മാധ്യമ സ്വാതന്ത്ര്യം ലോകത്തെമ്പാടും എന്നപോലെ ഇന്ത്യയിലും വെല്ലുവിളി നേരിടുന്നു എന്നു പറയുന്നതിന് ഇപ്പോൾ ഒരു ക്ലീഷെയുടെ സ്വഭാവമേയുള്ളൂ. ആഗോള മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ രാജ്യം കൂപ്പുകുത്തുന്നതും കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണവുമൊക്കെസ്ഥിതിവിവര കണക്കുപോലെയോ അവശ്യസാധനങ്ങളുടെ വിലവിവര പട്ടിക പോലെയോ ആയിരിക്കുന്നു.അതിനപ്പുറം അത് ആരുടെയും ഉറക്കംകെടുത്തുന്നില്ല. വർധിച്ചു വരുന്ന ക്രിമിനൽ കുറ്റങ്ങളെ നോക്കിക്കാണുന്ന അതേ നിസ്സംഗതയാണ് സമൂഹത്തിന് ഇക്കാര്യത്തിലും.ഒന്നും തങ്ങളെ ബാധിക്കില്ലെന്ന (മൂഢ)വിശ്വാസം.
നഷ്ടപ്പെട്ടത് എന്താണോ അതിനെ ഓർക്കാൻ ഒരു ദിനം മാറ്റിവെക്കുന്നത് നമ്മുടെ പതിവ് രീതിയാണ്. മാവേലിക്ക് ഓണം എന്നതുപോലെ മാതൃസ്നേഹത്തിനും പ്രണയത്തിനും എന്തിനേറെ ജനാധിപത്യത്തിനുതന്നെയും ഓരോ ദിനങ്ങൾ നാം കരുതിവെച്ചിരിക്കുന്നു. ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന ‘ത്രോഎവെ’ സംസ്കാരത്തിന്റെതായ ഇക്കാലത്ത് എല്ലാറ്റിനേയും 24 മണിക്കൂറിന്റെ ആയുസ്സിലേക്ക് ചുരുക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. ഭരണഘടനയുടെ കാര്യംതന്നെ എടുത്താൽ, വർഷം മുഴുവൻ അതിന്റെ നിരാസവും ഒരുദിവസം അതിന്റെ ഓർമപുതുക്കലുമായി നാം കഴിയുന്നു. ഇത്തരം ദിനങ്ങൾക്ക് ഭാവനയുടെ സൃഷ്ടിപരതയെക്കാൾ ആഘോഷങ്ങളുടെ ആവർത്തന വിരസതയാണ് ഉള്ളത്. മാധ്യമ ദിനവും ഏതാണ്ട് അത്തരത്തിൽ ഒന്നായി തീർന്നിരിക്കുന്നു.
മാധ്യമ സ്വാതന്ത്ര്യം ലോകത്തെമ്പാടും എന്നപോലെ ഇന്ത്യയിലും വെല്ലുവിളി നേരിടുന്നു എന്നു പറയുന്നതിന് ഇപ്പോൾ ഒരു ക്ലീഷെയുടെ സ്വഭാവമെയുള്ളൂ. ആഗോള മാധ്യമസ്വാതന്ത്ര്യ പട്ടികയിൽ രാജ്യം കൂപ്പുകുത്തുന്നതും കൊല്ലപ്പെടുന്ന മാധ്യമപ്രവർത്തകരുടെ എണ്ണവുമൊക്കെ സ്ഥിതിവിവര കണക്കുപോലെയോ അവശ്യസാധനങ്ങളുടെ വിലവിവര പട്ടിക പോലെയോ ആയിരിക്കുന്നു. അതിനപ്പുറം അത് ആരുടെയും ഉറക്കം കെടുത്തുന്നില്ല. വർധിച്ചു വരുന്ന ക്രിമിനൽ കുറ്റങ്ങളെ നോക്കിക്കാണുന്ന അതേ നിസ്സംഗതയാണ് സമൂഹത്തിന് ഇക്കാര്യത്തിലും. ഒന്നും തങ്ങളെ ബാധിക്കില്ലെന്ന (മൂഢ)വിശ്വാസം.
ഇത് ജനാധിപത്യത്തിന്റെ തകർച്ചയുടെയും സമൂഹവും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിൽ സംഭവിച്ച മാറ്റത്തിന്റെയും ആകെത്തുകയാണ്. വ്യക്തിയേയും അയാളുടെ അവകാശങ്ങളേയും വിലമതിക്കുന്നതാണല്ലോ ജനാധിപത്യത്തിന്റെ രീതി. ഭരണകൂടത്തിന്റെ കൈകടത്തലിൽനിന്ന് വ്യക്തിയേയും സമൂഹത്തേയും സംരക്ഷിക്കുന്നതിനൊപ്പം സമൂഹത്തിന്റെ അനാവശ്യ ഇടപെടലിൽനിന്ന് വ്യക്തിയുടെ സ്വാതന്ത്ര്യവും അത് ഉറപ്പാക്കാൻ ശ്രമിക്കുന്നു. സ്വേച്ഛാധിപത്യത്തെ അപേക്ഷിച്ച് ജനാധിപത്യം വ്യക്തിയുടെയും സമൂഹത്തിന്റെയും മഹത്ത്വം അംഗീകരിക്കുന്നു എന്നർഥം. വ്യക്തിയുടെ ശരീരം പോലും അത് വിശുദ്ധമായി കാണുന്നു. അതുകൊണ്ടാണ് ഭരണകൂട പീഡനത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
രാഷ്ട്രനിർമാണത്തിലും പൊതുനയ രൂപവത്കരണത്തിലും പൗരസമൂഹത്തിന്റെ പങ്കിനും ജനാധിപത്യം ഊന്നൽ നൽകുന്നു. ഭരണകൂടത്തിന്റെ ഇച്ഛയെക്കാൾ ജനഹിതത്തിനാണ് ഇവിടെ പ്രാധാന്യം. മനസ്സുകൊണ്ടാണ് ലോകത്തെ സൃഷ്ടിക്കുന്നത് എന്ന് ബുദ്ധമതം വിശ്വസിക്കുന്നതു പോലെ ജനാധിപത്യത്തിൽ പൗരരുടെ ഭാവനയിൽനിന്നാണ് രാഷ്ട്രം നിർമിക്കപ്പെടുന്നത്, സ്ഥാപന സ്വരൂപങ്ങൾ രൂപംകൊള്ളുന്നത്. അതുകൊണ്ടുതന്നെ ആശയവിനിമയവും അതിന്റെ ഉപാധികളും പരമപ്രധാനമാണ്. ജനാധിപത്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ അതിന്റെ വളർച്ചയിൽ ആശയവിനിമയ രീതിയുടെ പങ്ക് വ്യക്തമാകും. പ്രത്യക്ഷ ജനാധിപത്യത്തിൽ ‘ജനങ്ങൾ’ നേരിട്ട് ഭരണത്തിൽ പങ്കാളികളായിരുന്നതിനാൽ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും തമ്മിലെ മുഖാമുഖത്തിനായിരുന്നു ഊന്നൽ. എന്നാൽ, പ്രാതിനിധ്യ ജനാധിപത്യത്തിന്റെ വരവോടെ ഈ ഉത്തരവാദിത്തം മാധ്യമങ്ങൾ ഏറ്റെടുത്തു.
താമസംവിനാ, അവയുടെ നോട്ടം ജനങ്ങളിൽനിന്ന് ഭരണകൂടത്തിലേക്ക് നീളാൻ തുടങ്ങി. ഇതോടെ ഭരണകൂടം നിലനിൽക്കേണ്ടത് വിമർശനങ്ങളിൽനിന്ന് സ്വയം സംരക്ഷിച്ചുകൊണ്ടല്ല, അവയെ നേരിട്ടുകൊണ്ട് സ്വന്തം നിലപാടും ചെയ്തികളും ന്യായീകരിച്ചു കൊണ്ടാണെന്ന ധാരണ രൂഢമൂലമായി. ഒരുവന്റെ സഹായി ശത്രുവാണെന്ന് എഡ്മണ്ട് ബർക്ക് പറഞ്ഞത് മറ്റാരെക്കാളും ഭരിക്കുന്നവർക്കാണ് ബാധകം, അവർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നെങ്കിൽ. ഇത് ചെയ്യാനുള്ള ഉത്തരവാദിത്തം മുഖ്യമായും മാധ്യമങ്ങളാണ് നിറവേറ്റുന്നത്. മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിൽ സുപ്രധാന ചിന്താവിഷയമായി മാറുന്നത് ഇതുമൂലമാണ്.
ഇതിനർഥം ഭരണകൂടവീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നിടത്ത് മാധ്യമധർമം അവസാനിക്കുന്നു എന്നല്ല. രാഷ്ട്രനിർമാണത്തിനാവശ്യമായ അഭിപ്രായസമന്വയം രൂപപ്പെടുത്തുന്നതിലും നവീനാശയങ്ങളുടെ വരവിന് വഴിയൊരുക്കുന്നതിലും അതിന്റെ പങ്ക് ശ്രദ്ധേയമാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനും രാജ്യ പുരോഗതിക്കും ആവശ്യമായ ആശയങ്ങൾ സ്വരൂപിക്കുന്നതും ഈവിധമാണ്. ഇതാണ് ജനാധിപത്യ ഭാവനയുടെ മൗലിക സ്വഭാവം. ഇത് പാലിക്കപ്പെടുന്നത് അതിന്റെ ലംഘനത്തിലാണെന്നത് മറ്റൊരു കാര്യം. ഭരണകൂടങ്ങൾ ഇത് വളരെ നിഷ്പ്രയാസം സാധിച്ചെടുക്കുന്നു. അത്രക്ക് നിർമലമാണ് ജനാധിപത്യം. അതിനെ (ജനാധിപത്യത്തെ) തുടക്കം മുതൽ സ്ത്രീയോടാണ് ഉപമിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സ്റ്റാച്യൂ ഓഫ് ലിബർട്ടിതന്നെ ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണം.
ഇന്നിപ്പോൾ ജനാധിപത്യ രാഷ്ട്രങ്ങളിൽ പലതും നേതാക്കൾക്ക് ചുറ്റുമാണല്ലോ വട്ടം തിരിയുന്നത്. ഒരാളിലേക്ക് അധികാരം ചുരുങ്ങുന്നു. തെരഞ്ഞെടുപ്പുതന്നെ നേതാവിനെ ചുറ്റിപ്പറ്റിയാണ് നീങ്ങുന്നത്. നമ്മുടെ രാജ്യവും ഇതിൽനിന്ന് ഒട്ടും ഭിന്നമല്ല. 1971ലെ തെരഞ്ഞെടുപ്പ് വേളയിൽ ‘ഈ തെരഞ്ഞെടുപ്പിലെ വിഷയം എന്താണ്’ എന്ന് ന്യൂസ് വീക്ക് ലേഖകൻ ചോദിച്ചപ്പോൾ ഇന്ദിര ഗാന്ധി പറഞ്ഞ മറുപടി രസകരമാണ്- ‘ഞാനാണ് വിഷയം’. ഇതുതന്നെയാണ് ഇപ്പോഴത്തെ അവസ്ഥയും. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ‘നേതൃത്വ’ ഭരണമാണ്. ആശയങ്ങളുടെ സ്ഥാനം നേതാക്കൾ ഏറ്റെടുക്കുമ്പോൾ വിമർശനങ്ങൾ വിലക്കപ്പെട്ട കനിയാവുന്നു. അത് നേതാവിനെതിരെയുള്ള വ്യക്തിപരമായ ആക്രമണമായും ചിത്രീകരിക്കപ്പെടുന്നു. ഇതോടെ, എത്ര ഒറ്റപ്പെട്ട സമരമായാലും എത്ര നിസ്സാരനായ സമരക്കാരനായാലും ഭരണകൂടത്തിന്റെയോ അവരെ പിന്തുണക്കുന്ന ആൾക്കൂട്ടത്തിന്റെയോ വിദ്വേഷത്തിന് ഇരയാകും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ ഷാഹീൻ ബാഗിൽ നടന്ന സമരം ഇതിന്റെ ഒരു ഉദാഹരണം മാത്രം. ഇതുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും, ക്ഷേമപെൻഷൻ കുടിശ്ശികക്കെതിരെ ഭിക്ഷ എടുത്ത് പ്രതിഷേധിച്ച രണ്ട് വയോധികർക്കെതിരെ ഉണ്ടായ ആക്രമണം കേരളവും അതേ പാതയിലേക്ക് നീങ്ങുന്നു എന്നതിന്റെ ചെറു സൂചനയാണ്.
ഇത് ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തെയാണെന്ന് പറയേണ്ടതില്ലല്ലോ. കാരണം മാധ്യമ വിമർശനത്തിന്റെ വ്യാപ്തി വളരെ വിശാലവും സ്വാധീനം പ്രത്യക്ഷവുമാണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന് അത് സഹിക്കാവുന്നതിനപ്പുറമാകുന്നു. ഭരണകൂടത്തെ നിയന്ത്രിക്കാൻ ഉത്തരവാദപ്പെട്ട സ്ഥാപനങ്ങളുടെ തകർച്ച കാര്യങ്ങൾ വേഗവും സുഗമവുമാക്കുന്നു. നിയമനിർമാണ സഭകളുടെ കാര്യം തന്നെയെടുത്താൽ, അവക്ക് ബില്ലുകളും പൊതുനയങ്ങളും ചർച്ചചെയ്യുന്നതിനേക്കാൾ ശുഷ്കാന്തി ഭരിക്കുന്നവരുടെ ഇച്ഛയനുസരിച്ച് അംഗങ്ങളെ പുറത്താക്കുന്നതിലാണ്. സംവാദത്തിന്റെ യുക്തിഭദ്രതയെക്കാൾ കോലാഹലത്തിന്റെ ശബ്ദമാണ് അവിടെ മുഴങ്ങുന്നത്. സിവിൽ സർവിസാകട്ടെ രാഷ്ട്രീയവത്കരിക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു.
തിരുത്തൽ ശക്തിയായി പ്രവർത്തിക്കേണ്ട ബുദ്ധിജീവികളുടെ കാര്യം ഇതിലും ദയനീയമാണ്. കേൾവി നഷ്ടപ്പെട്ടപ്പോൾ സംസാരവും നിർത്തിയവരെപ്പോലെയാണ് അവരുടെ പെരുമാറ്റം. മിണ്ടാതിരിക്കാൻ കാരണം അന്വേഷിച്ച് നടക്കുന്ന ഇക്കൂട്ടർക്ക് അധികാരത്തിന്റെ ഭാഷ നല്ല വശമാണ്. കേൾക്കാത്ത കാര്യത്തെക്കുറിച്ച് മാത്രമല്ല, കേൾക്കുന്ന കാര്യത്തെക്കുറിച്ചും മിണ്ടേണ്ടതില്ലെന്ന് അവർ തീരുമാനിച്ചിരിക്കുന്നു. ഇതുതന്നെയാണ് ഭൂരിപക്ഷം ദേശീയ മാധ്യമങ്ങളും പിന്തുടരുന്നത്. ഭയവും പരസ്യവും ചേർന്ന് സർക്കാർ അനുകൂല നിലപാടിലേക്ക് അവരെ തള്ളിവിട്ടിരിക്കുന്നു. ഇതിന്റെ പരിണിതഫലമാണ് മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളി. ഫലമോ പരാജയപ്പെട്ട ആശയങ്ങൾ ഘോഷയാത്ര നടത്തുന്നു. മാധ്യമ ദിനം ആഘോഷിച്ചു കൊണ്ടല്ല, ജനാധിപത്യത്തെ വീണ്ടെടുത്തുകൊണ്ടാണ് ഇതിനെ നാം നേരിടേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.