ഡിസംബർ അഞ്ച് ലോക മണ്ണ് ദിനമാണ്. അതായത് മണ്ണിെൻറ പ്രത്യേകതയും പ്രാധാന്യവും ഓർമിപ്പിക്കുന്ന ശ്രേഷ്ഠ ദിനം!.
മണ്ണെന്നു പറഞ്ഞാൽ ഭൂമിക്കു മേലെ പരന്നു കിടക്കുന്ന ലഘുവായ ഒരു വസ്തുവായാണ് പൊതുവേ നാം കണക്കാക്കാറ്. എന്നാൽ, നമുക്ക് മനസ്സ് എത്രമാത്രം പ്രാധാന്യമേറിയതാണോ അതിന് തുല്യമാണ് ഭൂമിയും മണ്ണും തമ്മിലെ ബന്ധം. മണ്ണിെൻറ ഘടന വികലമാക്കിയാൽ ഭൂമിയുടെ പ്രവർത്തനത്തിന് പലവിധ തകരാറുകളുമുണ്ടാകും. വായു മലിനീകരണം, ജലസ്രോതസ്സുകളുടെ തടസ്സപ്പെടൽ, സസ്യലതാദികളുടെ വളർച്ച മുരടിക്കൽ തുടങ്ങി നിരവധി പ്രശ്നങ്ങൾ.
മണ്ണിനെക്കുറിച്ച് സംസാരിക്കുമ്പോൾ സ്വാഭാവികമായും ആദ്യം മനസ്സിലേക്ക് വരുക കാർഷിക കാര്യങ്ങളാണ്. മൺതരികളുടെ ഇഴയടുപ്പം നിലനിർത്തിയാൽ മാത്രമേ സസ്യങ്ങൾക്ക് വളം വലിച്ചെടുക്കാൻ സാധിക്കൂ. ഈ ഇഴയടുപ്പം സംരക്ഷിക്കുന്നത് മണ്ണിലെ ജൈവാംശമാണ്. ജൈവാംശം മണ്ണിൽ നിലനിൽക്കുമ്പോൾ മണ്ണിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം ത്വരിതപ്പെടും. എന്നാൽ, ശരിയായ രൂപത്തിലല്ല നമ്മൾ വളപ്രയോഗം നടത്തുന്നതെങ്കിൽ ജീവാണുക്കളും മണ്ണിെൻറ ഘടനയും അതിവേഗം നാശത്തിലേക്ക് നീങ്ങുകയും, സസ്യങ്ങൾക്ക് ഉൽപാദനം നടത്താൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യും.
ഈയൊരവസ്ഥക്ക് ആക്കം കൂട്ടുന്ന പ്രധാന ഘടകം അശാസ്ത്രീയ രാസവളപ്രയോഗംതന്നെയാണ്. ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് രാസവളപ്രയോഗം നിലവിൽ വരുന്നത്. ആ സമയത്തുതന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സർക്കാർ തലത്തിലും വകുപ്പുതലത്തിലും ഒരുപാട് നിർദേശങ്ങൾ വെച്ചിരുന്നു. എന്നാലിന്ന് അവയെല്ലാംതന്നെ പുറത്തേക്ക് വലിച്ചെറിയുന്ന അവസ്ഥയാണുള്ളത്. ഫലമോ, രാസവളത്തിന് അടിപ്പെട്ട് മണ്ണും ശരീരവും നശിക്കുന്ന അവസ്ഥയിലേക്ക് കർഷകർ മാറിക്കൊണ്ടിരിക്കുന്നു..
മണ്ണിെൻറ ഘടന അറിയാനും യോജിച്ച വളപ്രയോഗം കണ്ടെത്താനും ഇന്നു ധാരാളം സംവിധാനങ്ങളുണ്ട്. കാർഷിക വൃത്തിയിലൂടെ മണ്ണ് സംരക്ഷണം നടത്തണമെങ്കിൽ ആദ്യം മണ്ണ് പരിശോധിക്കണം. ഫലത്തിെൻറ അടിസ്ഥാനത്തിൽ മാത്രം വളം തെരഞ്ഞെടുത്ത് പ്രയോഗിക്കണം.
മണ്ണ് പരിശോധനയിലൂടെ കണ്ടെത്തുന്ന പ്രധാന ഘടകങ്ങൾ നൈട്രജൻ, ഫോസ്ഫറസ്, കാലിയം അഥവാ പൊട്ടാഷ് എന്നിവയാണ്. എൻ.പി.കെ എന്നാൽ രാസവളം അല്ല. N, P,K എന്നാൽ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നീ മൂലകങ്ങളുടെ ചുരുക്കപ്പേരാണ്. ഇവ രാസവളത്തിലുമുണ്ട്, ജൈവവളത്തിലുമുണ്ട് .ജൈവവളത്തിലൂടെയുള്ള NPK സാവകാശത്തിലാണ് വലിച്ചെടുക്കപ്പെടുക. എന്നാലോ, രാസവളത്തിലൂടെ വരുന്നവ പെട്ടെന്ന് വലിച്ചെടുക്കുപ്പെടും. അതുപോലെ അശാസ്ത്രീയമായ രീതിയിലും അധികരിച്ച തോതിലുമുള്ള രാസവളപ്രയോഗം സസ്യങ്ങളെ നാശത്തിലേക്ക് എത്തിക്കുകയും ചെയ്യും. അധികരിച്ച തോതിലുള്ള രാസവളപ്രയോഗം മണ്ണിനെയും അതുവഴി സസ്യങ്ങളെയും എന്തിനേറെ നമ്മുടെ ശരീരഭാഗങ്ങൾ വരെ നശിപ്പിക്കുന്ന ഒര വസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും
ഇതുപോലെതന്നെയാണ് കുമ്മായം ചേർക്കലും. പണ്ടു മുതലേ നമ്മൾ സർവ സാധാരണയായി കാണുന്ന ഒരു കാര്യമാണ് ഒരു തത്ത്വദീക്ഷയുമില്ലാതെ കുമ്മായം വാരിവിതറുക എന്നത്. കുമ്മായം ചേർക്കുന്നത് മണ്ണിലെ അമ്ലാംശം പോകാനാണ്. അധികരിച്ചാൽ മണ്ണിൽ ക്ഷാരാംശമാണ് പെരുകുക. രണ്ട് അവസ്ഥകളും സസ്യങ്ങൾക്ക് മൂലകങ്ങൾ വലിച്ചെടുക്കാൻ പറ്റാത്തതാണ്. അമ്ല-ക്ഷാര നിർവീര്യാവസ്ഥയാണ് മൂലകങ്ങളുടെ ആഗിരണത്തിന് അനുയോജ്യമായിട്ടുള്ളത്.
കൃത്യമായ അളവ് നിശ്ചയിക്കാനും വിതരണരീതി നന്നായി അറിയാനും ജില്ലകൾതോറും മണ്ണ് പരിശോധന ലബോറട്ടറികൾ ഉള്ള കാലത്തും വീണ്ടുവിചാരമില്ലാത്ത പ്രവർത്തനങ്ങളാണ് പലരും ചെയ്തു കൂട്ടുന്നത്.
അതുകൊണ്ട് ഈ ഓർമ ദിനത്തിലെങ്കിലും നമ്മൾ മണ്ണിനെ പറ്റി ഓർക്കുന്നത് നന്നായിരിക്കും. അതിെൻറ ഘടനയെപ്പറ്റിയും നമ്മുടെ അജ്ഞതയും അശ്രദ്ധയും വരുത്തിവെക്കുന്ന തകരാറുകളെപ്പറ്റിയും ചിന്തിക്കുന്നത് ഉചിതമായിരിക്കും.
(മുൻ അസിസ്റ്റൻറ് സോയിൽ കെമിസ്റ്റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.