വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധത കൊണ്ടും അടങ്ങാത്ത പുസ്തകാസക്തിയാലും സമകാലിക കേരളരാഷ്ട്രീയത്തിൽ നിസ്തുലനായിരുന്നു കഴിഞ്ഞ ദിവസം വിടപറഞ്ഞ മുൻമന്ത്രി കുട്ടി അഹമ്മദ്കുട്ടി. പല രാഷ്ട്രീയ നേതാക്കളുടെയും വായനയും ബൗദ്ധിക ഇടപെടലുകളും ഉപരിപ്ലവമായൊതുങ്ങിയപ്പോൾ, കുട്ടി അഹമ്മദ്കുട്ടിയുടെ വായനലോകവും പഠനതാൽപര്യങ്ങളും അതിരുകളില്ലാത്തതും അഗാധവുമായിരുന്നു. അതാവട്ടെ, മൈതാന-നിയമസഭാ പ്രസംഗങ്ങൾക്ക് വേണ്ടിയായിരുന്നില്ല താനും. നേരിട്ടുകാണുമ്പോഴും ഫോൺ സംഭാഷണങ്ങളിലും അദ്ദേഹം അന്വേഷിക്കുന്നത് പുതിയ പുസ്തകങ്ങളെക്കുറിച്ചാണ്.
വിദ്യാർഥികാലത്ത് അദ്ദേഹം സാർത്ര്, കമ്യൂ, കാഫ്ക തുടങ്ങിയവരുടെ കടുത്ത ആരാധകനായിരുന്നു. സാഹിത്യവും കലയും തൊട്ട് ചരിത്രം, നരവംശ ശാസ്ത്രം, പുരാവസ്തുശാസ്ത്രം, ധനതത്ത്വശാസ്ത്രം, രാഷ്ട്രീയ ചിന്ത, തുടങ്ങിയ മാനവിക വിജ്ഞാന മേഖലകളിൽ ആഴത്തിൽ പഠിക്കാനും ശ്രമിച്ചിരുന്നു. കൊഗ്നിറ്റീവ് ന്യൂറോസയൻസ് പോലുള്ള സമീപകാല ശാഖകളിലെ നൂതന രചനകളും അദ്ദേഹം തേടിപ്പിടിച്ചിരുന്നു. ലോകപ്രശസ്ത ന്യൂറോസയന്റിസ്റ്റായ വിളയന്നൂർ എസ്. രാമചന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകവും അദ്ദേഹത്തിന് മനപ്പാഠമായിരുന്നു. ‘മിഥ്യാവയ’ത്തെക്കുറിച്ച് രാമചന്ദ്രൻ നടത്തിയ കണ്ടെത്തലുകൾ, സൗഹൃദസംഭാഷണങ്ങളിൽ കുട്ടി അഹമ്മദ്കുട്ടിയെ വാചാലനാക്കിയിരുന്നു.
കുട്ടി അഹമ്മദ്കുട്ടിയുടെ പ്രവർത്തനം പരമ്പരാഗത രാഷ്ട്രീയക്കാരിൽനിന്ന് ഭിന്നമായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലും ജയിക്കാൻ കഴിയുന്ന ജനസമ്മതി നിലനിർത്തുന്നതിൽ ഒതുങ്ങുന്നതായിരുന്നില്ല അത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള മുഖ്യധാരാ പാർട്ടികൾ അവഗണിച്ച ജാതിപ്രശ്നത്തെ അതീവഗൗരവമായി എടുത്തു എന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ സവിശേഷമാക്കിയത്. ജാതിയും ജാതീയമായ വിവേചനങ്ങളും സംവരണ അട്ടിമറികളുമൊന്നും കേരളത്തിൽ നിലനിൽക്കുന്നില്ല എന്ന മട്ടിലാണല്ലോ ഇവിടത്തെ മുന്നണികളുടെ സമീപനം.
ജാതിയെന്ന അടിസ്ഥാന പ്രശ്നത്തോട് രാഷ്ട്രീയപാർട്ടികൾ കാണിക്കുന്ന മനപ്പൂർവമായ ഉദാസീനത അദ്ദേഹത്തെ ഏറെ ആശങ്കപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിൽ അദ്ദേഹം ഏറ്റവുമധികം സമയവും ഊർജവും ചെലവഴിച്ചത് ദലിത്-പിന്നാക്ക- ന്യൂനപക്ഷ ഐക്യം സൃഷ്ടിക്കുന്നതിനായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദലിത് - പിന്നാക്ക - ന്യൂനപക്ഷ മുന്നണിയെന്ന സംഘടന രൂപവത്കരിക്കുകയും അനവധി സമ്മേളനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ ദലിത്-ബഹുജൻ രാഷ്ട്രീയത്തിന്റെ സ്ഥാനം രാഷ്ട്രീയ പുറംപോക്കിലാണ്. മുഖ്യധാരാ പാർട്ടികളോ നേതാക്കളോ ദലിത് - ബഹുജൻ രാഷ്ട്രീയത്തോട് കാര്യമായ അടുപ്പം കാണിക്കാറില്ല. എന്നാൽ, കുട്ടി അഹമ്മദ്കുട്ടി അതിനൊരപവാദമായിരുന്നു. അതിനാൽ, അദ്ദേഹത്തിന്റെ അകാലനിര്യാണം കേരളത്തിലെ ദലിത് - ബഹുജൻ രാഷ്ട്രീയത്തിനാണ് വലിയ നഷ്ടം വരുത്തുന്നത്.
2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നപ്പോഴുള്ള ഒരു സംഭവം അദ്ദേഹം പങ്കുവെച്ചത് ഇപ്പോൾ ഓർക്കുകയാണ്. കെട്ടിടനിർമാണ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് പൊതുനിരത്തുകളിൽ ബഹുനില മന്ദിരങ്ങൾ നിർമിക്കുന്നത്. ഇക്കാര്യത്തിലെ അപ്പീലധികാരി മന്ത്രിയാണ്. രാഷ്ട്രീയ പാർട്ടികളും മന്ത്രിമാരും ഈ അധികാരത്തെ ഒരു കറവപ്പശുവായിട്ടാണ് കണ്ടിരുന്നത്.
ചെറിയപിഴ ഈടാക്കിക്കൊണ്ട് നിയമലംഘനത്തിന് ഇളവ് നൽകാനും ക്രമപ്പെടുത്താനുമുള്ള അധികാരം തദ്ദേശസ്വയംഭരണ മന്ത്രിക്കുണ്ട്. അവിടെ നടക്കുന്നത് വലിയ അഴിമതിയാണെന്ന് പറയേണ്ടതില്ലല്ലോ. മന്ത്രിയുടെ ഈ അധികാരം നിലനിൽക്കുന്നിടത്തോളം പലയിടങ്ങളിൽനിന്നും വലിയ സമ്മർദമുണ്ടാകുമെന്ന് കുട്ടി അഹമ്മദ്കുട്ടി തിരിച്ചറിഞ്ഞു. മന്ത്രിയിൽ നിക്ഷിപ്തമായ ഈ അപ്പീലധികാരം ഒരു ജുഡീഷ്യൽ കമീഷനിലേക്കു കൈമാറിയാണ് അദ്ദേഹം ഈ പ്രതിസന്ധിയെ മറികടന്നത്. ഒരു ഹൈകോടതി ജഡ്ജിയുടെ സേവനം വിട്ടുകിട്ടുന്നതിനുവേണ്ടി, അന്നത്തെ ചീഫ് ജസ്റ്റിസിനെ നേരിൽ പോയി കാണുകയും ചെയ്തു.
2014ൽ ഞങ്ങൾ കുറെപ്പേർ ചേർന്ന് ‘‘കേരള കൗൺസിൽ ഫോർ അഡ്വാൻസ്ഡ് സോഷ്യൽ സയൻസ് റിസർച്’ (KCASSR ) എന്നൊരു സ്ഥാപനം സർക്കാറിനുകീഴിൽ രൂപവത്കരിക്കുന്നതിനാവശ്യമായ സമീപനരേഖ കുട്ടി അഹമ്മദ്കുട്ടിയെ കാണിച്ചു. മാനവികവും സായൻസികവും നൈതികവുമായ ഭാവികേരളത്തെ സൃഷ്ടിക്കുന്നതിനുള്ള ഒരു സാമൂഹിക സയൻസ് ഗവേഷണ കേന്ദ്രമായിരുന്നു ലക്ഷ്യം.
പരമ്പരാഗത സാമൂഹിക സയൻസിൽ നിന്നു ഭിന്നമായി, സയന്റിഫിക് ടെക്നോളജിക്കൽ വിജ്ഞാനത്തിലധിഷ്ഠിതമായ ഒരു സോഷ്യൽ സയൻസിനെയാണ് സമീപനരേഖ മുന്നോട്ടുവെച്ചത്. രേഖയുടെ പ്രാധാന്യം മനസ്സിലാക്കിയ കുട്ടി അഹമ്മദ്കുട്ടി ഞങ്ങളെ മന്ത്രിയായിരുന്ന ഡോ. എം.കെ. മുനീറിനടുത്ത് കൂട്ടിക്കൊണ്ടുപോയി. പല ചർച്ചകൾക്കൊടുവിൽ, സാമൂഹികക്ഷേമ വകുപ്പിനുകീഴിൽ കെ.സി.എ.എസ്.എസ്.ആർ ഔദ്യോഗികമായി രൂപവത്കരിച്ച് ഗവൺമെന്റ് ഉത്തരവിറക്കി. അപ്പോഴേക്ക് ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലാവധി കഴിഞ്ഞിരുന്നു.
2016ൽ അധികാരത്തിൽവന്ന ഇടതുമുന്നണി സർക്കാറിൽ, കെ.കെ. ശൈലജക്കായിരുന്നു സാമൂഹികക്ഷേമ വകുപ്പിന്റെ ചുമതല. ഒരു മതേതര അക്കാദമിക സംരംഭമെന്ന നിലക്കും ഇടതുസർക്കാറിനും മന്ത്രിക്കും അനുകൂല നിലപാടായിരിക്കുമെന്നാണ് ഞങ്ങൾ കരുതിയത്. മാത്രമല്ല, സർക്കാർ ഉത്തരവുമുണ്ട്. പാർട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും പലതവണകണ്ടു. പാർട്ടി സെക്രട്ടറി വളരെ നല്ല സമീപനമാണ് സ്വീകരിച്ചത്. എന്നാൽ, പ്രത്യക്ഷത്തിൽ എതിർപ്പൊന്നും കാണിക്കാതെതന്നെ, വകുപ്പ് മന്ത്രി ഈ സ്ഥാപനത്തെ ചാപിള്ളയാക്കി. അറിവിനെയും അറിവ് സൃഷ്ടിക്കുന്ന കേന്ദ്രങ്ങളെയും പ്രോത്സാഹിപ്പിച്ച കുട്ടി അഹമ്മദ്കുട്ടിയെപ്പോലൊരു നേതാവിന്റെ വേർപാട് എത്രമാത്രം നഷ്ടമാണ് സൃഷ്ടിക്കുന്നതെന്ന് കൂടുതൽ വിശദീകരിക്കേണ്ടതില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.