സോഷ്യൽ മീഡിയ കാലത്തെ സാർവദേശീയ വിമതരാണ് ജൂലിയൻ അസാൻജെയും എഡ്വേർഡ് സ്നോഡനും. ഇവർക്ക് മുമ്പുതന്നെ ടോറന്റ് സെറ്റുകളുടെ സ്ഥാപകരായ വിമത ബുദ്ധിജീവികൾ അമേരിക്കയിലെയും യൂറോപ്പിലെയും ഭരണകൂടങ്ങൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും വലിയ പ്രതിസന്ധികൾ ഉണ്ടാക്കിയിരുന്നു. ഇരുമ്പു താഴിട്ട് പൂട്ടിയ ഭരണകൂട രഹസ്യങ്ങളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുറത്തുകൊണ്ടുവന്നതിനാലാണ് ഇവരുടെ വിമതത്വം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. നവമുതലാളിത്തത്തിന്റെ പ്രധാനപ്പെട്ട രക്ഷാകവചമായ പകർപ്പവകാശ നിയമങ്ങളെ വലിയതോതിൽ അട്ടിമറിക്കാനും ഇവർക്ക് സാധിച്ചു. സ്നോഡനെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ ദേശരാഷ്ട്രങ്ങളുടെ അതിർത്തികളെ മാത്രമല്ല, അതിന്റെ പരമാധികാരത്തെയും വെല്ലുവിളിക്കുകയാണെന്ന മട്ടിലുള്ള ഭയാശങ്കകളാണ് അദ്ദേഹത്തിനു നേരെയുള്ള കടുത്ത ഭരണകൂട മർദനത്തിന് കാരണമായത്.
2001 സെപ്റ്റംബർ 11ന് ശേഷം എല്ലാ ദേശരാഷ്ട്രങ്ങളോടും ഭീകരവാദത്തിനെതിരെ യുദ്ധസന്നദ്ധമാകാൻ അമേരിക്ക ആഹ്വാനം ചെയ്യുകയുണ്ടായി. അതിനുശേഷം സാർവദേശീയതലത്തിൽ ഇസ്ലാമോഫോബിയ പടർന്നുപിടിച്ചതിനൊപ്പം എല്ലായിടങ്ങളിലുമുള്ള വിമത സാന്നിധ്യങ്ങളെയും രാജ്യദ്രോഹമായി കാണുന്ന പ്രവണത വർധിച്ചതായി ബ്രിട്ടനിലെ കറുത്ത ചിന്തകനായ പോൾ ഗിൽറോമി ചൂണ്ടിക്കാട്ടുന്നു. മുൻകാലത്ത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു എന്ന നിലയിൽ പരിഗണിക്കപ്പെട്ടിരുന്ന പല മനുഷ്യാവകാശ പ്രസ്ഥാനങ്ങളും വിമത വ്യക്തിത്വങ്ങളും രാജ്യദ്രോഹികളുടെ പട്ടികയിലായത് സെപ്റ്റംബർ പതിനൊന്നിന് ശേഷമുള്ള സാമ്രാജ്യത്വ സമ്മർദത്തിന്റെ ഫലമായിട്ടാണ്.
കഴിഞ്ഞ പത്തുവർഷമായി നരേന്ദ്ര മോദി നേതൃത്വം കൊടുക്കുന്ന ഹിന്ദുത്വഭരണം ഇന്ത്യയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ വരുത്തിയിട്ടുള്ള കെടുതികൾ എണ്ണിപ്പറയുക അസാധ്യമാണ്. ഈ ഭരണകൂടം കീഴാള ജനതയെ സർവമേഖലകളിൽനിന്നും പുറന്തള്ളുകയും ന്യൂനപക്ഷ സമുദായങ്ങൾക്കുമേൽ നിതാന്തമായ അരക്ഷിതാവസ്ഥ നിലനിർത്തിക്കൊണ്ട് അവരെ പൊതുധാരയിൽനിന്ന് ഒറ്റപ്പെടുത്താനും ശ്രമിച്ചു. ഹിന്ദു ഭൂരിപക്ഷവാദത്തെ ദേശീയതയുടെ പര്യായപദമാക്കിക്കൊണ്ട് പുതിയൊരു ഫാഷിസ്റ്റ് ശ്രമം തന്നെയാണ് ഇവർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തൽഫലമായി ബ്രാഹ്മണിസ്റ്റ് വംശീയതയും സാംസ്കാരികമായ അഖണ്ഡതാവാദവും ഇന്ത്യൻ ജനജീവിതത്തിന്റെ ബഹുത്വങ്ങളെയും വൈവിധ്യങ്ങളെയും നിരാകരിക്കുന്നതിനായി എക്കാലത്തിലുമധികം പുനർവിന്യസിക്കപ്പെട്ടു.
മോദിസർക്കാറിന്റെ പ്രചാരകർ അവകാശപ്പെടുന്നത് ഇന്ത്യ വലിയൊരു സാമ്പത്തിക ശക്തിയായെന്നാണ്. സമീപകാല ഭാവിയിൽതന്നെ ലോകത്തിലെ വൻകിട മുതലാളിത്ത രാഷ്ട്രങ്ങൾക്ക് തുല്യമായ ജീവിതനിലവാരം ഇവിടെ ഉണ്ടാകുമെന്നും അവർ പ്രചരിപ്പിക്കുന്നു. എന്നാൽ, വാസ്തവമെന്താണ്? ലോകത്തിൽ സാമൂഹികനീതിയും ലിംഗസമത്വവും നടപ്പിലാക്കുന്ന കാര്യത്തിൽ ഏറ്റവും പിന്നണിയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ഏറ്റവും പിന്നണിയിലുള്ള രാജ്യങ്ങളെന്ന് കരുതപ്പെട്ടിരുന്ന പാകിസ്താനിലും ബംഗ്ലാദേശിലും താഴെയാണ് ഇന്ത്യയുടെ സ്ഥാനം. ലോകത്തിലെ ആഹ്ലാദസൂചികയെപ്പറ്റിയുള്ള പുതിയ പട്ടിക പ്രകാരം ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിന്നിലാണ്. സ്വതന്ത്ര മാധ്യമപ്രവർത്തന സ്വാതന്ത്ര്യവും ബഹുജനങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നതിലും അപ്രഖ്യാപിത അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിയാണ് ഇന്ത്യയിലുള്ളതെന്ന് ഐക്യരാഷ്ട്ര സഭയും വിവിധ അന്തർദേശീയ മാധ്യമങ്ങളും ആശങ്കപ്പെടുന്നു.
നിരവധിയായ എൻ.ജി.ഒകളും ബി.ബി.സിപോലുള്ള മാധ്യമങ്ങളും പ്രവർത്തന സ്വാതന്ത്ര്യം വിലക്കപ്പെട്ടതിനെതുടർന്ന് ഇന്ത്യയിലെ അവരുടെ സ്ഥാപനങ്ങൾ പൂട്ടി. ദാരിദ്ര്യമനുഭവിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം നൂറ്റിപ്പതിനൊന്നാമതാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ ലോകത്തിൽ ഏറ്റവും ഉയർന്ന സ്ഥാനമാണ് ഇന്ത്യക്കുള്ളത്. സാധാരണക്കാരെയും ഇടത്തട്ടുകാരെയും പിഴിയുകയും കുത്തകകൾക്ക് സർവ സ്വാതന്ത്ര്യവും ലഭിക്കുകയും ചെയ്യുന്നതിലും ഇന്ത്യയുടെ സ്ഥാനം മറ്റ് അവികസിത രാഷ്ട്രങ്ങളിലും മുന്നിലാണ്. സ്റ്റേറ്റുകളും കേന്ദ്ര ഭരണവുമായിട്ടുള്ള സാമ്പത്തിക-സാമൂഹികതലത്തിലുള്ള കരാർ ബന്ധങ്ങൾ ഇത്രമാത്രം വഷളായ മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല. മോദിസർക്കാറിന്റെ പ്രതിപുരുഷന്മാരായ സംസ്ഥാന ഗവർണർമാർ എല്ലാ ഫെഡറൽ തത്ത്വങ്ങളെയും കാറ്റിൽപറത്തി ഹിന്ദുത്വത്തിന്റെ ഗുണ്ടാനേതാക്കളെ പോലെയാണ് പെരുമാറുന്നത്. ചുരുക്കത്തിൽ, മോദിയുടെ ഹിന്ദുത്വ സർക്കാർ സാമൂഹിക-രാഷ്ട്രീയതലത്തിലും അന്തർദേശീയ രംഗത്തും കനത്ത തകർച്ചയാണ് കാഴ്ചവെച്ചിട്ടുള്ളത്.
ഇത്തരത്തിലുള്ള പ്രതിസന്ധികൾക്കൊപ്പം അധികമാരും ശ്രദ്ധിക്കാതെ പോവുന്ന കാര്യം, ഇന്ത്യയിലെ മധ്യവർഗത്തിൽ ഉണ്ടായിട്ടുള്ള പാപ്പരീകരണമാണ്. ലോകത്തിൽ ഏറ്റവുമധികം മധ്യവർഗ വിഭാഗങ്ങളുള്ള രാഷ്ട്രമാണ് ഇന്ത്യ. എന്നാൽ, കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഈ മധ്യവർഗങ്ങൾ കടുത്ത നിലയിൽ പാപ്പരീകരിക്കപ്പെട്ടിരിക്കുകയാണ്. നോട്ട് നിരോധനം മൂലം കോടിക്കണക്കിന് ചെറുകിട കച്ചവടക്കാരാണ് വഴിയാധാരമായത്. നിത്യേന ഉയരുന്ന വിലക്കയറ്റവും ഉപഭോഗവസ്തുക്കളുടെ വിപണിയിലുള്ള കുത്തകാധിപത്യവും ഇതേ മധ്യവർഗത്തിന്റെ ധനവിനിയോഗശേഷിയെ ശോഷിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ അനേക വർഷങ്ങളായി മധ്യവർഗ പശ്ചാത്തലമുള്ള ശമ്പളക്കാർക്ക് ആദായനികുതി ഇനത്തിൽ ചെറിയ ഇളവുകൾപോലും ലഭിച്ചിട്ടില്ല. ഇതേസമയം, മറുപുറത്ത് ജീവിതച്ചെലവുകളുടെ കടുത്ത ഭാഗം കൂട്ടുകയും ചെയ്തിട്ടുണ്ട്.
യഥാർഥത്തിൽ മധ്യവർഗ വിഭാഗങ്ങളുടെ പാപ്പരീകരണം ഫാഷിസത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളിലൊന്നാണ്. ജർമനിപോലുള്ള രാഷ്ട്രങ്ങളിൽ ഫാഷിസ്റ്റുകൾ അധികാരത്തിൽ വന്നപ്പോൾ നടപ്പാക്കിയ പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാഗമായി വൻതോതിൽ മധ്യവർഗം പാപ്പരീകരണത്തിന് വിധേയമായി. ഈ അവസ്ഥയെ മറച്ചുവെക്കാൻ നിതാന്തമായ യുദ്ധപരതയും ന്യൂനപക്ഷ വിരുദ്ധതയുമാണ് നാസികൾ പുനരുൽപാദിപ്പിച്ചത്. സമാനമായ വിധത്തിൽതന്നെയാണ് ഇന്ത്യയിലെ ഹിന്ദുത്വവും മുന്നോട്ടുപോകുന്നത്. രാമനിലും പശുവിലും സമൂഹത്തെ തളച്ചിടുക. ന്യൂനപക്ഷങ്ങൾക്കുമേൽ അക്രമപരത നിലനിർത്തുക. ദലിത്-പിന്നാക്ക രാഷ്ട്രീയ മുന്നേറ്റങ്ങളെ ശിഥിലീകരിക്കുക. കർഷക-തൊഴിലാളി മൂവ്മെന്റുകളെയും സോഷ്യലിസ്റ്റ് അവബോധമുള്ളവരെയും ദേശവിരുദ്ധരായി കാണുക മുതലായ പ്രശ്നങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണുള്ളത്.
ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ അയോധ്യയിലെ പ്രാണപ്രതിഷ്ഠയും ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന പ്രഖ്യാപനവും പൗരത്വ നിഷേധ നിയമവുംമൂലം വൻതോതിൽ തങ്ങൾക്ക് മുന്നേറ്റമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഹിന്ദുത്വവാദികൾ. എന്നാൽ, ഇത്തരം പ്രചാരണ പരിപാടികൾ പ്രതീക്ഷിച്ചത്ര ഫലം നൽകില്ലെന്ന തിരിച്ചറിവിലാണ് ഇപ്പോഴുള്ളത്.
ഈ സ്ഥിതി സംജാതമായതിന് കാരണം, ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾക്ക് ചെറുതായിട്ടെങ്കിലും ഐക്യപ്പെടാൻ സാധിച്ചതാണ്. ഇതിനൊപ്പം കാണേണ്ടതാണ്, ഇന്ത്യയിലെ നാഗരിക മധ്യവർഗത്തിൽ ഉണ്ടായിട്ടുള്ള കൗണ്ടർ നരേറ്റീവുകളും ചില വിമതരുടെ സാന്നിധ്യവും. ഇത്തരത്തിലുള്ള വിമതരിൽ എടുത്തുപറയേണ്ട പേരാണ് ധ്രുവ് റാഠി. ഇന്ത്യൻ മാധ്യമരംഗത്തെ പുതിയ മാറ്റത്തെക്കുറിച്ചും അതിന്റെ ചില ആക്ടിവിസ്റ്റ് സ്വരങ്ങളെക്കുറിച്ചും ലോകമാധ്യമങ്ങൾ കഴിഞ്ഞ മാസങ്ങളിൽ ചർച്ച ചെയ്തിരുന്നു. അതിൽ പ്രധാനിയാണ് ഇദ്ദേഹം. ബർലിൻ കേന്ദ്രമായി പ്രവർത്തിക്കുന്ന യൂട്യൂബറും വ്ലോഗറുമാണ് ധ്രുവ് റാഠി.
ഫലസ്തീൻ അനുകൂല വിഡിയോ ചെയ്തതിന്റെ പേരിൽ സംഘ്പരിവാർ പോർട്ടലായ ഓപ് ഇന്ത്യ ‘ആയത്തുല്ലാ ധ്രുവ് റാഠി’ എന്നാണ് 2021ൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സമീപകാലത്ത് ബി.ജെ.പി ഇടപെട്ട് കോടികൾ കൈക്കലാക്കിയ ഇലക്ഷൻ ബോണ്ട് കുംഭകോണത്തെയും കേരള സ്റ്റോറിയെന്ന വെറുപ്പ് സിനിമയെയും സമൂഹമാധ്യമത്തിൽ പൊളിച്ചുകാട്ടിയതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. ഹിന്ദി ഭാഷയിലൂടെ സാധാരണക്കാരോട് സംസാരിക്കുന്ന അദ്ദേഹത്തിന്റെ വിഡിയോകൾക്ക് കോടിക്കണക്കിന് പ്രേക്ഷകരാണുള്ളത്. ഇതേ വിഡിയോകൾ ദക്ഷിണേന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്ത് പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്.
മറ്റൊരാൾ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറാണ്. അദ്ദേഹവും ധ്രുവ് റാഠിയെപ്പോലെ ഐ. ടി പശ്ചാത്തലമുള്ളയാളാണ്. ഫാക്ട് ചെക്ക് പോർട്ടലായ ആൾട്ട് ന്യൂസിന്റെ ഇടപെടൽ സംഘ്പരിവാർ പ്രോപഗണ്ടളെ കണിശമായി പൊളിച്ചെഴുതുകയും തന്മൂലം അവരുടെ കണ്ണിലെ കരടായി അദ്ദേഹം മാറുകയും ചെയ്തു. അർണബ് ഗോസ്വാമിയെ 2020ൽ ഒരു വിമാനയാത്രക്കിടയിൽ നേരിട്ട് സംവാദത്തിന് വെല്ലുവിളിച്ച സ്റ്റാൻസ് കോമേഡിയനായ കുനൻ കമ്ര മറ്റൊരു ശ്രദ്ധേയനായ വിമതനാണ്. രോഹിത് വെമൂല വിഷയത്തിൽ ഗോസ്വാമിയുടെ നുണപ്രചാരണങ്ങളെയാണ് കമ്ര പ്രശ്നവത്കരിച്ചത്.
മുഖ്യധാര മാധ്യമപ്രവർത്തകരായിരുന്ന കരൺ ഥാപ്പറും രവിഷ് കുമാറും പിന്നീട് ഓൺലൈൻ മാധ്യമരംഗത്തേക്ക് മാറിയിരുന്നു. തുടക്കത്തിൽ പരമ്പരാഗത സവർണ നിലപാടുകൾ കൈക്കൊണ്ട രവിഷ് കുമാർ ഇപ്പോൾ നേരിട്ട് ചോദ്യങ്ങളും ഉത്തരങ്ങളും നൽകുന്നത് മറ്റൊരുവിധത്തിലാണ്. രവീഷ് കുമാറും കരൺ ഥാപ്പറും ഒഴികെയുള്ള മാധ്യമപ്രവർത്തകർ പരമ്പരാഗത മാധ്യമകുടുംബങ്ങളിൽനിന്നോ സ്ഥാപനങ്ങളിൽനിന്നോ വന്നിട്ടുള്ളവരല്ല. ഇരുപതിനും നാൽപതിനും മധ്യേ വയസ്സുള്ള പുതുതലമുറ യൂട്യൂബർമാരും വ്ലോഗർമാരും സാങ്കേതിക മേഖലയിൽ പരിജ്ഞാനമുള്ളവരും ട്രാൻസ് നാഷനൽ മാധ്യമലോക വിനിമയത്തിന്റെ ഭാവുകത്വം പങ്കിടുന്നവരുമാണ്.
അതിനാൽതന്നെ ഇന്ത്യയിലെ ഇംഗ്ലീഷ് മാധ്യമങ്ങളെക്കാൾ അൽ ജസീറപോലുള്ള ആഗോള ഇംഗ്ലീഷ് ജാൺലൈൻ മാധ്യമങ്ങളിലൂടെയാണ് ഇവരുടെ പോപ്പുലാരിറ്റി വർധിക്കുന്നത്. ഇന്ത്യൻ പ്രാദേശിക ഭാഷാ മാധ്യമങ്ങളിൽ ഏറെ സ്വാധീനമുള്ള ഗോദി മീഡിയയുടെ ഏകസ്വരതയെ മറികടക്കാൻ ഇവർക്ക് ചെറുതായിട്ടെങ്കിലും കഴിയുമെന്നത് വളരെ പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.