1948ൽ വിഭജനാനന്തര ബോംബെയിലെ അഭയാർഥി ക്യാമ്പിൽ രാം ബൂൽചന്ദ് ജത്മലാനി എന്ന ഇരുപത്തഞ്ചുകാരൻ കറാച്ചി വക്കീൽ എത്ത ുമ്പോൾ കീശയിലുണ്ടായിരുന്നത് കൃത്യം ഒരു നയാപൈസ മാത്രം. അയാൾ ബോംബെ ഹൈകോടതിയിലെയും സുപ്രീംകോടതിയിലെയും ഒന്നാമ നായുയർന്ന നാൾവഴികളിൽ കുശാഗ്രബുദ്ധിയുടെയും അക്ഷീണ പ്രയത്നത്തിെൻറയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെ യും കഥകൾ മാത്രമാണുള്ളത്. മുട്ടുകാലിഴച്ചുനിന്ന് ‘മി ലോർഡു’കൾ ആവർത്തിച്ചാൽ മാത്രമേ അനുകൂല ഉത്തരവുകൾ കിട്ടൂ എന ്ന മൂഢവിശ്വാസം പുലർത്തുന്ന ഒരു പുതിയ കൂട്ടം അഭിഭാഷകരെയെങ്കിലും ആ ജീവിതം അമ്പരപ്പിച്ചേക്കാം. കോടതിയിലും അധികാ രകേന്ദ്രങ്ങളിലും എതിരഭിപ്രായങ്ങൾ മുഖത്തു നോക്കിപ്പറയുകയും തൂമ്പയെ തൂമ്പയെന്നും കീടത്തെ കീടമെന്നും ആലങ്കാരികതകളില്ലാതെ വിളിക്കുകയും ചെയ്തൊരാൾ. ‘‘ജനാധിപത്യം ഏതാണ്ട് ശവപ്പെട്ടിയിലായിരിക്കുകയാണ്. ഇപ്പോൾ സർക്കാറിന് വേണ്ടത് കോടതികൾ അതിെൻറ വാതിലുകൾ ഹീനമായ രീതിയിൽ കൊട്ടിയടക്കുകയാണ്. അങ്ങനെ ചെയ്താൽ ഇനി വരാൻ പോകുന്ന എല്ലാ കാലങ്ങളിലേക്കുമായി നിങ്ങൾ നിങ്ങളുടെത്തന്നെ ശവകുടീരം പണിയുന്നുവെന്നു വേണം കണക്കാക്കാൻ. ഈ ദുരന്തകാലത്ത് കോടതികൾ എന്തു ചെയ്യുന്നുവെന്ന് േലാകം ജാഗ്രത്തായി നോക്കിയിരിക്കുന്നുവെന്ന് ഓർമവേണം’’ -അടിയന്തരാവസ്ഥക്കാലത്ത് ‘ഹേബിയസ് കോർപസ്’ കേസിൽ വാദിച്ചുകൊണ്ട് സുപ്രീംകോടതിയിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണിത്.
അടിയന്തരാവസ്ഥയെ നഖശിഖാന്തം എതിർത്ത ജത്മലാനിക്കെതിരെ ആ കാലത്തിെൻറ ഏറ്റവും വലിയ കൊള്ളരുതായ്മയായ ‘മിസ’ നിയമപ്രകാരം പാലക്കാട് ജില്ല കോടതിയിൽനിന്നു പോയ വാറൻറിനെ മരവിപ്പിക്കാൻ ബോംബെ ഹൈകോടതിയിൽ നാനാ പൽക്കിവാലയടക്കം 364 അഭിഭാഷകർ നിരന്നുനിന്നത് ജത്മലാനിയുടെ നിലപാടുകളുടെ ജനകീയതയെ സൂചിപ്പിക്കുന്നു.
അടിയന്തരാവസ്ഥക്കാല നിലപാടുകളുടെ തുടർച്ചയായി 1977ൽ എച്ച്.ആർ ഗോഖലെ എന്ന ഇന്ദിര ഗാന്ധിയുടെ മന്ത്രിസഭാംഗമായിരുന്ന അതികായെന തോൽപിച്ച് ലോക്സഭയിലെത്തിയെങ്കിലും ജത്മലാനിയുടെ ജീവിതരീതി വഴിവിട്ടതാണെന്ന് ആരോപിച്ച് മൊറാർജി ദേശായി മന്ത്രിസഭക്കു പുറത്തു നിർത്തി. പണ്ടൊരിക്കൽ ബ്രഹ്മചര്യത്തെക്കുറിച്ച് പ്രസംഗിച്ചുകൊണ്ടിരുന്ന മൊറാർജിയുടെ പ്രസംഗത്തിനിടെ ‘മൊറാർജിയുടെ ഭാര്യയായിരുന്നു എനിക്കെങ്കിൽ പതിനെട്ടു വയസ്സിലേ ഞാൻ ബ്രഹ്മചാരിയായേനെ’ എന്ന് ജത്മലാനി വിളിച്ചുപറഞ്ഞതും അഭയാർഥികളെ കുറ്റവാളികളായി കണക്കാക്കിയ ബോംബെ അഭയാർഥിനിയമത്തെ എതിർത്ത് ബോംബെ ഹൈകോടതിയിൽ കേസ് കൊടുത്തതും മൊറാർജിയുടെ നീരസത്തിനിടയാക്കിയിരുന്നു.
സുപ്രീംകോടതി മുറികളിൽ പെട്ടെന്ന് സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത വന്നാൽ ഉറപ്പിക്കാം, ജത്മലാനി വാദത്തിനായി എത്തിയിട്ടുണ്ടെന്ന്. കനത്ത ഫയൽക്കൂട്ടങ്ങളൊന്നുമില്ലാതെ വാദമുഖങ്ങൾ കൃത്യമായി കുറിച്ച ഒന്നോ രണ്ടോ പേപ്പറുകളും പിടിച്ച് വലതുകാൽ ഉയർത്തിെവച്ച് ജത്മലാനി കോടതിയെ അഭിസംബോധന ചെയ്യുമ്പോൾ അഭിഭാഷകർ ഒന്നാകെ വീർപ്പടക്കി വാദങ്ങൾ കേൾക്കാൻ കാതോർത്തിരിക്കും. അനുകൂല ഉത്തരവ് ലഭിക്കാൻ നിയമത്തിെൻറ അവസാന പഴുതും പുറത്തെടുക്കുകയല്ലാതെ അതിനായി യാചിക്കുന്ന രീതി ജത്മലാനിയുടേതല്ല. ഒരിക്കൽ ‘‘കേസ് വായിച്ചിട്ടില്ല, അതുകൊണ്ട് പ്രസക്തഭാഗങ്ങൾ ചുരുക്കി പറഞ്ഞുതരുമോ’’ എന്നു ചോദിച്ച സുപ്രീംകോടതി ന്യായാധിപനോട് ഒരു മയവുമില്ലാതെ ജത്മലാനി പറഞ്ഞത് ‘‘അല്ലെങ്കിലും ജഡ്ജിമാർ വായിച്ചുപഠിക്കുന്ന കാലമൊക്കെ എന്നേ കഴിഞ്ഞു’’ എന്നായിരുന്നു. ‘‘എന്നാണ് വിരമിക്കൽ’’ എന്ന് അന്വേഷിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട്, ‘‘ഞാനെന്നാണ് മരിക്കുന്നതെന്ന് ചോദിക്കുന്നതിന് തുല്യമാണെ’’ന്നു പറയാനും ഒരേയൊരു ജത്മലാനിക്കേ കഴിയുമായിരുന്നുള്ളൂ.
നിയമ രംഗത്ത് കുറ്റാരോപിതരുടെ മിശിഹാ ആയാണ് ജത്മലാനി അറിയപ്പെടുന്നത്. എല്ലാ വഴികളും അടയുമ്പോൾ കുറ്റം ചാർത്തപ്പെട്ടവർ എല്ലാ പ്രതീക്ഷകളും അർപ്പിക്കുന്ന അഭിഭാഷകൻ. അധോലോക നായകൻ ഹാജി മസ്താനെ കുറ്റമുക്തനാക്കിയ ഉത്തരവ് സമ്പാദിച്ചത് ജത്മലാനിയാണ്. ബോംബെ ഹൈകോടതിയിൽ ‘സ്മഗ്ലേഴ്സ് ലോയർ’ എന്ന വിളിപ്പേര് ജത്മലാനിക്കുണ്ടാകാനുള്ള കാരണവും ഇതാണ്. ‘‘എെൻറ ഓഫിസിൽ പണമിട്ട് കനത്ത കീശയുമായി വരുന്ന കള്ളക്കടത്തുകാരെ ആ കനത്തിൽ നിന്നു മോചിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യമാണെേൻറത്’’ എന്നാണ് ജത്മലാനിതന്നെ ഇതിനെക്കുറിച്ച് രസകരമായി പ്രതികരിച്ചിരിക്കുന്നത്. കേസുകൾ നടത്തുന്നതിൽ കേവലമായ സദാചാര വാദങ്ങൾക്കോ രാഷ്ട്രീയ വ്യത്യാസങ്ങൾക്കോ ജത്മലാനിയുടെ മനസ്സിൽ സ്ഥാനമുണ്ടായിരുന്നില്ല, ‘‘കോടതിയിൽ ഞാനെെൻറ അഭിപ്രായങ്ങളല്ല, കക്ഷിയെ രക്ഷിക്കാനുള്ള നിയമ പഴുതുകളാണ് പറയേണ്ടത്’’ എന്നതായിരുന്നു ജത്മലാനിയുടെ നിലപാട്. അതുകൊണ്ടുതന്നെ ബി.ജെ.പി ഗവൺമെൻറിെൻറ ഭാഗമായിരിക്കെ പാർലമെൻറ് ആക്രമണ കേസിൽ അഫ്സൽ ഗുരുവിനു വധശിക്ഷ നൽകുന്നതിനെതിരെ വാദിക്കുകയും ജസീക്ക ലാൽ കേസിലും ജഗ്ഗി വധക്കേസിലും കോൺഗ്രസ് നേതാക്കളുടെ പുത്രന്മാർക്കുവേണ്ടി പ്രതിഭാഗം വക്കാലത്തെടുക്കുകയും ചെയ്തു. ഇന്ദിര ഗാന്ധി വധക്കേസിലെ ഒരു പ്രതി നിരപരാധിയാണെന്നു തെളിയിച്ചതും രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്കു വേണ്ടി ഹാജരായി അതിലെ പ്രതികൾ രാജ്യത്തിനെതിരെ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു വാദിച്ചതും വൻ വിവാദമായിരുന്നു. സമൂഹം പഠിപ്പിച്ച സുജന മര്യാദകളെക്കാൾ സ്വന്തം ബോധ്യങ്ങൾതന്നെയായിരുന്നു ജത്മലാനിയെ എന്നും നയിച്ചത്. അതുകൊണ്ടുതന്നെയാണ് വാജ്പേയിക്കെതിരെ മത്സരിക്കാനും എൽ.കെ. അദ്വാനിയെ ഹവാല കേസിൽ തുണക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ബി.ജെ.പി രാജ്യസഭാംഗമായിരിക്കെതന്നെ ആം ആദ്മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനു വേണ്ടി മാനനഷ്ടക്കേസിൽ കോടതിയിൽ ഹാജരായി. മുംെബെയുടെ സാമൂഹികരംഗങ്ങളിൽ ഏറെ ചർച്ചയായ നാനാവതി കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ പ്രോസിക്യൂട്ടർ എന്ന നിലയിൽ പ്രയത്നിച്ചു വിജയിക്കുകയും ശിക്ഷാകാലയളവിൽ ഇരയുടെ ബന്ധുവായ മാമി അഹൂജയെ കൊണ്ട് പ്രതിക്ക് മാപ്പ് നൽകിച്ച് ദയാഹരജി അനുവദിപ്പിക്കുകയും ചെയ്തു. അതെ, രാം ജത്മലാനി സമാനതകളില്ലാത്ത നിഗൂഢതതന്നെയാണ്.
എന്നാൽ, രാജ്യം പ്രതിസന്ധി നേരിട്ടപ്പോൾ അധികാരകേന്ദ്രങ്ങളെ ഭയന്ന് വായ മൂടി ഇരുന്നവരിൽ ജത്മലാനിയെ കാണില്ല. അടിയന്തരാവസ്ഥയിൽ ഇന്ദിരക്കെതിരെയും, കിരാതമായ അഭയാർഥിനിയമത്തിൽ മൊറാർജിക്കെതിരെയും, ബോഫോഴ്സ് വിവാദഘട്ടത്തിൽ രാജീവ് ഗാന്ധിക്കെതിരെയും, അഫ്സൽ ഗുരു കേസിൽ ബി.ജെ.പിക്കെതിരെയും അതു കണ്ടു. നാളെ രാം ജത്മലാനിയെ ലോകം ഒാർക്കുന്നുണ്ടെങ്കിൽ അത് അദ്ദേഹം തൊഴിലിൽനിന്നുണ്ടാക്കിയ വമ്പിച്ച സമ്പാദ്യത്തിെൻറ പേരിലോ ജീവിച്ചിരുന്നപ്പോൾ വഹിച്ച കൂറ്റൻ സ്ഥാനമാനങ്ങളുടെ പേരിലോ ആവില്ല, രാജ്യം പ്രതിസന്ധിയിലായപ്പോൾ, നീതിന്യായരംഗം ഉലഞ്ഞുനിന്നപ്പോൾ ഒക്കെ അദ്ദേഹം എടുത്ത നിലപാടുകളുടെ പേരിൽതന്നെയാവും. ജുഡീഷ്യറിയിലെ നിയമനങ്ങൾ പൊതു സംവാദത്തിലൂടെ വേണമെന്നും ജഡ്ജിമാർ തങ്ങളുടെ പ്രഭാവകാലം കഴിഞ്ഞാലും വിധിന്യായങ്ങളാൽ വിലയിരുത്തപ്പെട്ടുകൊണ്ടേയിരിക്കുമെന്നുമുള്ള രാം ജത്മലാനിയുടെ വാക്കുകൾ ജുഡീഷ്യറി ഏറ്റവും വലിയ പ്രതിസന്ധികളെ നേരിടുന്ന വർത്തമാനകാലഘട്ടത്തിൽ ഏറെ പ്രസക്തമാണ്.
(ലേഖിക സുപ്രീംകോടതി അഭിഭാഷകയാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.