തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സാധ്യതകള്‍ വിലയിരുത്താന്‍ കഴിഞ്ഞദിവസം തലസ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഗുലാംനബി ആസാദ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തി. മുതിര്‍ന്ന നേതാക്കളുമായി ഒറ്റക്കൊറ്റക്കും മറ്റുള്ളവരുമായി അല്ലാതെയും ആയിരുന്നു ചര്‍ച്ച. പാര്‍ട്ടി നേതൃത്വം കേരളത്തിലെ തെരഞ്ഞെടുപ്പിന്‍െറ ചുമതല ഏല്‍പിച്ചിരിക്കുന്നത് ഗുലാം നബി ആസാദിനെയാണ്.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം, സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം, തെരഞ്ഞെടുപ്പിലെ സാധ്യത, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് കാരണം, അവിടങ്ങളിലെ ഇത്തവണത്തെ സാധ്യത, പാര്‍ട്ടിയോടുള്ള വിവിധ സമുദായങ്ങളുടെ സമീപനം, ജില്ലകളിലെ ഘടകകക്ഷി സീറ്റുകളുടെ വിവരം, ജില്ലകളില്‍ സമുദായങ്ങളുടെ ശക്തി തുടങ്ങിയ വിവരങ്ങളാണ് നേതാക്കളോട് പ്രധാനമായും ഗുലാംനബി ചോദിച്ചറിഞ്ഞത്. കൂടിക്കാഴ്ച നടന്ന മാസ്കറ്റ് ഹോട്ടലില്‍ ഉണ്ടായിരുന്ന ലീഗ് നേതാക്കളായ സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ ഗുലാം നബിയെ സന്ദര്‍ശിച്ച് സൗഹൃദം പുതുക്കി. ആത്മഹത്യ ചെയ്ത ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ഥി രോഹിത് വെമുലയുടെ മാതാവ് രാധിക, സഹോദരന്‍ രാജ എന്നിവരും സര്‍വകലാശാലയിലെ വെമുലയുടെ സഹപാഠികളും ഗുലാം നബി ആസാദിനെ സന്ദര്‍ശിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രി രമേശ് ചെന്നിത്തല, തെന്നല ബാലകൃഷ്ണപിള്ള, എം.എം. ജേക്കബ്, പി.സി. ചാക്കോ, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.പി. അനില്‍ കുമാര്‍, വി.എസ്. ശിവകുമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, തലേക്കുന്നില്‍ ബഷീര്‍, വക്കം പുരുഷോത്തമന്‍, എം.കെ. രാഘവന്‍ എം.പി, ബെന്നി ബഹനാന്‍, കെ. ശിവദാസന്‍ നായര്‍, സി.പി. മുഹമ്മദ്, എം. ലിജു, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഡീന്‍ കുര്യാക്കോസ്, ബിന്ദു കൃഷ്ണ, ജമീലാ ഇബ്രാഹീം എന്നിവര്‍ ഗുലാംനബിയുമായി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.