കോടതിയുടേത് മന്ത്രി രാജിവെക്കണമെന്ന വ്യക്തമായ സൂചന

കൊച്ചി: ബാർ കോഴക്കേസിലെ വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹരജി പരിഗണിക്കുന്നതിനിടെ ഹൈകോടതി മന്ത്രി മാണിക്ക് നൽകിയത് രാജിവെക്കണമെന്ന വ്യക്തമായ സൂചന. മന്ത്രിയായി തുടരുന്ന ഒരാൾക്കെതിരെ സംസ്ഥാന സർക്കാറിന് കീഴിലെ ഏജൻസി നടത്തുന്ന അന്വേഷണം ഫലപ്രദമാകില്ലെന്ന സൂചന കോടതി നേരിട്ട് പറയാതെ പറയുകയാണ് ചെയ്തത്. അന്വേഷണം സത്യസന്ധമാകില്ലെന്ന് ജനം കരുതുന്നത് സ്വാഭാവികമെന്നും കുറ്റം പറയാനാകില്ലെന്നുമുള്ള സൂചന കൃത്യമായ നിർദേശത്തിെൻറ രൂപത്തിലുള്ളതാണ്.

സംസ്ഥാന മന്ത്രിയായതിനാൽ സംസ്ഥാനത്തിന് പുറത്തുനിന്ന് നിയമോപദേശം സ്വീകരിക്കാൻ വിജിലൻസ് ഡയറക്ടർക്ക് അഡ്വക്കറ്റ് ജനറൽ നിർദേശം നൽകിയത് കോടതി വിധിന്യായത്തിൽ സൂചിപ്പിക്കുന്നു. മന്ത്രിയായതിനാലാണ് എ.ജിയോ ഡി.ജി.പിയോ നിയമോപദേശം നൽകാതിരുന്നത്. എന്നാൽ, അതേ മന്ത്രി അധികാരത്തിലിരിക്കേ സർക്കാറിന് കീഴിലെ ഉദ്യോഗസ്ഥർ നടത്തുന്ന അന്വേഷണത്തിനും ഇത് ബാധകമാകുമെന്ന സൂചനയാണ് കോടതി നൽകിയത്. പുറമെനിന്ന് നിയമോപദേശം തേടുന്നതിെൻറ ചെലവ് പൊതുജനത്തിെൻറ ചുമലിൽ വെക്കുന്നതിനെയും കോടതി ചോദ്യംചെയ്തു. എന്നാൽ, ഇക്കാര്യങ്ങളിൽ അഭിപ്രായം പറയാതെ ഒഴിഞ്ഞുമാറുന്ന കോടതി ഇതുസംബന്ധിച്ച തീരുമാനം ആരോപണവിധേയനായ മന്ത്രിയുടെ മനസ്സാക്ഷിക്ക് വിടുകയും ചെയ്തു.

സൂചനകളിലൂടെയാണെങ്കിലും മന്ത്രിയുടെ മനസ്സാക്ഷിക്ക് വിടുന്നത് രാജിവെക്കണോ വേണ്ടയോ എന്ന കാര്യം തന്നെയാണ്. തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തിയ പ്രഥമദൃഷ്ട്യാ തെളിവിെൻറ അടിസ്ഥാനത്തിലുള്ള തുടരന്വേഷണ ഉത്തരവിൽ അപാകതയില്ലെന്നുതന്നെയാണ് ഹൈകോടതിയുടെ കണ്ടെത്തൽ. അതിനാൽ, തുടരന്വേഷണം നടത്താനാണ് ഉത്തരവ്. എന്നാൽ, തുടരന്വേഷണം നടക്കുമ്പോൾ മന്ത്രിയായി ആരോപണവിധേയൻ തുടരുന്നത് ശരിയാകില്ലെന്ന സൂചനയും നൽകി. തുടരന്വേഷണത്തെ വിജിലൻസും മറ്റുള്ളവരും ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യം തിങ്കളാഴ്ച കോടതി വാക്കാൽ ചോദിക്കുകയും ചെയ്തു.

മന്ത്രിക്കുവേണ്ടി ആരും ഹാജരാകാതിരിക്കേയാണ് വിജിലൻസും ചില എതിർ കക്ഷികളും തുടരന്വേഷണത്തെ ചോദ്യംചെയ്തത്. മുമ്പ് ആർ. ബാലകൃഷ്ണപിള്ള മന്ത്രിയായിരുന്നപ്പോൾ പഞ്ചാബ് മോഡൽ പ്രസംഗത്തിെൻറ പേരിലും കെ.പി. വിശ്വനാഥനെതിരായ ചന്ദനക്കടത്ത് കേസിലും മന്ത്രിമാർ രാജിവെക്കണമെന്ന പരാമർശം പരോക്ഷമായി കോടതിയിൽനിന്ന് ഉണ്ടായിട്ടുണ്ട്. രണ്ട് മന്ത്രിമാരും രാജിവെക്കുകയും ചെയ്തു. അതിനെക്കാൾ വ്യക്തമായ കോടതി പരാമർശമാണ് ഇപ്പോൾ മന്ത്രി മാണിക്കെതിരെ ഉണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.