളിന്റെ അറസ്റ്റിന് പിന്നിലുള്ള അജണ്ട ഡൽഹി ഭരണത്തെ തങ്ങളുടെ കൈയിലെത്തിക്കുകയെന്നതാണ്. ആ പ്രസ്ഥാനത്തിന് വേരോട്ടമുള്ള മധ്യവർഗ വിഭാഗങ്ങളിലും കീഴ്ത്തട്ട് ജനങ്ങളിലും അവരുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തുക എന്നതും ബി.ജെ.പി ലക്ഷ്യം വെക്കുന്നുണ്ട്.
അഴിമതിക്കെതിരെ ഇന്ത്യയിലെ ലിബറലുകൾ ഉയർത്തിക്കൊണ്ടുവന്ന മധ്യവർഗ മുന്നേറ്റത്തിന്റെ ഭാഗമായിരുന്ന കെജ്രിവാളിനെയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളെയും അതേ മുദ്രാവാക്യത്തിന്റെ പേരിൽതന്നെ അറസ്റ്റ് ചെയ്യുന്നതിലൂടെ അഴിമതിക്കും കുടുംബാധിപത്യത്തിനും എതിരെ നിലകൊള്ളുന്ന ഏക പ്രസ്ഥാനം തങ്ങളുടേതാണെന്ന വ്യാജ പൊതുബോധ നിർമിതിയാണ് ഇത്തരം അറസ്റ്റുകൾക്കുശേഷം നരേന്ദ്ര മോദി നടത്തിയ പ്രസംഗങ്ങളിലുള്ളത്.
രണ്ടാം യു.പി.എ സർക്കാറിന്റെ കാലത്ത് ബി.ജെ.പി അനുകൂലികളായ ഉദ്യോഗസ്ഥ മേധാവികളും കുത്തക മാധ്യമങ്ങളും ഉയർത്തിക്കൊണ്ടുവന്ന 2ജി സ്പെക്ട്രം അഴിമതിയെപറ്റിയുള്ള ഊഹക്കണക്കുകൾ ബി.ജെ.പിക്ക് വലിയ മുന്നേറ്റത്തിനുള്ള സാധ്യതയാണ് നൽകിയത്. ഇതേകാലത്ത് അണ്ണ ഹസാരയുടെ ഡൽഹി സത്യഗ്രഹവും അതിന്റെ തുടർച്ചയായുള്ള ആം ആദ്മി പാർട്ടിയുടെ രൂപവത്കരണവും കോൺഗ്രസിന് മാത്രമല്ല, പ്രതിപക്ഷ കക്ഷികൾക്കും വലിയ തോതിലുള്ള പ്രഹരമാണ് ഏൽപിച്ചത്.
ഇത്തരം മൂവ്മെന്റുകൾ നടക്കുന്ന കാലത്തുതന്നെ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ പിന്നിലൂടെ സവർണ മേധാവിത്വ ശക്തികൾ തിരിച്ചുവരവ് നടത്തുന്നതിനെപറ്റി ഇന്ത്യയിലെ കീഴാള ചിന്തകരും ബഹുജൻ മുന്നണികളും താക്കീത് നൽകിയിരുന്നു. ഇതിന് കാരണം സാമൂഹികമായ അസമത്വങ്ങൾക്ക് കാരണമായ വർഗ-ജാതി വിഭജനങ്ങളെ അദൃശീകരിച്ചുകൊണ്ട് ഉപരിപ്ലവമായ മുദ്രാവാക്യങ്ങളിലേക്ക് ദേശീയ രാഷ്ട്രീയത്തെ തിരിച്ചുവിടുന്നതായിരുന്നു.
മാത്രമല്ല, അഴിമതിവിരുദ്ധ പ്രസ്ഥാനത്തിൽ അണിനിരന്ന മധ്യവർഗ മുന്നണികൾ മിക്കവരും ഇന്ത്യയിലെ സംവരണ വിരുദ്ധ രാഷ്ട്രീയത്തിന്റെ വ്യക്താക്കൾ തന്നെയായിരുന്നു. അവരുടെ അരാഷ്ട്രീയവും തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രചാരണങ്ങൾ ഭാവിയിൽ സവർണ മേധാവിത്വ ശക്തികൾക്ക് ഫാഷിസ്റ്റ് രീതിയിൽ വളർച്ചനേടാനുള്ള ഇന്ധനമായി മാറുമെന്ന താക്കീതുകൾ സത്യമായി മാറിയെന്നതാണ് അഴിമതി വിരുദ്ധ നിയമങ്ങളെ ഹിന്ദുത്വ ഭരണകൂടം പ്രതിപക്ഷത്തിന് എതിരെ പ്രയോഗിക്കുന്നതിലൂടെ വെളിപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.