ഒരു തലമുറയുടെ കരുത്തായിരുന്നവർ തളർന്നുവീഴുേമ്പാൾ താങ്ങാൻ കുടുംബം മാത്രമല്ല സമൂഹവും ഒപ്പമുണ്ടാകണം. മാനസികവും സാമൂഹികവും വൈകാരികവും സാമ്പത്തികവും നിയമപരവുമായ പിന്തുണയാണ് ആവശ്യം. സംസ്ഥാന വയോജനനയത്തിൽ പറയുന്നതുപോലെ വയോധികരുടെ സംരക്ഷണം ആദ്യം ഉറപ്പാക്കേണ്ടത് സ്വന്തം കുടുംബമാണ്. ഇതിനെ സാമൂഹികപ്രശ്നമായി കണ്ടുള്ള നടപടികൾ സർക്കാറും കൈക്കൊള്ളണം. നിലവിലെ ചട്ടങ്ങൾ ഭേദഗതി ചെയ്ത് മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ നിയമം കൂടുതൽ ശക്തമായി നടപ്പാക്കാൻ സർക്കാർ നടപടി അനിവാര്യമാണ്.
നിയമം നടപ്പാക്കുന്നതിൽ ജില്ലാ സാമൂഹികനീതി ഒാഫിസർക്ക് സുപ്രധാന പങ്കുണ്ടെങ്കിലും ഇത്തരമൊരു പിന്തുണ ലഭിക്കാറില്ലെന്നാണ് പരാതിക്കാർ പറയുന്നത്. വിധി അനുകൂലമായാലും തൃപ്തികരമാംവിധം നടപ്പാക്കിക്കിട്ടുന്നില്ല എന്നതാണ് മറ്റൊരു പ്രശ്നം. ട്രൈബ്യൂണൽ അനുവദിക്കുന്ന ജീവനാംശം പലപ്പോഴും യഥാസമയം കിട്ടാറില്ല. കിട്ടിയാൽത്തന്നെയും ആദ്യത്തെ ഏതാനും മാസങ്ങൾ കഴിയുേമ്പാൾ നിലക്കും. വീടൊഴിഞ്ഞു കൊടുക്കണമെന്ന വിധി എതിർകക്ഷികൾ പാലിക്കാതെ വന്നാലും ഒഴിപ്പിച്ചുകൊടുക്കാൻ അധികൃതർ തുനിയാറില്ല. വിധി നടപ്പാക്കിക്കിട്ടിയില്ലെന്ന് കാണിച്ച് ചിലരെങ്കിലും വീണ്ടും ട്രൈബ്യൂണലിനെ സമീപിക്കുന്ന അവസ്ഥയുമുണ്ട്. പരാതി നൽകിയതോടെ കുടുംബാംഗങ്ങൾ ഒന്നടങ്കം തനിക്കെതിരെ തിരിഞ്ഞതിനാൽ പിൻവലിക്കേണ്ടിവന്ന അനുഭവം കോട്ടയം സ്വദേശിയായ 76കാരൻ പങ്കുവെച്ചു. മക്കളും ഭാര്യയും ചേർന്ന് ഒറ്റപ്പെടുത്തുകയും കുത്തുവാക്കുകൾ പറയുകയും പട്ടിണിക്കിടുകയും ചെയ്തതാണ് പരാതി പിൻവലിച്ച് വീണ്ടും എല്ലാം സഹിച്ച് ജീവിക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതേസമയം, മാതാവ് പരാതി നൽകുമെന്നറിഞ്ഞതോടെ അവരുടെ സംരക്ഷണം പൂർണമനസ്സോടെ ഏറ്റെടുത്ത മക്കളുമുണ്ട്.
വൃദ്ധസദനങ്ങളെക്കുറിച്ച സങ്കൽപത്തിൽതന്നെ അടിസ്ഥാന മാറ്റം വേണമെന്നാണ് ഇതേക്കുറിച്ച് പഠിച്ച വിദഗ്ധരുടെ അഭിപ്രായം. വൃദ്ധരെ താമസിപ്പിച്ച് മൂന്നു നേരം ഭക്ഷണവും മരുന്നും കൊടുക്കുന്ന പുനരധിവാസ കേന്ദ്രങ്ങൾ എന്ന നിലയിൽനിന്ന് വാർധക്യജീവിതത്തെ സർഗാത്മകവും ക്രിയാത്മകവുമാക്കുന്ന പൊതു ഇടങ്ങളായി അവ മാറണം. കലാ സാഹിത്യ പ്രവർത്തനങ്ങൾ, കൗൺസലിങ്, തൊഴിൽ പരിശീലനം, വ്യായാമം, വായന, വിനോദം എന്നിവക്കുള്ള സൗകര്യങ്ങൾ ഉണ്ടാകണം. ഒാരോരുത്തർക്കും അഭിരുചിക്കനുസരിച്ച് കർമശേഷി വിനിയോഗിക്കാൻ സംവിധാനം ഒരുക്കിക്കൊടുക്കണം. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ വയോധികരെ ഉൾപ്പെടുത്തി സ്വയം സഹായ സംഘങ്ങൾ രൂപവത്കരിച്ച് വരുമാനദായക പദ്ധതികൾ ആവിഷ്കരിക്കണം. പകൽപരിചരണ കേന്ദ്രങ്ങളിൽ ഇതിനാവശ്യമായ പരിശീലനം നൽകണം.
മാറിയ കാലത്തോട് പൊരുത്തപ്പെടാനും പുതിയ തലമുറയുമായി സംവദിക്കാനും പ്രായമായവരെ പ്രാപ്തരാക്കാൻ ശാസ്ത്രീയമായ കൗൺസലിങ് സഹായിക്കുമെന്നാണ് കൊച്ചി നഗരത്തിലെ പ്രമുഖ ജെറിയാട്രീഷെൻറ അഭിപ്രായം. വയോധികരെ പരിചരിക്കുന്നവർക്കും അവരെ ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നവർക്കും കൗൺസലിങ് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു. കുടുംബ ബന്ധങ്ങളുടെയും ജീവിതമൂല്യങ്ങളുടെയും വില കുട്ടികൾക്ക് പകർന്നുനൽകണം. അനുഭവസമ്പത്തുള്ള പഴയ തലമുറയെ സ്നേഹത്തിെൻറയും കരുതലിെൻറയും ഉറവിടമായി അംഗീകരിക്കാനായാൽ അവരെ ചേർത്തുനിർത്താതിരിക്കാനാവില്ല.
വയോധികരുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കാൻ പഴുതടച്ച നിയമങ്ങൾ ആവശ്യമാണെന്നാണ് ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയാറാക്കിയ സി.ഡി.എസിലെ പ്രഫസർ ഡോ. എസ്. ഇരുദയരാജൻ പറയുന്നത്. വയോജനക്ഷേമവുമായി ബന്ധപ്പെട്ട നിയമങ്ങളും നയങ്ങളും കേരളത്തിെൻറ സാമൂഹിക സാഹചര്യങ്ങൾകൂടി ഉൾക്കൊള്ളുന്നതാകണം. വാർധക്യകാലപെൻഷൻ പോലുള്ള ആനുകൂല്യങ്ങൾ അർഹരായ എല്ലാവർക്കും ലഭ്യമാക്കണം. ആശുപത്രികളിൽ വയോധികർക്ക് പ്രത്യേക വാർഡുകളും കൗണ്ടറുകളും ഏർപ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങൾ പദ്ധതി ഫണ്ടിെൻറ അഞ്ചു ശതമാനം വയോജനക്ഷേമത്തിന് വിനിയോഗിക്കണമെന്നുണ്ട്. എന്നാൽ, ഇത് കഷായവും മരുന്നും വാങ്ങുന്നതിൽ ഒതുങ്ങുകയാണ്. പഞ്ചായത്തിന് കീഴിലെ പകൽവീടുകൾ സർക്കാർ ഏറ്റെടുത്ത് കൂടുതൽ സൗകര്യം ഒരുക്കണമെന്നും ആവശ്യമുണ്ട്.
വയോജനക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സർക്കാർ പ്രത്യേക വകുപ്പ് രൂപവത്കരിക്കണമെന്നും വനിതാ കമീഷൻ മാതൃകയിൽ വയോജന കമീഷൻ വേണമെന്നുമാണ് കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി. കുമാരൻ പറയുന്നത്. വയോജനങ്ങൾ സ്വയം കൂട്ടായ്മകൾ രൂപവത്കരിച്ച് വാർധക്യത്തിെൻറ വിരസതയും ഒറ്റപ്പെടലും മറികടക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്തിെൻറ പല ഭാഗങ്ങളിലുമുണ്ട്. ഇത്തരം കൂട്ടായ്മകളിൽ പകുതിയിലധികം അംഗങ്ങളും സ്ത്രീകളാണ്. കൊച്ചിയിൽ ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന് കീഴിലെ ഇടപ്പള്ളി സീനിയർ സിറ്റിസൺസ് ഫോറം ഇത്തരത്തിലൊന്നാണ്. അഴ്ചയിലൊരിക്കൽ ആഴ്ചവട്ടം എന്ന പേരിൽ ഒത്തുകൂടുന്ന ഇവരുടെ നേതൃത്വത്തിൽ കലാപരിപാടികളും സെമിനാറുകളും ചർച്ചകളും സംവാദങ്ങളും സംഘടിപ്പിച്ചുവരുന്നു. പരിഷ്കൃത ജീവിതത്തിെൻറ പകിട്ടുകൾക്കിടയിൽ വാർധക്യത്തിെൻറ വിഹ്വലതകൾക്ക് നേരെ കണ്ണും കാതുമടച്ചിരിക്കാനല്ല, അവരുടെ കാഴ്ചയും കേൾവിയും നടവഴികളുമായി മാറാനാണ് വർത്തമാനകാല കേരളം മനസ്സ് കാണിക്കേണ്ടത്.
പ്രത്യേക അതോറിറ്റി വേണം
ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ
(വയോധികരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച കമീഷെൻറ അധ്യക്ഷൻ)
തങ്ങളെ സംരക്ഷിക്കാത്തതിെൻറ പേരിൽ മക്കളെയും ബന്ധുക്കളെയും ജയിലിൽ കയറ്റാൻ പലർക്കും താൽപര്യമില്ല. ഇത് മുതലെടുപ്പിനും അതിക്രമം തുടരാനും അവസരമൊരുക്കുന്നു. സാമ്പത്തികശേഷിയുള്ള ആശ്രിതരുള്ളവർക്ക് വൃദ്ധസദനങ്ങളിൽ പ്രവേശനം നൽകില്ലെന്ന് തീരുമാനിക്കണം. എല്ലാ ജില്ലയിലും 150 പേർക്ക് വീതമെങ്കിലും താമസിക്കാവുന്ന വൃദ്ധമന്ദിരങ്ങൾ സർക്കാർ തുറക്കണം. ഇവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ എല്ലാ ജില്ലയിലും പ്രത്യേക അതോറിറ്റി രൂപവത്കരിക്കണം. ഇതിൽ ജനപ്രതിനിധികളെയും പൊലീസിനെയും ഉൾപ്പെടുത്തണം. വയോധികർ ഒാഫിസുകൾ കയറിയിറങ്ങാൻ ഇടവരാതെ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും അവരുടെ വീട്ടുപടിക്കൽ എത്തിച്ചു നൽകണം. ഇതിനായി വീടുകയറി വിവരശേഖരണം നടത്തണം. പൊതു ഇടങ്ങളെല്ലാം വയോജനസൗഹൃദമാകണം.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.