അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനം ഡൽഹിയിൽ തങ്ങളെ അധികാരഭ്രഷ്ടരാക്കിയതുതൊട്ട് അരവിന്ദ് കെജ്രിവാളിനോടും ആം ആദ്മി പാർട്ടിയോടും നിരന്തരം കൊമ്പുകോർത്തുകൊണ്ടിരിക്കുന്ന ഡൽഹി പ്രദേശ് കോൺഗ്രസിന് അതൊക്കെ കഴിഞ്ഞുമതി ബി.ജെ.പിക്കെതിരായ പോരാട്ടവും 2024ലെ പൊതുതെരഞ്ഞെടുപ്പും
കേന്ദ്ര ഏജൻസികളെ ദുരുപയോഗംചെയ്ത് പ്രതിപക്ഷത്തെ വേട്ടയാടുന്നതിനെതിരെ മുഖ്യമന്ത്രിമാരും മുൻ മുഖ്യമന്ത്രിമാരും അടക്കം ഒമ്പതു പ്രതിപക്ഷനേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയതിനു പിറ്റേന്ന് രാജ്യതലസ്ഥാനം കാണുന്നത് ആ വേട്ട ആഘോഷമാക്കുന്ന രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാർട്ടിയെയാണ്.
ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുൻ മന്ത്രി സത്യേന്ദ്ര ജെയിനും ജയിലഴികൾ പിടിച്ച് നിൽക്കുന്ന ചിത്രത്തോടൊപ്പം ‘അഴിമതിക്കാർ ആരാണോ, അവരാണ് ദേശദ്രോഹികൾ’ എന്ന കെജ്രിവാളിന്റെ പഴയ പ്രസ്താവന തലക്കെട്ടാക്കി ബഹുവർണ പോസ്റ്ററുകൾ ഇറക്കി ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പാർട്ടിയുടെ അഖിലേന്ത്യ ആസ്ഥാനത്തടക്കം പതിച്ചു.
പ്രധാനമന്ത്രിക്കുള്ള കത്തിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷം ഉന്നയിച്ച പരാതി അടിസ്ഥാനരഹിതമാണെന്നും സിസോദിയ അറസ്റ്റിലായത് അഴിമതിക്കാണെന്നും സ്ഥാപിക്കാൻ വാർത്തസമ്മേളനം നടത്തിയ ബി.ജെ.പിയിൽനിന്ന് തുടർപ്രചാരണങ്ങൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഏറ്റെടുത്തതുപോലെയായി കത്തിനു പിന്നാലെയുള്ള കാര്യങ്ങൾ.
കോൺഗ്രസ് ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് നരേന്ദ്ര മോദി സർക്കാറിനെതിരെ പ്രതിപക്ഷപാർട്ടികളെ ഒന്നിപ്പിച്ചിട്ടുണ്ട്. ഡൽഹി സർക്കാറിന്റെ മദ്യനയത്തിൽ അഴിമതി ആരോപിച്ച് സിസോദിയയെ അറസ്റ്റ് ചെയ്ത ഫെബ്രുവരി 27ന് രൂപപ്പെട്ടുതുടങ്ങിയ ഐക്യനിര പ്രധാനമന്ത്രിക്കുള്ള പ്രതിപക്ഷനേതാക്കളുടെ കത്തോടെ ഒരു ബദലിന്റെ രൂപത്തിലേക്കും ഭാവത്തിലേക്കും പരിണമിക്കുമോ എന്നു പറയാറായിട്ടില്ല.
എന്നാൽ, അതിജീവനത്തിന് ഭീഷണി നേരിടുന്ന ഘട്ടങ്ങളിൽ എല്ലാ വീക്ഷണവൈജാത്യങ്ങളും അവഗണിച്ച് പ്രശ്നാധിഷ്ഠിതമായി തങ്ങൾക്ക് ഒരുമിക്കാനാകുമെന്ന് അദാനി-ഹിൻഡൻബർഗ് വിവാദത്തിനുശേഷം ഒരിക്കൽകൂടി പ്രതിപക്ഷ കക്ഷികൾ തെളിയിച്ചു. സിസോദിയയെ വേട്ടയാടിപ്പിടിച്ച കേന്ദ്ര ഏജൻസികൾ ഏറെ വൈകാതെ തങ്ങൾക്കുനേരെ തിരിയുമെന്നുകൂടി കണ്ടായിരുന്നു അറസ്റ്റിനെതിരെ രാഷ്ട്രീയ ഭിന്നത മറന്നുള്ള പ്രതിപക്ഷ പ്രതിഷേധം.
സിസോദിയയുടെ അറസ്റ്റിനെതിരെ പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസും യു.പിയിലെ സമാജ് വാദി പാർട്ടിയും മഹാരാഷ്ട്രയിലെ ശിവസേനയും തെലങ്കാനയിലെ ബി.ആർ.എസും ബിഹാറിലെ ജനതാദൾ യുനൈറ്റഡും രാഷ്ട്രീയ ജനതാദളും ഝാർഖണ്ഡിലെ ഝാർഖണ്ഡ് മുക്തി മോർച്ചയും എല്ലാം രംഗത്തുവന്നു.
പ്രതിപക്ഷ പാർട്ടി നേതാക്കളെ ലക്ഷ്യംവെക്കാനുള്ള ആയുധങ്ങളായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന മോദി സർക്കാറിന്റെ പദ്ധതിയുടെ ഭാഗമാണ് സിസോദിയയുടെ അറസ്റ്റെന്ന് സി.പി.എം കേന്ദ്ര നേതൃത്വം പ്രസ്താവനയിറക്കി. അറസ്റ്റിനെതിരെ എ.ഐ.സി.സി വക്താവ് ജയ്റാം രമേശും പരോക്ഷമായെങ്കിലും പ്രതികരിച്ചു.
ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ മോദി സർക്കാറിനു കീഴിൽ രാഷ്ട്രീയ പ്രതികാരത്തിനും പീഡനത്തിനുമുള്ള ഉപകരണങ്ങളായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷനേതാക്കളെ പ്രത്യേകം ലക്ഷ്യമിട്ട് ആ സ്ഥാപനങ്ങളുടെ സ്ഥാനമില്ലാതാക്കുകയാണെന്നും അറസ്റ്റിനു പിന്നാലെ ജയ്റാം രമേശ് ട്വീറ്റ് ചെയ്തു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനെതിരെ നടത്തിയ ഭാരത് ജോഡോ യാത്രയിൽ അണിനിരന്ന നേതാക്കളും സിസോദിയയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്തിലും തങ്ങളുടെ കൈയൊപ്പ് ചാർത്തി.
എൻ.സി.പി നേതാവ് ശരദ് പവാർ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി, തെലങ്കാന മുഖ്യമന്ത്രിയും ബി.ആർ.എസ് തലവനുമായ കെ. ചന്ദ്രശേഖര റാവു, ബിഹാർ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവ്, മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ അഖിലേഷ് യാദവ്, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ, മുൻ ജമ്മു-കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുല്ല എന്നിവർ പ്രതിപക്ഷ നേതാക്കളുടെ കത്തിലൊപ്പിട്ടു.
അതേസമയം, പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങി ആം ആദ്മി പാർട്ടിക്കും അതിന്റെ നേതാക്കൾക്കുമൊപ്പം മോദി-അദാനി ഭായി ഭായി വിളിച്ചുകൊടുക്കുകയും പരസ്പരം ഏറ്റുവിളിക്കുകയും ചെയ്ത കോൺഗ്രസും ഇടതുപാർട്ടികളും പ്രധാനമന്ത്രിക്കുള്ള പ്രതിപക്ഷ കത്തിൽ ഒപ്പുവെച്ചുകണ്ടില്ല.
എല്ലാ രാഷ്ട്രീയ പാർട്ടികളെയും അഴിമതിയുടെ പേരിൽ കടന്നാക്രമിച്ച് സംശുദ്ധ രാഷ്ട്രീയം അവകാശപ്പെട്ട് ദേശീയ രാഷ്ട്രീയത്തിൽ ബദലായി സ്വയം ഉയർത്തിക്കാണിച്ചിരുന്ന ആപ്പിനെ ഒറ്റതിരിഞ്ഞ് വേട്ടയാടിയാൽ മറ്റു പ്രതിപക്ഷ കക്ഷികളുടെ ഭാഗത്തുനിന്ന് കാര്യമായ അനക്കമുണ്ടാവില്ലെന്ന് ബി.ജെ.പി പ്രതീക്ഷിച്ചുവെന്ന് തോന്നിക്കുന്നതായിരുന്നു അവരുടെ പ്രതികരണം.
മറ്റു പാർട്ടികളെയെല്ലാം അഴിമതിക്കാരെന്നു വിളിച്ച് രംഗത്തുവന്ന ആം ആദ്മി പാർട്ടിക്കായി വിവിധ പ്രതിപക്ഷകക്ഷികൾ രംഗത്തുവന്നത് അതിശയകരമാണെന്നാണ് ബി.ജെ.പി വക്താവ് സുധാൻഷു ത്രിവേദി വാർത്തസമ്മേളനത്തിൽ പറഞ്ഞത്. ബി.ജെ.പിക്കെതിരായ പ്രതിപക്ഷപാർട്ടികളുടെ സംയുക്ത നീക്കമായി പ്രധാനമന്ത്രിക്കുള്ള കത്തിനെ കാണുന്നതിനു പകരം അഴിമതിക്കേസുകളുള്ള നേതാക്കളുടെ വേവലാതിയായി കത്തിനെ ഉയർത്തിക്കാണിക്കാനും ത്രിവേദി ശ്രമിച്ചു.
എന്നാൽ, സിസോദിയയുടെ അറസ്റ്റിനെച്ചൊല്ലി പ്രതിപക്ഷത്ത് രൂപപ്പെട്ട ഐക്യത്തെ തകർക്കാൻ കോൺഗ്രസ് തന്നെയുള്ളതിനാൽ സ്വന്തംനിലക്ക് കാര്യമായ അധ്വാനമൊന്നും ആവശ്യമില്ലെന്ന ആശ്വാസത്തിലാണ് ബി.ജെ.പി.
മനീഷ് സിസോദിയ അറസ്റ്റിലായപ്പോൾ അതിനെതിരെ നടത്തിയ പ്രതികരണത്തിൽ സിസോദിയയുടെ പേര് പറയാതിരിക്കാൻ എ.ഐ.സി.സി വക്താവ് ജയ്റാം രമേശ് പ്രത്യേകം ശ്രദ്ധിച്ചെങ്കിൽ ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി വിപരീത ദിശയിൽ അങ്ങേയറ്റം പോയി.
സിസോദിയയുടെ അറസ്റ്റിനെ പിന്തുണച്ച അവർ അടുത്തതായി ജയിലിൽ പോകേണ്ടത് അരവിന്ദ് കെജ്രിവാളാണെന്ന പ്രചാരണവും നടത്തി. കേന്ദ്രം പ്രതിപക്ഷത്തെ വേട്ടയാടിയാലും നേതാക്കൾ അതിനെതിരെ ഒരുമിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയാലും ഡൽഹിയിൽ കെജ്രിവാളിനെതിരായ പോരാട്ടത്തിൽനിന്ന് അതൊന്നും തങ്ങളെ പിന്തിരിപ്പിക്കില്ല എന്ന് അഖിലേന്ത്യ നേതൃത്വത്തെ ഓർമിപ്പിക്കുന്നതിനാണ് അക്ബർ റോഡിലെ പാർട്ടി ആസ്ഥാനത്തുതന്നെ അറസ്റ്റ് ആഘോഷമാക്കി പോസ്റ്ററുകൾ പതിച്ചത്.
അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രസ്ഥാനം ഡൽഹിയിൽ തങ്ങളെ അധികാരഭ്രഷ്ടരാക്കിയത് തൊട്ട് അരവിന്ദ് കെജ്രിവാളിനോടും ആം ആദ്മി പാർട്ടിയോടും നിരന്തരം കൊമ്പുകോർത്തുകൊണ്ടിരിക്കുന്ന ഡൽഹി പ്രദേശ് കോൺഗ്രസിന് അതൊക്കെ കഴിഞ്ഞു മതി ബി.ജെ.പിക്കെതിരായ പോരാട്ടവും 2024ലെ പൊതുതെരഞ്ഞെടുപ്പും.
സിസോദിയയുടെ അറസ്റ്റും കോൺഗ്രസ് ആഘോഷവും
രാഷ്ട്രീയമായി കടുത്ത ശത്രുതയിലാണെങ്കിലും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റ് 2024 ലക്ഷ്യമിട്ട് ബി.ജെ.പി തുടങ്ങിവെച്ച രാഷ്ട്രീയ കരുനീക്കങ്ങളുടെ ആദ്യപടിയാണെന്നും വൈകാതെ എല്ലാവരെയും തേടിയെത്തുമെന്നും അറിയാത്തവരല്ല ഡൽഹിയിലെയും കോൺഗ്രസ് നേതാക്കൾ.
അത്തരമൊരു അറസ്റ്റിനെ മോദി സർക്കാറിനെതിരായ പ്രതിപക്ഷ ഐക്യമുണ്ടാക്കാൻ മറ്റു പാർട്ടികൾ ഉപയോഗപ്പെടുത്തുന്നത് കാണാതെയല്ല അവരുടെ ആഘോഷം. ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനുള്ള റായ്പുർ പ്രഖ്യാപനം ആവർത്തിച്ചുകൊണ്ടുതന്നെയാണ് പ്രതിപക്ഷത്തെ മറ്റു കക്ഷികളുമായി വിരുദ്ധ താൽപര്യങ്ങൾക്കായി ഈ തരത്തിൽ പരസ്പരം ഏറ്റുമുട്ടുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.