വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽ ആൾ നഷ്ടവും സ്വത്ത് നഷ്ടവും കൊണ്ട് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറിക്കഴിഞ്ഞു. ദുരന്തം നടന്ന ദിവസം തന്നെ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് ഉൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതാക്കൾക്കൊപ്പം അവിടെ സന്ദർശിച്ചിരുന്നു. ചീറിപ്പാഞ്ഞുവരുന്ന ആംബുലൻസിൽ ഉറ്റവർക്ക് ജീവന്റെ തുടിപ്പുണ്ടോയെന്നും മേശകളിൽ നിരത്തിവെച്ച മൃതദേഹങ്ങളിൽ കൂടപ്പിറപ്പുകളുണ്ടോയെന്നും അറിയാനായി ഹൃദയവേദനയോടെ കാത്തുനിൽക്കുന്ന മനുഷ്യരുടെ ദയനീയ മുഖങ്ങൾ ഇപ്പോഴും മനസ്സിൽ മിന്നിമറിയുകയാണ്.
കഴിഞ്ഞ ദിവസം വീണ്ടും അവിടെ സന്ദർശിച്ചപ്പോഴാണ് ഒഴുക്കിലെത്തിയ മരങ്ങൾ തടഞ്ഞുനിർത്തിയ വെള്ളാർമല ജി.വി.എച്ച്.എസ് സ്കൂൾ ശ്രദ്ധിച്ചുകണ്ടത്. മഹാദുരന്തത്തിന്റെ പ്രവചനം കണക്കെ ആ സ്കൂളിലെ വിദ്യാർഥിനി ലയ എഴുതിയ വെള്ളാരംകല്ലുകൾ എന്ന കഥയിലെ വരികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വെള്ളാർ മലയിലെ വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ കുട്ടികളോട് എവിടെനിന്നോ പറന്നുവന്നൊരു കിളി ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും അവർ രക്ഷപ്പെടുന്നതുമാണ് കഥയുടെ ഉള്ളടക്കം. ഉരുൾപൊട്ടലും മണ്ണിടിച്ചിലും മുൻകൂട്ടി അറിയാനുള്ള ശാസ്ത്രീയ സംവിധാനം വേണമെന്ന ചിന്തയാണ് കഥ പകർന്നത്. ലയയുടെ സ്കൂളിലെ 29 കുട്ടികൾ ഉൾപ്പെടെ നിരവധി വിദ്യാർഥികൾ ദുരന്തത്തിൽ മരണപ്പെട്ടതായും കുറെപേരെ കാണാതായെന്നുമുള്ള വാർത്തയും വേദനയോടെയാണ് കേട്ടത്.
ആരാധനാലയങ്ങൾ, വായനശാലകൾ, കെട്ടിടങ്ങൾ, വീടുകൾ, വാഹനങ്ങൾ എന്നിവയുടെ നാശവും വളർത്തുമൃഗങ്ങളുടെ മരണവും ആരുടെയും നെഞ്ചുലക്കും. സൈന്യം, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ ഔദ്യോഗിക സംവിധാനങ്ങൾ രക്ഷാ പ്രവർത്തനങ്ങളിൽ അവരുടെ ജോലി കൃത്യമായി നിർവഹിച്ചത് ശ്ലാഘനീയമാണ്.
ദുരന്തഭൂമിയിൽ ജീവൻ പണയം വെച്ചും രക്ഷകരായി ഓടിയെത്തിയ മുസ്ലിം യൂത്ത് ലീഗിനു കീഴിലെ വൈറ്റ് ഗാർഡ് ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ തീർത്ത മാതൃകകൾ മലയാളികളുടെ മാനവികതയുടെ വിളംബരം കൂടിയാണ്. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടുവന്നവർ കഴിയുന്ന ക്യാമ്പുകളിലേക്ക് ഭക്ഷണവും വസ്ത്രവുമായി നിരവധി പ്രസ്ഥാനങ്ങളും വ്യക്തികളുമാണ് സഹായ ഹസ്തങ്ങൾ നീട്ടിയത്. മഹാദുരന്തത്തിൽ ഏതാണ്ട് ആയിരം കോടി രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഇതിലും കൂടാനാണ് സാധ്യത. ഇക്കാരണത്താലാണ് വയനാട്ടിലെ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് കേരളം ഐകകണ്ഠ്യേന ആവശ്യപ്പെടുന്നത്.
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന എല്ലാവരും തന്നെ ഉടുവസ്ത്രമല്ലാതെ മറ്റൊന്നും സ്വന്തമായില്ലാത്തവരാണ്. തിരിച്ചുപോകാൻ വീടോ സന്തോഷവും സങ്കടങ്ങളും പങ്കുവെക്കാനും കൂടെ ചിരിക്കാനും പൊട്ടിക്കരയാനും ആശ്ലേഷിക്കാനും ആരുമില്ലാത്ത വിധം ഒറ്റപെട്ടുപോയവരും അക്കൂട്ടത്തിലുണ്ട്. നിങ്ങൾ ഒറ്റക്കല്ല കൂടെ ഞങ്ങളുണ്ടെന്ന് നാം ആശ്വാസം പകരേണ്ട സമയമാണിപ്പോൾ. നാം ഓരോരുത്തരും മാതാപിതാക്കളായും സഹോദരങ്ങളായും മക്കളായും സ്നേഹം പകർന്ന് അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട ഘട്ടം കൂടിയാണിത്. ആരോഗ്യവും സമ്പത്തും ആയുസ്സും നൽകി ദൈവം അനുഗ്രഹിച്ചവർ എന്ന നിലയിൽ അത് നമ്മുടെയെല്ലാം സാമൂഹിക ബാധ്യതയാണ്. ഇപ്പോൾ കാണുന്ന ആൾക്കൂട്ടം അധിക ദിവസമുണ്ടാവില്ല, അവർ പിരിഞ്ഞുപോയാൽ തങ്ങൾ ഒറ്റപ്പെടുമോ എന്ന വിഷാദ ചിന്തയിൽ അവർ വീഴാതെ നോക്കേണ്ടതുമുണ്ട്. അവരുടെ തുടർ ജീവിതത്തിലും നമ്മുടെയെല്ലാം സ്നേഹത്തോടെയുള്ള നോട്ടവും പുഞ്ചിരിയും നല്ല വാക്കുകളും വേദന സംഹാരികളായി മാറണം.
ദുരന്തമുഖത്ത് രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് ഒരിക്കലും മുസ്ലിം ലീഗ് പ്രസ്ഥാനം താല്പര്യം പ്രകടിപ്പിക്കാറില്ല. പുനരധിവാസത്തിൽ എല്ലാ പിന്തുണയും നൽകുന്നതോടൊപ്പം സർക്കാർ നിലപാടുകൾ പാഴ്വാക്കായി മാറാൻ പാടില്ലെന്ന കാര്യം സർവകക്ഷി യോഗത്തിൽ ലീഗ് പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്.
നൂറ് വീടുകളും തൊഴിൽ പദ്ധതികളും വിദ്യാഭ്യാസ സഹായവും ചികിത്സ സഹായവുമുൾപ്പെടെയുള്ള സമഗ്ര പുനരധിവാസ പദ്ധതിയിലേക്ക് ഇതിനകം എട്ട് കോടിക്ക് മുകളിൽ സാമ്പത്തിക സഹായങ്ങൾ ലഭിച്ചു കഴിഞ്ഞു. ചെറുതും വലുതുമായ സഹായങ്ങൾ തുടരേണ്ടതുണ്ട്. വയനാടിന്റെ കണ്ണീരൊപ്പാൻ കരുണയുടെ കരങ്ങൾ നീട്ടണമെന്നും ധനസമാഹരണത്തിൽ പങ്കാളികളാവണമെന്നും അഭ്യർഥിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.