ബി.ജെ.പി നേതൃത്വം വഴങ്ങുന്നു വിമർശകർക്കെതിരെ നടപടിയില്ല

ന്യൂഡൽഹി: ബിഹാർ തോൽവിയെ തുടർന്ന് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ഉയർന്ന വിമർശം അടിച്ചമർത്താൻ മൂന്ന് മുൻ പ്രസിഡൻറുമാർ നടത്തിയ ശ്രമം പരാജയപ്പെട്ടു. ബിഹാർ തോൽവി പഠിക്കുമെന്നും തിരുത്തൽനടപടി കൈക്കൊള്ളുമെന്നും ഔദ്യോഗികവിഭാഗം വ്യക്തമാക്കി. പരസ്യവിമർശം നടത്തിയവർക്കെതിരെ അച്ചടക്കനടപടി എടുക്കാനുള്ള നീക്കത്തിനും പാർട്ടിയിൽനിന്ന് പിന്തുണ ലഭിച്ചില്ല. അച്ചടക്കനടപടി ആവശ്യപ്പെട്ട നിതിൻ ഗഡ്കരി പ്രസ്താവന തിരുത്തിയപ്പോൾ മുതിർന്നവർക്ക് പറയാനുള്ളത് കേൾക്കുമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി രാം മാധവും വ്യക്തമാക്കി.  

അച്ചടക്കനടപടി വേണമെന്ന ആവശ്യത്തെ ആഭ്യന്തരമന്ത്രി രാജ്നാഥ് എതിർത്തപ്പോഴാണ് പ്രസ്താവന മാധ്യമങ്ങൾ തെറ്റായിനൽകിയതാണെന്ന തിരുത്തുമായി വെള്ളിയാഴ്ച ഗഡ്കരി രംഗത്തുവന്നത്. മുതിർന്ന നേതാക്കൾക്ക് പയാനുള്ളത് കേൾക്കണമെന്നും തെറ്റുതിരുത്തൽ നടപടി കൈക്കൊള്ളണമെന്നും രാജ്നാഥ് ബദൽ നിർദേശം മുന്നോട്ടുവെച്ചു. ഇതേതുടർന്ന് നാഗ്പൂരിലിറക്കിയ പ്രസ്താവനയിൽ എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും അങ്ങേയറ്റം ആദരണീയരായ നേതാക്കളാണെന്നും താനോ ഏതെങ്കിലും ഭാരവാഹികളോ അവരോട് അനാദരവ് കാണിച്ചിട്ടില്ലെന്നും ഗഡ്കരി പറഞ്ഞു. അവരിൽനിന്ന് വിശദീകരണം ആവശ്യപ്പെടുകയോ അവർക്കെതിരെ നടപടി ആവശ്യപ്പെടുകയോ ചെയ്യുന്ന പ്രശ്നമുൽഭവിക്കുന്നില്ലെന്നും ഗഡ്കരി വ്യക്തമാക്കി.

അതേസമയം, കൂടുതൽ നേതാക്കൾ പരസ്യപ്രസ്താവനയുമായി വരാൻ തുടങ്ങിയതോടെ പാർട്ടി നേതൃത്വത്തിനെതിരെയുള്ള ശബ്ദം ഉച്ചത്തിലായി. മുതിർന്ന നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കത്തിെൻറ ഭാഗമായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി മുരളി മനോഹർ ജോഷിയെ കണ്ടു.
തെരഞ്ഞെടുപ്പ് പരാജയത്തിെൻറ ഉത്തരവാദിത്തം ആർക്കാണെന്ന് വ്യക്തമാക്കണമെന്ന അദ്വാനിയടക്കമുള്ള മുതിർന്ന നേതാക്കളുടെ നിലപാടുകളെ മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി കൂടിയായ ബി.ജെ.പി എം.പി ആർ.കെ. സിങ് പിന്തുണച്ചു. തെരഞ്ഞെടുപ്പ് തോൽവി അവലോകനം ചെയ്യണമെന്നും ഉത്തരവാദിത്തം നിർണയിക്കണമെന്നും സിങ് ആവശ്യപ്പെട്ടു. എന്താണ് തെറ്റിയതെന്നും ആരാണതിനുത്തരവാദിയെന്നും കണ്ടുപിടിക്കണം. അതാണ് മാർഗദർശക് മണ്ഡൽ പറഞ്ഞതും. ‘ഞങ്ങളുടേത് വ്യത്യാസമുള്ള പാർട്ടിയെന്നാണ് കരുതിയത്. സംശുദ്ധമായ സർക്കാണ് ഉണ്ടാവേണ്ടത്. എന്നിട്ടാണ് തലക്ക് ഇനാം പ്രഖ്യാപിച്ച ക്രിമിനലുകൾക്കുവരെ സർക്കാർ ടിക്കറ്റ് നൽകിയത്. പ്രധാനമന്ത്രി മുതലുള്ള നേതാക്കളെല്ലാം മര്യാദകെട്ട രീതിയിലാണ് പെരുമാറിയത്. ബി.ജെ.പി പരാജയപ്പെടുകയായിരുന്നില്ല, ആത്മഹത്യചെയ്യുകയായിരുന്നു’; –സിങ് തുറന്നടിച്ചു. ഡൽഹിയിൽ നിന്നുള്ള ബി.ജെ.പി എം.പി മനോജ് തിവാരിയും ഝാർഖണ്ഡ് നേതാവ് കരിയ മുണ്ടയും വിമർശകരോടൊപ്പം ചേർന്നു.

ബി.ജെ.പി അജണ്ട ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്ന് മനോജ് തിവാരി പറഞ്ഞു. മഹാസഖ്യത്തിെൻറ തന്ത്രം ബി.ജെ.പിയേക്കാൾ മികച്ചതായിരുന്നെന്നും ഇതിനേക്കാൾ നന്നായി പാർട്ടിക്ക് ചെയ്യാൻ കഴിയുമായിരുന്നെന്നും തിവാരി കൂട്ടിച്ചേർത്തു. പ്രാദേശിക നേതാക്കളെ അപ്പാടെ തള്ളിക്കളഞ്ഞ് പുറത്തുനിന്നവർ റാലി നടത്തിയത് കൊണ്ടാണ് പാർട്ടി പരാജയപ്പെട്ടതെന്ന് കരിയമുണ്ട പറഞ്ഞു. തന്നെപ്പോലുള്ള പ്രദേശത്തെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ചക്ക് പോലും അമിത് ഷാ തയാറായില്ല.  പ്രവർത്തകരെ കൂട്ടിയോജിപ്പിക്കാൻ ആരുമുണ്ടായിരുന്നില്ലെന്നും കരിയമുണ്ട പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.