തിരുവനന്തപുരം: ബാര്‍ കോഴക്കേസ് യു.ഡി.എഫില്‍ വീണ്ടും അസ്വസ്ഥത സൃഷ്ടിക്കുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി സുകേശനും ബാര്‍ ഉടമയും ഗൂഢാലോചന നടത്തിയതിന് ഒരുവര്‍ഷം മുമ്പ് ലഭിച്ച തെളിവ് ഇപ്പോള്‍മാത്രം പുറത്തുവിടാന്‍ തയാറായതാണ് ഭരണമുന്നണിയില്‍ വീണ്ടും അവിശ്വാസം വളര്‍ത്തുന്നത്. തെളിവ് പൂഴ്ത്തിവെച്ചത് കെ.എം. മാണിയെ കുടുക്കാനായിരുന്നുവെന്ന ആക്ഷേപമാണ് മാണിവിഭാഗം ഉന്നയിക്കുന്നത്. ബാര്‍ കോഴയില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന തങ്ങളുടെ വാദത്തിന് ആധാരമായ വസ്തുതകള്‍ തെളിഞ്ഞുവരുന്നതിലെ ആഹ്ളാദവും അവര്‍ പങ്കിടുന്നു.
ആരോപണം ഉന്നയിച്ച ബാര്‍ ഉടമയും ഇതേപ്പറ്റി അന്വേഷിച്ച ഉദ്യോഗസ്ഥനും തമ്മിലെ ഫോണ്‍ സംഭാഷണമാണ് ഗൂഢാലോചനക്ക് തെളിവായി പരിഗണിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തെളിവ് ഒരുവര്‍ഷംമുമ്പ് കിട്ടിയിട്ടും അക്കാര്യം അന്വേഷിക്കാതിരുന്നത് കെ.എം. മാണിയെ കുടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് മാണിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ഈ തെളിവ് അന്നുതന്നെ കോടതിക്ക് കൈമാറിയിരുന്നുവെങ്കില്‍ തുടക്കത്തില്‍തന്നെ കേസ് ഒഴിവാകുമായിരുന്നു.
അതിനുപകരം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുകയെന്ന ദുരുദ്ദേശ്യത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചെന്ന പരാതിയാണ് മാണിപക്ഷത്തിന് ഉള്ളത്. ഗൂഢാലോചനയുടെ തെളിവ് ഒരുവര്‍ഷത്തോളം കൈവശംവെച്ചിട്ട് ഇപ്പോള്‍ പരസ്യമാക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തത് ആഭ്യന്തരമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ ബാര്‍ ഉടമ തയാറായതോടെയാണ്. അതേസമയം, ബാര്‍ ഉടമയും അന്വേഷണ ഉദ്യോഗസ്ഥനും തമ്മിലെ രഹസ്യബന്ധം സംബന്ധിച്ച് മാണി ഗ്രൂപ് നേതാവ് ജോസഫ് എം. പുതുശ്ശേരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ഗൂഢാലോചന പുറത്തുവന്നതെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. ഇതുസംബന്ധിച്ച തെളിവ് പൂഴ്ത്തിവെച്ചെന്ന ആരോപണവും അവര്‍ നിഷേധിക്കുന്നു.
അതിനിടെ സീഡിയിലെ ഒരു ഭാഗം തെളിവായി സ്വീകരിക്കുകയും അവശേഷിക്കുന്നത് തള്ളിക്കളയുകയും ചെയ്യുന്നതിലെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നു. മന്ത്രിമാര്‍ക്ക് പണം നല്‍കിയെന്ന് ബാര്‍ ഉടമകള്‍ പറയുന്നതും ഇതേ സീഡിയില്‍ ഉണ്ട്. ഇത് സ്വീകരിക്കാനാവില്ളെന്നാണ് സര്‍ക്കാറിന്‍െറ വാദം. അതേസമയം, അതേ സീഡിയില്‍ ബാര്‍ ഉടമയും അന്വേഷണ ഉദ്യോഗസ്ഥനും തമ്മില്‍ നടത്തുന്ന സംഭാഷണം തെളിവായി സ്വീകരിച്ചാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. തെളിവിന്‍െറ കാര്യത്തില്‍ സ്വീകരിച്ചിരിക്കുന്ന ഈ ഇരട്ടത്താപ്പ് ബാര്‍ കേസ് പരിഗണിക്കുമ്പോള്‍ ഉയര്‍ന്നുവരാം. അക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സര്‍ക്കാറിന് ബുദ്ധിമുട്ടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.