ഇന്ത്യൻ ഭരണഘടനയുടെ ശിൽപികൾ തന്നെ ഏകീകൃത സിവിൽ കോഡ് എന്ന ആശയം മുന്നോട്ടുവെച്ചിരുന്നുവെന്നും അത് നടപ്പിൽവരുത്താനാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്നുമുള്ള ന്യായീകരണ വാദങ്ങൾ ഇപ്പോൾ സജീവമാണ്. ഈ ഘട്ടത്തിൽ യൂനിഫോം സിവിൽ കോഡ് ഭരണഘടനയിലെ 44-ാം അനുച്ഛേദത്തിന്റെ ഭാഗമായി ഒരു മാർഗനിർദേശകതത്ത്വമായി എങ്ങനെ നിലവിൽ വന്നുവെന്ന ചർച്ച ഏറെ പ്രാധാന്യമുള്ളതാണ്. 1946-49 കാലയളവിൽ ഭരണഘടന നിർമാണസഭയിൽ നടന്ന ചർച്ചയിലൂടെയാണ് നിർദേശക തത്ത്വങ്ങളുടെ ഭാഗമായി യൂനിഫോം സിവിൽ കോഡ് പ്രതിഷ്ഠിക്കപ്പെടുന്നത്. എന്താണ് യൂനിഫോം സിവിൽ കോഡ് എന്നതിനു ഒരു നിർവചനം നൽകാനോ അതിന്റെ അടിസ്ഥാനങ്ങളെക്കുറിച്ചു പൊതു സമ്മതമുണ്ടാക്കാനോ ഭരണഘടന അസംബ്ലിയിൽ നടന്ന ചർച്ചക്കു സാധിച്ചിരുന്നില്ല.
മതേതരത്വത്തിന്റെയോ സ്ത്രീഅവകാശത്തിന്റെയോ പ്രശ്നമായല്ല മറിച്ച്, മതത്തെയും മതത്തെക്കുറിച്ചുള്ള അറിവിനേയും സംബന്ധിച്ച പുതിയൊരു ദേശീയ- രാഷ്ട്രീയ സങ്കല്പത്തിന്റെ ഭാഗമായാണ് യൂനിഫോം സിവിൽ കോഡുമായി ബന്ധപ്പെട്ട ചർച്ച ഭരണഘടന നിർമാണസഭയിൽ വികസിച്ചത്.
യൂനിഫോം സിവിൽ കോഡിനെ എതിർത്തവർ വിവിധ മത-സാമൂഹിക വിഭാഗങ്ങൾക്കിടയിലുള്ള വ്യത്യാസങ്ങൾ (ഡിഫറൻസസ്) വ്യക്തിനിയമത്തിലൂടെ നിലനിർത്തുക എന്ന അർഥം ഉയർത്തിപ്പിടിച്ചു. അതിനാൽതന്നെ, മതവ്യത്യാസങ്ങളെ നിരാകരിക്കുന്നതിനാൽ തള്ളിക്കളയേണ്ട മതേതര വിരുദ്ധ ആശയമായി യൂനിഫോം സിവിൽ കോഡ് വ്യാഖ്യാനിക്കപ്പെട്ടു.
എന്നാൽ, യൂനിഫോം സിവിൽ കോഡിനെ അനുകൂലിക്കുന്നവരാകട്ടെ മതേതരത്വത്തിനു ‘വ്യത്യാസം’ എന്ന അർഥത്തിനുപകരം തദ്ദേശീയ സംസ്കാരത്തിലൂന്നിയ സാമൂഹിക യോജിപ്പിന്റെ (സോഷ്യൽ സോളിഡാരിറ്റി) അടിസ്ഥാനം എന്ന വ്യാഖ്യാനം നൽകി. ഇതുപ്രകാരം ഹിന്ദൂയിസമെന്നത് കേവല മതമല്ല, രാജ്യത്തിന്റെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട സാംസ്കാരിക പ്രതിഭാസമാണ്. അത് ഉൾക്കൊള്ളുന്നതിലൂടെ കൊളോണിയൽ വിരുദ്ധതയും ദേശീയോദ്ഗ്രഥനവും ശക്തിപ്പെടുമെന്ന വാദവും വികസിച്ചു. ഭരണഘടനാ നിർമാണസമിതിയെക്കുറിച്ച് വിശദ പഠനം നടത്തിയ സൗമ്യ സക്സേനയുടെ (ഡിവോഴ്സ് ആൻഡ് ഡെമോക്രസി: എ ഹിസ്റ്ററി ഓഫ് േപഴ്സനൽ ലോ ഇൻ പോസ്റ്റ്- ഇൻഡിപെൻഡൻഡ് ഇന്ത്യ, 2022, കാംബ്രിജ് യൂനിവേഴ്സിറ്റി പ്രസ്) നിരീക്ഷണ പ്രകാരം ഹിന്ദുമതത്തെ സൂചിപ്പിക്കുമ്പോഴൊക്കെ അത് കൂടുതലും ലിബറലും സെക്കുലറുമാണെന്ന കാഴ്ചപ്പാട് ഭരണഘടനാ നിർമാണസമിതിയിൽ നിരന്തരം ആവർത്തിക്കപ്പെട്ടിരുന്നു.
മാത്രമല്ല, യൂനിഫോം സിവിൽ കോഡ് ഒരു സ്ത്രീയവകാശ രാഷ്ട്രീയ പ്രശ്നമായി ഇന്ത്യൻ ഭരണഘടന നിർമാണസഭയിൽ പ്രത്യക്ഷമായി ഉയർത്തപ്പെട്ടിട്ടില്ല. സ്ത്രീകളെ ഇര എന്നതിനപ്പുറം അവകാശമുള്ള രാഷ്ട്രീയ വിഭാഗമായി കണ്ടു കൊണ്ടുള്ള ചർച്ചകൾ ഭരണഘടന നിർമാണസഭയിൽ നടന്നിട്ടില്ല എന്ന പൊതുപ്രവണതയുടെ ഭാഗമാണിത്. യൂനിഫോം സിവിൽ കോഡല്ല വനിത പ്രതിനിധികൾ ആവശ്യപ്പെട്ടത് വിശിഷ്യ, അമൃത കൗറും ഹൻസ് മേത്തയും. അവർ യൂനിഫോം ഫാമിലി ലോക്കും ഹിന്ദു കോഡ് ബില്ലിനും വേണ്ടി വാദിച്ചു. പക്ഷേ, രണ്ടും ലക്ഷ്യം കണ്ടില്ല.
യൂനിഫോം സിവിൽ കോഡിനെക്കുറിച്ചുള്ള ചർച്ച അതിന്റെ തുടക്ക കാലഘട്ടം മുതൽ തന്നെ മുസ്ലിം ന്യൂനപക്ഷാവകാശങ്ങളുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതെങ്ങനെയാണ്? വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക തരത്തിലുള്ള നിയമങ്ങൾ കൊടുക്കുന്നതിനും ജാതി-വർഗാടിസ്ഥാനത്തിലുള്ള സംവരണാവകാശം നൽകുന്നതിനുമെല്ലാമുള്ള നിയമബഹുസ്വരത ഇന്ത്യൻ ഭരണഘടന നിർമാണസഭ ഒരു പരിധിവരെ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, നിയമബഹുസ്വരത എന്നുള്ളത് പലപ്പോഴും മുസ്ലിം വ്യക്തിനിയമത്തിന്റെ കാര്യത്തിൽ മാത്രമാണ് ഒരു തടസ്സമായി ഇന്ത്യൻ ഭരണഘടന നിർമാണസഭയിൽ നിലനിന്നിരുന്നതെന്ന് സൗമ്യ സക്സേന സൂചിപ്പിക്കുന്നു.
കൊളോണിയൽ കാലത്ത് ന്യൂനപക്ഷാവകാശങ്ങളുടെ ഭാഗമായി നിലവിലുണ്ടായിരുന്ന പ്രത്യേക ഇലക്ട്രേറ്റ്, ന്യൂനപക്ഷാടിസ്ഥാനത്തിലുള്ള സംവരണം എന്നിവ നിഷേധിച്ച ഭരണഘടനാ നിർമാണസഭ വ്യക്തി - കുടുംബനിയമത്തിൽ മാത്രമാണ് മുസ്ലിംകൾക്ക് പ്രത്യേക നിയമം അനുവദിച്ചത്. ഭരണഘടനാ നിർമാണസഭയിലെ ബഹുഭൂരിപക്ഷം മുസ്ലിം അംഗങ്ങളും വ്യക്തിനിയമത്തിന്റെ പ്രത്യേകതയെ ഉയർത്തിപ്പിടിക്കാനാണ് കൂടുതൽ ശ്രദ്ധിച്ചത്. ഇസ്ലാമിക ശരീഅത്ത് പ്രകാരമുള്ള സ്വത്തുനിയമങ്ങൾ നിരാകരിച്ചപ്പോഴോ, ബാങ്കിങ്, ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ശരീഅത്ത് വിലക്കുന്ന പലിശയിലധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥയിലേക്ക് മാറ്റിമറിച്ചപ്പോഴോ വലിയ പ്രതിഷേധങ്ങളുണ്ടായില്ല എന്നുള്ളതും ശ്രദ്ധേയമാണ്. യഥാർഥത്തിൽ ഭരണഘടനാ നിർമാണ സഭയിലെ ഭൂരിഭാഗം ചർച്ചകളും കേന്ദ്രീകരിച്ചത് മുസ്ലിം വ്യക്തി-കുടുംബ നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലാണ്. യൂനിഫോം സിവിൽ കോഡ് നടപ്പാകുന്നതോടെ, ഭരണഘടനാപരമായി അവശേഷിക്കുന്ന ഈ വ്യക്തി-കുടുംബ നിയമങ്ങളിലുള്ള മുസ്ലിംകളുടെ അവകാശം റദ്ദുചെയ്യുമെന്നുള്ള ആകാംക്ഷ ചരിത്രപരമായി അങ്ങനെ സ്ഥാപിതമായി.
ഭൂരിപക്ഷം മുസ്ലിം ന്യൂനപക്ഷ പ്രതിനിധികളും യൂനിഫോം സിവിൽ കോഡിനെതിരായിരുന്നു എന്ന ധാരണയും സങ്കീർണമാണ്.
മുസ്ലിം ലീഗ് നേതാവായിരുന്ന മുഹമ്മദ് ഇസ്മാഈൽ സാഹിബ്, യൂനിഫോം സിവിൽ കോഡ് നടപ്പാക്കുകയാണെങ്കിൽ അത് ഒരു ഓപ്ഷനൽ കോഡായി വേണമെന്ന പക്ഷക്കാരനായിരുന്നു. ഇന്ത്യക്ക് പൊതുവായൊരു യൂനിഫോം സിവിൽ കോഡ് ഉണ്ടാവുകയും അതേസമയം, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾക്കും സമുദായങ്ങൾക്കും അവരുടെ വ്യക്തിനിയമങ്ങൾ ഇച്ഛാനുസരണം സ്വീകരിക്കാനുള്ള ഇടമുണ്ടാവുകയും വേണമെന്ന് അദ്ദേഹം വാദിച്ചു.
മുസ്ലിം വ്യക്തി നിയമത്തെ മാത്രം ബാധിക്കുന്ന ഒന്നായല്ല ബി.പോക്കർ സാഹിബ് ഇതിനെ കണ്ടത്. വിവിധ സാമൂഹിക വിഭാഗങ്ങളുടെ വ്യക്തിനിയമങ്ങളെ ബാധിക്കുന്ന കോഡ് ഒരു സ്വേച്ഛാധിപത്യ ഭരണകൂട നയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളായിരുന്ന ഹസ്രത് മൊഹാനി മുസ്ലിംകളുടെ വ്യക്തിനിയമം ഇല്ലാതാക്കുന്നത് അടിസ്ഥാനപരമായി ദോഷംചെയ്യുമെന്നും വലിയ പ്രതിഷേധവും പ്രക്ഷോഭവും ക്ഷണിച്ചു വരുത്തുമെന്നും പറയുകയുണ്ടായി.
ഫ്രഞ്ച് സെക്കുലർ മാതൃകയിലുള്ള യൂനിഫോം സിവിൽ കോഡാണ് ഇന്ത്യയിൽ നടപ്പാകേണ്ടത് എന്നായിരുന്നു തജമ്മുൽ ഹുസൈന്റെ കാഴ്ചപ്പാട്. ആർട്ടിക്ക്ൾ 19 പ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഒരു തരത്തിലുള്ള മതചിഹ്നങ്ങളോ പേരോ വസ്ത്രമോ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ പരിഗണിക്കാവതല്ല. നൂറൂ വർഷം മുന്നോട്ടാണ് താൻ ചിന്തിക്കുന്നതെന്നും ഒരുതരം മത അടയാളങ്ങളെയും ചിഹ്നങ്ങളെയും പിന്തുണക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ന്യൂനപക്ഷമെന്ന ആശയം ബ്രിട്ടീഷുകാർ നിർമിച്ചതാണെന്നും ആ വാക്ക് തന്നെ എടുത്തുകളയണമെന്നും തജമ്മുൽ ഹുസൈൻ നിർദേശിച്ചു.
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് മേലുള്ള ഭൂരിപക്ഷത്തിന്റെ ആധിപത്യമല്ല യൂനിഫോം സിവിൽ കോഡ് എന്ന വാദം അതിശക്തമായി ഉന്നയിച്ചത് കെ. എം മുൻഷിയാണ്. സോമനാഥ് ക്ഷേത്ര പുനർ നിർമാണത്തെ രാഷ്ട്രീയ പ്രക്ഷോഭമായി ഉയർത്തിക്കൊണ്ടുവന്നതിലൂടെ ഹിന്ദു പാരമ്പര്യാവകാശങ്ങളുടെ സംരക്ഷകൻ എന്ന മുഖം നേടിയ, കോൺഗ്രസിനകത്തും പിന്നീടു പുറത്തും പ്രവർത്തിച്ചിട്ടുള്ള കെ.എം. മുൻഷിയുടെ യുക്തി ഏറെ ശ്രദ്ധേയമാണ്.
മുസ്ലിംകൾക്കിടയിൽ തന്നെയുള്ള വ്യക്തിനിയമത്തിലെ ചില അവ്യക്തതകൾ ചൂണ്ടിക്കാണിച്ചാണ് കെ.എം. മുൻഷി സ്വന്തം വാദങ്ങൾ അവതരിപ്പിച്ചത്. ഖോജ, കച്ച്മേമൻ വിഭാഗങ്ങൾ ഹിന്ദു ആചാരപ്രകാരമുള്ള അനന്തരാവകാശ നിയമങ്ങൾ പിന്തുടരുകയും മറ്റു കാര്യങ്ങളിൽ മുസ്ലിം വ്യക്തിനിയമം പിന്തുടരുന്നവരുമാണ്. അത്തരത്തിലൊരു വിഭാഗത്തിന് യഥാർഥത്തിൽ വേണ്ടത് മുസ്ലിം വ്യക്തിനിയമമോ ഹിന്ദു വ്യക്തിനിയമമോ അല്ല, മറിച്ച് യൂനിഫോം സിവിൽ കോഡാണ് എന്ന ഒരു വാദമാണ് കെ.എം. മുൻഷി മുന്നോട്ടുവെച്ചത്. അതിനൊപ്പംതന്നെ, ഇന്ത്യ ഒരു മതേതര രാഷ്ട്രമായതിനാൽ മതാടിസ്ഥാനത്തിലുള്ള നിയമങ്ങൾ പാടില്ലെന്നും അദ്ദേഹത്തിന് വാദമുണ്ടായിരുന്നു. യഥാർഥത്തിൽ മുൻഷിയെപ്പോലുള്ളവരുടെ യുക്തി പ്രകാരം യൂനിഫോം സിവിൽ കോഡ് എന്നുള്ളത് ഹിന്ദൂയിസത്തിന്റെ സാംസ്കാരിക സാർവലൗകികതയുടെയും നിരപേക്ഷ സ്വഭാവത്തിന്റെയും പ്രകാശനമായിരുന്നു.
ഏക സിവിൽ കോഡിനുവേണ്ടി ഭരണഘടനാ നിർമാണസഭയിൽ വാദിച്ച പ്രധാനപ്പെട്ട മറ്റൊരു സ്വരമാണ് അല്ലാടി കൃഷ്ണ സ്വാമി അയ്യങ്കാരുടേത്. ജർമൻ, ഫ്രഞ്ച് ഭരണഘടനകൾ ഉപയോഗിച്ചുകൊണ്ടായിരുന്നു ആ വാദങ്ങൾ. ആധുനികതയിലേക്കുള്ള കുതിപ്പിന്റെ തുടക്കമാണ് യൂനിഫോമിറ്റി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഡോ. ബി.ആർ. അംബേദ്കറായിരുന്നു ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിരുന്നത്. ഭാവിയിൽ ചിലപ്പോൾ ഒരു യൂനിഫോം സിവിൽ കോഡ് നിർമിച്ചാൽപോലും അതൊരു സ്വേച്ഛാനുസരണമുള്ള തെരഞ്ഞെടുപ്പ് (വളന്റിയറി ചോയിസ്) ആയാണ് നിലനിൽക്കേണ്ടത് എന്ന സമീപനമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്.
മൂന്ന് അടിസ്ഥാനങ്ങൾ ഈ നിലപാടിന്റെ യുക്തി നിർണയിച്ചു. ഒന്ന് ) യൂനിഫോം സിവിൽ കോഡുമായി ബന്ധപ്പെട്ട അംബേദ്കറുടെ നിലപാട് ദലിത് രാഷ്ട്രീയ സ്വത്വത്തെ ഹരിജനം എന്നുള്ള വർഗീകരണത്തിലൂടെ ഹിന്ദൂയിസത്തിന്റെ ഭാഗമാക്കിത്തീർക്കുന്ന കോൺഗ്രസിന്റെയും ഗാന്ധിയുടെയും നിലപാടിനെക്കൂടി കണ്ടിട്ടുള്ളതായിരുന്നു. ഹിന്ദൂയിസത്തിൽനിന്നുള്ള വ്യത്യസ്തതക്ക് അംബേദ്കർ വളരെയധികം പ്രാധാന്യം കൽപിച്ചു. രണ്ട് ) യൂനിഫോമിറ്റിക്ക് അംബേദ്കർ നൽകുന്ന അർഥം വികേന്ദ്രീകരണം എന്നതാണ്, അഥവാ മേൽജാതി ഹിന്ദുക്കളുടെ ആധിപത്യത്തിൽനിന്ന് ഭരണഘടനയെ മോചിപ്പിക്കുക എന്നുള്ള ഒരു രീതിയിലാണ് അദ്ദേഹം യൂനിഫോമിറ്റിയെ സമീപിക്കുന്നത്. മൂന്ന്) അക്കാലഘട്ടത്തിൽ ഭൂരിപക്ഷാധിപത്യത്തിന്റെ പ്രശ്നങ്ങളെ അംബേദ്കർ ഉൾക്കൊണ്ടിരുന്നു.
അത്തരമൊരു നിലപാടിന്റെ ഭാഗമായി ഏകസിവിൽ കോഡ് ഭാവിയിൽ നടപ്പിലാക്കുകയാണെങ്കിൽപോലും അതൊരു സ്വേച്ഛാനുസരണമുള്ള തെരഞ്ഞെടുപ്പ് മാത്രമാണെന്നും ന്യൂനപക്ഷാവകാശത്തെ ഹനിക്കില്ലെന്നും അംബേദ്കർ കരുതി. ഭരണഘടനയുടെ അന്തഃസത്തയുടെ ഭാഗമായി അംബേദ്കർ മനസ്സിലാക്കുന്ന രണ്ടു തത്ത്വങ്ങളാണ് നീതിയും തുല്യതയും. അവയെ മതേതരത്വം, സാമൂഹിക ഐക്യം തുടങ്ങിയവയേക്കാൾ പ്രാധാന്യപൂർവം അദ്ദേഹം ഉൾക്കൊണ്ടു. മാത്രമല്ല, ആർട്ടിക്കിൾ 44 ന്റെ ഭാഗമായ നിർദേശക തത്ത്വത്തെ മതവും രാഷ്ട്രവും തമ്മിലെ ബന്ധത്തെക്കുറിച്ചുള്ള ഒരു പ്രസ്താവനയായോ വ്യക്തിനിയമങ്ങൾക്ക് മാത്രം ബാധകമായ ഒരു പ്രശ്നമായോ അല്ല അദ്ദേഹം കാണുന്നത്. അംബേദ്കറെ സംബന്ധിച്ചിടത്തോളം ഭരണഘടനയുടെ അന്തഃസത്തയായ നീതിയെയും തുല്യതയെയും ഉൾക്കൊള്ളുന്ന ഒരു തത്ത്വമായിരുന്നു അത്. അഥവാ, ഒരു പ്രയോഗമെന്നതിനേക്കാൾ ഒരു തത്ത്വമെന്ന നിലക്കാണ് അംബേദ്കർ ഇതിനെ നിർദേശകതത്ത്വങ്ങളുടെ ഭാഗമായി ഉയർത്തിപ്പിടിക്കുന്നത്.
ഭരണഘടനയെ നിലക്കാത്ത സംവാദങ്ങളുടെ വേദിയാക്കാനാണ് ഈ നിർദേശക തത്ത്വം എന്ന സമീപനം ശ്രമിക്കുന്നത്. ഇത്തരമൊരു ഭരണഘടനാ സമീപനത്തിന്റെ ലംഘനമാണ് ഭൂരിപക്ഷ സ്വേച്ഛാധിപത്യത്തിലൂടെ നടപ്പാക്കുന്ന യൂനിഫോം സിവിൽ കോഡ്.
(ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ് ബർഗ് സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ച് ഫെലൊയും യു.കെയിലെ വാർവിക് സർവകലാശാലയിൽ അധ്യാപകനുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.