ബി.ജെ.പി കേരളഘടകം: മേല്‍നോട്ടം അമിത് ഷാക്ക്

ന്യൂഡല്‍ഹി: ബി.ജെ.പി കേരളഘടകത്തിന്‍െറ മേല്‍നോട്ടം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്ക്. ഡല്‍ഹിയില്‍ പാര്‍ട്ടി സംസ്ഥാന ഘടകങ്ങളിലെ പ്രധാന നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 നേതാക്കള്‍ക്ക് മുഴുവന്‍ സമയ ചുമതല നല്‍കുകയും ചെയ്തു. പാര്‍ട്ടിയുടെ നാലു ജനറല്‍ സെക്രട്ടറിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനും യോഗത്തില്‍ തീരുമാനമായതായി അറിയുന്നു.

ബി.ജെ.പിയുടെ അസ്തിത്വം ദേശീയതയാണെന്ന് യോഗത്തില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്‍െറ 70ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്രമന്ത്രിമാരുടെയും പാര്‍ട്ടി നേതാക്കന്മാരുടെയും നേതൃത്വത്തില്‍ നടത്തിയ ‘തിരംഗ യാത്ര’ രാജ്യത്ത് മികച്ച പ്രതികരണമുണ്ടാക്കി. ദേശീയ ഐക്യം, അഖണ്ഡത, സൗഹാര്‍ദം എന്നിവ ഊട്ടിയുറപ്പിക്കാന്‍ യാത്രകൊണ്ട് കഴിഞ്ഞെന്നും മോദി പറഞ്ഞതായി കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അറിയിച്ചു.

വികസനം ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നത്. എന്നാല്‍, ചിലര്‍ക്കിത് ഇഷ്ടപ്പെടുന്നില്ല. അവര്‍ ജനങ്ങളെ വഴിതെറ്റിക്കാനാണ് ശ്രമിക്കുന്നത്. പാര്‍ട്ടിയുടെ യഥാര്‍ഥ ലക്ഷ്യം രാഷ്ട്രനിര്‍മാണമാണെന്ന് സാധാരണക്കാരെ ബോധ്യപ്പെടുത്തണമെന്നും മോദി നേതാക്കളോട് പറഞ്ഞു. ദരിദ്രരുടെ ക്ഷേമത്തിന് ബി.ജെ.പി പ്രതിജ്ഞാബദ്ധമാണ്. എല്ലാവിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാകണം പാര്‍ട്ടി പ്രവര്‍ത്തനം. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആചരണം സെപ്റ്റംബര്‍ 25ന് തുടങ്ങും.

അദ്ദേഹം മുന്നോട്ടുവെച്ച ‘അന്ത്യോദയ’ (അവസാനത്തെയാളുടെയും ഉന്നമനം) സിദ്ധാന്തം പ്രയോഗവത്കരിക്കാന്‍ കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്കരിക്കും. ഓരോ കാര്യത്തിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്ന് മോദി പാര്‍ട്ടി പ്രവര്‍ത്തകരെ ഉണര്‍ത്തി.      

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.