യു.എ.പി.എ പോലുള്ള കഠോരനിയമങ്ങള് ചുമത്തി അറസ്റ്റ് ചെയ്യപ്പെടുന്നവര്‍ പലപ്പോഴും ജാമ്യം നിഷേധിക്കപ്പെട്ട് നിരവധി കൊല്ലം ജയിലില്‍ കഴിഞ്ഞശേഷമാവും കോടതി നിരപരാധികളെന്ന് കണ്ടെത്തി മോചിപ്പിക്കപ്പെടുക. യു.എ.പി.എ കേസുകളില്‍ രണ്ടു ശതമാനം പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. അതായത് രണ്ടുപേര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ 98 പേര് കുറ്റക്കാരല്ലെന്ന് കോടതികള്‍ കണ്ടെത്തുന്നു. പ്രശ്നം, നിരപരാധികള്‍ ഈ വിധത്തില്‍ ജീവിതത്തിെൻറ ഒരു നല്ല പങ്ക് ഹോമിക്കേണ്ടി വരുന്നതിലെ അനീതി തിരിച്ചറിയാന്‍ ഭരണാധികാരികള്‍ക്ക് കഴിയാത്തതല്ല, രാഷ്ട്രീയ താൽപര്യങ്ങള് മുന്‍നിര്‍ത്തി അനീതി കാട്ടാന്‍ അവര്‍ക്ക് മടിയില്ലെന്നതാണ്.
രണ്ടു കൊല്ലം മുമ്പ് കേരള പൊലീസ് അലന് ഷുഹൈബ്, താഹ ഫസല്‍ എന്നീ രണ്ട് കോളജ് വിദ്യാര്‍ഥികളെ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് യു.എ.പി.എ വകുപ്പുകള്‍ ചുമത്തി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തപ്പോള്‍തന്നെ മാധ്യമങ്ങള്‍ അതിനു പിന്നിലെ രാഷ്ട്രീയ ഉപജാപകത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്കി. പൊതുസമൂഹം വലിയ തോതില്‍ ശബ്ദമുയര്‍ത്തി. എന്നാല്‍, പൊലീസ് നടപടി അവസാനിപ്പിക്കുന്നതിനു പകരം കേസ് പെട്ടെന്ന് എന്‍.ഐ.എക്ക് വിട്ടു കൈകഴുകാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്.
അതിനുശേഷം പൊതുവികാരം മനസ്സില്ലാമനസ്സോടെ അംഗീകരിച്ചുകൊണ്ട്, ഇതു ഗൗരവപൂർണമായ പരിഗണന അര്‍ഹിക്കുന്ന കേസല്ലെന്നു കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്തെഴുതി. മനോവേദനയോടെയാകണം ക്യാപ്റ്റന്‍ അതു കുറിച്ചത്. പക്ഷേ, ഷായുണ്ടോ ബി.ജെ.പി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം ആകര്‍ഷണീയമായ ചില ഘടകങ്ങളുള്ള കേസ് ഉപേക്ഷിക്കുന്നു?
പ്രതികള്‍ മാവോവാദികളാണെന്നായിരുന്നു എന്‍.ഐ.എ ആദ്യം പറഞ്ഞത്. എന്നാല്‍, കുറ്റപത്രത്തില്‍ അതൊഴിവാക്കി. മാവോവാദി ലഘുലേഖകളും മറ്റും സൂക്ഷിച്ചിരുന്നു എന്നല്ലാതെ ഏതെങ്കിലും വിധ്വംസക പ്രവർത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതായി എന്‍.ഐ.എക്ക് കണ്ടെത്താനായിട്ടില്ല. നിരോധിത സംഘടനയുടെ ലഘുലേഖകള്‍ വായിക്കുന്നതും കൈവശം വെക്കുന്നതും കുറ്റമല്ലെന്ന് സുപ്രീംകോടതി ഒന്നിലധികം വിധികളില്‍ പറഞ്ഞിട്ടുണ്ട്. അലനും താഹക്കും മേൽ ചുമത്തപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ പ്രത്യക്ഷത്തില്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ ന്യായവും യുക്തിസഹമായതുമായ സംശയങ്ങളുണ്ടെന്നു പറഞ്ഞുകൊണ്ടാണ് എന്‍.ഐ.എ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ആ നിലപാട് പരമോന്നത കോടതി ശരിവെച്ചിരിക്കുന്നു. ഈ കേസ് പരാജയപ്പെടുന്ന 98 ശതമാനത്തിെൻറ ഭാഗമാകുമെന്ന് ന്യായമായും പ്രതീക്ഷിക്കാം. പക്ഷേ, കേസ് അവസാനിച്ചിട്ടില്ല. അതിനാല്‍ പൊതുസമൂഹം തുടര്‍ന്നും അലനും താഹക്കുമൊപ്പം ജാഗ്രതയോടെ നില്‍ക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.