വയല്‍നാട്ടിലെ വിളവുകൊതിച്ച്

ഐക്യമുന്നണിക്ക് വളക്കൂറുള്ള മണ്ണാണ് ചുരത്തിനുമുകളിലെന്നത് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, ഈ മണ്ണില്‍ ഇടതുപ്രതീക്ഷകളുടെ വിത്തുപാകി വിളവെടുത്ത വേളകളുമുണ്ട്. അഞ്ചുവര്‍ഷം മുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിലെ മുഴുവന്‍ സീറ്റുകളും യു.ഡി.എഫിന് പതിച്ചുനല്‍കിയ ജില്ലയില്‍ ഇക്കുറി അദ്ഭുതങ്ങള്‍ കാട്ടാമെന്ന് മോഹിക്കുകയാണ് എല്‍.ഡി.എഫ്. അപ്പോഴും, തദ്ദേശതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ലഭിച്ച മുന്‍തൂക്കം യു.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
മൂന്നിലൊന്ന് ആദിവാസി ജനത അധിവസിക്കുന്ന മലമുകളില്‍ 2011ല്‍ ആകെയുള്ള മൂന്നില്‍ രണ്ട് മണ്ഡലങ്ങളും-മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി -അന്ന് പട്ടികവര്‍ഗ സംവരണ മണ്ഡലമായിരുന്നു.
സംവരണ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചുകയറിയപ്പോള്‍ കല്‍പറ്റ സീറ്റ് സോഷ്യലിസ്റ്റ് ജനതാദളിന് (ഇപ്പോള്‍ ജനതാദള്‍ -യു) ലഭിച്ചു. ഇക്കുറിയും മാനന്തവാടിയും ബത്തേരിയും സംവരണ മണ്ഡലങ്ങള്‍തന്നെ. ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റയില്‍ അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥിമോഹികളേറെയാണ്.
 

വലത്തുമാറി,ഇടത്തമര്‍ന്ന്
അടിസ്ഥാനപരമായി ശാന്തസ്വഭാവക്കാരാണെങ്കിലും തെരഞ്ഞെടുപ്പിന്‍െറ കളത്തില്‍ തല്ലാനും തലോടാനും മിടുക്കരാണ് വയനാട്ടുകാര്‍. വലത്തോട്ട് ചാഞ്ഞുനില്‍ക്കുന്നതെന്ന് പൊതുവേ നിരീക്ഷിക്കുമ്പോള്‍തന്നെ, ഇടത്തേക്കൊട്ടിനില്‍ക്കാനും തങ്ങള്‍ക്ക് മടിയില്ളെന്ന് തെളിയിച്ചുകാട്ടിയിട്ടുമുണ്ട്.
2006ല്‍ ജില്ലയിലെ മൂന്നു മണ്ഡലങ്ങളും ഇടതിനൊപ്പമായിരുന്നതും കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഐക്യമുന്നണി സ്ഥാനാര്‍ഥിയോട് വയനാട് പുറംതിരിഞ്ഞുനിന്നത് ഉദാഹരണങ്ങളാണ്. മുന്നണിക്കെതിരെയെന്നതിലുപരി ശക്തമായ ഷാനവാസ് വിരുദ്ധ വികാരമാണ് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ പ്രകടമായത്.
മാനന്തവാടിയില്‍ 8666ഉം സുല്‍ത്താന്‍ ബത്തേരിയില്‍ 8983ഉം വോട്ടുകള്‍ക്ക് പിന്നിലായിരുന്നു ഷാനവാസ്. ഇരുമണ്ഡലങ്ങളിലും 2009ല്‍ 19000ന് മേല്‍ ഭൂരിപക്ഷമുണ്ടായിരുന്ന സ്ഥാനത്താണിത്.
2009ല്‍ 24029 വോട്ടിന്‍െറ ഭൂരിപക്ഷമുണ്ടായിരുന്ന കല്‍പറ്റ മണ്ഡലത്തില്‍ കഴിഞ്ഞ തവണ 1880 വോട്ട് മാത്രമാണ് ഭൂരിപക്ഷം നേടാനായത്. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിവാദവും ഇതിന് ആക്കംകൂട്ടി. മലപ്പുറം ജില്ലയിലെ അസംബ്ളി മണ്ഡലങ്ങള്‍ നല്‍കിയ മുന്‍തൂക്കമാണ് ഷാനവാസിന് കഷ്ടിച്ച് ജയം സമ്മാനിച്ചത്.
എന്നാല്‍, അടുത്ത വോട്ടെടുപ്പില്‍ വയനാട് വീണ്ടും വലതുചേര്‍ന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം വീശിയ ഇടതുകാറ്റിലും വയനാട് ജില്ലാ പഞ്ചായത്തില്‍ 16ല്‍ 11 സീറ്റ് നേടി യു.ഡി.എഫ് ഭരണം നിലനിര്‍ത്തി. നാലില്‍ മൂന്ന് ബ്ളോക് പഞ്ചായത്തുകളും ഐക്യമുന്നണിക്കൊപ്പംനിന്നു.
യു.ഡി.എഫിലെ കാലുവാരലാണ് സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി മുനിസിപ്പാലിറ്റികളുടെയും പലപഞ്ചായത്തുകളുടെയും ഭരണം എല്‍.ഡി.എഫിന് സമ്മാനിച്ചത്.
ജില്ലാ, ബ്ളോക് പഞ്ചായത്ത് ഫലങ്ങള്‍ മുന്‍നിര്‍ത്തി തദ്ദേശ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ വോട്ടുകളുടെ കണക്കെടുക്കുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈയുണ്ടെന്ന് സമ്മതിക്കേണ്ടിവരും. യു.ഡി.എഫിന്‍െറ ഉരുക്കുകോട്ടകളായ പല പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടിട്ടും ഇവിടങ്ങളില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ക്ക് പാര്‍ട്ടി വോട്ടുകള്‍ കൃത്യമായി ലഭ്യമായത് യു.ഡി.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. മുട്ടില്‍, പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍ തുടങ്ങിയ പഞ്ചായത്തുകള്‍ ഉദാഹരണം.
 

ഒരുമരണവും പാളയത്തിലെ പടയും
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ജില്ലയില്‍ സംഭവിച്ച രാഷ്ട്രീയ സംഭവവികാസം ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകുമെന്നുറപ്പ്.
മാനന്തവാടി മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അണികള്‍ കൂട്ടമായി കാലുവാരി തോറ്റതിനെ തുടര്‍ന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി. ജോണ്‍ പാര്‍ട്ടി ഓഫിസില്‍ തൂങ്ങിമരിച്ച സംഭവം വന്‍ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു.
പാര്‍ട്ടിയില്‍ ഇതുമായി ബന്ധപ്പെട്ട് മൂര്‍ച്ഛിച്ച വിഭാഗീയതക്ക് ശമനമായിട്ടില്ല. ഡി.സി.സി പ്രസിഡന്‍റും വനിതാ ജനറല്‍ സെക്രട്ടറിയും അടക്കം ജില്ലയിലെ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായി പ്രതികരിച്ച വിഷയത്തില്‍ കെ.പി.സി.സി അന്വേഷണം നടത്തി മാസങ്ങളായെങ്കിലും നടപടിയൊന്നുമായിട്ടില്ല. ജോണ്‍ ആത്മഹത്യചെയ്യാനിടയായ സാഹചര്യം ഇടതുമുന്നണിയുടെ മുഖ്യ പ്രചാരണായുധങ്ങളിലൊന്നാകും. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ മുന്നണി സംവിധാനം മറന്ന് കേരള കോണ്‍ഗ്രസ് (എം) വോട്ട് മറിച്ചുചെയ്തതുകൊണ്ടാണ് ഇടതുമുന്നണി ഭരണത്തിലേറിയത്. ജില്ലാ യു.ഡി.എഫില്‍ ഇതുസംബന്ധിച്ച് ഉടലെടുത്ത പിണക്കം ഇതുവരെ മാറിയിട്ടില്ല.
ഒന്നിച്ചുനിന്നാല്‍ യു.ഡി.എഫിന്‍െറ  അടിത്തറ വയനാട്ടില്‍ ശക്തമാണിന്നും. മറുപക്ഷത്ത് സി.പി.എം ഒഴികെയുള്ള മുന്നണി ഘടകകക്ഷികള്‍ക്ക് ജില്ലയില്‍ ആള്‍ബലം തുലോം കുറവാണെന്നതാണ് എല്‍.ഡി.എഫിനെ കുഴക്കുന്ന പ്രധാനഘടകം. ജനതാദള്‍ പടികടന്നുവരുന്നത് വഴിക്കണ്ണുമായി കാത്തിരിക്കാന്‍ കാരണം മുന്നണിക്ക് കരുത്തുകൂട്ടുകയെന്ന മോഹമാണ്. ഈ സാഹചര്യത്തില്‍ സോളാര്‍ മുന്‍നിര്‍ത്തി ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായ പ്രചാരണം നടത്തി നിഷ്പക്ഷ വോട്ടുകള്‍ സമാഹരിക്കാനുള്ള തന്ത്രങ്ങളാണ് ഇടതുമുന്നണി ആവിഷ്കരിക്കുന്നത്.
ഒറ്റപ്പെട്ട ചിലയിടങ്ങളില്‍ സി.പി.എമ്മില്‍ വിഭാഗീയതയും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലക്ക് ബി.ജെ.പി ഇക്കുറി കൂടുതല്‍ വോട്ടുകള്‍ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, ആദിവാസി മേഖലകളില്‍ സി.പി.എമ്മിന്‍െറ കുത്തക തകര്‍ത്ത് വേരുറപ്പിക്കുകയെന്ന മോഹം തദ്ദേശ തെരഞ്ഞെടുപ്പില്‍ പച്ചപിടിച്ചില്ല.
പൂതാടി, പുല്‍പള്ളി പ്രദേശങ്ങളില്‍ എസ്.എന്‍.ഡി.പി പിന്തുണയില്‍ അല്‍പം വാര്‍ഡുകള്‍ ലഭിച്ചതൊഴിച്ചാല്‍ ബി.ജെ.പിക്ക് അഭിമാനിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പരിചയസമ്പന്നനായ കെ. സദാനന്ദനെ മാറ്റി പുതുമുഖത്തെ പ്രതിഷ്ഠിച്ചതിനെച്ചൊല്ലി അണികളിലുയര്‍ന്ന പരിഭവം നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കാനും സാധ്യതയുണ്ട്. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ബി.ഡി.ജെ.എസിന് വയനാട്ടില്‍ മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിയുന്ന രീതിയിലുള്ള ആള്‍ബലമൊന്നുമില്ല.
നില്‍പ് സമരം വിജയിപ്പിച്ചതിനുപിന്നാലെ മുത്തങ്ങ ഭൂമിവിതരണവും നടന്നതോടെ സി.കെ. ജാനുവിന്‍െറ ആദിവാസി ഗോത്ര മഹാസഭ യു.ഡി.എഫിന് അനുകൂലമായ മനോഭാവമാണ് ഏറ്റവുമൊടുവില്‍ പ്രകടിപ്പിച്ചത്. ന്യൂനപക്ഷ, കുടിയേറ്റ വോട്ടുകള്‍ മിക്കതും ഇക്കുറിയും യു.ഡി.എഫിന്‍െറ പെട്ടിയില്‍ വീഴാനാണ് സാധ്യത.
 

നില്‍ക്കണോ പോണോ...
ജില്ലാ ആസ്ഥാനത്തെ സീറ്റാണ് പതിവുപോലെ ഇത്തവണയും ശ്രദ്ധാകേന്ദ്രം. ആര് സ്ഥാനാര്‍ഥിയാകുമെന്നതിലുപരി നിലവിലെ എം.എല്‍.എയുടെ പാര്‍ട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതുപക്ഷത്ത് നില്‍ക്കുമെന്ന വലിയ ചോദ്യത്തിനുത്തരം തേടുകയാണ് കല്‍പറ്റ. ഈ ത്രിശങ്കുവിന് നടുവില്‍ തങ്ങള്‍ക്ക് പ്രചാരണത്തിന് തുടക്കമിടാന്‍പോലും കഴിയുന്നില്ളെന്ന് യു.ഡി.എഫ് കക്ഷികള്‍ പരിഭവം പറയുകയാണ്. ഏത് പാളയത്തിലാണെന്ന് ഇവരൊന്ന് തീരുമാനിച്ചുകിട്ടിയാല്‍ മതിയെന്ന നിലയിലത്തെിനില്‍ക്കുന്നു ഇരുമുന്നണിയിലും മുറുമുറപ്പ്. ജനതാദളിന്‍െറ അന്തിമ തീരുമാനത്തെ ആശ്രയിച്ചിരിക്കും കല്‍പറ്റയില്‍ ഇരുമുന്നണിയുടെയും സ്ഥാനാര്‍ഥി നിര്‍ണയം. പാര്‍ട്ടി യു.ഡി.എഫിന്‍െറ ഭാഗമായി തുടരുകയാണെങ്കില്‍ എം.വി. ശ്രേയാംസ്കുമാര്‍ വീണ്ടും മത്സരരംഗത്തിറങ്ങാന്‍ തന്നെയാണ് സാധ്യത. ജനതാദള്‍ എല്‍.ഡി.എഫിലത്തെിയാല്‍ ശ്രേയാംസ്കുമാര്‍ ഇടതുസ്ഥാനാര്‍ഥിയായി അവതരിക്കുന്ന മറിമായവും സംഭവിച്ചേക്കാം. അതേസമയം, ശ്രേയാംസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായാല്‍ സി.പി.എം ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രനെ രംഗത്തിറക്കാനാണ് എല്‍.ഡി.എഫിന്‍െറ ആലോചന.
ജനതാദള്‍ ഇടതുപാളയത്തിലേക്ക് ചേക്കേറാന്‍ ആഗ്രഹിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍  കല്‍പറ്റയില്‍ ഒരുപാടുണ്ട്. മുന്‍ എം.എല്‍.എ എന്‍.ഡി. അപ്പച്ചന്‍, വനിതാ കമീഷന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി ടീച്ചര്‍ എന്നിവര്‍ സ്ഥാനാര്‍ഥിത്വം കൊതിക്കുന്നവരില്‍ മുന്‍നിരയിലുണ്ട്. മാനന്തവാടിയില്‍ മന്ത്രി ജയലക്ഷ്മി വീണ്ടും ജനവിധി തേടിയേക്കും. ബത്തേരിയില്‍ നിലവിലെ എം.എല്‍.എ ഐ.സി. ബാലകൃഷ്ണനാവും സ്ഥാനാര്‍ഥിയെന്നാണ് യു.ഡി.എഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇടക്ക് ജയലക്ഷ്മിയും ബാലകൃഷ്ണനും മണ്ഡലം മാറിയേക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നു. മാനന്തവാടിയില്‍ ഇടത് സ്ഥാനാര്‍ഥിയായി ബ്ളോക് പഞ്ചായത്തംഗം ഒ.ആര്‍. കേളുവിനാണ് സാധ്യതയേറെ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.