കൊല്ലം: എസ്.എഫ്.ഐ പ്രവർത്തകർക്ക് നല്ല ബുദ്ധി ഉപദേശിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിക്ക് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിയുടെ തുറന്ന കത്ത്. എസ്.എഫ്.ഐ പ്രവർത്തകർ ഈ നിലയിൽ മുന്നോട്ടുപോയാൽ ജില്ലയിലെ മുഴുവൻ കലാലയങ്ങളിലും സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് കെ.എൻ. ബാലഗോപാലിനെഴുതിയ കത്തിൽ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി സി. ഗിരീഷ് പറയുന്നു.
അവകാശസമരങ്ങളുടെ പേരിലല്ല കൊല്ലം എസ്.എൻ കോളജിൽ സംഘടനാപ്രവർത്തനം നിരോധിച്ചത്. മറ്റ് സംഘടനകളെ കായികമായി കശാപ്പ് ചെയ്യാൻ എസ്.എഫ്.ഐ പ്രവർത്തകർ തുടർച്ചയായി സൃഷ്ടിച്ച അക്രമപരമ്പരയാണ് കോളജ് മാനേജ്മെൻറിനെ കോടതിയിൽ പോകാൻ പ്രേരിപ്പിച്ചത്. സ്വാതന്ത്ര്യത്തിന് പകരം ഏകാധിപത്യവും സോഷ്യലിസത്തിന് പകരം ഫാഷിസവുമാണ് എസ്.എഫ്.ഐ നടപ്പാക്കുന്നത്. വിദ്യാർഥികൾക്ക് ലഭിക്കുന്ന പരിമിതമായ ജനാധിപത്യ അവകാശങ്ങൾ കൂടി എസ്.എഫ്.ഐ ഇല്ലാതാക്കുകയാണ്.
കഴിഞ്ഞദിവസം നടന്ന കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ചവറ ബി.ജെ.എം കോളജിൽ എ.ഐ.എസ്.എഫ് സ്ഥാനാർഥി വിജയിച്ചിരുന്നു. ഇതിനുശേഷം എസ്.എഫ്.ഐ പ്രവർത്തകർ പ്രദേശത്ത് കലാപ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. എ.ഐ.എസ്.എഫ് പ്രവർത്തകരുടെ വീടുകൾ കയറി ആക്രമിക്കുന്നു. ഫാഷിസ്റ്റ് ശക്തികൾ രാജ്യത്ത് അസഹിഷ്ണുത സൃഷ്ടിക്കുന്നുവെന്ന് പ്രസംഗിക്കുന്ന സി.പി.എം നേതാക്കൾ എസ്.എഫ്.ഐ പ്രവർത്തകരെ ആദ്യം സഹിഷ്ണുത എന്താണെന്ന് പഠിപ്പിക്കണം. വർഷങ്ങൾക്കുശേഷം കൊല്ലം ജില്ലയിൽ എ.ബി.വി.പിക്ക് ഒരു കോളജ് യൂനിയൻ ലഭിച്ചതിെൻറ ഉത്തരവാദിത്തവും എസ്.എഫ്.ഐക്കാണ്. എ.ഐ.എസ്.എഫുമായി ധാരണയിലെത്തിയിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നുവെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.