ബി.ജെ.പിക്കാരും അവർക്കുവേണ്ടി പ്രചാരണവേല ചെയ്യുന്ന കുത്തക മാധ്യമങ്ങളും മനസ്സിലാക്കിയാലും ഇല്ലെങ്കിലും കാലുമാറ്റക്കാർ സ്വന്തം വീടുകളിലെ വോട്ടുകൾപോലും സമാഹരിക്കാൻ കഴിയാത്തവരാണെന്നതാണ് വസ്തുത
ഫെബ്രുവരി 5ാം തീയതി ലോക്സഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത പൊതു തെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണി നാന്നൂറിലധികം സീറ്റുകളിൽ വിജയിക്കുമെന്ന് പ്രഖ്യാപിച്ചു. ബി.ജെ.പിക്ക് ഒറ്റക്ക് മുന്നൂറ്റി എഴുപതിലധികം സീറ്റുകൾ കിട്ടുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ഇതേസമയം കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ ബി.ജെ.പിക്ക് നൂറു സീറ്റ് തികച്ചു കിട്ടില്ലെന്നും പരാജയഭീതി പൂണ്ട മോദി അങ്കലാപ്പാണ് അയഥാർഥമായ അവകാശവാദങ്ങളിലൂടെ പുറത്തുവരുന്നതെന്നും തിരിച്ചടിച്ചു.
മോദിയുടെ ഈ പ്രഖ്യാപനത്തിന് മുമ്പേതന്നെ ഫെബ്രുവരി ഒന്നാം തീയതി ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യമന്ത്രി നിർമല സീതാരാമൻ സമാനമായ വിധത്തിലെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. നാലുമാസത്തിന് ശേഷം സമ്പൂർണ ബജറ്റ് തങ്ങൾതന്നെയാണ് അവതരിപ്പിക്കുക എന്നവർ പറഞ്ഞു. അസാധാരണമായ ഈ പ്രഖ്യാപനത്തോട് പ്രതിപക്ഷ കക്ഷികൾ കനത്ത വിയോജിപ്പ് രേഖപ്പെടുത്തുകയുണ്ടായി.
മോദിയുടെ പ്രഖ്യാപനത്തിന് ശേഷം സംഘ്പരിവാർ നിയന്ത്രണമുള്ളവരും അവരെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണക്കുന്നവരുമായ കുത്തക മാധ്യമങ്ങൾ അഭിപ്രായ സർവേകളുടെ കുത്തൊഴുക്കാണ് നടത്തിയത്. അവർ എല്ലാവരുംതന്നെ എൻ.ഡി.എ മുന്നണിക്ക് മുന്നൂറ്റി എഴുപത്തിയഞ്ച് മുതൽ നാന്നൂറ്റി അമ്പത് വരെ സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിച്ചു. ഇതിനൊപ്പം തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്മാർ എന്ന പേരിൽ നിരവധി പേരുടെ അഭിപ്രായവും പ്രസിദ്ധീകരിച്ചു. അവരും എൻ.ഡി.എ മുന്നണിയുടെ കുതിച്ചുചാട്ടമാണ് ഉണ്ടാവുകയെന്നാണ് നിരീക്ഷിച്ചത്.
ഇത്തരം മാധ്യമങ്ങളിൽ വ്യക്തമായും സംഘ്പരിവാർ പക്ഷംപിടിക്കുന്ന അവരുടെ പ്രചാരണ വിഭാഗമെന്ന് തന്നെ വിളിക്കാവുന്ന ന്യൂസ് 18 എന്ന സ്ഥാപനം പ്രവചിച്ചത് എൻ.ഡി.എക്ക് 411സീറ്റുകൾ ലഭിക്കുമെന്നാണ്.
അവരുടെ സർവേ പ്രകാരം കേരളത്തിൽ ബി.ജെ.പിക്ക് രണ്ട് സീറ്റുകൾ ഉറപ്പാണ്. അത് നാലുവരെയാകാം. ബി.ജെ.പിപോലും പ്രതീക്ഷിക്കാത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം ഇതേമാതിരി സീറ്റുകൾ ഈ ചാനൽ വാരിക്കോരി കൊടുത്തിട്ടുണ്ട്. കർണാടകയിൽ ഇരുപത്തിയഞ്ച്, തമിഴ്നാട്ടിൽ അഞ്ച്, ആന്ധ്രയിൽ 15, തെലങ്കാനയിൽ എട്ട് ഇപ്രകാരമാണ് അവരുടെ സർവേ പ്രവചനം.
ഈ സംസ്ഥാനങ്ങളിലെല്ലാം ഇൻഡ്യ മുന്നണിയുടെ ഭാഗമായ സംസ്ഥാന സർക്കാറുകൾ കടുത്ത ജനരോഷത്തിന് വിധേയമായിട്ടുണ്ടെന്ന് പറയാനും ഈ ചാനൽ മറന്നിട്ടില്ല. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണവിരുദ്ധ വികാരം മുപ്പത് മുതൽ അറുപത്തിയഞ്ച് ശതമാനം വരെയാണത്രെ. ബി.ജെ.പിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കഷ്ടിച്ച് ഒന്നര ശതമാനം മുതൽ അഞ്ച് ശതമാനം വരെ മാത്രമേ ഭരണവിരുദ്ധ വികാരങ്ങളുള്ളൂ എന്നാണ് അവരുടെ കണ്ടുപിടിത്തം.
സാമാന്യ ബുദ്ധിക്കോ സാക്ഷരതക്കോ നിരക്കാത്ത ഇത്തരം കണ്ടുപിടിത്തങ്ങൾ ഒറ്റയടിക്ക് വിഴുങ്ങാവുന്നതാണോ?
ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് തിടുക്കപ്പെട്ട് നടത്തിയതിലൂടെ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യയിലെ 80 ശതമാനം വോട്ടാണ് ബി.ജെ.പി പ്രതീക്ഷിച്ചത്. ആ ഉറപ്പിലാണ് മോദിയും കൂട്ടരും അവർക്ക് അത്രയും സീറ്റുകൾ കിട്ടുമെന്ന് പ്രവചിച്ചത്.
എന്നാൽ, പ്രാണപ്രതിഷ്ഠ ചടങ്ങ് പ്രതീക്ഷിച്ചത്രയും ഫലം ചെയ്യില്ലെന്ന തിരിച്ചറിവ് മൂലമാണ് പൗരത്വ നിരോധന നിയമം നടപ്പിലാക്കാൻ അപ്രതീക്ഷിത തീരുമാനമെടുത്തത്. അതിലൂടെ വീണ്ടും മുസ്‍ലിം അപരത്വത്തെയും വെറുപ്പ് രാഷ്ട്രീയത്തെയും കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന് ഹിന്ദു വോട്ടുകളിൽ പിടിമുറുക്കാമെന്ന് അവർ കരുതുന്നു.
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗാൾപോലുള്ള ഇടങ്ങളിലും ബി.ജെ.പിക്ക് ചെറുതല്ലാത്ത വിധത്തിലുള്ള മുന്നേറ്റത്തിന് സഹായകമാവും എന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. അതനുസരിച്ചാണ് ന്യൂസ് 18 ചാനൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളും പശ്ചിമ ബംഗാളിൽ ഇരുപത്തിയഞ്ചിലധികം സീറ്റുകളും ബി.ജെ.പിക്ക് കിട്ടുമെന്ന് പ്രവചിച്ചിട്ടുള്ളതും.
എന്നാൽ, ഇവർ കണക്കിലെടുക്കാത്ത കാര്യം പൗരത്വ ഭേദഗതി നിയമം ഇന്ത്യയെമ്പാടുമുള്ള മുസ്‍ലിം വോട്ടുകൾ കേന്ദ്ര ഭരണത്തിനെതിരെ ഏകീകരിക്കപ്പെടുകയും തങ്ങളുടെ വോട്ടുകൾ ചിതറിപ്പിക്കാതെ പ്രതിപക്ഷ കക്ഷികളിലേക്ക് കേന്ദ്രീകരിക്കാനും സാധ്യതയുണ്ടെന്നാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് മുസ്‍ലിം വോട്ടുകളുടെ ചിതറൽ കുറച്ച് മാത്രമേ ഇപ്രാവശ്യം സംഭവിക്കാനിടയുള്ളൂ.
അതേപോലെ നിരവധി ചെറുസംഘടനകൾ അപ്രസക്തമാവുകയും ബി.എസ്.പി പോലുള്ള കക്ഷികളുടെ വലിയ തകർച്ചയും പ്രതീക്ഷിക്കാവുന്നതാണ്. ഈ കക്ഷികളുടെ വോട്ടുകൾ ബി.ജെ.പിയെക്കാളും പ്രതിപക്ഷത്തിനാണ് കൂടുതൽ ലഭിക്കാനിടയുള്ളത്.
ഇതിനോട് ചേർത്തുവായിക്കേണ്ടതാണ് കോൺഗ്രസിൽനിന്നും മറ്റു പ്രതിപക്ഷ കക്ഷികളിൽനിന്നും നേതാക്കൾ വൻതോതിൽ ബി.ജെ.പിയിലേക്ക് കാലുമാറുകയാണെന്ന പ്രചാരണം.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മുഖ്യധാര പാർട്ടികളിൽനിന്നും സീറ്റ് കിട്ടാത്തവരും മറ്റു പല കാരണങ്ങളാൽ ഇടഞ്ഞുനിൽക്കുന്നവരും കാലുമാറുന്നത് നിരന്തരം നടക്കുന്ന കാര്യമാണ്. ഇതിന് അതീവ പ്രചാരണം കൊടുക്കുകയും മാറ്റക്കാരെ ആനയിച്ച് അവതരിപ്പിക്കാൻ ബി.ജെ.പിയുടെ കേന്ദ്ര നേതാക്കൾതന്നെ രംഗത്തുവരികയും ചെയ്യുന്നത് ആ സംഘടനയുടെ ബലഹീനതയെയാണ് സൂചിപ്പിക്കുന്നത്.
ഈ കാലുമാറ്റക്കാരെക്കൊണ്ട് മാധ്യമങ്ങളിൽ പ്രചാരണം കൊഴുപ്പിക്കാമെന്നതിനപ്പുറം പറയത്തക്ക ഒരു പ്രയോജനവും കിട്ടാനിടയില്ല. ഉദാഹരണമായി കേരളത്തിൽ ബി.ജെ.പിക്ക് രണ്ടക്കത്തിലുള്ള സീറ്റുകൾ കിട്ടുമെന്നാണ് നരേന്ദ്ര മോദി തന്റെ റോഡ്ഷോകളിൽ പറഞ്ഞത്. അതായത്, പത്തുമുതൽ ഇരുപതുവരെ സീറ്റുകൾ. മലർപ്പൊടിക്കാരന്റെ ആ സ്വപ്നം അവിടെ നിൽക്കട്ടെ.
കേരളത്തിൽ ഇവർ കൊട്ടിഗ്ഘോഷിച്ചുകൊണ്ട് നടത്തിയ കാലുമാറ്റക്കാരെ കൊണ്ട് എന്ത് പ്രയോജനമാണുള്ളത്? മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിലെ പ്രധാനപ്പെട്ട ഭാഗവുമായിരുന്ന വ്യക്തിയുടെ മകൻ കുറേനാൾ മുമ്പ് ബി.ജെ.പിയിൽ ചേർന്നു. ആ സംഘടനയുടെ നേതൃത്വംതന്നെ ദേശീയതലത്തിൽ അതിന് വൻ പ്രചാരണം നൽകി. മറ്റൊരു മുൻ മുഖ്യമന്ത്രിയുടെ മകളും ഈ സംഘടനയിൽ ചേർന്നു.
അതിനും ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വംതന്നെ വമ്പിച്ച പ്രാധാന്യം നൽകി. അതിനിടയിൽ മറ്റുള്ള കാലുമാറ്റക്കാരെ പ്രചോദിപ്പിക്കാനായി ഇവർക്കെല്ലാം വൻ പദവികൾ കൊടുക്കുമെന്ന വ്യാമോഹവും പ്രചരിപ്പിച്ചു. ബി.ജെ.പിക്കാരും അവർക്കുവേണ്ടി പ്രചാരണവേല ചെയ്യുന്ന കുത്തക മാധ്യമങ്ങളും മനസ്സിലാക്കിയാലും ഇല്ലെങ്കിലും മേൽപറഞ്ഞ കാലുമാറ്റക്കാർ സ്വന്തം വീടുകളിലെ വോട്ടുകൾപോലും സമാഹരിക്കാൻ കഴിയാത്തവരാണെന്നതാണ് വസ്തുത.
അതിനിടയിൽ മധ്യപ്രദേശിലെ കോൺഗ്രസിന്റെ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന കമൽനാഥ് ബി.ജെ.പിയിലേക്ക് പോവുകയാണെന്ന പ്രചാരണം ദിവസങ്ങളോളം നടത്തിയെങ്കിലും അങ്ങനെ സംഭവിച്ചില്ല.
ബിഹാറിലെ നിധീഷ് കുമാറിന്റെ കാലുമാറ്റം ബി.ജെ.പിക്ക് വലിയ മുന്നേറ്റത്തിന് കാരണമാവുമെന്ന കണക്കുകൂട്ടലിലാണ് ന്യൂസ് 18 പോലുള്ള ചാനലുകൾ ഏറെക്കുറെ മൊത്തം സീറ്റുകളും എൻ.ഡി.എക്ക് ആയിരിക്കുമെന്ന് പ്രവചിച്ചിട്ടുള്ളത്. എന്നാൽ, മുൻകാലത്തെ അപേക്ഷിച്ച് നിധീഷ് കുമാറിന്റെ ബഹുജന പ്രീതിയിൽ വലിയ രീതിയിൽ ഇടിവ് പറ്റിയിട്ടുണ്ടെന്നതും ബിഹാറിൽ പ്രതിപക്ഷ സഖ്യം കൂടുതൽ കരുത്ത് നേടിയിട്ടുണ്ടെന്നതും വസ്തുതയാണ്.
2014ലും 2019ലും മോദി അധികാരത്തിൽ വന്നത് ഇന്ത്യയിലെ ദലിത്-പിന്നാക്ക-ന്യൂനപക്ഷ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവന്ന സോഷ്യൽ എൻജിനീയറിങ്ങിനെ അട്ടിമറിച്ചുകൊണ്ടാണ്. സാമൂഹികനീതിക്ക് വേണ്ടിയും സവർണ സ്വരാജിനെ അവസാനിപ്പിക്കാനും രംഗത്തുവന്ന വിവിധ പ്രസ്ഥാനങ്ങളിലെ അവസരവാദികളെ ചാക്കിലാക്കിയും അഴിമതി വീരർക്ക് അവസരങ്ങൾ സമ്മാനിച്ചും ഉപജാതി വിഭജനങ്ങളെ പരസ്പരം ഏറ്റുമുട്ടലിനുവേണ്ടി ഉപയോഗപ്പെടുത്തിയുമാണ് സംഘ്പരിവാർ ഈ സോഷ്യൽ എൻജിനീയറിങ്ങിൽ വിള്ളൽ വീഴ്ത്തിയത്.
ആ ഘട്ടം കഴിഞ്ഞിരിക്കുന്നു എന്നതാണ് വസ്തുത. അതിനാൽ കാലുമാറ്റക്കാരെയും അവസരവാദികളെയും മറികടക്കുന്നതരത്തിലുള്ള മുന്നേറ്റമാണ് പ്രതിപക്ഷ ഐക്യനിര കാണിക്കുന്നത്. ചാനൽ സർവേകൾ എന്തുതന്നെ പറഞ്ഞാലും ഇ.വി.എം അട്ടിമറിയും മറ്റുതരത്തിലുള്ള ഭരണകൂട ഇടപെടലുകളും നടന്നാൽ മാത്രമേ ബി.ജെ.പിക്ക് മൂന്നാംവട്ട ഭരണത്തുടർച്ച കിട്ടാനിടയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.