‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു, ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കുന്നതുപോലെ യുഗങ്ങളൊന്നും വേണ്ടാ. നാലോ അഞ്ചോ വർഷം മതി’-പ്രഫ. മാധവ് ഗാഡ്ഗിൽ ഈ പ്രവചനം നടത്തിയിട്ട് അധികകാലമായിട്ടില്ല, പക്ഷേ, അത് പുലർന്നിരിക്കുന്നു. അതീവ ദുർബലമാണ് കേരളമെന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രകൃതി നമുക്ക് കാണിച്ചുതന്നുകൊണ്ടിരിക്കയാണ്. ചൂരൽമലയിലും മുണ്ടകൈയിലുമുണ്ടായ...
‘പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു, ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കുന്നതുപോലെ യുഗങ്ങളൊന്നും വേണ്ടാ. നാലോ അഞ്ചോ വർഷം മതി’-പ്രഫ. മാധവ് ഗാഡ്ഗിൽ ഈ പ്രവചനം നടത്തിയിട്ട് അധികകാലമായിട്ടില്ല, പക്ഷേ, അത് പുലർന്നിരിക്കുന്നു.
അതീവ ദുർബലമാണ് കേരളമെന്ന് കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രകൃതി നമുക്ക് കാണിച്ചുതന്നുകൊണ്ടിരിക്കയാണ്. ചൂരൽമലയിലും മുണ്ടകൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് കരുതുന്നത്. 2018ലെ പ്രളയത്തെതുടർന്ന് യു.എൻ.ഡി.പി അടക്കമുള്ളവരുടെ പഠനവും നിർദേശങ്ങളും നിലനിൽക്കുമ്പോൾ തന്നെയാണ് കേവലം 3-4 വർഷത്തിനകം അതിദുരന്ത പ്രകൃതിക്ഷോഭം വയനാട്ടിലെ പശ്ചിമഘട്ട മലനിരകളെ ബാധിച്ചത്. ദുരന്തങ്ങളിൽനിന്ന് ഒരു പാഠവും പഠിക്കാത്ത വിദ്യാസമ്പന്നരുടെ നാടായി മാറിയിരിക്കുകയാണ് കേരളം. നമ്മുടെ ചർച്ചകളിൽ വികസനം മാത്രമേയുള്ളൂ.
പരിസ്ഥിതിയെന്ന് മിണ്ടിപ്പോകരുതെന്നാണ് കുറച്ചു വർഷങ്ങളായി കേരളത്തിലെ വികസനവക്താക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനായി ഉണ്ടാക്കിയ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പറയരുത്, അതിൽ വെള്ളം ചേർത്ത കസ്തൂരിരംഗൻ കമ്മിറ്റിയെക്കുറിച്ച് പറയരുത്, അതും നേർപ്പിച്ച ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പോലും ചർച്ച ചെയ്യരുത്. വികസനമാണ് പ്രധാനം. അതിന് യാതൊരു തടസ്സവും പാടില്ല. അതിനാൽ റോഡ് നിർമാണത്തിനും മറ്റു മഹാനിർമാണങ്ങൾക്കും വേണ്ടി പശ്ചിമഘട്ടം തുരക്കുമ്പോൾ അതിന്മേൽ യാതൊരു നിയന്ത്രണവും പാടില്ല. ദേശീയപാത നിർമാണത്തിന് കൊണ്ടുപോകുന്ന പ്രകൃതി സമ്പത്തിന്മേൽ യാതൊരു പരിശോധനയും പാടില്ലത്രെ.
അതീവ ദുർബലമായ കേരളത്തെ സിംഗപ്പൂരും അമേരിക്കയുമൊക്കെ ആക്കിമാറ്റാനുള്ള തീവ്രശ്രമത്തിലാണ് കേരള വികസന വക്താക്കൾ. കെ-റെയിൽ, തീരദേശപാത, വിഴിഞ്ഞം എന്നിത്യാദി വമ്പൻ പദ്ധതികളുടെയൊന്നും പാരിസ്ഥിതികവശം നമ്മൾ ചോദ്യം ചെയ്യരുത്. പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (E.I.A) എന്ന് മിണ്ടിപ്പോകരുത്. പകരം, ദുരന്തങ്ങൾ വരുമ്പോൾ ഒന്നിച്ചിരുന്ന് കണ്ണീർ പൊഴിക്കാം, മാധ്യമങ്ങളിൽ ആഘോഷമാക്കാം, ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടതാര് എന്ന കാര്യത്തിൽ തർക്കിക്കാം. അത് കഴിഞ്ഞ് വീണ്ടും സമ്പത്തുൽപാദന കേന്ദ്രീകൃതമായ വികസനത്തെക്കുറിച്ച് മാത്രം ചിന്തിക്കാം. എല്ലാ നിയമങ്ങളും കാറ്റിൽപറത്തി മൂലധനശക്തികളെ സ്വീകരിക്കാം.
ഗുജറാത്ത് മുതൽ തമിഴ്നാട് വരെ 1600 കിലോമീറ്റർ നീണ്ടുകിടക്കുന്ന പശ്ചിമഘട്ട മലനിരകളിൽ 450 കിലോമീറ്റർ കേരളത്തിലാണ്. 28008 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിൽ പരന്ന് കിടക്കുന്ന കേരളത്തിലെ പശ്ചിമഘട്ട വനപ്രദേശങ്ങളുടെ ജൈവസമ്പത്തിനെ ഒരു വികസനംകൊണ്ടും താരതമ്യം ചെയ്യാൻ കഴിയില്ല. ഇപ്പോഴുള്ളതും വരാൻ പോകുന്നതുമായ തലമുറകളുടെ പൈതൃകസ്വത്താണത്. നമ്മുടെ ജൈവജീവിതം യാഥാർഥത്തിൽ പശ്ചിമഘട്ടത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
ഇതുമായി ബന്ധപ്പെട്ടാണ് കാലാവസ്ഥയും പുഴയുടെ ഒഴുക്കും കൃഷിയുമൊക്കെ നിലനിൽക്കുന്നത്. പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കാതെയാണ് പലരും കൊച്ചിപോലെ ഞങ്ങൾക്കും വികസിക്കേണ്ടേയെന്ന് ഇടുക്കിയിലെയും വയനാട്ടിലെയും അതീവദുർബല പ്രദേശങ്ങളിലിരുന്ന് ചോദിക്കുന്നത്. സമ്പത്തുൽപാദന കേന്ദ്രീകൃതമായ വികസനം മുതലാളിത്തരീതിയാണ്. വാക്കിൽ പരിസ്ഥിതി സ്നേഹം പരത്തുകയും പ്രവൃത്തിയിൽ അതിന് പ്രാധാന്യം നൽകാതിരിക്കുകയും ചെയ്യുന്നത് ഭാവിതലമുറയോട് ചെയ്യുന്ന ക്രൂരതയായിരിക്കും. കേരളത്തിന്റെ ഭൂപരിസ്ഥിതിക്ക് അനുയോജ്യമായ വികസന കാഴ്ചപ്പാട് രൂപപ്പെടുത്തുകയും അതാണ് വേണ്ടതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നിടത്താണ് ഭരണകൂടം വിജയിക്കേണ്ടത്. രാഷ്ട്രീയപാർട്ടികളുടെ പ്രവർത്തനം ഇത്തരം ബോധ്യത്തിൽനിന്ന് ഉള്ളതാകണം.
25 ശതമാനത്തിൽ കൂടുതൽ ചെരിവുള്ള പശ്ചിമഘട്ടത്തിലെ ഭൂപ്രദേശങ്ങളിൽ നടത്തുന്ന നിർമാണപ്രവർത്തനങ്ങളും വിഭവചൂഷണവും ഏറെ ശ്രദ്ധയോടെ വേണമെന്ന ബോധ്യം നമുക്ക് നഷ്ടമായിക്കൂടാ. തീരദേശമായാലും പശ്ചിമഘട്ടമായാലും ഇടനാടായാലും ഇതിന്റെ സംരക്ഷണം കേരളത്തിന്റെ നിലനിൽപിന്റെകൂടി വിഷയമാണ്. തീരദേശ നിയന്ത്രണമേഖല (C.R.Z)കളിലും നെൽവയൽ തണ്ണീർതട നിയമത്തിലും പശ്ചിമഘട്ട സംരക്ഷണനിയമങ്ങളിലും വെള്ളം ചേർക്കാനും നടപ്പിലാക്കാതിരിക്കാനുമുള്ള നമ്മുടെയൊക്കെ അതീവ താൽപര്യങ്ങൾക്ക് കൊടുക്കേണ്ടിവന്ന വിലയുടെ പേരാണ് ‘മുണ്ടകൈ’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.