ആര്‍.എസ്.എസ് പിടിമുറുക്കുന്നു; ബി.ജെ.പിയില്‍ അസ്വാരസ്യം

കൊച്ചി: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പാര്‍ട്ടിയില്‍ ആര്‍.എസ്.എസ്് പിടിമുറുക്കുന്നതില്‍ ബി.ജെ.പി നേതൃത്വത്തില്‍ അസ്വാരസ്യം. സ്ഥാനാര്‍ഥി നിര്‍ണയമടക്കം ഞായറാഴ്ച കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളെടുത്തെങ്കിലും 19ന് എറണാകുളത്ത് നടക്കുന്ന ആര്‍.എസ്്.എസ് സംസ്ഥാന ബൈഠക്കായിരിക്കും ഇക്കാര്യത്തില്‍ ഉള്‍പ്പെടെ ആഭ്യന്തര വിഷയങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക.

ആര്‍.എസ്.എസുമായി അടുത്തബന്ധം പുലര്‍ത്തുന്ന കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്‍റ് പദവി ഏറ്റെടുത്തതോടെ ബി.ജെ.പിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആര്‍.എസ്.എസ് നേരിട്ട് ഇടപെടുന്നുവെന്ന പരാതി സംസ്ഥാന നേതൃത്വത്തില്‍ തന്നെ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കുന്നതിനിടെയാണ് എറണാകുളത്ത് ബൈഠക് നടക്കുന്നത്. ശക്തമായ മത്സരം ലക്ഷ്യമിടുന്ന തിരുവനന്തപുരത്തെ നേമത്ത് തന്നെ ഒഴിവാക്കി കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാന്‍ നടക്കുന്ന നീക്കത്തില്‍ ഒ. രാജഗോപാലിനും ഒപ്പമുള്ളവര്‍ക്കും കടുത്ത പ്രതിഷേധമുണ്ട്. ആര്‍.എസ്.എസിന്‍െറ തീവ്രഹിന്ദുത്വം തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഗുണം ചെയ്യില്ളെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും നിലപാട്.

ഈ സാഹചര്യത്തിലാണ് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാകുന്നത്. നിലവില്‍ നേമം-ഒ. രാജഗോപാല്‍, കഴക്കൂട്ടം-വി. മുരളീധരന്‍, കുന്നമംഗലം-സി.കെ. പത്മനാഭന്‍, പലക്കാട്-ശോഭ സുരേന്ദ്രന്‍, ആറന്മുള-എം.ടി. രമേശ്, ചെങ്ങന്നൂര്‍-പി.എസ്. ശ്രീധരന്‍ പിള്ള, കാട്ടാക്കട-പി.കെ. കൃഷ്ണദാസ്, തിരുവനന്തപുരം സെന്‍ട്രല്‍-കുമ്മനം രാജശേഖരന്‍, തൃപ്പൂണിത്തുറ-എ.എന്‍. രാധാകൃഷ്ണന്‍, തൃക്കാക്കര-പി.എം. വേലായുധന്‍ എന്നിങ്ങനെ നേതൃനിരയിലുള്ളവര്‍ മത്സരിക്കണമെന്നാണ് ബി.ജെ.പിയിലെ ധാരണ. ഇക്കാര്യത്തിലാണ് അന്തിമ തീരുമാനം ആര്‍.എസ്.എസ് സംസ്ഥാന ബൈഠക് കൈക്കൊള്ളുക. മുന്‍ സംസ്ഥാന പ്രസിഡന്‍റ് കെ. രാമന്‍ പിള്ളയെയും ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദുനെയും ഉപാധികളില്ലാതെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരണമെന്നതില്‍ കോര്‍ കമ്മിറ്റിയില്‍ ധാരണയായിട്ടുണ്ട്.

ഇക്കാര്യത്തില്‍ വി. മുരളീധരന്‍ വിഭാഗം എതിര്‍പ്പ് ഉന്നയിച്ചെങ്കിലും ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കുമ്മനത്തെ ചുമതലപ്പെടുത്തുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ല, മണ്ഡലം കമ്മിറ്റികളുടെ പുന$സംഘടന സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്തു. അതേസമയം, ബി.ജെ.പിയുമായി സഖ്യസാധ്യത നേടി കേരള കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് ദേശീയ നേതാക്കളായ എച്ച്. രാജ, കേന്ദ്രമന്ത്രി ജെ.പി. നദ്ദ എന്നിവരുമായി കോര്‍ കമ്മിറ്റി യോഗത്തിനുമുമ്പ് കൂടിക്കാഴ്ച നടത്തി. 10 സീറ്റില്‍ മത്സരിക്കാനുള്ള അവസരമാണ് കേരള കോണ്‍ഗ്രസ് ആരാഞ്ഞത്. ബി.ഡി.ജെ.എസുമായി മുന്‍ തീരുമാനപ്രകാരം വി. മുരളീധരനും എന്‍.എസ്.എസുമായി പി.എസ്. ശ്രീധരന്‍ പിള്ളയും ചര്‍ച്ച നടത്തും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.