കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

കോട്ടയം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി വിധി എതിരായിട്ടും മന്ത്രി കെ.എം. മാണിയെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്‍െറ നീക്കത്തെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരള കോണ്‍ഗ്രസ് വന്‍പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്‍െറ സൂചനകള്‍ പ്രകടമാണ്.
 പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റിയോ ഉന്നതാധികാര സമിതിയോ അടിയന്തരമായി വിളിച്ചുകൂട്ടി പ്രതിസന്ധി ചര്‍ച്ചചെയ്യണമെന്ന് ഉന്നതാധികാര സമിതിയംഗവും മുന്‍ എം.എല്‍.എയുമായ പി.സി. ജോസഫ് ആവശ്യപ്പെട്ടതും മാണിക്കെതിരായ നീക്കം ശക്തിപ്പെടുന്നതിന്‍െറ തെളിവാണ്. ഇതുസംബന്ധിച്ച് പി.സി. ജോസഫ് കെ.എം. മാണിക്കും പി.ജെ. ജോസഫിനും കത്ത് നല്‍കി. കേരള കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളും എം.എല്‍.എമാരും രഹസ്യമായി ഈ നീക്കത്തെ പിന്തുണക്കുന്നു. മാണിക്കെതിരെ തിരക്കിട്ട് പി.സി. ജോസഫ് രംഗത്തുവന്നത് മന്ത്രി പി.ജെ. ജോസഫിന്‍െറയും ഏതാനും എം.എല്‍.എമാരുടെയും മൗനാനുവാദത്തോടെയാണെന്നാണ് സൂചന. ജോസ് കെ. മാണിയോടുള്ള എതിര്‍പ്പും ഈനീക്കത്തിന് പിന്നിലുണ്ട്. 
അതിനിടെ പി.സി. ജോസഫിന്‍െറ ആവശ്യം തള്ളിയ മാണി, പാര്‍ട്ടി ഉന്നതാധികാര സമിതി തല്‍ക്കാലം വിളിച്ചുചേര്‍ക്കാനാവില്ളെന്നും പുതിയ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാനില്ളെന്നും പാലായില്‍ വ്യക്തമാക്കി. മാണിയെ തള്ളി പി.ജെ. ജോസഫും രംഗത്തുവന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പാര്‍ട്ടി ഉന്നതാധികാര സമിതി വിളിച്ചുകൂട്ടുമെന്ന് ജോസഫ് അറിയിച്ചു. 
കോടതിയില്‍ കേസ് തുടരുന്ന സാഹചര്യത്തില്‍ മാണി നിയമ വകുപ്പെങ്കിലും ഒഴിയണമെന്ന് ആവശ്യപ്പെടുന്നവരും പാര്‍ട്ടിയില്‍ ഉണ്ട്. മാണി രാജിവെക്കുന്നില്ളെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിടേണ്ടി വരുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കി. തന്‍െറ അടുത്ത വിശ്വസ്തരുമായി മാത്രം പാലായിലെ വസതിയില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ മാണി രഹസ്യ ചര്‍ച്ചയിലാണ്. 
നിര്‍ണായക ഘട്ടത്തില്‍ പോലും പാര്‍ട്ടിയിലെ തന്‍െറ വിശ്വസ്തരെ മാത്രം വിളിച്ചുവരുത്തി മാണി ചര്‍ച്ചനടത്തുന്നതിലും പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് അമര്‍ഷമുണ്ട്. 
51 വര്‍ഷത്തിനിടെ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിതെന്നാണ് പി.സി. ജോസഫ് വിശേഷിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം വിഷയം ചര്‍ച്ചചെയ്താല്‍ മതിയെന്ന നിലപാടിലാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം. കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് പലയിടത്തും സൗഹൃദ മത്സരവും നേര്‍ക്കുനേര്‍ പോരാട്ടവും നടത്തുന്നതിനാല്‍ തെരഞ്ഞെടുപ്പിന് ശേഷം വിഷയങ്ങള്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്നാണ് മാണിയും നിര്‍ദേശിച്ചത്. വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തിനെതിരെ പാര്‍ട്ടിതന്നെ മേല്‍ക്കോടതിയില്‍ അപ്പീലിന് പോകാനും തീരുമാനമുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.