ഓരോ ആശുപത്രിയും അവിടെയുണ്ടാകുന്ന മാലിന്യം ശാസ്ത്രീയമായും സുരക്ഷിതമായും നിർമാർജനം ചെയ്യണമെന്നാണ് ബി.ഡബ്ല്യു.എം ചട്ടം. വ്യവസ്ഥകളനുസരിച്ച് ആശുപത്രി മാലിന്യം 75 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല. നിർമാർജനം ചെയ്യേണ്ടവ 48 മണിക്കൂറിനുള്ളില്‍ സംസ്കരിക്കുകയും വേണം. എന്നാൽ, ഇതിനൊന്നും മെനക്കെടാതെ കേരളത്തിലെ പല ആശുപത്രികളിൽനിന്നും പുറംതള്ളുന്ന അതിമാരക അവശിഷ്ടങ്ങൾ തമിഴ്നാട്ടിലെയും കർണാടകയിലെയും ഗ്രാമങ്ങളിൽ കൊണ്ടുപോയി തള്ളുന്ന സമ്പ്രദായം തുടങ്ങിയിട്ട് ഏതാണ്ട് ഒരു പതിറ്റാണ്ടായി. മാലിന്യങ്ങൾ സ്വരൂപിച്ച് അതിർത്തി കടത്തി നിക്ഷേപിക്കാൻ അതിശക്തരായ മാഫിയ തന്നെ പ്രവർത്തിക്കുന്നു.
മാലിന്യം തള്ളാൻ പറ്റിയ ഭൂമി കണ്ടെത്തി നൽകാൻപോലും കമീഷൻ വ്യവസ്ഥയിൽ അവിടെ ആളുകളുണ്ട്. വ്യവസായ മേഖലകൾ, കേസുകളിൽപ്പെട്ട് കിടക്കുന്ന ഭൂമികൾ, സർക്കാർ ഉടമസ്ഥതയിലുള്ള വിശാലമായ വെളിമ്പറമ്പുകൾ എന്നിവയാണ് മുഖ്യമായും ഡംബിങ് യാഡുകളായി മാറുന്നത്. പലയിടത്തും രാത്രിക്ക് രാമാനം മാലിന്യം കത്തിച്ച് തെളിവുകളും നശിപ്പിക്കുന്നതുമൂലം ഇവയിൽ നിന്നുയരുന്ന വിഷപ്പുക ജനവാസ മേഖലകളെ ശ്വാസംമുട്ടിക്കുന്നുണ്ട്. കർണാടകയിലെ കൊടക്, മൈസൂരു, ചാമരാജ് നഗർ, മാണ്ഡ്യ, തമിഴ്നാട്ടിലെ പൊള്ളാച്ചി, തെങ്കാശി തിരുനൽവേലി, കോയമ്പത്തൂർ തുടങ്ങി നിരവധി മേഖലകളിലെ ജനങ്ങൾ മലയാളി മാലിന്യംമൂലം ദുരിതപൂർണവും രോഗാതുരവുമായ ജീവിതം നയിക്കുകയാണിപ്പോൾ.
സിറിഞ്ചുകൾ, കാലാവധി കഴിഞ്ഞ മരുന്നുകൾ, രക്തബാഗുകൾ എന്നിവ അടങ്ങിയ മാലിന്യങ്ങൾ തള്ളുന്നതുമൂലം കൃഷിയിറക്കാൻ സാധിക്കാത്ത അവസ്ഥയുണ്ട് പലയിടങ്ങളിലും. വർഷങ്ങളായുള്ള മാലിന്യം തള്ളൽമൂലം ജലാശയങ്ങൾ നശിച്ചതായി ചൂണ്ടിക്കാട്ടി തെങ്കാശിയിലെ തമിഴ്നാട് നേച്ചർ ആൻഡ് എൻവയൺമെന്റ് സൊസൈറ്റി എന്ന സന്നദ്ധ സംഘടന ഹരജി നൽകിയതിനെ തുടർന്ന് മാലിന്യക്കടത്ത് തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാൻ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് തമിഴ്നാട് ചീഫ് സെക്രട്ടറിയോടാവശ്യപ്പെട്ടു. ബയോമെഡിക്കൽ വേസ്റ്റ് കൊണ്ടുവന്ന് തള്ളുന്ന സമ്പ്രദായം നിർത്താൻ അടിയന്തര നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൻ എം. ജയന്തി കേരള അധികൃതർക്ക് കത്തയക്കുന്ന സാഹചര്യം വരെയുണ്ടായി. മാലിന്യങ്ങളുമായി അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾക്കെതിരെയും മാലിന്യം തള്ളാൻ ഭൂമി നൽകുന്നവർക്കെതിരെയും കർശന നിയമനടപടികളുണ്ടാവും എന്ന തമിഴ്നാടിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഈ അനധികൃത, മനുഷ്യവിരുദ്ധ പ്രവർത്തനത്തിന് തെല്ല് ശമനമുണ്ടായിട്ടുണ്ടെങ്കിലും പൂർണമായി നിലച്ചിട്ടില്ല.
രക്തംപറ്റിയ ബാൻഡേജുകളും പഞ്ഞിയും സാനിറ്ററി പാഡുകളും ഉൾപ്പെട്ട മാലിന്യച്ചാക്കുകൾ പഴന്തുണി എന്ന വ്യാജേനയാണ് കടത്തിക്കൊണ്ടുപോകുന്നതെന്ന് ഇതേക്കുറിച്ച് പഠിച്ച ദ ന്യൂസ് മിനിറ്റിലെ മാധ്യമ പ്രവർത്തകരായ ഹരിത ജോണും നിത്യ പാണ്ഡ്യനും ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് ചെക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കിയതോടെ ഊടുവഴികൾ കണ്ടെത്തിയാണ് ഇപ്പോൾ മാലിന്യലോറികൾ അതിർത്തി കടക്കുന്നത്. കർണാടകയിൽ മാലിന്യം തള്ളുന്നത് സംബന്ധിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ബംഗളുരു സോണൽ ഓഫീസും കേരളത്തിന് കത്തെഴുതിയിരുന്നു. തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ കർണാടകയിൽ കേരളത്തിന്റെ മാലിന്യം തള്ളൽ വലിയ ചർച്ചയായി ഉയർന്നുവരും. കർണാടകവും തമിഴ്നാടും തടയിടുന്നതോടെ ഈ മാലിന്യങ്ങൾ എങ്ങനെ സംസ്കരിക്കും എന്നതു സംബന്ധിച്ച് ഒരു ധാരണയും നമ്മുടെ അധികൃതർക്കില്ല.
മാലിന്യമെല്ലാം അന്യന്റെ പറമ്പിൽ തള്ളി മിടുക്കരാവാമെന്ന് കരുതുന്നുവെങ്കിൽ മലയാളിക്ക് തെറ്റി. ഇവിടെ നിന്ന് മാലിന്യം അയക്കുന്ന അതേ ലോറികളിലാണ് പലപ്പോഴും തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും പഴവും പച്ചക്കറിയും കയറ്റി വരുന്നത്. പോരാത്തതിന് ഇതേ മാലിന്യങ്ങൾ ഇന്ധനമായി ഉപയോഗിച്ച് ആ സംസ്ഥാനങ്ങളിൽ നിർമിക്കുന്ന ശർക്കരയും ഭേക്ഷ്യാൽപന്നങ്ങളും സിമന്റുമെല്ലാം ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നതും കേരളത്തിൽ തന്നെ.
പ്രധാന നദികൾ അടക്കമുള്ള ഇന്ത്യയിലെ ജലാശയങ്ങളിൽ ആന്റിബയോട്ടിക്കുകളുടെ വലിയസാന്നിധ്യം ഉള്ളതായി സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. മതിയായ സംസ്കരണത്തിന് വിധേയമാക്കാതെ നഗരമാലിന്യത്തിൽ കൂട്ടിക്കലർത്തി തള്ളുന്ന നിരോധിത സിറപ്പുകളും ഗുളികകളും മഴവെള്ളത്തിലൂടെ ഒലിച്ചിറങ്ങിയും കിണറുകളിലെത്തുന്നുണ്ട്.
മലിനജല സംസ്കരണ പ്ലാന്റുകൾക്ക് സമീപത്തുള്ള കിണറുകളിലും ആന്റിബയോട്ടിക് സാന്നിധ്യം കൂടുതലാണ്. ഇത് മനുഷ്യജീവനും മണ്ണിനും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണിയാണ് ഏൽപിക്കുകയെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ ചെറുകിട ആശുപത്രികളുടെ വൻ ശൃംഖലയുള്ള കേരളത്തിൽ വിരലിലെണ്ണാവുന്ന ആശുപത്രികളിൽ മാത്രമാണ് മലിനജല സംസ്കരണ പ്ലാന്റുകൾ ഉള്ളത്. പല ആശുപത്രികളിലെയും പ്ലാന്റുകൾക്ക് മതിയായ ശേഷിയുമില്ല. പൈപ്പുകളും ഓവുചാലുകളും വഴി പൊതു ഡ്രൈനേജലേക്കും അതുവഴി പുഴകളിലേക്കും മലിന ജലം ഒഴുക്കുകയാണ് പതിവ്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.