ന്യൂഡല്‍ഹി: നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സര്‍ക്കാര്‍ ദലിത് ന്യൂനപക്ഷ വിരുദ്ധ പ്രതിച്ഛായ സൃഷ്ടിച്ചതിനെതിരെ സഖ്യകക്ഷികള്‍ ആഞ്ഞടിച്ചു. ഡല്‍ഹിയില്‍ നടന്ന എന്‍.ഡി.എ യോഗത്തില്‍ സഖ്യകക്ഷികളോടുള്ള മോദി സര്‍ക്കാറിന്‍െറ  സമീപനത്തെയും രൂക്ഷമായി വിമര്‍ശിച്ചതോടെ പൂര്‍ണമായും പ്രതിരോധത്തിലായ ബി.ജെ.പി നേതൃത്വം അനുനയിപ്പിക്കാന്‍ പാടുപെട്ടു. മോദി സര്‍ക്കാറിന്‍െറ ന്യൂനപക്ഷ വിരുദ്ധതക്കെതിരെ മുസ്ലിം ക്രിസ്ത്യന്‍ ദലിത് വിഭാഗങ്ങളില്‍നിന്നുള്ള എതിര്‍പ്പുകള്‍ക്കൊപ്പം സിഖുവിഭാഗങ്ങള്‍ക്കും മോദി സര്‍ക്കാറിനോട് അമര്‍ഷമുണ്ടെന്ന്  തെളിയിക്കുന്നതായിരുന്നു എന്‍.ഡി.എ യോഗത്തില്‍ ഉയര്‍ന്നുവന്ന വിമര്‍ശങ്ങള്‍. കേന്ദ്ര പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവിന്‍െറ വസതിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ദലിത് ന്യൂനപക്ഷ വിഷയങ്ങളിലെ പാളയത്തിലെ പടയൊരുക്കം കണ്ടത്.

അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍, റിപ്പബ്ളിക്കന്‍ പാര്‍ട്ടി നേതാവ് രാംദാസ് അത്താവാലെ എന്നിവരാണ് ദലിത് ന്യൂനപക്ഷ വിഷയത്തില്‍ മോദി സര്‍ക്കാറിനെതിരെ പാളയത്തിനുള്ളില്‍നിന്ന് വെടിയുതിര്‍ത്തത്. ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ ഈ സര്‍ക്കാറിന് ദലിത് വിരുദ്ധ പ്രതിച്ഛായ നല്‍കിയിരിക്കുകയാണെന്ന് മഹാരാഷ്ട്രയില്‍നിന്നുള്ള എം.പി കൂടിയായ അത്താവാലെ കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാറിന്‍െറ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച പഞ്ചാബ് മുഖ്യമന്ത്രിയും അകാലിദള്‍ പ്രസിഡന്‍റുമായ സുഖ്ബീര്‍ സിങ് ബാദല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന വികാരം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വ്യാപകമായിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ചു.

അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ എന്‍.ഡി.എ സര്‍ക്കാറും നിലവിലുള്ള മോദി സര്‍ക്കാറും തമ്മില്‍ വലിയ അന്തരമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പഞ്ചാബിലെ സിഖുകാരെ ന്യൂനപക്ഷമായി കാണാനാവില്ളെന്ന് പഞ്ചാബ് ഹരിയാന ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സിഖ് സംഘടനകള്‍ സമര്‍പ്പിച്ച അപ്പീലില്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നിസ്സംഗത സിഖ് വിഭാഗങ്ങള്‍ക്കിടയില്‍  അമര്‍ഷമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് ബാദല്‍ ഈ വിമര്‍ശമുന്നയിച്ചത്. അലീഗഢ് മുസ്ലിം സര്‍വകലാശാലയുടെയും ജാമിഅ മില്ലിയ ഇസ്ലാമിയയുടെയും ന്യൂനപക്ഷ പദവിക്കെതിരെ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാറും കൈക്കൊണ്ട നിലപാട് ന്യൂനപക്ഷ വിരുദ്ധതക്ക് ഉദാഹരണമായി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നതായി  വിമര്‍ശമുയര്‍ന്നു.  

പ്രധാന വിഷയങ്ങളിലൊന്നും ബി.ജെ.പിയും സഖ്യകക്ഷികളും തമ്മില്‍ ഏകോപനമില്ളെന്നും  വാജ്പേയിയെ ഒരു മിനിറ്റുകൊണ്ട് കാണാന്‍ ഘടകകക്ഷികള്‍ക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒരു മാസം കാത്തുകെട്ടിക്കിടക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം തുടര്‍ന്നു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി  പഞ്ചാബില്‍ വന്നുപോകുന്ന കാര്യം അവിടുത്തെ സര്‍ക്കാറിനെ അറിയിക്കാറില്ല. ഇതിന് പുറമെയാണ് ബി.ജെ.പി നേതാക്കള്‍ അകാലികള്‍ക്കെതിരെ പ്രസ്താവനയിറക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഖ്യകക്ഷികളോടുള്ള മോദി സര്‍ക്കാറിന്‍െറ സമീപനത്തിനെതിരെ അകാലിദള്‍ നടത്തിയ വിമര്‍ശം നൂറു ശതമാനം ശരിവെച്ച ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രംഗത്തത്തെിയതോടെ ഒരു വേള ഇടപെട്ട മന്ത്രി വെങ്കയ്യ നായിഡു ശിവസേനാ മുഖപത്രം പതിവായി പ്രധാനമന്ത്രിയെ വിമര്‍ശിക്കാറുണ്ടല്ളോ എന്ന് പ്രതികരിച്ചു. എന്നാല്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സഖ്യകക്ഷി നേതാക്കള്‍ക്കൊപ്പം ചേര്‍ന്നതോടെ ബി.ജെ.പി അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെടുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.