കുട്ടികൾ ഉന്നതപഠനത്തിനായി കൂട്ടത്തോടെ നാടുവിടുന്നതും, മൂന്നു വർഷത്തിനു പകരം നാലു വർഷ ബിരുദവും അടക്കം വിദ്യാഭ്യാസരംഗത്ത് വൻ മാറ്റങ്ങൾ സംഭവിക്കുന്ന കേരളത്തിൽ ‘മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസം’ എന്ന പേരിൽ ഖാദർ കമ്മിറ്റി സമർപ്പിച്ച രണ്ടു റിപ്പോർട്ടുകളുടെ പ്രധാന നിർദേശങ്ങളും അവ സൃഷ്ടിക്കാവുന്ന മാറ്റങ്ങളും വിശകലനം ചെയ്യുന്നു.
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും രണ്ടുതരം പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. മികവുറ്റ ‘കേരള മോഡൽ’ എന്ന് എണ്ണിപ്പറഞ്ഞിരുന്ന സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെടുകയാണിന്ന്. ഉന്നത വിദ്യാഭ്യാസ മേഖല ഏറക്കുറെ മത്സരപരീക്ഷാധിഷ്ഠിതമായി മാറിയ കാലത്ത് കേരള സിലബസിൽ പഠിച്ചവർ പിന്തള്ളപ്പെടുന്നതിന്റെ കണക്കുകളും പുറത്തുവരുന്നു. പഠന, ബോധന രീതികളിൽ കേരളം പിന്തുടരുന്ന രീതികൾ മത്സരപ്പരീക്ഷകൾ നേരിടാൻ അനുഗുണമല്ലെന്ന് വിമർശനമുയരുകയാണ്.
ഇത്തരം ചോദ്യങ്ങളും കണക്കുകളും വന്നുകൊണ്ടിരിക്കുന്നതിനിടയിലാണ്, എട്ടാം ക്ലാസ് മുതൽ പരീക്ഷകളിൽ പാസാകാൻ വിഷയ മിനിമം തിരികെ കൊണ്ടുവരാനുള്ള പ്രധാന ചുവടുമാറ്റത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടന്നത്. കുട്ടികൾ കൂട്ടത്തോടെ ഉന്നത വിദ്യാഭ്യാസവും അതുവഴിയുള്ള തൊഴിൽസാധ്യതയും തേടി വിദേശത്തേക്ക് പറക്കുന്ന കണക്കുകൾ പുറത്തുവരുന്നു.
കേരള മൈഗ്രേഷൻ സർവേയിലൂടെ പുറത്തുവന്ന കണക്കുകൾക്ക് പിന്നാലെയാണ് വിദ്യാർഥികളെ പിടിച്ചുനിർത്താനും പുറമെ നിന്നുള്ളവരെ ആകർഷിക്കാനും ലക്ഷ്യമിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്റ്റഡി ഇൻ കേരള പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ഇതിന് പുറമെ മൂന്ന് വർഷ ബിരുദ കോഴ്സിന് പകരം നാല് വർഷ കോഴ്സ് ഉൾപ്പെടെയുള്ള മാറ്റങ്ങളും നടപ്പാക്കിക്കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങളുടെയും വൻ പൊളിച്ചെഴുത്തുകളുടെയും കാലത്താണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സജീവ ചർച്ചയാകുന്നത്. സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഉയർന്നുവന്ന പ്രതിസന്ധികൾ മറികടക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ പര്യാപ്തമാണോ എന്ന സംശയം തന്നെയാണ് അപ്പോഴും ഉയരുന്നത്.
ഒന്നാം ഭാഗം റിപ്പോർട്ട് സമർപ്പിക്കുന്നതും അതിലുള്ള തുടർനടപടികൾ ആരംഭിക്കുന്നതും ഒന്നാം പിണറായി സർക്കാർ കാലത്ത് സി. രവീന്ദ്രനാഥ് പൊതുവിദ്യാഭ്യാസ മന്ത്രിയായിരിക്കുേമ്പാഴാണ്. രണ്ടാം റിപ്പോർട്ട് സമർപ്പണം രണ്ടാം പിണറായി സർക്കാറിൽ വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ മന്ത്രിയായിരിക്കുേമ്പാഴും. ഒന്നാം റിപ്പോർട്ടിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനയിലുള്ള മാറ്റത്തിനും അധ്യാപക യോഗ്യതയിൽ വരുത്തേണ്ട മാറ്റങ്ങൾക്കും ഉൾപ്പെടെ ഉൗന്നൽ നൽകിയപ്പോൾ, രണ്ടാം ഭാഗത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ അക്കാദമിക തലത്തിനാണ് ഉൗന്നൽ നൽകിയത്.
ഒന്നാം ഭാഗം പുറത്തുവന്നപ്പോൾ പ്രതിഷേധങ്ങൾ ഏറെയും ഉയർന്നത് അധ്യാപക സമൂഹത്തിൽ നിന്നും, വിശിഷ്യാ ഹയർസെക്കൻഡറി അധ്യാപകരിൽ നിന്നുമായിരുന്നു. ഹയർസെക്കൻഡറി ഡയറക്ടറേറ്റ് ഇല്ലാതാക്കി, എട്ടാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെ സെക്കൻഡറി സ്കൂൾ വിഭാഗമാക്കി മാറ്റാനായിരുന്നു ഒന്നാം ഭാഗത്തിലെ പ്രധാന ശിപാർശകളിലൊന്ന്. എന്നാൽ, രണ്ടാം ഭാഗം കുറേനാൾ പൂഴ്ത്തിവെച്ചത് അതിലെ ശിപാർശകൾ സൃഷ്ടിച്ചേക്കാവുന്ന അനുരണനം സർക്കാറിനെ ബാധിക്കുമെന്ന ആശങ്കയിൽനിന്നായിരുന്നു.
നിയമസഭയിൽ പലതവണ ഉന്നയിച്ചിട്ടും വിവരാവകാശ നിയമ പ്രകാരം ചോദിച്ചിട്ടും റിപ്പോർട്ട് പരിഗണനയിലാണെന്ന മറുപടി മാത്രമാണ് നൽകിയിരുന്നത്. പല ശിപാർശകളും തെരഞ്ഞെടുപ്പ് വിഷയമാകുമെന്നുവരെ സർക്കാറിന് ആശങ്കയുണ്ടായിരുന്നു. ഒടുവിൽ ഇത്തവണത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിനുശേഷമാണ് റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനക്ക് കൊണ്ടുവരുന്നതും, ഓരോ നിർദേശവും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കണമെന്ന വ്യവസ്ഥയോടെ തത്ത്വത്തിൽ അംഗീകാരം നൽകുന്നതും.
ഒന്നാം ഭാഗം റിപ്പോർട്ടിന് മന്ത്രിസഭ വ്യവസ്ഥകളൊന്നുമില്ലാതെ തത്ത്വത്തിൽ അംഗീകാരം നൽകിയപ്പോഴാണ് രണ്ടാം റിപ്പോർട്ട് വ്യവസ്ഥകളോടെ തത്ത്വത്തിൽ അംഗീകരിക്കുന്നത്. പ്രധാനമായും രണ്ട് ശിപാർശകളാണ് റിപ്പോർട്ട് മറച്ചുവെക്കാൻ പ്രേരിപ്പിച്ചത്. എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നതും സ്കൂൾ സമയം രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒരു മണിവരെയാക്കണമെന്നതുമായിരുന്നു അത്.
253 പേജുള്ള രണ്ടാം ഭാഗം റിപ്പോർട്ടിൽ, എതിർപ്പുകൾ മുന്നിൽക്കണ്ട് ‘മുൻകൂർ ജാമ്യവ്യവസ്ഥ’യിലാണ് സ്കൂൾ സമയമാറ്റ ശിപാർശകൾ ചേർത്തിരിക്കുന്നത്. സ്കൂൾ സമയം നിലവിലുള്ള പത്ത് മുതൽ നാല് വരെ എന്നതിന് പകരം രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയാക്കണമെന്നാണ് ശിപാർശ. ‘‘സമയം ഇങ്ങനെ നിർദേശിക്കുന്നുണ്ടെങ്കിലും ഓരോ സ്കൂളിനും ആകെ പ്രവൃത്തിസമയം പാലിച്ചുകൊണ്ട് പ്രാദേശികാവശ്യങ്ങൾ പരിഗണിച്ച് സ്കൂൾസമയം ക്രമീകരിക്കാവുന്നതുമാണ്’’ എന്ന് ബ്രാക്കറ്റിൽ എഴുതിച്ചേർത്തിട്ടുണ്ട്.
കേരളത്തിൽ തന്നെ കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം സ്കൂൾ സമയം രാവിലെ എട്ട് മണിക്കോ അതിന് മുമ്പോ ആരംഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ശാസ്ത്രീയ നിലപാടിലേക്ക് നാം മാറണം എന്നും റിപ്പോർട്ട് പറയുന്നു. ഇതുവഴി സാമൂഹികമായി ഉയർന്നുവരാനിടയുള്ള വിവിധ കാര്യങ്ങൾ ആഴത്തിൽ പരിശോധിക്കണമെന്നും കമ്മിറ്റി പറഞ്ഞുവെക്കുന്നു. മുസ്ലിം വിദ്യാർഥികൾ രാവിലെ മദ്റസപഠനത്തിൽ വ്യാപൃതരായതിനാൽ സമുദായ സംഘടനാ തലപ്പത്തുനിന്ന് ഉയർന്നുവരാവുന്ന എതിർപ്പാണ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ വ്യംഗ്യമായി സൂചിപ്പിക്കുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്ന്.
ഇത് മറികടക്കാൻ റിപ്പോർട്ട് പുറത്തുവന്ന ഉടൻ സ്കൂൾ സമയമാറ്റം ഇപ്പോൾ ആലോചനയിൽ ഇല്ലെന്നും പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടെന്നും വിദ്യാഭ്യാസ മന്ത്രി തന്നെ പ്രസ്താവനയുമായി രംഗത്തുവന്നു. എന്നാൽ, ഒരു മണിക്ക് സ്കൂൾ കഴിഞ്ഞിറങ്ങുന്ന കുട്ടിയെ എവിടെ ‘അക്കമഡേറ്റ്’ ചെയ്യുമെന്ന ചോദ്യത്തിന് റിപ്പോർട്ടിൽ ഉത്തരമില്ല. രണ്ട് മണി മുതൽ നാല് മണിവരെ കുട്ടികൾക്ക് അവരുടെ അഭിരുചി പ്രവർത്തനങ്ങളിൽ ഏർപ്പെടാമെന്ന് പറയുന്നുണ്ടെങ്കിലും അതിൽ വ്യക്തതയില്ല. സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ ഓഫിസ്/ പ്രവർത്തന സമയത്തിന് അനുസൃതമായാണ് സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനസമയവും. ഒരു മണിക്ക് സ്കൂൾ വിട്ടിറങ്ങുന്ന കുട്ടി ഒറ്റക്ക് വീട്ടിലിരിക്കേണ്ട സാഹര്യം റിപ്പോർട്ട് പരിഗണിക്കുന്നില്ല.
രണ്ടാം റിപ്പോർട്ടിൽ പൊള്ളലേൽക്കുമെന്ന് സർക്കാർ ഭയപ്പെടുന്ന മറ്റൊരു നിർദേശമാണ് എയ്ഡഡ് സ്കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്നത്. പി.എസ്.സിയുടെ ഭാഗമായോ അല്ലാതെയോ പ്രത്യേക ടീച്ചർ റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിച്ചും എയ്ഡഡ് നിയമനം നടത്താമെന്ന നിർദേശവും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു. സർക്കാർ സ്കൂളുകളിലെ അധ്യാപകർക്ക് തുല്യമായി സർക്കാർ ശമ്പളം നൽകുന്നവ തന്നെയാണ് എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക തസ്തികകളും.
ആറരപ്പതിറ്റാണ്ടിലേറെയായി തുടരുന്ന ഈ രീതിയിൽ കാലോചിത മാറ്റങ്ങൾ വേണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നുകേൾക്കുന്നുണ്ട്. സർക്കാർ ശമ്പളം നൽകുന്ന തസ്തികകൾ ഉപയോഗിച്ച് ലക്ഷങ്ങളും കോടികളും എണ്ണിവാങ്ങുന്ന കോർപറേറ്റ് മാനേജ്മെന്റുകൾക്കും വ്യക്തിഗത മാനേജ്മെന്റുകൾക്കുമായി ജനങ്ങളുടെ നികുതിപ്പണം ഇവ്വിധം ചോർന്നുപോകുമ്പോൾ ആ മേഖലയിൽ സാമൂഹിക നീതി ഉറപ്പാക്കേണ്ടത് ജനാധിപത്യ സർക്കാറിന്റെ ഉത്തരവാദിത്തമാണ് എന്നാണ് ഉന്നയിക്കപ്പെടുന്ന ന്യായം. എയ്ഡഡ് നിയമനത്തിൽ ഒരുതരത്തിലുള്ള സംവരണ മാനദണ്ഡവും പാലിക്കുന്നില്ലെന്ന് വ്യക്തമാണ്. കേരളത്തിലെ ദലിത് വിഭാഗങ്ങൾ എയ്ഡഡ് മേഖലയിലെ നിയമനങ്ങളിൽ നിന്ന് ഏറക്കുറെ പൂർണമായും പടിക്കുപുറത്താണ്.
പിന്നാക്ക വിഭാഗങ്ങൾക്കാകട്ടെ അർഹമായ പ്രാതിനിധ്യവും ഉറപ്പാക്കാനായിട്ടില്ല. ഒന്നാം ഇ.എം.എസ് സർക്കാറിന്റെ പതനത്തിന് കാരണമായി കണക്കാക്കുന്ന വിമോചന സമരത്തിന് വഴിമരുന്നിട്ട, വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രഫ. ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന കേരള വിദ്യാഭ്യാസ ബില്ലിലെ സുപ്രധാന വ്യവസ്ഥയായിരുന്നു എയ്ഡഡ് നിയമനങ്ങൾ പി.എസ്.സി പട്ടികയിൽ നിന്നാക്കണമെന്നത്. ഗവർണർ ഒപ്പിടാതെ രാഷ്ട്രപതിക്കയച്ച ബിൽ പിന്നീട് സുപ്രീംകോടതിയിൽ കേസായി പരിഗണിച്ച് നിയമപരിശോധനക്ക് വിധേയമായപ്പോഴും പി.എസ്.സി നിയമന വ്യവസ്ഥക്ക് ഇളക്കം തട്ടിയില്ല.
എന്നാൽ, ഇ.എം.എസ് സർക്കാറിനെ പിരിച്ചുവിട്ട ശേഷം വന്ന പട്ടം താണുപിള്ള മന്ത്രിസഭ ഇറക്കിയ രണ്ടാമത്തെ ഓർഡിനൻസിലൂടെ തന്നെ എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള വ്യവസ്ഥ എടുത്തുകളഞ്ഞു. സർക്കാർ നൽകുന്ന ഗ്രാൻറിൽ നിന്ന് മാനേജർ നൽകുന്ന ഒൗദാര്യമായിരുന്നു എയ്ഡഡ് അധ്യാപകർക്ക് ശമ്പളമെങ്കിൽ ഒന്നാം ഇ.എം.എസ് സർക്കാർ എക്സിക്യൂട്ടിവ് ഒാർഡറിലൂടെ നടപ്പാക്കിയ ഡയറക്ട് പേമെന്റ് എഗ്രിമന്റെ് രീതിയിലൂടെ അധ്യാപകർക്ക് നേരിേട്ടാ പ്രധാനാധ്യാപകൻ വഴിയോ ശമ്പളം കിട്ടുന്ന സാഹചര്യം നിലവിൽ വന്നു. ഇത് പിന്നീട് 1958ലെ വിദ്യാഭ്യാസ നിയമത്തിന്റെ ഭാഗമായി മാറി. വിദ്യാഭ്യാസ നിയമത്തിലെ 11ാം വകുപ്പ് പ്രകാരം എയ്ഡഡ് നിയമനാധികാരം മാനേജർക്കാണ്.
ഒന്നാം ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ സുപ്രധാന നിർദേശമാണ് നിലവിലുള്ള സ്കൂൾ ഘടന പൊളിച്ചുപണിയൽ. നിലവിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളെ ലോവർ പ്രൈമറി (എൽ.പി), അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളെ അപ്പർ പ്രൈമറി (യു.പി), എട്ട് മുതൽ പത്ത് വരെ ക്ലാസുകളെ ഹൈസ്കൂൾ, 11, 12 ക്ലാസുകളെ ഹയർസെക്കൻഡറികളുമായിട്ടാണ് സ്കൂൾതല വിഭജനം. എന്നാൽ, ഒന്നാം ഖാദർ കമ്മിറ്റി ഇൗ ഘടനയിൽ തന്നെ മാറ്റം നിർദേശിച്ചു. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളെ ൈപ്രമറി എന്ന് പഴയ രീതിയിൽ തന്നെ വിളിച്ചപ്പോൾ എട്ട് മുതൽ 12 വരെ സെക്കൻഡറിയാക്കാൻ നിർദേശിച്ചു.
ഇതിൽ തന്നെ എട്ട് മുതൽ പത്ത് വരെ ലോവർ സെക്കൻഡറിയാക്കിയും 11, 12 ക്ലാസുകളെ സെക്കൻഡറിയായും വിശേഷിപ്പിച്ചു. വിശാല അർഥത്തിൽ കേരളം പിന്തുടർന്നിരുന്ന 10+2 എന്ന ഘടനയിലുള്ള സ്കൂൾ വിദ്യാഭ്യാസത്തെ പൊളിച്ചെഴുതുന്നത് കൂടിയായിരുന്നു ഇൗ നിർദേശം. ഇതിലൂടെ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചവിട്ടുപടിയായ ഹയർസെക്കൻഡറിക്ക് നൽകിയിരുന്ന ഉൗന്നൽ ഇല്ലാതാകുന്നുവെന്നാണ് പ്രധാന വിമർശനം.
ഉയർന്ന യോഗ്യതയിൽ നിയമിക്കപ്പെടുന്ന ഹയർസെക്കൻഡറി അധ്യാപക തസ്തിക കാലക്രമത്തിൽ ഇല്ലാതാക്കി എട്ട് മുതൽ 12 ക്ലാസുകളിലേക്ക് ഹയർസെക്കൻഡറി അധ്യാപക തസ്തികക്ക് തുല്യമായ യോഗ്യത നിശ്ചയിച്ച് സെക്കൻഡറി അധ്യാപക തസ്തികയാക്കി പുനർനാമകരണത്തിനും ഒന്നാം റിപ്പോർട്ട് നിർദേശിച്ചു. ഇതിനെതിരെ ഹയർസെക്കൻഡറി അധ്യാപക സംഘടനകൾ ഫയൽ ചെയ്ത കേസുകൾ ഹൈകോടതിയിലുണ്ട്.
ഖാദർ കമ്മിറ്റി ഒന്നാം റിപ്പോർട്ടിലെ ശിപാർശകളിൽ രണ്ടെണ്ണം മാത്രം നടപ്പാക്കിയപ്പോൾ അവശേഷിക്കുന്നവ നടപ്പാക്കാൻ രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനുപിന്നാലെ നടപടികൾ തുടങ്ങിയിരുന്നു. മൂന്ന് ഡയറക്ടറേറ്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ ഒാഫിസുകളുടെ ഏകീകരണം, ഉദ്യോഗസ്ഥ, അധ്യാപക, മിനിസ്റ്റീരിയൽ ജീവനക്കാരുടെ തസ്തികകളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ നടപ്പാക്കാൻ പ്രത്യേക കോർ കമ്മിറ്റി രൂപവത്കരിച്ച് കരട് വിശേഷാൽ ചട്ടങ്ങൾ (സ്പെഷൽ റൂൾസ്) തയാറാക്കുകയും ചെയ്തു.
ഇൗ റിപ്പോർട്ട് നിയമ, ധന, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പുകളുടെ പരിഗണനക്കുശേഷം മന്ത്രിസഭയിൽ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഡയക്ടറേറ്റ് തലത്തിലും സ്കൂൾതലത്തിലും ലയനം നടപ്പാക്കിയെങ്കിലും മൂന്ന് ഡയറക്ടറേറ്റുകളുടെയും ഒാഫിസ് ഘടന പഴയ രീതിയിൽ തുടരുകയാണ്. ഇത് ഒറ്റ ഘടനയാക്കാനുള്ളതാണ് കോർ കമ്മിറ്റി തയാറാക്കിയ കരട് വിശേഷാൽ ചട്ടത്തിലുള്ളത്. ഒന്നാം റിപ്പോർട്ടിൽ നിർദേശിച്ച ഉദ്യോഗസ്ഥ തസ്തികകളുടെ പേരുകളിൽ ചെറിയ ഭേദഗതികളോടെയാണ് കരട് വിശേഷാൽ ചട്ടം തയാറാക്കിയത്.
ഡി.പി.െഎക്ക് കീഴിലുണ്ടായിരുന്ന ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ ഒാഫിസ് ഘടനയും ഹയർസെക്കൻഡറിയുടെ കീഴിലുള്ള മേഖല ഡെപ്യൂട്ടി ഡയറക്ടറേറ്റും (ആർ.ഡി.ഡി), വി.എച്ച്.എസ്.ഇക്ക് കീഴിലുള്ള അസിസ്റ്റൻറ് ഡയറക്ടർ ഒാഫിസുകളും (എ.ഡി) പഴയ രീതിയിൽ തുടരുകയാണ്. വിശേഷാൽ ചട്ടപ്രകാരം ഒന്നുമുതൽ 12 വരെയുള്ള സ്കൂൾ വിദ്യാഭ്യാസം ജില്ലതലത്തിലും ഒരു ഒാഫിസിന് കീഴിലായിരിക്കും. ജോയൻറ് ഡയറക്ടർ ഒാഫ് ജനറൽ എജുക്കേഷൻ (ജോയൻറ് ഡി.ജി.ഇ) എന്ന ഉദ്യോഗസ്ഥന് കീഴിലായിരിക്കും ജില്ല ഒാഫിസ്. ഇതിന് താഴെ സ്കൂൾ എജുക്കേഷൻ ഒാഫിസും (എസ്.ഇ.ഒ) പഞ്ചായത്ത് തലങ്ങളിൽ പഞ്ചായത്ത് എജുക്കേഷൻ ഒാഫിസർ എന്ന തസ്തികയും ഒാഫിസ് സംവിധാനവും സൃഷ്ടിക്കും. ഇതോടെ നിലവിലുള്ള ഡി.ഡി.ഇ, ഡി.ഇ.ഒ, എ.ഇ.ഒ, ആർ.ഡി.ഡി, എ.ഡി ഒാഫിസുകളും തസ്തികകളും ഇല്ലാതാകും.
ഖാദർ കമ്മിറ്റി ഒന്നാം റിപ്പോർട്ടിലെ പ്രധാന ശിപാർശകളിലൊന്ന് അധ്യാപകരുടെ ചുരുങ്ങിയ യോഗ്യത ബിരുദമാക്കി ഉയർത്തണമെന്നതാണ്. നിലവിൽ ഹയർസെക്കൻഡറി യോഗ്യതയും ടീച്ചർ ട്രെയിനിങ് കോഴ്സും പൂർത്തിയാക്കിയവർക്ക് പ്രൈമറി സ്കൂൾ അധ്യാപകരാകാം. എന്നാൽ, പ്രൈമറി അധ്യാപക യോഗ്യത ബിരുദമാക്കി ഉയർത്തണമെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിൽ അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലെ അധ്യാപകരുടെ യോഗ്യത വിശേഷാൽചട്ടം നിലവിൽ വരുന്നത് മുതലും ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ അധ്യാപകരുടേത് 2030 ജൂൺ ഒന്ന് മുതലും ബിരുദമാക്കണമെന്നാണ് കരട് ചട്ടത്തിലും നിർദേശിച്ചിരിക്കുന്നത്.
ഇതിന് പുറമെ ടീച്ചർ ട്രെയിനിങ് കോഴ്സും പൂർത്തിയാക്കണം. ഇക്കാര്യം രണ്ടാം റിപ്പോർട്ടിലും ആവർത്തിച്ചിട്ടുണ്ട്. എട്ട് മുതൽ 12 വരെയുള്ള അധ്യാപകരുടെ യോഗ്യത ബിരുദാനന്തര ബിരുദവും ടീച്ചർ ട്രെയിനിങ് കോഴ്സുമാണ് നിർദേശിച്ചിരിക്കുന്നത്. നിലവിലുള്ള ഹയർസെക്കൻഡറി അധ്യാപകരുടെ തസ്തിക പഴയ രീതിയിൽത്തന്നെ തുടരുേമ്പാൾ പുതിയ നിയമനങ്ങളെല്ലാം സെക്കൻഡറി അധ്യാപകർ എന്ന പരിഗണനയിൽ എട്ട് മുതൽ 12 വരെ ക്ലാസുകൾക്കായാണ് സ്പെഷൽ റൂൾസ് വ്യവസ്ഥ ചെയ്യുന്നത്. എന്നാൽ, ഹയർസെക്കൻഡറി ജൂനിയർ അധ്യാപക തസ്തിക സെക്കൻഡറി സ്കൂൾ ടീച്ചർ എന്നാക്കി മാറ്റും. കാലക്രമേണ സ്കൂളുകളിൽ നിന്ന് ഹയർസെക്കൻഡറി അധ്യാപക തസ്തികയും ഇല്ലാതാകും.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലയന നടപടികൾ പൂർത്തിയാകുന്നതോടെ സ്കൂളുകളുടെ പേരിൽ മാറ്റം വരുകയും ഹെഡ്മാസ്റ്റർ തസ്തിക ഇല്ലാതാവുകയും ചെയ്യും. ഹെഡ്മാസ്റ്റർ തസ്തികക്കുപകരം വിവിധ ശ്രേണിയിലുള്ള പ്രിൻസിപ്പൽ തസ്തിക സൃഷ്ടിക്കാനാണ് കരട് ചട്ടത്തിൽ നിർദേശിച്ചിരിക്കുന്നത്. 12ാം ക്ലാസ് വരെയുള്ള ഗവ. ഹയർസെക്കൻഡറി സ്കൂളുകളുടെ പേര് ഗവ. സെക്കൻഡറി സ്കൂൾ എന്നാക്കി മാറ്റും. ഈ സ്കൂളിലെ മേധാവി ഗവ. സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയിരിക്കും.
10ാം ക്ലാസ് വരെയുള്ള സ്കൂളുകളുടെ പേര് ഹൈസ്കൂൾ എന്നതിനു പകരം ലോവർ സെക്കൻഡറി സ്കൂൾ എന്നാക്കി മാറ്റും. ഇവിടത്തെ ഹെഡ്മാസ്റ്റർ തസ്തിക ലോവർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എന്നാകും. ഏഴാം ക്ലാസ് വരെയുള്ള അപ്പർ പ്രൈമറി (യു.പി) സ്കൂളുകളുടെ പേര് പ്രൈമറി സ്കൂൾ എന്നായി മാറും. ഇവിടത്തെ ഹെഡ്മാസ്റ്റർ തസ്തിക അപ്പർ പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ എന്നായി മാറും. നാലാം ക്ലാസ് വരെയുള്ള ലോവർ പ്രൈമറി സ്കൂളുകൾ അതേപേരിൽതന്നെ തുടരും. ഇവിടത്തെ ഹെഡ്മാസ്റ്റർ ലോവർ പ്രൈമറി സ്കൂൾ പ്രിൻസിപ്പൽ ആയി മാറും.
സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഏകീകരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് അക്കാദമിക, ഭരണതലങ്ങളിലെ മാറ്റങ്ങൾക്കൊപ്പം തസ്തികകൾ ഗണ്യമായി കുറക്കാനാകുമെന്നതാണ്. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭജനം ഇല്ലാതാക്കുന്നതോടെ അധ്യാപക തസ്തികകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്താൻ കഴിയുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാരുള്ളത് വിദ്യാഭ്യാസ വകുപ്പിലാണ്. പഞ്ചായത്ത് എജുക്കേഷൻ ഒാഫിസർ തസ്തിക സൃഷ്ടിക്കുന്നതിനാൽ പ്രൈമറി അധ്യാപകരുടെ പ്രമോഷൻ സാധ്യത ഗണ്യമായി കൂടും.
സ്കൂൾ എജുക്കേഷൻ ഒാഫിസർ തസ്തിക ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ പ്രമോഷൻ തസ്തികയായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഹയർസെക്കൻഡറി എന്ന അസ്തിത്വം ഇല്ലാതാക്കുന്ന പരിഷ്കാരത്തിൽ ഹയർസെക്കൻഡറി അധ്യാപകർ കടുത്ത പ്രതിഷേധത്തിലാണ്. സി.പി.എം അനുകൂല കെ.എസ്.ടി.എ ഒഴികെയുള്ള സംഘടനകളെല്ലാം ഹയർസെക്കൻഡറിക്ക് ഉൗന്നൽ നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ വിേയാജിപ്പുള്ളവരാണ്. ഹയർസെക്കൻഡറി മേഖലയിലെ അധ്യാപകർക്ക് മാത്രമായി സംഘടനയുള്ളതിനാൽ കെ.എസ്.ടി.എക്ക് ഇൗ മേഖലയിൽ കാര്യമായ സ്വാധീനമില്ല. ഇൗ സ്വാധീനക്കുറവാണ് കാറ്റഗറി സംഘടനാ സംവിധാനത്തെ െപാളിക്കാൻ വഴിയൊരുക്കുന്ന ഏകീകരണ നീക്കത്തിന് കെ.എസ്.ടി.എ പിന്തുണക്കാൻ കാരണമായി മറ്റ് സംഘടനകൾ പറയുന്നത്.
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച് അഞ്ചു വർഷമെടുത്ത് പഠിച്ച സമിതി ഖാദർ കമ്മിറ്റിയല്ലാതെ മറ്റൊന്നുണ്ടായിരിക്കില്ല. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ, ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടിലൂന്നി, പ്രീ സ്കൂൾതലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിന്റെ നാനാവശങ്ങൾ പരിശോധിച്ച് നിർദേശങ്ങൾ സമർപ്പിക്കുന്നതിന് 2017 ഒക്ടോബർ 19ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് മൂന്നംഗ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചത്.
എസ്.സി.ഇ.ആർ.ടി മുൻ ഡയറക്ടർ കൂടിയായ ഡോ.എം.എ. ഖാദർ അധ്യക്ഷനായ സമിതിയിൽ ജി. ജ്യോതിചൂഡൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളാണ്. ‘മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസം’ എന്ന പേരിൽ രണ്ട് ഭാഗങ്ങളായാണ് സമിതി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. ആദ്യഭാഗം 2019 മാർച്ച് 24നും രണ്ടാം ഭാഗം 2022 സെപ്റ്റംബർ 22നും സമർപ്പിച്ചു. ഒന്നാം ഭാഗം സർക്കാറിന് സമർപ്പിച്ചതിനുപിന്നാലെ തന്നെ ഒൗദ്യോഗികമായി പ്രസിദ്ധീകരിച്ചെങ്കിൽ രണ്ടാംഭാഗം സമർപ്പിച്ച് ഒരു വർഷവും 11 മാസവും കഴിഞ്ഞാണ് പുറത്തുവിടുന്നത്.
2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഖാദർ കമ്മിറ്റി പഠനം തുടങ്ങിയതെങ്കിൽ 2020ൽ കേന്ദ്രസർക്കാർ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചതോടെ കമ്മിറ്റിയുടെ പ്രവർത്തനവും പ്രതിസന്ധിയിലായി. സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവിലുള്ള 10+2 ഘടന പൊളിച്ച് മൂന്ന് വർഷ പ്രീ സ്കൂൾ കൂടി പരിഗണിച്ച് 5+3+3+4 എന്ന ഘടനയാണ് ദേശീയ വിദ്യാഭ്യാസ നയം പുതുതായി മുന്നോട്ടുവെച്ചത്.
ഇതിൽ ഒമ്പത് മുതൽ 12ാം ക്ലാസ് വരെ ഒരുഘട്ടമായി വേർതിരിക്കപ്പെട്ടു. 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലാകട്ടെ എട്ടാം ക്ലാസ് പ്രൈമറി സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗവുമാണ്. കേരളത്തിൽ എട്ടാം ക്ലാസ് ഹൈസ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായതിനാൽ ഖാദർ കമ്മിറ്റി ഒന്നാം റിപ്പോർട്ടിൽ എട്ടാം ക്ലാസ് പുതുതായി നിർദേശിച്ച സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാനാണ് ശിപാർശ ചെയ്തത്.
ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധിയിലൂടെ നിരോധിച്ച സ്കൂളുകളിലെ വിദ്യാർഥി രാഷ്ട്രീയത്തിന് വീണ്ടും വഴിവെട്ടണമെന്നാണ് രണ്ടാം റിപ്പോർട്ടിൽ അഭിപ്രായപ്പെടുന്നത്. മാർഗരേഖ തയാറാക്കി ആശയാടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് സംഘം ചേരുന്നതിന് അനുമതി നൽകണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. ജനാധിപത്യ സംവിധാനത്തിലെ പാഠ്യപദ്ധതി ആരാഗ്രഹിച്ചാലും രാഷ്ട്രീയ മുക്തമാക്കാൻ കഴിയില്ല. ഇക്കാര്യങ്ങൾ നീതിന്യായ സംവിധാനങ്ങളുടെ ശ്രദ്ധയിലും കൊണ്ടുവരണം.
ആശയാടിസ്ഥാനത്തിലുള്ള രാഷ്ട്രീയവേദികൾ ഇല്ലാതായത് കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നത് സൂക്ഷ്മമായി പരിശോധിക്കണം. കേരളത്തിലെ വിദ്യാലയങ്ങളിൽ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനത്തിന് അനുവാദമില്ലെന്നും ഇങ്ങനെ രാഷ്ട്രീയപ്രവർത്തനം നടത്തുന്നത് ശിക്ഷാർഹമാണെന്നും ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി പ്രകാരം 2003 നവംബർ 10ന് ഇറക്കിയ സർക്കാർ ഉത്തരവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.