വരുംവരായ്കകളുടെ ആകുലതയില്‍ യു.ഡി.എഫ് നേതൃത്വം

തിരുവനന്തപുരം: ഹൈകോടതി പരാമര്‍ശത്തോടെ അടിതെറ്റിയ കെ.എം. മാണിയുടെ രാജി ഉറപ്പാക്കുമ്പോഴും വരുംവരായ്കകളുടെ ആകുലതയില്‍ യു.ഡി.എഫ്. കേരള കോണ്‍ഗ്രസ്-എം എടുക്കുന്ന തീരുമാനം മാത്രമല്ല, പിന്തുണ തുടരാന്‍  അവര്‍  മുന്നോട്ടുവെച്ചേക്കാവുന്ന ഉപാധികളാണ് മുന്നണി നേതൃത്വത്തെ ആശങ്കയിലാക്കുന്നത്. രാജി ആവശ്യവുമായി പ്രതിപക്ഷം രംഗത്തിറങ്ങുംമുമ്പ് ചില ഉത്തരവാദപ്പെട്ട കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുണ്ടായ പ്രതികരണങ്ങള്‍ മാണി ഗ്രൂപ്പിനെ അലോസരപ്പെടുത്തുന്നുമുണ്ട്.
അതേസമയം, ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ മാണിയുടെ രാജിയുടെ ആവശ്യകത ബോധ്യപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും എന്നാല്‍ എല്ലാവരുമായും ആലോചിച്ച ശേഷമേ അത് പറയാനാവൂവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹൈകോടതിയുടെ രൂക്ഷമായ പരാമര്‍ശം മാണിയുടെ രാജി ഉറപ്പിക്കുന്നതാണ്. എന്നാല്‍ അത്തരത്തിലെന്തെങ്കിലും സൂചന നല്‍കാന്‍ അദ്ദേഹം തയാറായിട്ടില്ല. ചില ഗൂഢാലോചനകള്‍ പുറത്തുവരുമെന്ന അദ്ദേഹത്തിന്‍െറ മുന്നറിയിപ്പ് യാഥാര്‍ഥ്യമായാല്‍ ആര്‍ക്കായിരിക്കും പ്രഹരമേല്‍ക്കുകയെന്നതും  കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ പരാമര്‍ശം നീക്കാന്‍ ഹൈകോടതിയെ സമീപിച്ചത് ബോധപൂര്‍വമായിരുന്നെന്ന സംശയവും മാണിഗ്രൂപ്പിനുണ്ട്. ബാര്‍ കോഴ വിവാദത്തിന്‍െറ തുടക്കംമുതല്‍ കോണ്‍ഗ്രസിനെ ഏറെ സംശയത്തോടെയാണ് അവര്‍ കാണുന്നത്. ത്വരിത പരിശോധനക്ക് ആഭ്യന്തരമന്ത്രി തയാറായതാണ്  എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനം. മാണിയെ കുടുക്കി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. ഇക്കാര്യങ്ങളിലെ യാഥാര്‍ഥ്യം എന്തുതന്നെയാണെങ്കിലും ഈ സംശയങ്ങള്‍ക്ക്  അറുതിവരുന്നില്ളെങ്കില്‍ കോണ്‍ഗ്രസ്-മാണിഗ്രൂപ് ബന്ധം പഴയപടി സുഗമമാകണമെന്നില്ല. വളഞ്ഞിട്ട് ആക്രമിച്ചാല്‍ പ്രതികരിക്കേണ്ടിവരുമെന്ന് മാണിഗ്രൂപ്പില്‍നിന്നുണ്ടയ പ്രതികരണം ഇതിനെ തുടര്‍ന്നാണ്.
മാണി രാജിവെച്ചാലും സര്‍ക്കാറിനെ നിലനിര്‍ത്താനും അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിനെ നേരിടാനും മാണിഗ്രൂപ്പിന്‍െറ സഹായം കോണ്‍ഗ്രസിന് ആവശ്യമാണ്. അതിനാല്‍ തന്നെ മാണിക്ക് മാന്യമായി രാജിവെക്കാന്‍ അവസരമൊരുക്കുകയെന്നത് അവരുടെയും ആവശ്യമാണ്. ബാര്‍ കോഴ ആരോപണം അടിസ്ഥാനരഹിതമാണെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ചാല്‍ മാത്രം അതിന് സാധിക്കുമോയെന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്. രാജിക്കുമുമ്പ് ധനവകുപ്പിന്‍െറ കാര്യത്തിലുള്‍പ്പെടെ മാണി ചില ഉപാധികള്‍ വെച്ചേക്കാം. ഇന്ന് യു.ഡി.എഫ് യോഗത്തിനുമുമ്പ് ചേരുന്ന മാണിഗ്രൂപ് യോഗം മാണിക്കൊപ്പം കോഴ ആരോപണത്തിന് വിധേയനായ മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണം സംബന്ധിച്ചും ചില ആവശ്യങ്ങള്‍ ഉയര്‍ത്തിയേക്കും.
ഇന്നത്തെ പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തില്‍  തനിക്കൊപ്പം പി.ജെ. ജോസഫും  രാജിവെച്ച് പുറത്തുനിന്ന് സര്‍ക്കാറിന് പിന്തുണ നല്‍കാമെന്ന നിര്‍ദേശം മാണിയുമായി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കാം. എന്നാല്‍ അതംഗീകരിക്കാന്‍ ജോസഫ്  തയാറാവണമെന്നില്ല. അങ്ങനെ വന്നാല്‍  മാണിയുടെ പിന്‍ഗാമി, ധനവകുപ്പ് ആര്‍ക്കായിരിക്കും എന്നീ കാര്യങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണ ഉണ്ടാകേണ്ടതുണ്ട്. കോണ്‍ഗ്രസ്  നേതൃയോഗങ്ങള്‍ ചേരാനിരിക്കെയാണ്  കോടതിവിധി. വിജിലന്‍സ് വിധി ആയുധമാക്കാന്‍ കോണ്‍ഗ്രസിലെ വിവിധ വിഭാഗങ്ങള്‍ ഒരുങ്ങിയിരിക്കുകയായിരുന്നു. അതിനിടയിലാണ് ഹൈകോടതിയില്‍നിന്ന് അടുത്ത പ്രഹരം ഉണ്ടായത്. ഈ സാഹചര്യത്തില്‍ മാണിയുടെ രാജി ഉറപ്പാക്കുന്നില്ളെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍നിന്നുള്ള പടയൊരുക്കത്തിനിടയാക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.