‘മതേതരത്വം’: രാഷ്ട്രീയ ലക്ഷ്യത്തോടെ ബി.ജെ.പി

ന്യൂഡൽഹി: ഭരണഘടനയിൽ ‘മതേതരത്വം’ ഉൾപ്പെടുത്തിയതിനെച്ചൊല്ലി മോദിസർക്കാർ അകമ്പടിയോടെ വിവാദത്തിന് ബി.ജെ.പി തുടക്കമിട്ടു. ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്ത് ഉൾപ്പെടുത്തിയ ‘മതേതരത്വം’ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവുമേറെ ദുരുപയോഗിക്കപ്പെട്ട പദമാണെന്ന ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിെൻറ പരാമർശത്തോടെയാണിത്. അതേസമയം, ഇതിെൻറ പേരിൽ ഭരണഘടനയിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും സർക്കാറിന് താക്കീത് നൽകി.

ഇടക്കാല നിയമനിർമാണസഭ ഭരണഘടന പാസാക്കിയതിെൻറ വാർഷിക ദിനത്തിൽ ലോക്സഭയിൽ നടന്ന പ്രത്യേക ചർച്ചയിലാണ് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് വിഷയം എടുത്തിട്ടത്. ഭരണഘടനയുടെ ആമുഖത്തിൽ മതനിരപേക്ഷതയും സോഷ്യലിസവും ഉൾപ്പെടുത്തിയതിനെ തുടക്കം മുതൽ എതിർത്തുവരുന്ന സംഘ്പരിവാർ അജണ്ടയാണ് ഇതുവഴി ആഭ്യന്തര മന്ത്രി പാർലമെൻറിൽ ഉയർത്തിയത്.

ഭരണഘടനാ ശിൽപി ഡോ. ബി.ആർ അംബേദ്കറുടെ 125ാം ജന്മവർഷമെന്ന നിലയിലാണ് പാർലമെൻറിൽ രണ്ടു ദിവസം ഭരണഘടനാ ചർച്ച സർക്കാർ നിശ്ചയിച്ചത്. ഇതിെൻറ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് പുറത്തു വന്നത്. അസഹിഷ്ണുതാ വിഷയത്തേക്കാൾ, ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയെക്കുറിച്ച ചർച്ചക്കാണ് ബി.ജെ.പിയും സർക്കാറും ഈന്നൽ നൽകിയത്. ഇതാകട്ടെ, സർക്കാറിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന അസഹിഷ്ണുതാ പ്രശ്നം വഴിതിരിച്ചു വിടാനുള്ള ശ്രമം കൂടിയായി.

അസഹിഷ്ണുതാ പ്രശ്നത്തിൽ സാമൂഹികാന്തരീക്ഷം കലങ്ങി നിൽക്കുന്നതിനിടയിൽ ഭരണഘടനാ ചർച്ച നിശ്ചയിക്കുക വഴി സ്വന്തം വാദമുഖങ്ങൾ പാർലമെൻറിൽ സമർഥമായി അവതരിപ്പിക്കാൻ അവസരം ലഭിക്കുമെന്ന് ഭരണപക്ഷം കണക്കുകൂട്ടുന്നു. വർഷകാല പാർലമെൻറ് സമ്മേളനത്തിൽനിന്ന് വ്യത്യസ്തമായി, ശീതകാല സമ്മേളനം സമാധാനപരമായ അന്തരീക്ഷത്തിൽ തുടങ്ങിയെന്ന പ്രതിച്ഛായ സൃഷ്ടിക്കാമെന്നും കരുതുന്നു. ഭരണഘടനയെക്കുറിച്ച് പാർലമെൻറിൽ സുപ്രധാന ചർച്ച നടക്കുമ്പോൾ പക്ഷേ, ഭരണഘടനയുടെ കാവലാളായ രാഷ്ട്രപതിക്ക് റോളില്ല. ഭരണഘടന അംഗീകരിച്ചതിെൻറ വാർഷിക വേളയിൽ രാഷ്ട്രപതിയുടെ അഭിസംബോധന ഉൾപ്പെടുത്തുന്ന വിധം പാർലമെൻറിെൻറ സംയുക്ത സമ്മേളനം സർക്കാർ വിളിക്കാതിരുന്നത് ചർച്ചയായിട്ടുണ്ട്.

വഴിപാടു ചർച്ചയാണ് സർക്കാർ ഇരുസഭകളിലും നടത്തുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പിന്നാക്ക സംവരണം, പിന്നാക്കവിഭാഗ അതിക്രമ നിരോധ ബിൽ തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ വ്യക്തമായ ചുവടുവെപ്പു നടത്താൻ സർക്കാർ തയാറുണ്ടോ എന്ന് സി.പി.എം ചോദിക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.