ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ വിവാദ അഗ്നിപഥ് പദ്ധതിയിൽ ചേർന്ന് ജമ്മു-കശ്മീരിൽ രക്തസാക്ഷിയായ അഗ്നിവീർ അജയ് കുമാറിന്റെ കാര്യത്തിൽ പാർലമെന്റിൽ കള്ളം പറഞ്ഞത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങോ? അഗ്നിവീറിന് കേന്ദ്ര സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരമായി കൊടുത്തുവെന്നും രാഹുൽ കള്ളം പറഞ്ഞുവെന്നും രാജ്നാഥ് പാർലമെന്റിൽ പറഞ്ഞ ശേഷം താനല്ല, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് അഗ്നിവീറിൽ കള്ളം പറഞ്ഞതെന്ന് രാഹുൽ ഗാന്ധി കുടുംബത്തെ ഉദ്ധരിച്ച് തിരിച്ചടിച്ചു. എന്നാൽ, വിവാദത്തിൽ ഇടപെട്ട് സൈന്യം നേരിട്ടിറക്കിയ പ്രസ്താവനയിൽ 98.39 ലക്ഷം രൂപ നൽകിയെന്ന് അറിയിച്ചെങ്കിലും അതിൽ 50 ലക്ഷം രൂപ ഇൻഷുറൻസ് തുകയാണെന്ന് വ്യക്തമായതോടെയാണ് കള്ളം പറഞ്ഞതാരാണെന്ന ചോദ്യം വീണ്ടുമുയരുന്നത്.
അഗ്നിവീർ ആയി സേവനമനുഷ്ഠിക്കുന്നതിനിടയിൽ രക്തസാക്ഷിയായ പഞ്ചാബി സൈനികൻ അജയ് കുമാറിന് കേന്ദ്ര സർക്കാർ ഒരു കോടി രൂപ നൽകിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി പാർലമെന്റിൽ പറഞ്ഞത് കള്ളമാണെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വാക്കുകൾ പങ്കുവെച്ച് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. കള്ളം പറഞ്ഞ രാജ്നാഥ് പാർലമെന്റിൽ മാപ്പു പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. അതിന് പിന്നാലെയാണ് നഷ്ടപരിഹാരവും ആനുകൂല്യങ്ങളുമടക്കം അഗ്നിവീറിന് 98.39 ലക്ഷം രൂപ കൊടുത്തുവെന്നും ബാക്കി 67 ലക്ഷം രൂപ കൂടി നൽകാനുണ്ടെന്നുമാണ് സൈന്യം പറഞ്ഞത്. എന്നാൽ, കൊടുത്തതിൽ 50 ലക്ഷം ഇൻഷുറൻസ് തുകയാണെന്ന് സൈന്യം പറഞ്ഞിട്ടില്ല. അജയ് കുമാറിന്റെ കുടുംബത്തിന് ലഭിച്ചതിൽ 50 ലക്ഷം എസ്.ബി.ഐയുടെ ഗ്രൂപ് ഇൻഷുറൻസ് തുകയും 48 ലക്ഷം സൈന്യത്തിന്റെ ഗ്രൂപ് ഇൻഷുറൻസ് തുകയുമാണ്.
അതേസമയം, അഗ്നിവീർ പദ്ധതി നിർത്തലാക്കണമെന്ന് അജയ് സിങ്ങിന്റെ കുടുംബം ആവശ്യപ്പെട്ടു. കേവലം നാലു വർഷത്തെ ജോലിക്ക് വേണ്ടിയാണ് തന്റെ സഹോദരൻ ജീവൻ ബലി നൽകിയതെന്ന് അജയ് കുമാറിന്റെ സഹോദരി പഞ്ഞു. ഒരു കോടി തരാമെന്ന് സർക്കാർ പറയുമ്പോൾ അതുകൊണ്ട് ജീവിക്കാൻ കഴിയുമോ എന്ന് ആലോചിക്കണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.