വഴിയരികിൽ ചുടുകടലയും ചുക്കുകാപ്പിയും വിൽക്കുന്ന ഉന്തുവണ്ടിയിൽ പതിപ്പിച്ച ഗൂഗ്ൾ പേയുടെയും പേ ടിഎമ്മിന്റെയും സ്റ്റിക്കർ ഡിജിറ്റൽ സാമ്പത്തിക വിപ്ലവം ഇന്ത്യയിലെ അതിസാധാരണക്കാരിലേക്കുവരെ എത്തിക്കഴിഞ്ഞതിന്റെ അടയാളമായി ആഘോഷിക്കപ്പെട്ടു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും ഇന്ത്യയിൽ പെട്രോളും ഡീസലും കൂടിയ വിലയ്ക്ക് വിൽക്കുന്നത് പാവങ്ങൾക്ക് ശൗചാലയം നിർമിക്കാൻ വേണ്ടിയാണെന്ന ദേശീയ നുണപോലും ദേശാഭിമാനത്തിന്റെ അടയാളമായി മാറി.
18ാം തീയതി പുറത്തിറങ്ങിയ പത്രങ്ങളിലെ മൂന്ന് വാർത്തകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു
ഒന്ന്: അദാനി വിഷയത്തില്‍ കേന്ദ്രം സീൽവെച്ച കവറില്‍ കൊടുത്ത മറുപടി സ്വീകരിക്കാന്‍ വിസമ്മതിച്ച സുപ്രീംകോടതി പൊതുതാൽപര്യം പരിഗണിച്ച് ഒരു കമ്മിറ്റിയെ നിയോഗിച്ച് അന്വേഷണം നടത്തി പൊതുജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു.
രണ്ട്: അദാനിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പുറത്തുവന്ന റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ ശതകോടീശ്വരന്‍ ജോർജ് സോറോസ് നടത്തിയ പ്രസ്താവനയാണ്-‘അദാനി ഓഹരികളിലുണ്ടായ ഇടിവ് ഇന്ത്യന്‍ ജനാധിപത്യത്തെത്തന്നെ ആത്യന്തികമായി ദുർബലപ്പെടുത്തും‘ എന്നായിരുന്നു സോറോസിന്റെ അഭിപ്രായ പ്രകടനം. മൂന്നാമത്തെ വാർത്ത സോറോസിന്റെ വിമർശനം ‘ഇന്ത്യക്കെതിരായുള്ള ആക്ഷേപമാണെന്നും രാജ്യത്തെ ജനാധിപത്യ നടപടിക്രമത്തില്‍ വിദേശ ശക്തികള്‍ ഇടപെടുന്ന ഇത്തരം നടപടികൾക്കെതിരെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന ഒരു കേന്ദ്രമന്ത്രിയുടെ പ്രതിവിമർശനം’ ആണ്. ഈ മൂന്നുവാർത്തകളുടെ പശ്ചാത്തലത്തില്‍ ‘ഉദാരവത്കരണവും ജനാധിപത്യവും’ തമ്മിലുള്ള ബന്ധത്തെ വിലയിരുത്തുകയാണ് ഈ കുറിപ്പിൽ.
ഒരു രാജ്യത്തെ ദേശീയ വരുമാനത്തിന്റെ ഭൂരിഭാഗവും അതിന്റെ ഭൂമിശാസ്ത്ര അതിർത്തികൾക്കുള്ളിൽത്തന്നെ സൃഷ്ടിക്കപ്പെടുന്നതിനെയാണ് അടഞ്ഞ സമ്പദ് വ്യവസ്ഥ (closed economy) എന്നു വിളിക്കുന്നത്. ഇന്ത്യക്കാര്‍ വിദേശത്ത് ജോലിക്കുപോയി പൈസ കൊണ്ടുവരുക, വിദേശ രാജ്യങ്ങളില്‍നിന്നും സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്നും രാജ്യം വായ്പയെടുക്കുക, ചെറിയ തോതിലെ കയറ്റുമതി-ഇറക്കുമതികൾക്കപ്പുറത്ത് വൻ തോതിലെ വിദേശ നിക്ഷേപം രാജ്യത്ത് അനുവദിക്കാതിരിക്കുക എന്നിവയും ഒരടഞ്ഞ സമ്പദ് വ്യവസ്ഥയുടെ പൊതുസ്വഭാവമാണ്.
’80കളുടെ പകുതിവരെ ഇന്ത്യയും അങ്ങനെ ആയിരുന്നു. നെഹ്റുവിയന്‍ സോഷ്യലിസമെന്ന തത്ത്വശാസ്ത്രത്തെയും അതിന്റെ പ്രയോഗപദ്ധതികളായ ആസൂത്രണത്തെയും ചേരിചേരാ നയത്തെയും മാറ്റിവെച്ച് ’90കളുടെ തുടക്കത്തില്‍ നമ്മുടെ രാജ്യം ഉദാരവത്കരണ പാതയിലേക്ക് നീങ്ങി. വിക്രമാദിത്യന്റെ ചുമലിലെ വേതാളത്തെ അനുസ്മരിപ്പിക്കുംവിധം രാജ്യത്തിന്റെ മനസ്സിനു മുകളിൽ കുടിയേറിയിരുന്ന സോഷ്യലിസ്റ്റ് ഭൂതം ഇടക്കിടെ ചോദ്യങ്ങള്‍ ഉന്നയിച്ചതിനാലും അവയോട് പൊതുസമൂഹം ഗുണാത്മകമായി സംവദിച്ചതിനാലും ഒച്ചിന്റെ വേഗതയിലാണ് ഉദാരവത്കരണം മുന്നോട്ടുപോയത്.
2014ല്‍ അധികാരത്തിൽവന്ന നരേന്ദ്ര മോദി സർക്കാർ മുന്നോട്ടുവെച്ച നടപടികളും സൂചിപ്പിച്ചത് ‘കമ്പോളത്തിലൂടെ ഏവർക്കും ക്ഷേമം’ എന്ന നയമാണ്. സോഷ്യലിസ്റ്റ് ക്ഷേമരാഷ്ട്രം എന്നത് വിദൂര ഓർമയായിപ്പോലും നിലനിർത്താൻ ഉദ്ദേശിക്കുന്നില്ല എന്ന് ആ നിലപാടുകൾ വ്യക്തമാക്കി. രാജ്യത്തിന്റെ വികസനം അഥവാ രാഷ്ട്രത്തിന്റെ ക്ഷേമവും പൊതുജന സൗഖ്യവും ഇനിമേലില്‍ ഭരണകൂടത്തിന്റെ ചുമതലയല്ല, മറിച്ച് അത് സ്വതന്ത്ര കമ്പോളം നിർവഹിക്കുമെന്ന പുതിയൊരു തത്ത്വശാസ്ത്രം മോദി ഭരണകൂടം അവതരിപ്പിച്ചു. എന്നാല്‍, താന്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ മാത്രം ആളല്ലെന്നും രാജ്യത്തെ മുഴുവന്‍ പാവപ്പെട്ടവരുടെയും ഉദ്ധാരകൻ ആണെന്നുമുള്ള പ്രതീതി പൊതുമണ്ഡലത്തില്‍ സൃഷ്ടിക്കാനും മാധ്യമങ്ങളെയും സ്ഥാപനങ്ങളെയും കൈപ്പിടിയിലൊതുക്കി നടത്തിവരുന്ന പി.ആർ മെക്കാനിസത്തിന് സാധിച്ചു.
മേക്ക് ഇന്‍ ഇന്ത്യ, സ്മാർട്ട് സിറ്റി മിഷന്, അടല്‍ മിഷന്, പ്രധാന് മന്ത്രി ആവാസ് യോജന, ജന്‍ ധന് അക്കൗണ്ടുകള്‍, ഡിജിറ്റല്‍ വിപ്ലവം എന്നിവയൊക്കെ വികസനം താഴേത്തട്ടിലേക്കുകൂടി എത്തുന്നുവെന്ന തോന്നൽ സൃഷ്ടിച്ചു. വഴിയരികിൽ ചുടുകടലയും ചുക്കുകാപ്പിയും വിൽക്കുന്ന ഉന്തുവണ്ടിയിൽ പതിപ്പിച്ച ഗൂഗ്ൾ പേയുടെയും പേ ടിഎമ്മിന്റെയും സ്റ്റിക്കർ ഡിജിറ്റൽ സാമ്പത്തിക വിപ്ലവം ഇന്ത്യയിലെ അതിസാധാരണക്കാരിലേക്കുവരെ എത്തിക്കഴിഞ്ഞതിന്റെ അടയാളമായി ആഘോഷിക്കപ്പെട്ടു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുമ്പോഴും ഇന്ത്യയിൽ പെട്രോളും ഡീസലും കൂടിയ വിലയ്ക്ക് വിൽക്കുന്നത് പാവങ്ങൾക്ക് ശൗചാലയം നിർമിക്കാൻ വേണ്ടിയാണെന്ന ദേശീയ നുണപോലും ദേശാഭിമാനത്തിന്റെ അടയാളമായി മാറി. ജനങ്ങളുടെ ചെലവിൽ പാവങ്ങൾക്ക് ശൗചാലയം നിർമിച്ചപ്പോൾ ആ പാവങ്ങളുടെ കൂടി ചെലവിൽ അതിസമ്പന്നർക്ക് പ്രത്യേക സാമ്പത്തിക മേഖലകളും ശതകോടികളുടെ വായ്പകളും അനുവദിക്കപ്പെട്ടു.
മോദിയെയും നിലപാടുകളെയും വിമർശിച്ചാല്‍ അത് രാജ്യത്തെ വിമർശിക്കുന്നതിന് തുല്യമാകുമെന്ന നിലയിലേക്ക് പൊതുബോധത്തെ നയിക്കാന്‍ സംഘ്പരിവാറിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പണം നിരോധിച്ചാലും, സംസ്ഥാനങ്ങളുടെ വരുമാന സ്രോതസ്സുകള്‍ ഇല്ലാതാക്കിയാലും, പശുവിന്റെ പേരില്‍ ആളുകളെ കൊന്നൊടുക്കിയാലും, പൗരാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും ലംഘിച്ച് ജനങ്ങളെയും നേതാക്കളെയും ജയിലിലടച്ചാലും, വർഗീയ വിഷം രാജ്യം മുഴുവന്‍ പടർത്തിയാലും, സാമൂഹിക സുരക്ഷാ ചെലവുകള്‍ വെട്ടിക്കുറച്ചാലും അതൊക്കെ രാജ്യത്തിന്റെ വികാസത്തിനും നന്മക്കുംവേണ്ടി ദേശസ്നേഹികളായ പൗരജനങ്ങൾ സഹിക്കേണ്ടുന്ന ത്യാഗങ്ങളാണെന്ന മട്ടിൽ പൊതുജനാഭിപ്രായം നിശ്ശബ്ദതയായി മാറുന്നത്.
ഭൂമിശാസ്ത്ര അതിർത്തികൾക്കപ്പുറത്തുനിന്ന് രാജ്യത്ത് നിക്ഷേപം നടത്താനായി വണിക്കുകളെ ക്ഷണിച്ചുകൊണ്ടുവരുമ്പോൾ അവർ രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും അഭിപ്രായം പറയുന്ന സാഹചര്യവുമുണ്ടാവും. ഇന്ത്യന്‍ ഓഹരിക്കമ്പോളം എന്നത് ഇന്ത്യയുടെ മാത്രം അടുക്കളക്കാര്യമല്ലെന്ന സന്ദേശമാണ് സോറോസ് മുന്നോട്ടുവെച്ചത്. ഇതിനോട് ചേർത്തു വായിക്കേണ്ട കാര്യമാണ്, പല സ്വകാര്യ കുത്തക കമ്പനികളുടെയും ഓഹരികള്‍ കമ്പോളത്തില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന തോതില്‍ വിലവളർച്ച നേടുന്നതിനെ ന്യായീകരിച്ച് ചില സാമ്പത്തിക വിശകലനക്കാർ മുന്നോട്ടുവെച്ച വാദം. ഇത്തരം വളര്‍ച്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും രാജ്യവും ഷെയര്‍ വില വർധന നേടുന്ന സ്ഥാപനങ്ങളും ആർജിക്കുന്ന സാമ്പത്തിക കരുത്തിന്റെ പ്രതിഫലനമാണ് ഈ വളർച്ചയെന്നുമാണ് അവരുടെ ന്യായീകരണം. ഓഹരിക്കമ്പോളം എന്നത് ചൂതാട്ടമല്ല. ഒരു സമ്പദ് വ്യവസ്ഥ നേടുന്ന യഥാർഥ സാമ്പത്തിക വളർച്ചയെയാണ് നാം ഷെയര്‍ മാർക്കറ്റിൽ വിനിമയം ചെയ്യുന്നത്.
വളർച്ചയുടെയും സമ്പദ് വ്യവസ്ഥയിലെ വികസനത്തിന്റെയും സൂചകമായി പൊതുജനം ഒരു കമ്പനിയെ കാണുമ്പോള്‍ അതില്‍ സത്യം ഉണ്ടാകണം. ഊതിപ്പെരുപ്പിച്ച അസത്യങ്ങളുടെ മേല്‍ ആകരുത് ഒരു കമ്പനി അതിന്റെ ആസ്തി പൊതുമധ്യത്തില്‍ പ്രദർശിപ്പിക്കേണ്ടത്. രാജ്യം നേടിക്കൊണ്ടിരിക്കുന്ന സാമ്പത്തിക നേട്ടങ്ങളെ തടയാന്‍ കരുതിക്കൂട്ടി നടത്തുന്ന അപകീർത്തിപ്പെടുത്തൽ ശ്രമമാണ് ഹിൻഡൻബർഗ് റിപ്പോർട്ട് എന്ന് ഉറപ്പുണ്ടെങ്കിൽ ആ റിപ്പോർട്ട് മുന്നോട്ടുവെച്ച വാദങ്ങളെ തെളിവുകളുടെ പിൻബലത്തിൽ ഖണ്ഡിക്കാനുള്ള നിയമപരവും ധാർമികവുമായ ഉത്തരവാദിത്തം രാജ്യത്തിനുണ്ട്. അത് നിർവഹിക്കാതെ പ്രതിസന്ധിയെ ‘സീല്‍വെച്ച കവര്‍ കൊണ്ട്’ മറയ്ക്കാനുള്ള ശ്രമമാണ് കോടതി തടഞ്ഞത്.
ഒരുമാസം കൊണ്ട് ഓഹരിക്കമ്പോളത്തില്‍നിന്ന് നിക്ഷേപകർക്കുണ്ടായ നഷ്ടം പത്തുലക്ഷം കോടിക്കും മുകളിലാണ്. ഒരു വിദേശരാജ്യത്തെ കമ്പനി പുറത്തിറക്കിയ റിപ്പോർട്ടിന്റെ അനന്തരഫലമാണിത്. ആ നിലക്ക് ആ റിപ്പോർട്ട് പുറത്തുവിട്ട കാര്യങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരുക എന്നത് ലോക കമ്പോളത്തില്‍ ഇന്ത്യയുടെ സുതാര്യത ഉറപ്പുവരുത്താന്‍ അത്യന്താപേക്ഷിതമാണ്. അതിനു ശ്രമിക്കാതെ ‘രാജ്യസ്നേഹം’ എന്ന വൈകാരികതയുടെ മുഖംമൂടികൊണ്ട് പൊതുജന രോഷത്തെയും സാമ്പത്തിക ലോകത്ത് രാജ്യം നേരിട്ട അപമാനത്തെയും പ്രതിരോധിക്കാന്‍ നോക്കുന്നതിനെ ജനാധിപത്യമെന്ന് വിളിക്കാനാവില്ല. ബാങ്ക് നിക്ഷേപങ്ങള്‍, പെൻഷന് ഫണ്ടുകള്‍, ഇൻഷുറൻസ് പ്രീമിയം, പൊതുനിക്ഷേപങ്ങള്‍ തുടങ്ങി പരസ്പരബന്ധിതമായ നിരവധി കണ്ണികള്‍ ചേരുന്നതാണ് ഓഹരിക്കമ്പോളം. അതുകൊണ്ടുതന്നെ നീതിപൂർവമല്ലാത്ത പ്രവൃത്തികൾ ആരുചെയ്താലും അതിന്റെ ഫലം അവര്‍ മാത്രമാവില്ല അനുഭവിക്കേണ്ടി വരുക.
ഒരു ജനാധിപത്യ വ്യവസ്ഥയുടെ ശക്തി എന്നത് നിയമവാഴ്ചയും സ്വതന്ത്ര പൊതുജനാഭിപ്രായ രൂപവത്കരണവുമാണ്. നിർഭാഗ്യവശാല്‍ ഇന്നത്തെ ഇന്ത്യയില്‍ ഇതുരണ്ടും വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്നു. നിയമവാഴ്ച ഇല്ലാതായാല്‍ രാഷ്ട്രത്തിന്റെ പരമാധികാരം കുലീനരുടെയും അവരെ കണ്ണടച്ചു പിന്തുണക്കുന്ന ആൾക്കൂട്ടത്തിന്റെയും പരമാധികാരമായി ചുരുങ്ങിപ്പോകും. പാകിസ്താനില്‍നിന്ന് വിദേശ മൂലധനം ഓടിപ്പോകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കാനെങ്കിലും സർക്കാർ സന്നദ്ധത കാണിക്കണം. വികസനം എന്നത് ഇന്നൊരു ആഭ്യന്തര കാര്യമേ അല്ല. ലോകത്തോടുകൂടി ജനാധിപത്യപരമായി സംവദിക്കാതെ ആഭ്യന്തര വികസനം സാധ്യമല്ല. അതിർത്തികളെ യുദ്ധസമാനമാക്കി നിർത്തിയും സാമൂഹിക സുരക്ഷാ ചെലവുകൾ വെട്ടിക്കുറച്ചുമുണ്ടാക്കിയ പണമെടുത്ത് അമേരിക്കയില്‍നിന്ന് 400 വിമാനങ്ങൾ വാങ്ങിയും ഉണ്ടാക്കാമെന്ന് വിശ്വസിക്കുന്ന വികസനം വികസനമേയല്ല. അത്തരം ചെയ്തികളെ ചോദ്യം ചെയ്യാനും വിമർശിക്കാനുമുള്ള പരമാധികാരം ഭരണഘടന പൗരജനങ്ങൾക്ക് നൽകുന്നുണ്ട്. ആ അവകാശത്തെയും അധികാരത്തെയും അതിവൈകാരിക ദേശീയതയും സീൽവെച്ച കവറുകളുംകൊണ്ട് നിഷേധിക്കാൻ ശ്രമിക്കുന്നത് അപകടകരമായ പാതയിലേക്ക് രാജ്യം പോകുന്നതിന്റെ സൂചനയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.