ബംഗാള്‍ സഖ്യത്തില്‍ വഴിത്തിരിവ്: കോണ്‍ഗ്രസിനൊപ്പം സര്‍ക്കാറിന് തയാറെന്ന് സി.പി.എം

കൊല്‍ക്കത്ത: ബംഗാളിലെ  സി.പി.എം-കോണ്‍ഗ്രസ് കൂട്ടുകെട്ട് നിര്‍ണായക വഴിത്തിരിവിലേക്ക്.  സി.പി.എം-കോണ്‍ഗ്രസ് കൂട്ടുകെട്ടിന് ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുമെന്നും തെരഞ്ഞെടുപ്പിനുശേഷവും കോണ്‍ഗ്രസ് കൂട്ടുകെട്ട് തുടരുമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും ഇടതുമുന്നണി ചെയര്‍മാനുമായ ബിമന്‍ ബോസ് വ്യക്തമാക്കി. കോണ്‍ഗ്രസുമായി പൊതുമിനിമം പരിപാടി തയാറാക്കുന്നതിന് പ്രയാസമുണ്ടാകില്ളെന്നും  അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കുന്ന കാര്യത്തില്‍ സി.പി.എമ്മിന് വൈമുഖ്യമില്ളെന്ന്  സി.പി.എം സംസ്ഥാന സെക്രട്ടറിയും  പ്രതിപക്ഷനേതാവുമായ സൂര്യകാന്ത് മിശ്രയും പറഞ്ഞു.
സംയുക്ത റാലിയും ചുവരെഴുത്തുമൊക്കെയായി ‘കൈയരിവാള്‍’ സഖ്യം പരസ്യമാണെങ്കിലൂം  സഖ്യമില്ല, സീറ്റുധാരണ മാത്രമെന്നാണ് സി.പി.എം നേതാക്കള്‍ ഇതുവരെ പറഞ്ഞിരുന്നത്. മൂന്നാംഘട്ട പോളിങ് വ്യാഴാഴ്ച നടക്കാനിരിക്കെയാണ് സി.പി.എം നേതാക്കളുടെ സ്വരം മാറിയത്.
‘‘നിങ്ങള്‍ ജയിച്ചാല്‍ എന്താണ്  ചെയ്യാന്‍ പോകുന്നതെന്ന ചോദ്യം ജനങ്ങള്‍ ചോദിക്കുന്നുണ്ട്;  സംശയിക്കേണ്ട, ഞങ്ങള്‍ സര്‍ക്കാറുണ്ടാക്കും’’; ബിമന്‍ ബോസ് വ്യക്തമാക്കി.
 പ്രവചനങ്ങളില്‍ വിശ്വസിക്കുന്നില്ളെന്നും  സി.പി.എം-കോണ്‍ഗ്രസ് സീറ്റുധാരണ നല്ല നിലയില്‍ ക്ളിക്ക് ആയിട്ടുണ്ടെന്നും  സൂര്യകാന്ത് മിശ്ര പറഞ്ഞു.  രാഷ്ട്രീയത്തില്‍ അതത് സമയത്തിന് അനുസരിച്ചുള്ള നയങ്ങളാണ് സ്വീകരിക്കുക.
കോണ്‍ഗ്രസിന്‍െറ ഏറ്റവും മോശമായ രൂപമാണ് തൃണമൂല്‍ കോണ്‍ഗ്രസ് എന്നും അവരുടെ ഭരണം അവസാനിപ്പിക്കുന്നതിനാണ് കോണ്‍ഗ്രസിനെ ഒപ്പം കൂട്ടുന്നതെന്നും  സി.പി.എം നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു.
   കോണ്‍ഗ്രസുമായി സീറ്റുധാരണക്ക് മാത്രമാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അനുമതി നല്‍കിയത്. എന്നാല്‍, പരസ്യമായ സഖ്യമാണ് ബംഗാള്‍ ഘടകം നടപ്പാക്കിയത്.  തെരഞ്ഞെടുപ്പ് റാലിയില്‍ രാഹുല്‍ ഗാന്ധിയെ സി.പി.എം സ്ഥാനാര്‍ഥി മാലയിട്ട് സ്വീകരിച്ചു. സോണിയയുടെ വേദിയില്‍ സി.പി.എം നേതാക്കള്‍ കൂടെയിരുന്നു.  ബിമന്‍ ബസുവും സൂര്യകാന്ത് മിശ്രയും പ്രസംഗിച്ച വേദിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കും ഇരിപ്പിടം ലഭിച്ചു. ബംഗാള്‍ ഘടകത്തിന്‍െറ ചെയ്തിയില്‍  കേന്ദ്ര നേതൃത്വത്തില്‍ കാരാട്ട് പക്ഷം എതിര്‍പ്പ് ഉയര്‍ത്തിയിരിക്കെയാണ് കോണ്‍ഗ്രസുമായി ഭരണം പങ്കിടുമെന്നുതന്നെ ബംഗാള്‍ നേതാക്കള്‍  പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിനോടുള്ള സമീപനത്തെച്ചൊല്ലി പിളര്‍ന്ന ചരിത്രമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി  നേതൃത്വം പുതിയ സാഹചര്യം വിശദീകരിക്കാന്‍ പ്രയാസപ്പെടുകയാണ്.
 2014 ലോക്സഭാ ഫലമനുസരിച്ച് 220 മണ്ഡലങ്ങളില്‍ തൃണമൂലിന് വ്യക്തമായ മേല്‍ക്കൈയുണ്ട്. പ്രതീക്ഷയറ്റ നിലയില്‍ നിന്ന് ശക്തമായ പോരാട്ടം എന്ന നിലയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസ് സഖ്യത്തിന് കഴിഞ്ഞിട്ടുണ്ട്.  പ്രായോഗിക രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കുന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പിന്തുണ ബംഗാള്‍ ഘടകത്തിനുണ്ട്. പ്രത്യയശാസ്ത്ര കടുംപിടിത്തക്കാരായ കാരാട്ട് പക്ഷത്തിന് എതിര്‍പ്പുണ്ടെങ്കിലും കോണ്‍ഗ്രസ് കൂട്ടുകെട്ട് ക്ളിക്ക് ആയെന്ന റിപ്പോര്‍ട്ടിന്‍െറ പശ്ചാത്തലത്തില്‍ അവര്‍ക്ക് എതിര്‍പ്പ് ഉന്നയിക്കാനാകുന്നില്ല. ബംഗാളിലെ സഖ്യം കേരളത്തില്‍ കാര്യമായ പ്രതിഫലനം ഉണ്ടാക്കുന്നില്ളെന്ന നിലകൂടി വന്നതോടെ ബംഗാള്‍ നേതാക്കള്‍ക്ക് ധൈര്യമായി.  അങ്കം മുറുകിയതോടെ  മമത പ്രതിരോധത്തിലായത് സി.പി.എം ക്യാമ്പില്‍  തിരിച്ചുവരവ് പ്രതീക്ഷ ഉയര്‍ത്തി.  കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ തയാറാണെന്ന പ്രഖ്യാപനം അതിന്‍െറകൂടി സൂചനയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.