തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന കോടതിവിധി കേരള കോണ്‍ഗ്രസ് -മാണി ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കി. യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് ആഴ്ചകള്‍ക്കകമുണ്ടായ വിധി പ്രതിസന്ധിഘട്ടത്തില്‍ കൂടെനില്‍ക്കാന്‍ ആരുമില്ളെന്ന നിസ്സഹായാവസ്ഥയുമുണ്ടാക്കുന്നുണ്ട്. മാണിയെ ഒപ്പംകൂട്ടാന്‍ മോഹിച്ചവര്‍ക്ക് തല്‍ക്കാലത്തേക്കെങ്കിലും പുറംതിരിഞ്ഞ് നില്‍ക്കേണ്ടിവരും. ഗ്രൂപ്പിന്‍െറ രാഷ്ട്രീയാഭയ മോഹത്തിനും അത് വിലങ്ങുതടിയാണ്.

ബന്ധം അവസാനിപ്പിച്ചെങ്കിലും തിരികെവരുമെന്ന പ്രതീക്ഷയില്‍ യു.ഡി.എഫ് നേതൃത്വം അവരോട് മൃദുസമീപനം തുടരുകയാണ്. തങ്ങള്‍ക്കെതിരായ വിമര്‍ശങ്ങള്‍ക്ക് അതേതരത്തില്‍ പ്രതികരിച്ച് മാണി ഗ്രൂപ്പിനെ പ്രകോപിപ്പിക്കേണ്ടെന്ന രാഷ്ട്രീയ സമീപനമാണ് കോണ്‍ഗ്രസും സ്വീകരിച്ചത്. തദ്ദേശസ്ഥാപനങ്ങളില്‍ മാണി ഗ്രൂപ്പുമായുള്ള ബന്ധം യു.ഡി.എഫ് തുടരുകയുമാണ്. അതേസമയം, കോടതിവിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനെ തള്ളിപ്പറയുമ്പോഴും മാണിയെ പിന്തുണക്കാതിരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രദ്ധകാട്ടി.

മാണി ഗ്രൂപ്പിനെ ഒപ്പംനിര്‍ത്താന്‍ സി.പി.എമ്മിലെ ഒരുവിഭാഗം ആഗ്രഹിക്കുന്നുണ്ട്. ഇതിനെ സി.പി.ഐ എതിര്‍ക്കുന്നെങ്കിലും അതെല്ലാം തട്ടിയകറ്റാന്‍ സി.പി.എം നേതൃത്വം തയാറാകുമെന്ന പ്രതീക്ഷയിലായിരുന്നു മാണിപക്ഷം. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം പലവട്ടം ആലോചിക്കേണ്ട സാഹചര്യത്തിലേക്കാണ് സി.പി.എം എത്തിയിരിക്കുന്നത്. അഴിമതിക്കാരുമായി ബന്ധമുണ്ടാവില്ളെന്ന് പറയാന്‍ സി.പി.എം സെക്രട്ടറി നിര്‍ബന്ധിതനായി.
ബി.ജെ.പി നേതൃത്വം മാണി ഗ്രൂപ്പുമായി സഹകരിക്കാനുള്ള സന്നദ്ധത പരസ്യമാക്കിയിരുന്നു. എന്നാല്‍, അവരും ഇപ്പോള്‍ സ്വരം മാറ്റിയെന്ന് കുമ്മനം രാജശേഖരന്‍െറ പ്രതികരണത്തില്‍ വ്യക്തമാണ്.

മുന്നണിമാറ്റത്തിലൂടെ പെട്ടെന്ന് എല്ലാവര്‍ക്കും ‘പ്രിയപ്പെട്ടവനാ’യതിലൂടെ വിലപേശല്‍ശക്തി വര്‍ധിപ്പിച്ച മാണി വീണ്ടും നടുക്കടലിലായി. അതേസമയം, മുന്നണിബന്ധം ഇല്ലാതെ പാര്‍ട്ടിക്ക് നിലനില്‍പില്ളെന്ന് വാദിക്കുന്ന മാണി ഗ്രൂപ്പിലെ പഴയ ജോസഫ് വിഭാഗക്കാര്‍ നിലപാട് കൂടുതല്‍ കര്‍ക്കശമാക്കാനാണ് സാധ്യത.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.