ആൾക്കൂട്ടക്കൊലകളുടെ ആവർത്തനം, കൊലവിളികളുടെയും; ജൂലൈ-ആഗസ്ത് മാസങ്ങളിൽ അരങ്ങേറിയത്

ജൂലൈ

മുസ്‍ലിം വിദ്വേഷത്തിൽ ഈ മാസവും കർണാടക തന്നെയായിരുന്നു മുന്നിൽ. ദിവസവും ഒരു വിദ്വേഷ പ്രവർത്തനം വീതമെങ്കിലും രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് അരങ്ങേറുന്നുണ്ട് എന്ന് വാർത്തകൾ സൂചിപ്പിക്കുന്നു.

ജൂലൈ രണ്ട്:

ഗുജറാത്തിലെ ബനസ്കന്ത ജില്ലയിലെ ഒരു ഗ്രാമത്തിൽ ഗ്രാമമുഖ്യ​ന്റെ പേരിൽ ഒരു അറിയിപ്പ് പുറത്തുവരുന്നു. മുസ്‍ലിം കച്ചവടക്കാരിൽനിന്നും ഒന്നും വാങ്ങരുതെന്നായിരുന്നു നിർദേശം.

ജൂലൈ നാല്:

ഹരിയാനയിലെ മനേസറിൽ ഹിന്ദു സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പഞ്ചായത്ത്, പ്രദേശത്തെ മുസ്‍ലിംകളെ 'സാമ്പത്തിക ബഹിഷ്‌ക്കരണ'ത്തിന് ആഹ്വാനം ചെയ്തു. മുസ്‍ലിം ഉടമസ്ഥതയിലുള്ള കടകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഒന്നും വാങ്ങരുതെന്ന് പ്രസംഗകർ ജനങ്ങളോട് ആഹ്വാനം ചെയ്തു. സമസ്ത് ഹിന്ദു സമാജിന്റെ ബാനറിൽ ജൂലൈ മൂന്നിന് നടന്ന പരിപാടിയിൽ 200 പേരെങ്കിലും പങ്കെടുത്തു.

ജൂലൈ ആറ്:

കർണാടക ശിവമോഗ ജില്ലയിലെ സൊറാബ താലൂക്കിലെ ആനവട്ടി ഗ്രാമത്തിലുള്ള ഓഡിറ്റോറിയത്തിൽ ബജ്‌റംഗ്ദളിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെയും അംഗങ്ങൾ അതിക്രമിച്ചു കയറുകയും വീരശൈവ സമുദായത്തിന്റെ ഹാളിനുള്ളിൽ ഇസ്‌ലാമിക പാരമ്പര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് കലാകാരന്മാർ നാടകം അവതരിപ്പിക്കുന്നത് പാതിവഴിയിൽ തടയുകയും ചെയ്തു.

ജൂലൈ ഏഴ്:

ഹിന്ദു ജാഗരൺ വേദികെ പ്രവർത്തകൻ കേശവ മൂർത്തിക്കെതിരെ ഖുർആനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ കോലാർ പൊലീസ് ജൂലൈ ആറിന് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌.ഐ.ആർ) ഫയൽ ചെയ്തു. അഞ്ജുമാനെ ഇസ്‌ലാമിയ പ്രസിഡന്റ് സമീർ അഹമ്മദ് നൽകിയ പരാതിയെത്തുടർന്ന് ജൂലൈ ഒന്നിന് ഹിന്ദു ജാഗരൺ വേദികെയുടെ കർണാടക കൺവീനർ മൂർത്തിക്കെതിരെ കേസെടുത്തിരുന്നു.

ജൂലൈ 11:

മുസ്‍ലിം യുവാവിനെ ‘ജയ് ​ശ്രീറാം’ എന്ന് വിളിക്കാൻ ഒരു കൂട്ടം ആളുകൾ നിർബന്ധിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുബിൻ അഹമ്മദ് എന്ന യുവാവ് തന്റെ പശുക്കളെ മേയ്ക്കാൻ ധർമ്മപുര കനാലിന് സമീപം നിൽക്കെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

മുബിനെ ഹിന്ദുത്വ സംഘം രാജ്യദ്രോഹി എന്ന് വിളിക്കുകയും ഉദയ്പൂരിലെ കനയ്യ ലാലിന്റെ കൊലപാതകത്തിന് അദ്ദേഹത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ മുഴുവൻ വീഡിയോയും പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

ജൂലൈ 19:

മഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (യു.ജി) ഹാജരാകാൻ പരീക്ഷാ കേന്ദ്രത്തിൽ എത്തിയപ്പോൾ ബുർഖയും ഹിജാബും അഴിച്ചുമാറ്റാൻ നിർബന്ധിച്ചതായി ചില മുസ്‍ലിം പെൺകുട്ടികൾ അവകാശപ്പെട്ടു.

ജൂലൈ 22:

കുടകിലെ ദേവതകൾക്കും ഹിന്ദു സ്ത്രീകൾക്കും എതിരെ പ്രകോപനപരമായ കമന്റുകൾ പോസ്റ്റ് ചെയ്തെന്ന് ആരോപിച്ച് 17 കാരനായ മുഹമ്മദ് അഷ്ഫാഖിനെതിരെ നടപടി ആവശ്യപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തി. വിശ്വഹിന്ദു പരിഷത്ത് അഷ്ഫാഖിനെ അറസ്റ്റ് ചെയ്യണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടു. പിന്നീട് സത്യം വെളിവായി. മടിക്കേരിയിലെ സൈബർ പൊലീസിൽ ഒരു പ്രധാന വഴിത്തിരിവ് ഉണ്ടായി. പോസ്റ്റുകളുടെ ഉത്തരവാദിയാണെന്ന് കണ്ടെത്തിയ ബംഗളൂരുവിൽ ജോലി ചെയ്യുന്ന 29 കാരനായ ദിവിൻ ദേവയ്യയെ അറസ്റ്റ് ചെയ്തു.

ജൂലൈ 22:

ഹൈദരാബാദിലെ ചാർമിനാർ ഓൾഡ് സിറ്റിയിൽ ബൊണാലു ഘോഷയാത്രക്കിടെ "ജയ് ശ്രീറാം" വിളിക്കാത്തതിന് മുസ്‍ലിം യുവാവിനെ ആക്രമിച്ചതിനെ തുടർന്ന് സംഘർഷാവസ്ഥ.

പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തിരുന്നു. ഹുസൈനിയലം സ്വദേശിയായ മുഹമ്മദ് ഷാഹിദ് എന്ന അഫ്രീദി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഷാദ് കഫേ ഹുസൈനിയാലത്തിൽ നിന്ന് ബോണാലു ഘോഷയാത്ര പോകുകയായിരുന്നു. പെട്ടെന്ന് ഒരു സംഘം ആളുകൾ ഷാഹിദിനെ തടഞ്ഞുനിർത്തി നെറ്റിയിൽ തിലകം ചാർത്തി. ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ നിർബന്ധിച്ചു. ഷാഹിദ് ഇത് നിരസിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചു.

ജൂലൈ 24:

ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ ജൂലായ് 19ന് 28കാരനായ മുസ്‍ലിം യുവാവിനെ ബി.ജെ.പി നേതാവ് ഉൾപ്പെടെ നാല് ഹിന്ദുത്വ സംഘം അടിച്ചുകൊന്നു. കൊല്ലപ്പെട്ട അഖീൽ അഹമ്മദ് തന്റെ സുഹൃത്തുക്കളോടൊപ്പം ഒരു പ്രാദേശിക മേളയിൽ പങ്കെടുക്കാൻ പോയതായിരുന്നു. അവിടെവെച്ച് ബി.ജെ.പി നേതാവ് ചാരു ശുക്ലയുമായി തർക്കമുണ്ടായി. ചാരു ശുക്ലയുടെ സുഹൃത്തുക്കൾ സ്ഥലത്തെത്തി അഖീലിനെ മർദിച്ചതോടെയാണ് തർക്കം രൂക്ഷമായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ജൂലൈ 29:

ദക്ഷിണ കർണാടകയിൽ ഫാസിൽ എന്ന യുവാവിനെ ഹിന്ദുത്വ പ്രവർത്തകൻ കൊലപ്പെടുത്തി. തൊട്ടുമുമ്പ് കൊല്ലപ്പെട്ട ബി.ജെ.പി പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിന്റെ കുടുംബത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിച്ച് മണിക്കൂറുകൾക്ക് ശേഷം കർണാടകയിലെ മംഗളൂരു ജില്ലയിലാണ് ഒരു സംഘം ആളുകൾ ഫാസിലിനെ വെട്ടിക്കൊന്നത്.

ജൂലൈ 30:

ചിക്കമംഗളൂരു കാളി മഠത്തിലെ ഹിന്ദുത്വ നേതാവ് ഋഷികുമാർ സ്വാമി മുസ്‌ലിംകൾക്കെതിരെ അക്രമത്തിന് ആഹ്വാനം ചെയ്യുകയും മംഗലാപുരത്ത് കൊല്ലപ്പെട്ട മുസ്ലീം യുവാവ് ഫാസിലിന്റെ കൊലപാതകത്തെ ന്യായീകരിക്കുകയും ചെയ്തു.

“അത് (മംഗലാപുരത്ത് ഫാസിലിന്റെ കൊലപാതകം) നമ്മുടെ ആളുകളാണ് ചെയ്തതെങ്കിൽ ഞാൻ സന്തോഷവാനാണ്. ഒമ്പത് തലകൾ കെട്ടിക്കിടക്കുന്നു. ഒരു തലക്കു പകരം 10 തലകൾ എടുക്കണം. ഒരു ഹിന്ദുവിന്റെ മരണത്തിന് പ്രതികാരം ചെയ്യാൻ പത്ത് മുസ്‍ലിംകളുടെ തലവെട്ടണം’’ -​പുരോഹിതൻ പ്രസംഗിച്ചു.

ആഗസ്ത്

തകർക്കലുകൾ, ബലാത്സംഗങ്ങൾ, ആൾക്കൂട്ടക്കൊലകൾ: ആഗസ്റ്റിലും മാറ്റമില്ല

ആഗസ്റ്റ് ഒന്ന്: ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ ചഖാബിയിൽ പശുക്കളെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് 35 കാരനെ ജനക്കൂട്ടം മർദ്ദിച്ചു കൊന്നു. ആൾക്കൂട്ടക്കൊലയുടെ വീഡിയോ വൈറലായതോടെ ചലാബിയിൽ കൂടുതൽ സേനയെ വിന്യസിക്കാൻ പൊലീസ് നിർബന്ധിതരായി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ആഗസ്റ്റ് രണ്ട്: മധ്യപ്രദേശിലെ നർമദാപുരം ജില്ലയിൽ പശുക്കടത്ത് ആരോപിച്ച് 50 വയസ്സുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മൂവരും മഹാരാഷ്ട്രയിലെ അമരാവതി സ്വദേശികളാണ്. നന്ദൻബാദ ഗ്രാമത്തിൽ നിന്ന് അമരാവതിയിലേക്ക് കന്നുകാലികളെ കന്നുകാലി ചന്തയിൽ വിൽക്കാൻ കൊണ്ടുപോകുകയായിരുന്നു ആക്രമണത്തിന് ഇരയായവർ.

ആഗസ്റ്റ് നാല്: തെലങ്കാനയിലെ ഷംസാബാദിലെ മസ്ജിദ് ഖ്വാജ മഹ്മൂദ് പ്രാദേശിക ഭരണകൂടം തകർത്തു. കനത്ത പൊലീസ് സേനയുടെ സാന്നിധ്യത്തിൽ പ്രാദേശിക മുനിസിപ്പൽ കോർപ്പറേഷനാണ് തകർത്തത്. പ്രാദേശിക മുസ്‍ലിം നേതാക്കളും സാധാരണക്കാരും ഇതിനെതിരെ ​പ്രതിഷേധിച്ചു രംഗത്തെത്തി.

ആഗസ്റ്റ് നാല്: മദ്രസ നടത്തിപ്പുകാരൻ മുഫ്തി മുസ്തഫയുടെ അറസ്റ്റിനെ തുടർന്ന് അസമിലെ മോറിഗാവിൽ സ്ഥിതി ചെയ്യുന്ന മദ്രസ ജാമിഉൽ-ഹുദ തകർത്തു. തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അതേസമയം, 800 ഓളം മദ്രസകൾ സംസ്ഥാന സർക്കാർ അടച്ചുപൂട്ടിയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ആഗസ്ത് ഏഴ്: ഉത്തർപ്രദേശ് ആഗ്രയിലെ ലോഹമണ്ടി പ്രദേശത്ത് ഒരു ദർഗ അജ്ഞാതർ തകർത്തു. ദർഗ വൈദ്യുതി തടസത്തിന് കാരണമാകുന്നു എന്ന് ആരോപിച്ച് അജ്ഞാതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയായിരുന്നു.

ആഗസ്റ്റ് എട്ട്: അബ്ദുൾ റസാഖ്, സിയാവുൽ ലസ്കർ, അക്ബർ ഖാൻ, സെയ്ദുൽ മുൻസി എന്നീ നാല് പേർ പശ്ചിമ ബംഗാൾ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബരുയിപൂർ സെൻട്രൽ കറക്ഷണൽ ഹോമിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചു. ജൂലായ് അവസാനവാരം വിവിധ കേസുകളിൽ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.

ആഗസ്റ്റ് ഒമ്പത്: ബുലന്ദ്ഷഹറിലെ ഗുലാവതി പൊലീസ് സ്റ്റേഷൻ പരിധിയിൽ, ഒരു പെൺകുട്ടിയുടെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതിന് സാഹിൽ സിദ്ദിഖി എന്ന യുവാവിനെ ബജ്റംഗ്ദൾ പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു.

ആഗസ്റ്റ് 10: ബംഗളൂരുവിലെ ഈദ്ഗാഹ് മൈതാനത്തിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന ഈദ്ഗാഹ് ടവർ നശിപ്പിക്കുമെന്ന് പ്രസ്താവന നടത്തിയ ഹിന്ദു പ്രവർത്തകനെതിരെ കർണാടക പൊലീസ് എഫ്‌.ഐ.ആർ ഫയൽ ചെയ്തു. മൊഴി നൽകിയതിനും സമൂഹത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചതിനും വിശ്വ സനാതൻ പരിഷത്ത് അധ്യക്ഷൻ ഭാസ്കറിനെതിരെ ചാമരാജ്പേട്ട പൊലീസ് കേസെടുത്തു.

ആഗസ്റ്റ് 17: ബൈദുൽ ഖാദിർ എന്നയാൾ ഹിന്ദു ദൈവത്തിനെതിരെ ആക്ഷേപകരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ച് മൂന്ന് മുസ്‍ലിം കുടുംബങ്ങളെ ഹിന്ദുത്വ ഗ്രൂപ്പുകൾ ആക്രമിച്ചു. തൊട്ടുപിന്നാലെ ഖാദിർ അറസ്റ്റിലായി. രോഷാകുലരായ ജനക്കൂട്ടം ഖാദിറിന്റെ വീട് പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മധ്യപ്രദേശിലെ ഷാഹ്ദോൾ ജില്ലയിലെ ധൻപുരി ടൗണിലാണ് സംഭവം.

ആഗസ്റ്റ് 18: ജനുവരി 17ന്, 19കാരനായ സമീർ ഷാപൂരിനെ ബജ്‌റംഗ്ദൾ പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തി. ഇയാളുടെ സുഹൃത്ത് ഷംഷീർ ഖാൻ പത്താനും ആക്രമണത്തിൽ പരിക്കേറ്റു. കർണാടകയിലെ നരഗുണ്ട് സ്വദേശികളാണ് ഇരുവരും. നീതിക്കുവേണ്ടി പോരാടുന്ന സമീറിന്റെ പിതാവ് 52കാരനായ ശുഭൻസാബ് ഷാപൂരിന് ബജ്‌റംഗ്ദളിൽ നിന്നും വധഭീഷണിയുണ്ട്.

ആഗസ്റ്റ് 20: അഞ്ചും ഒമ്പതും വയസ്സുള്ള പ്രായപൂർത്തിയാകാത്ത രണ്ട് മുസ്ലീം പെൺകുട്ടികളെ കപിൽ കശ്യപ് എന്ന 25കാരൻ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. മൂത്ത പെൺകുട്ടിയെ അയാൾ ​കൊലപ്പെടുത്തി. മൂത്ത സഹോദരിയുടെ മൃതദേഹം കൃഷിയിടത്തിൽ നിന്ന് കണ്ടെടുത്തപ്പോൾ, അനുജത്തിയെ അതേ ദിവസം കരിമ്പ് തോട്ടത്തിൽ ജീവനോടെ കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ മോദിനഗർ മേഖലയിലാണ് സംഭവം.

ആഗസ്ത് 25: അസമിലെ തെക്കൻ സൽമാര ജില്ലയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വെച്ച് മുസ്‍ലിം മത്സ്യത്തൊഴിലാളിയായ മനിറുസ്സമാൻ കൊല്ലപ്പെട്ടു. അതിർത്തി രക്ഷാ സേനാംഗം അദ്ദേഹത്തെ വെടിവെച്ചുകൊന്നതായി നാട്ടുകാർ ആരോപിച്ചു. ഗുഡോലി ഗ്രാമത്തിലാണ് സംഭവം.

ആഗസ്റ്റ് 29: മധ്യപ്രദേശ് ദേവാസ് ജില്ലയിലെ ഒരു ഗ്രാമത്തിൽ പള്ളി ആക്രമിച്ചു. രണ്ട് ദിവസത്തോളം സംഘർഷാവസ്ഥ നിലനിന്നു. റിപ്പോർട്ടുകൾ പ്രകാരം 20 കാരനായ സൈഫി ദലിത് വിഭാഗത്തിൽപ്പെട്ട 19 കാരിയായ റിതികക്കൊപ്പം ഒളിച്ചോടി. ഇത് ഉദയ് നഗർ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും സംഘർഷാവസ്ഥ സൃഷ്ടിച്ചു. സെയ്ഫിക്കെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകിയിരുന്നു.

ആഗസ്ത് 29: വീട്ടിൽ നമസ്കരിച്ചതിന് 26 മുസ്‍ലിംകൾക്കെതിരെ മൊറാദാബാദ് പൊലീസ് കേസെടുത്തു. പ്രാദേശിക അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെയാണ് പ്രാർത്ഥന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചന്ദ്രപാൽ സിംഗ് എന്നയാളാണ് പരാതി നൽകിയത്.

ഛജ്‌ലെറ്റ് പ്രദേശത്തെ ദുൽഹെപൂർ ഗ്രാമത്തിലാണ് സംഭവം. വീട്ടിൽ ഇത്തരമൊരു ആചാരത്തിൽ ഏർപ്പെടരുതെന്ന് അവർക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി മൊറാദാബാദ് പൊലീസ് സൂപ്രണ്ട് (റൂറൽ), സന്ദീപ് കുമാർ മീണ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

-തുടരും

Tags:    
News Summary - the account of muslim hatred in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.