മദ്യനയം ; ഭിന്നാഭിപ്രായമെന്ന വ്യാഖ്യാനങ്ങളില്‍ കഴമ്പില്ല –ചെന്നിത്തല

തിരുവനന്തപുരം: യു.ഡി.എഫ്  സര്‍ക്കാറിന്‍െറ മദ്യനയത്തെക്കുറിച്ച് താന്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയെന്ന വ്യാഖ്യാനത്തില്‍ കഴമ്പില്ളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മദ്യനയവുമായി ബന്ധപ്പെട്ട് അഭിമുഖത്തില്‍ പറഞ്ഞത് വിവാദമായപ്പോഴാണ് വാര്‍ത്താക്കുറിപ്പിലൂടെയുള്ള അദ്ദേഹത്തിന്‍െറ വിശദീകരണം. തന്‍െറ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോഴും മദ്യനയം തിരുത്തി ബാറുകള്‍ വീണ്ടും തുറക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്ന മുന്നറിയിപ്പും ചെന്നിത്തല നല്‍കുന്നു.

കോണ്‍ഗ്രസും യു.ഡി.എഫും കൂട്ടായി രൂപവത്കരിച്ച മദ്യനയം എല്ലാതലത്തിലും മതിയായ ചര്‍ച്ചക്ക് വിധേയമാക്കിയിരുന്നു. ഘട്ടംഘട്ടമായി കേരളത്തെ മദ്യമുക്തമാക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴികെയുള്ള  മുഴുവന്‍ ബാറുകളും ഒറ്റയടിക്ക് അടച്ചുപൂട്ടിയതിനെക്കുറിച്ച് പല അഭിപ്രായങ്ങള്‍  ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, മദ്യലോബിക്കെതിരെ ഒരുസര്‍ക്കാറും ചെയ്യാത്ത ധീരമായ നടപടിയെടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ മുതിരുകയായിരുന്നു. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ അതിന്‍െറ ഭാഗമായതില്‍ തനിക്ക് അഭിമാനവുമുണ്ട്.

എന്നാല്‍,  മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണംചെയ്തോയെന്ന ചോദ്യത്തിനാണ് ആ നിലയില്‍ സ്വീകരിക്കപ്പെട്ടില്ളെന്ന പ്രതികരണം താന്‍ നടത്തിയത്. യു.ഡി.എഫ് സര്‍ക്കാറിന്‍െറ ഏറ്റവും ശക്തവും ധീരവുമായ നടപടി അനുകൂലമായി പ്രതിഫലിച്ചിരുന്നെങ്കില്‍ തുടര്‍ഭരണം ഉണ്ടാവുമായിരുന്നു എന്ന വസ്തുതയാണ് താന്‍ ചൂണ്ടിക്കാട്ടിയത്. അതിനെ മദ്യനയത്തോടുള്ള എതിര്‍പ്പായി വ്യാഖ്യാനിക്കുന്നത് നിര്‍ഭാഗ്യകരമാണ്.  ജനവിധിയും മദ്യനയവും തമ്മില്‍ കാര്യമായ ബന്ധമുണ്ടായില്ളെന്നാണ് താന്‍ സൂചിപ്പിച്ചത്. മദ്യനയത്തെക്കുറിച്ച് പാര്‍ട്ടിവേദിയില്‍ തന്‍െറ അഭിപ്രായം അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ഒരു അവ്യക്തതയും താന്‍ കാണുന്നില്ല.

പൂട്ടിയ ബാറുകള്‍ തുറക്കാനാണ് സര്‍ക്കാറിന്‍െറ ശ്രമമെങ്കില്‍ അതിനെ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി എതിര്‍ക്കും. ബാര്‍ ലോബിയുമായുള്ള  സി.പി.എമ്മിന്‍െറ അവിശുദ്ധബന്ധത്തെക്കുറിച്ച് കേരളീയസമൂഹത്തിന് ബോധ്യമുണ്ട്.അവരുടെ അച്ചാരം വാങ്ങി കേരളത്തെ വീണ്ടും മദ്യാലയമാക്കാനാണ് സര്‍ക്കാറിന്‍െറ ഭാവമെങ്കില്‍ നടക്കില്ളെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.