അടിമണ്ണിളകിയപ്പോള്‍ ആനന്ദിബെന്നിന്‍െറ രാജി

ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ആനന്ദിബെന്നിന്‍െറ രാജി ബി.ജെ.പിയുടെ അടിമണ്ണിളകിയപ്പോള്‍. ബി.ജെ.പിയുടെ ദലിത് രാഷ്ട്രീയം പരാജയപ്പെട്ടതിന്‍െറ അംഗീകാരപത്രം കൂടിയായി രാജി മാറി. 2017 അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടാകുമെന്ന് കരുതിയിരുന്ന ആനന്ദിബെന്നിന്‍െറ രാജിക്ക് ആക്കംകൂട്ടിയത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുജറാത്തില്‍ പടര്‍ന്ന ദലിത് പ്രക്ഷോഭമാണ്.

തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനമെന്നതിലുപരി പ്രധാനമന്ത്രിയുടെ തട്ടകമെന്ന നിലയില്‍ ഗുജറാത്ത് അഭിമാനപ്രശ്നമായെടുത്തിരിക്കുകയാണ് ബി.ജെ.പി. കഴിഞ്ഞവര്‍ഷം നടന്ന പട്ടീദാര്‍ സമരത്തോടെയാണ് ഗുജറാത്തില്‍ കാര്യങ്ങള്‍ ബി.ജെ.പിയുടെ കൈളില്‍നിന്നും വഴുതിയത്. സംവരണത്തിനായി തെരുവിലിറങ്ങിയ പട്ടീദാര്‍മാരുടെ സമരത്തില്‍ ഗുജറാത്ത് സംഘര്‍ഷഭരിതമായി. വ്യാപകമായി അരങ്ങേറിയ അക്രമങ്ങളുടെ പേരില്‍ 438 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പട്ടീദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കേണ്ടി വന്നു. ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളത് കാരണം രാജസ്ഥാനിലെ ഉദയ്പൂരില്‍ കഴിയുകയാണ്. എന്നാല്‍, അവിടെനിന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളുമായി ചേര്‍ന്ന്  അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രം രൂപപ്പെടുത്തിത്തുടങ്ങിയത് ബി.ജെ.പിയെ അങ്കലാപ്പിലാക്കി. ഹാര്‍ദിക് പട്ടേല്‍-അരവിന്ദ് കെജ്രിവാള്‍ സഖ്യത്തെ നേരിടാന്‍ പട്ടീദാര്‍ സമുദായത്തിനെതിരെ സംഘര്‍ഷകാലത്തെടുത്ത 90 ശതമാനം കേസുകളും പിന്‍വലിക്കാന്‍ രാജിവെക്കുന്നതിന് തലേന്നാണ് ആനന്ദിബെന്‍ ഉത്തരവിട്ടത്. ഇതിനായി മാത്രം ഞായറാഴ്ച ഗാന്ധിനഗറില്‍ ഉന്നതതലയോഗം വിളിച്ചുചേര്‍ത്തിരുന്നു. ബി.ജെ.പിയുടെ ഉറച്ച വോട്ട് ബാങ്കായ പട്ടീദാറുകളെ കൂടെനിര്‍ത്താന്‍ പാടുപെടുന്നതിനിടയിലാണ് 2002ലെ ഗുജറാത്ത് കലാപത്തോടെ സ്വന്തം വോട്ടുബാങ്കാക്കി മാറ്റിയ ദലിതുകള്‍ ബി.ജെ.പിക്കെതിരെ തിരിഞ്ഞത്. കലാപത്തിനുശേഷം ഗുജറാത്തില്‍ സംഭവിച്ചതുപോലെ ദലിത് സ്വത്വത്തെ ഹിന്ദുത്വത്തിന് കീഴില്‍ കൊണ്ടുവന്ന പരീക്ഷണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ മുന്നില്‍നിര്‍ത്തി ബി.ജെ.പി ദേശവ്യാപകമായി വിജയകരമായി പയറ്റിയതായിരുന്നു. ദലിത് സ്വത്വവാദവുമായി നടന്ന ഉദിത് രാജ്, രാംദാസ് അത്താവാലെ തുടങ്ങിയ നേതാക്കളൈ ഹിന്ദുത്വത്തിലേക്ക് സ്വാംശീകരിക്കുകയും ചെയ്തു.

ആ തന്ത്രം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ മുന്നോടിയായി ബി.ജെ.പി ശ്രമം നടത്തുന്നതിനിടയിലാണ് ഉനയിലെ ദലിത് പീഡനത്തെ തുടര്‍ന്ന് ഗുജറാത്തില്‍ ദലിത് പ്രക്ഷോഭം പടര്‍ന്നുപിടിച്ചത്. കഴിഞ്ഞമാസം ഉനയില്‍ നടന്ന ദലിത് പീഡനമാണ് അതിന് വഴിവെച്ചത്. ചത്ത പശുക്കളുടെ തോലുരിഞ്ഞ ദലിത് യുവാക്കളെയാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വന്‍  ഭൂരിപക്ഷം നല്‍കിയ ദലിതുകള്‍ ഉനയിലെ ദലിത് പീഡനത്തോടെ പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. ഗുജറാത്തില്‍ ആനന്ദിബെന്‍ സര്‍ക്കാറിനെതിരെ രോഷം അണപൊട്ടിയത് വരാനിരിക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് പ്രതിപക്ഷം ആയുധമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് ചേര്‍ന്നുനിന്ന സ്വന്തം വോട്ടുബാങ്ക് തിരിച്ചുപിടിക്കാന്‍ എല്ലാ അടവും പയറ്റുന്ന ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി ഉന സംഭവം ഏറ്റുപിടിച്ചു. ഒരുദിവസം പൂര്‍ണമായും രാജ്യസഭ സ്തംഭിപ്പിച്ച മായാവതി ആനന്ദി ബെന്നിന്‍െറ രാജിക്ക് പിറകെ ഉനയിലേക്ക് പോവുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.