വി.എസ് തന്നെ ഇടതുമുന്നണിയെ നയിക്കുമെന്ന് സി.പി.ഐ

ന്യൂഡല്‍ഹി: കേരളത്തില്‍ വി.എസ് തന്നെയായിരിക്കും എല്‍.ഡി.എഫിനെ നയിക്കുകയെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി  സുധാകര്‍ റെഡ്ഡി. മുഖ്യമന്ത്രി ആരാകണമെന്നത് തീരുമാനിക്കുന്ന ഘട്ടത്തില്‍ സി.പി.ഐ അഭിപ്രായം മുന്നണിയില്‍ പറയും. ഇന്നയാളത്തെന്നെ വേണമെന്ന് ആജ്ഞാപിക്കുക സി.പി.ഐയുടെ ശൈലിയല്ളെന്ന് പാര്‍ട്ടിയുടെ 90ാം വാര്‍ഷികത്തോടനുബന്ധിച്ച് പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.   
സി.പി.ഐ ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ക്ക് ജനബന്ധം നഷ്ടപ്പെട്ടുവെന്നും ഇന്ത്യന്‍ സാഹചര്യത്തില്‍  ജാതിയുടെ രാഷ്ട്രീയം വേണ്ടവിധം മനസ്സിലാക്കാന്‍ ഇടതുനേതൃത്വത്തിന് സാധിച്ചില്ളെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പുതിയ ജാതി പാര്‍ട്ടി, ജാതിക്കെതിരെ ജീവിതകാലം മുഴുവന്‍ സമരംചെയ്ത ശ്രീനാരായണ ഗുരുവിനോടുള്ള അവഹേളനമാണ്.
ജാതി തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് വിശ്വസിച്ച് കമ്യൂണിസ്റ്റുകാര്‍ തുടക്കംമുതല്‍ അതിനായി ശ്രമിച്ചവരാണ്. കടുത്ത വിവേചനങ്ങള്‍ക്ക് ഇരയാകുന്ന ജാതി വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പ്രാദേശിക പാര്‍ട്ടികള്‍ രംഗത്തുവന്നു. ജാതി പാര്‍ട്ടികളായി മാറിയ അവര്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മാത്രമല്ല, കോണ്‍ഗ്രസ് പോലുള്ള ദേശീയ പാര്‍ട്ടികളുടെയും അടിത്തറയിളക്കി. അതേസമയം, ആളുകളെ ആകര്‍ഷിക്കാനുള്ള ജനബന്ധം നേടിയെടുക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല.  
ഇടതുപക്ഷത്തെ ഭിന്നതകളാണ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയ  മറ്റൊരു ഘടകം. സി.പി.ഐയും സി.പി.എമ്മും ഭിന്നിച്ച  സാഹചര്യം ഇപ്പോഴില്ല. അതുകൊണ്ടുതന്നെ എന്തിന് രണ്ടു പാര്‍ട്ടികളായി തുടരുന്നുവെന്ന ചോദ്യം പ്രസക്തമാണ്. ലയനം നടക്കുമെന്നുതന്നെയാണ് പ്രതീക്ഷ. എപ്പോഴെന്ന് പറയാനാകില്ല. അതിന് രൂപരേഖ തയാറാക്കാനുമാകില്ല. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ലയനം അനിവാര്യമായ തിരിച്ചറിവിലേക്ക് എല്ലാവരും എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. സി.പി.ഐക്കും സി.പി.എമ്മിനുമിടയില്‍ ആശയപരമായും നയപരമായും കാര്യമായ വ്യത്യാസം ഇപ്പോഴില്ല.
കമ്യൂണിസ്റ്റ് പാര്‍ട്ടി അണികള്‍ക്ക് മതവിശ്വാസം വിലക്കിയിട്ടില്ല. മാര്‍ക്സ് പോലും അത് ചെയ്തിട്ടില്ല. കേഡറുകള്‍ മാറിനില്‍ക്കുന്നത് പാര്‍ട്ടി വിലക്കിയതുകൊണ്ടല്ല. മതവിശ്വാസം വ്യക്തിപരമായ കാര്യമായാണ് പാര്‍ട്ടി കാണുന്നത്.  ഭൂരിപക്ഷ വര്‍ഗീയത കത്തിച്ച് സംഘ്പരിവാര്‍ നാടിനെ വലിയ വിപത്തിലേക്കാണ് കൊണ്ടുപോകുന്നത്.
എണ്ണത്തില്‍ മുസ്ലിം ജനസംഖ്യ കൂടുന്നുവെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. സെന്‍സസ് കണക്ക് പരിശോധിച്ചാല്‍ അത് തിരിച്ചറിയാം. രാജ്യത്തെ മൊത്തം  മുസ്ലിംകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് കഴിഞ്ഞ 10 വര്‍ഷംകൊണ്ട് ഇന്ത്യയില്‍ വര്‍ധിച്ച ഹിന്ദു ജനസംഖ്യ.  വിദ്യാര്‍ഥി-യുവജന സമൂഹത്തിലാണ് പാര്‍ട്ടിയുടെ ഭാവി. അവരിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനാണ് 90ാം വാര്‍ഷികത്തില്‍ പാര്‍ട്ടി  തീരുമാനമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു. ബിനോയ് വിശ്വവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.