നഗരത്തെ ഗ്രാമത്തോടുചേര്‍ത്ത്, യു.ഡി.എഫിനെ വളഞ്ഞ് എല്‍.ഡി.എഫ്

തിരുവനന്തപുരം: തദ്ദേശ ഭാരവാഹി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വന്‍ നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും ആധിപത്യം സ്ഥാപിച്ച് എല്‍.ഡി.എഫ്. മുനിസിപ്പാലിറ്റികളിലാണ് യു.ഡി.എഫിന് സാന്നിധ്യം ഉറപ്പിക്കാനായത്. ഭരണം പിടിക്കുന്നതിനുള്ള അടവുകള്‍ കുറേ നടന്നിട്ടുണ്ടെങ്കിലും നഗര, ഗ്രാമങ്ങള്‍ ഒരുപോലെ കൈയിലാക്കി യു.ഡി.എഫിനെ വളഞ്ഞുവെച്ച അവസ്ഥയില്‍ എത്തിക്കാനായത് എല്‍.ഡി.എഫിന്  രാഷ്ട്രീയ നേട്ടംതന്നെയാണ്. അതോടൊപ്പം ഒരു ജില്ലയിലൊതുങ്ങിയിരുന്ന ബി.ജെ.പി ആറിടത്തായി ഒരു നഗരസഭയിലും 12 പഞ്ചായത്തിലും അധികാരത്തിലേറുകയും ചെയ്തു. തലസ്ഥാനത്ത് പ്രധാന പ്രതിപക്ഷവും.
കക്ഷികളുടെ പിണങ്ങിപ്പോക്കും തുടര്‍ച്ചയായ തോല്‍വികളുംമൂലം തിരിച്ചുവരവ് അസാധ്യമോയെന്ന ആശങ്കയില്‍നിന്നാണ് എല്‍.ഡി.എഫിന്‍െറ, പ്രത്യേകിച്ച് സി.പി.എമ്മിന്‍െറ കരകയറ്റം. സി.പി.ഐയും ജനതാദളും കഴിഞ്ഞാല്‍  ചെറുചലനം പോലും ഉണ്ടാക്കാനാവുന്ന കക്ഷികളൊന്നും മുന്നണിയിലില്ല. ആ സാഹചര്യത്തിലും നേടിയ വിജയം സി.പി.എമ്മിന് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനുള്ള കരുത്തു നല്‍കുന്നതുമാണ്.
ഗ്രാമങ്ങളിലെ അടിസ്ഥാന ശക്തിയും നഗരഭരണത്തിന്‍െറ നേട്ടവും ഗുണമാവുകയും ചെയ്യും. സംഘടനാശേഷിയും യോജിച്ച പ്രവര്‍ത്തനവും സഹായകരമായെങ്കിലും വിജയത്തിന് അതുമാത്രമല്ല കാരണമെന്നും വ്യക്തമാണ്. വെള്ളാപ്പള്ളി നടേശന്‍െറ രംഗപ്രവേശത്തോടെ അണികളെ പിടിച്ചുനിര്‍ത്താന്‍ ശക്തമായ ഫാഷിസ്റ്റ് വിരുദ്ധ നിലപാടാണ് സി.പി.എം കൈക്കൊണ്ടത്. പിന്നീടത് ബീഫിലടക്കം പൊതുവികാരമായി വളര്‍ത്താനും കഴിഞ്ഞു. ഇതോടെ നഷ്ടമായെന്നു കരുതിയ വിശ്വാസ്യത മടക്കിക്കിട്ടുകയും ചെയ്തു. ഇതുമൂലം എല്‍.ഡി.എഫിനോട് അകന്നുനിന്ന ജനവിഭാഗങ്ങള്‍ അവര്‍ക്ക് വോട്ടുചെയ്യാനും തയാറായി. യു.ഡി.എഫിലെ പിണക്കങ്ങളുടെ ഗുണവും കിട്ടി. ബി.ജെ.പി ബന്ധത്തിനെതിരെ സി.പി.എം നിലപാട് കടുപ്പിക്കുമ്പോഴും സി.പി.ഐ സെക്രട്ടറിയടക്കം എസ്.എന്‍.ഡി.പി വേദികളില്‍ ക്ഷണിക്കപ്പെടുന്ന വൈരുധ്യവും ഇതിനിടെയുണ്ടായി. അതിനാല്‍ വിജയത്തിന്‍െറ ക്രെഡിറ്റ് സി.പി.എമ്മിനാണ് അവകാശപ്പെടാനാവുന്നതും. കാരായി രാജനെയും ചന്ദ്രശേഖരനെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും മുനിസിപ്പല്‍ ചെയര്‍മാനുമാക്കി  ‘വിശുദ്ധരാക്കി’യെങ്കിലും പൊതുസമൂഹത്തില്‍ ഇതുണ്ടാക്കാവുന്ന പ്രതികരണങ്ങള്‍ ഇടതിനു ഗുണകരമാവുന്നതുമല്ല.
അതിനാല്‍ തദ്ദേശത്തിലൂടെ ആര്‍ജിച്ച വിശ്വാസ്യതയും അഴിമതിവിരുദ്ധ നിലപാടും നിലനിര്‍ത്തുക എന്നതാണ് അവര്‍ക്കു മുന്നിലെ വെല്ലുവിളി. അതോടൊപ്പമാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രഖ്യാപനത്തോടെ ഉയര്‍ന്ന മൂപ്പിളമ വിഷയവും.
ഒരു എം.എല്‍.എ മൂത്രമൊഴിക്കാന്‍ പോയാല്‍ വീഴുമായിരുന്ന മന്ത്രിസഭയെ തുടര്‍ഭരണമെന്ന ചര്‍ച്ചയിലത്തെിക്കാനായി എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അവകാശവാദം. ഈ ആത്മവിശ്വാസമാണ് ഓരോ തെരഞ്ഞെടുപ്പും മന്ത്രിസഭയുടെ വിലയിരുത്തലാവും എന്ന വെല്ലുവിളിക്ക് ധൈര്യമായതും. ബി.ജെ.പിക്കെതിരെ ഒന്നും പറയാതിരിക്കുന്നത് ഗുണംചെയ്യുമെന്നും കരുതി. പിതാക്കന്മാരുടെ മരണം മൂലം വന്ന ഒഴിവുകളില്‍ മക്കള്‍ നേടിയ രണ്ടും കൂറുമാറി വന്ന് മത്സരിച്ചുണ്ടായ വിജയങ്ങളുമായിരുന്നു പിന്തുണ കൂടുന്നുവെന്ന വാദത്തിനു പിന്നില്‍.
എന്നാല്‍, ലോക്സഭയില്‍ നാലില്‍നിന്ന് എല്‍.ഡി.എഫ് എട്ടാവുകയായിരുന്നുവെന്ന കാര്യം മറന്നാണ് അഴിമതിയടക്കമൊന്നും  ജനങ്ങള്‍ക്ക് ബാധകമല്ളെന്ന വിലയിരുത്തലില്‍ ഉമ്മന്‍ ചാണ്ടി എത്തിയത്. ഒടുവില്‍ മാണിയുടെ രാജിയോടെ ഒഴിവായ തലവേദന ഇതിലെ ഇരട്ടനീതിയില്‍ പിടിച്ച് തുടരുകയും ചെയ്യും. ഇത്തരം വിഷയങ്ങളാവും തുടര്‍ഭരണം നിശ്ചയിക്കുന്നത്. ഒപ്പം സഹനേതാക്കളുടെ നിലപാടും. എഴുതിത്തള്ളുന്ന അവസ്ഥയിലൊന്നും യു.ഡി.എഫ് എത്തിയിട്ടില്ലാത്തതിനാല്‍ മടങ്ങിവരവിനുള്ള സമയമുണ്ടുതാനും. ഇപ്പോള്‍ ധനകാര്യം കൂടി കൈയിലുള്ളപ്പോള്‍ ജനപ്രിയ പദ്ധതികള്‍കൊണ്ട് പലതിനെയും മറികടക്കാനുമാവും.
എസ്.എന്‍.ഡി.പി -ബി.ജെ.പി കൂട്ടൂകെട്ട് കാര്യമായ ഗുണം ചെയ്തില്ളെന്നത് വസ്തുതയാണ്. അതിനാല്‍ ഒന്നില്‍നിന്ന് ആറു ജില്ലകളിലേക്കുള്ള അവരുടെ ഭരണസാന്നിധ്യം സ്വന്തം ശക്തി വര്‍ധനതന്നെയാണ് കാണിക്കുന്നത്. ഒരുപക്ഷേ, ഇതുതന്നെയാവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.