പുതുപ്പള്ളിയുടെ മനംനിറച്ച് കുഞ്ഞൂഞ്ഞ്

ലോകത്തിന്‍െറ ഏതുകോണിലായും പുതുപ്പള്ളിക്കാരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് മുറതെറ്റിക്കാത്തൊരു ചിട്ടവട്ടമുണ്ട്. ശനിയാഴ്ച അര്‍ധരാത്രിയോടെ വീട്ടിലത്തെി ഞായറാഴ്ച രാവിലെ പുതുപ്പള്ളി വലിയ പള്ളിയില്‍ കുര്‍ബാനയുംകൂടി പ്രവര്‍ത്തകരുടെ തിരക്കില്‍ മുങ്ങുന്ന ഉമ്മന്‍ ചാണ്ടി. 45 വര്‍ഷത്തിലധികമായി പുതുപ്പള്ളിക്കാരുടെ കൈ അനുഗ്രഹം വാങ്ങി ഉമ്മന്‍ ചാണ്ടി നിയമസഭയിലുണ്ട്. ഇക്കാലത്തിനിടെ ഞായറാഴ്ചകളില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയില്ലാതിരുന്നത് വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം.

ഞായറാഴ്ച പുതുപ്പള്ളിക്കാരും സമീപ ജില്ലക്കാരുമായി സമ്മേളനത്തിനുള്ള ആളുണ്ടാവും വീട്ടുമുറ്റത്ത്. പുലര്‍ച്ചെ അഞ്ചടിക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ കാണാനുള്ളവരുടെ ക്യൂ രൂപപ്പെട്ടിട്ടുണ്ടാകും. പള്ളിയില്‍നിന്ന് മടങ്ങിയത്തെിയാല്‍ ചികിത്സാ ധനസഹായം മുതല്‍ ചീഫ് സെക്രട്ടറിയുടെയും മുന്നില്‍ അവതരിപ്പിക്കേണ്ട കാര്യങ്ങള്‍വരെ ആവലാതികളുമായി ആയിരങ്ങള്‍. ഒരോരുത്തരെയും കേട്ട് പ്രശ്നങ്ങള്‍ക്ക് ഞൊടിയിടയില്‍ പരിഹാരം. അവധി ദിനമാണെങ്കില്‍ പോലും വിളിക്കേണ്ടവരെ ഉടന്‍ ഫോണില്‍ ബന്ധപ്പെട്ടാകും വിഷയങ്ങള്‍ പരിഹരിക്കുക. ചികിത്സാ ധനസഹായ ഉത്തരവ്, സ്ഥലംമാറ്റം, കോളജ് പ്രവേശം ആവശ്യക്കാര്‍ക്കെല്ലാം ശിപാര്‍ശക്കത്തുകള്‍. ആരെയും വെറും കൈയോടെ മടക്കില്ല.

ഏഴുപഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലത്തിലെ നാട്ടുകാരുടെ പ്രശ്നങ്ങള്‍ക്കാവും മുന്‍ഗണന. ഒരിടത്ത് സ്വതന്ത്രനെ കൂട്ടുപിടിച്ച് ഇടതുമുന്നണി ഭരണം തട്ടിയെടുത്തത് ഒഴിച്ചാല്‍ ഏഴു പഞ്ചായത്തുകളില്‍ ആറിടത്തും യു.ഡി.എഫ് ഭരണം. നിവേദനം വാങ്ങലും പ്രാദേശികതലത്തിലെ പാര്‍ട്ടി പ്രശ്നങ്ങള്‍ പരിഹരിക്കലും തുടങ്ങി ഒരുദിവസം സെക്രട്ടേറിയറ്റില്‍ നടക്കുന്നത്ര കാര്യങ്ങള്‍ മണിക്കൂറുകളില്‍ അദ്ദേഹം തീര്‍ത്തിരിക്കും. മുറ്റത്തുനിന്ന് ഒരോരുത്തരായി ചിരിച്ച് പുറത്തേക്കിറങ്ങുമ്പോള്‍ പുതുപ്പള്ളിയിലെ ഏതെങ്കിലും ചടങ്ങിന്‍െറ ഉദ്ഘാടനവേദിയിലുണ്ടാകും കേരളമുഖ്യന്‍.

മുഖ്യമന്ത്രിയുടെ ചടങ്ങിന് വലുപ്പച്ചെറുപ്പമില്ളെന്നതാണ് പ്രത്യേകത. മണ്ഡലത്തിലെ വിവാഹങ്ങളിലെല്ലാം ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യമുണ്ടാകും. മരണവീടുകളില്‍ നിര്‍ബന്ധമായും പോയിരിക്കും. ഇനി ഏതെങ്കിലും ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെപോയാല്‍ അടുത്തയാഴ്ച വീടുകളിലത്തെി ദു$ഖവും സന്തോഷവും പങ്കുവെക്കാനും മറക്കില്ല. മണ്ഡലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പകരക്കാരെ ഇതേവരെ നിയോഗിച്ചിട്ടില്ളെന്നതാണ് അദ്ദേഹത്തിന്‍െറ പ്രത്യേകത. എവിടെയും ഓടിയത്തെുക എന്നതാണ് അദ്ദേഹത്തിന്‍െറ നയം. പിന്നെ കോട്ടയം, എറണാകുളംവരെ നീളുന്ന ഉദ്ഘാടനങ്ങള്‍.

1970ല്‍ തുടങ്ങിയതാണ് പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ തേരോട്ടം. ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും പുതുപ്പള്ളിക്കാര്‍ ഉമ്മന്‍ ചാണ്ടിയെ കൈവിട്ടിട്ടില്ല. ഉമ്മന്‍ ചാണ്ടിയെ മുട്ടുകുത്തിക്കാന്‍ ഇടതുമുന്നണി പതിനെട്ടടവും പ്രയോഗിക്കുമെങ്കിലും ഫലം വരുമ്പോള്‍ വിജയം അദ്ദേഹത്തിനുതന്നെ. ഏറ്റവും ഒടുവില്‍ കാല്‍ ലക്ഷത്തിലധികമായിരുന്നു ഭൂരിപക്ഷം. മന്ത്രി-മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് ഇങ്ങനെ പോകുന്നു പുതുപ്പള്ളിയില്‍നിന്നുള്ള ഉമ്മന്‍ ചാണ്ടിയുടെ വിജയഗാഥ. യു.ഡി.എഫിന് എക്കാലവും വിശ്വസിക്കാവുന്ന മണ്ഡലമായി പുതുപ്പള്ളിയെ മാറ്റിയതും ഉമ്മന്‍ ചാണ്ടിയുടെ ഈ സമീപനംതന്നെയാണ്.

എതിരാളികളും ശത്രുക്കളും ആരോപണശരങ്ങള്‍ എത്രകണ്ട് എയ്താലും 46 വര്‍ഷമായി പുതുപ്പള്ളിക്കാരുടെ മനസ്സില്‍ ഒരൊറ്റ നാമമേയുള്ളൂ-അത് കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ ചാണ്ടി മാത്രം. മന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും ഉമ്മന്‍ ചാണ്ടി മുന്‍കൈയെടുത്ത് നടപ്പാക്കിയ പദ്ധതികള്‍ നിരവധി. മണ്ഡലത്തിന്‍െറ അടിസ്ഥാനസൗകര്യ വികസനത്തിനായിരുന്നു എന്നും മുന്‍തൂക്കം. മികച്ച റോഡുകള്‍, കോടികള്‍ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ബൈപാസുകള്‍, ആശുപത്രികള്‍, സ്കൂളുകള്‍, കോളജുകള്‍ പട്ടിക നീളുന്നു. രാജീവ് ഗാന്ധി അന്തരിച്ചശേഷം അദ്ദേഹത്തിന്‍െറ പേരില്‍ പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഒൗദ്യോഗിക ഉദ്ഘാടനം 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷയെക്കൊണ്ട് അടുത്തിടെ ഉദ്ഘാടനം ചെയ്യിച്ച് സ്വന്തം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും അനൗദ്യോഗികമായി തുടക്കമിട്ടിരിക്കുകയാണ്.

ഒരുവെടിക്ക് രണ്ടു പക്ഷിയെന്ന കുഞ്ഞൂഞ്ഞിന്‍െറ തന്ത്രമായും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. രാജീവ് ഗാന്ധിയുടെ പേരും സോണിയ ഗാന്ധിക്കായുള്ള കാല്‍നൂറ്റാണ്ടിലെ കാത്തിരിപ്പും ഇതിലൂടെ ഹൈകമാന്‍ഡിന്‍െറ ഹൃദയത്തിലിടം നേടാനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസിലെ വിരുദ്ധഗ്രൂപ്പുകള്‍ പറയുന്നു. രാജ്യത്തെ മൂന്നാമത്തെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പുതുപ്പള്ളി പള്ളിക്കത്തോട് പഞ്ചായത്തിലെ തെക്കുംതലയില്‍ കെ.ആര്‍. നാരായണന്‍െറ പേരില്‍ കൊണ്ടുവന്നത് വലിയ നേട്ടമായി. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയായിരുന്നു ഉദ്ഘാടകന്‍. ഇതിനെ ഡീംഡ് യൂനിവേഴ്സിറ്റിയായി ഉയര്‍ത്താനുള്ള പദ്ധതികള്‍ അന്തിമഘട്ടത്തിലാണ്.

പുതുപ്പള്ളിയില്‍ പ്ളസ് ടു ഇല്ലാത്ത സ്കൂളുകളില്ല. സഭകള്‍ക്കും വിവിധ സമുദായങ്ങള്‍ക്കുമായി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍. എന്‍ജിനീയറിങ് കോളുകള്‍. സ്കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍, ലോകനിലവാരത്തില്‍ രാമാനുജം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ്, വാത്താനം കെ.വി സബ്സ്റ്റേഷന്‍, പാമ്പാടിയിലെ 33 കെ.വി സബ്സ്റ്റേഷന്‍ 110 കെ.വിയാക്കിത്, പുതുപ്പള്ളിയില്‍ 110 കെ.വി സബ്സ്റ്റേഷന്‍, കോട്ടയം-മണര്‍കാട്-ചങ്ങനാശ്ശേരി ബൈപാസ്, കോട്ടയം-പുതുപ്പള്ളി-കോഴഞ്ചേരി റോഡ്, പുതുപ്പള്ളി-പെരുന്തുരുത്തി ബൈപാസ്, മണര്‍കാട്-കൂരോപ്പട ബൈപാസ്, കോടിമത-മണര്‍കാട് ബൈപാസ്, മണര്‍കാട്-ഏറ്റുമാനൂര്‍ റോഡ് വികസനം, പാമ്പാടിയില്‍ ഫയര്‍ സ്റ്റേഷന്‍, എല്ലാ പഞ്ചായത്തുകളിലും സ്വകാര്യ ബസ്സ്റ്റാന്‍ഡുകള്‍, കോട്ടയംവഴിയുള്ള കൊല്ലം-മധുര ദേശീയ പാതയുടെ വികസനം, അരീപ്പറമ്പില്‍ പൗള്‍ട്രി ഫാം തുടങ്ങി പൊതുമരാമത്ത് വകുപ്പിന്‍െറയും ദേശീയപാത അതോറിറ്റിയുടെയും എം.പി, എം.എല്‍.എ ഫണ്ടും കേന്ദ്രാവിഷ്കൃത ഫണ്ടും ഉപയോഗപ്പെടുത്തിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ അടക്കം ഇക്കാലയളവില്‍ പുതുപ്പള്ളി മണ്ഡലത്തിലേക്ക് ഒഴുകിയത് കോടികള്‍. ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിച്ചാല്‍ വികസനങ്ങള്‍ക്കായി ചെലവഴിച്ചതിന്‍െറ കണക്കുകള്‍ നോക്കിയിട്ടില്ളെന്നായിരിക്കും മറുപടി. സംസ്ഥാനത്ത് ഏത് വികസനപദ്ധതി ആരംഭിച്ചാലും അതിലൊന്ന് പുതുപ്പള്ളിയില്‍ എന്നതാണ് അദ്ദേഹത്തിന്‍െറ നയം. പുതുപ്പള്ളി ഗ്രാമം പ്രധാന നഗരങ്ങള്‍ക്കിടയില്‍ കിടക്കുന്നതിനാല്‍ ഇവിടെ നടപ്പാക്കുന്ന വികസനത്തിന്‍െറ ഗുണഭോക്താക്കള്‍ പുതുപ്പള്ളിക്കാര്‍ മാത്രമല്ളെന്നതിനാല്‍ ആക്ഷേപത്തിനും ഇടയുണ്ടാവുന്നില്ല. പുതുപ്പള്ളിയില്‍ തുടങ്ങുന്ന വികസനമെല്ലാം കോട്ടയം-ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളില്‍ അവസാനിക്കുന്നുവെന്നതും മുഖ്യന്‍െറ നേട്ടമാകുന്നു.

കുടിവെള്ളക്ഷാമമായിരുന്നു ഇവിടത്തെ പ്രധാന പ്രശ്നം. ഇതിന് പരിഹാരമായി മീനച്ചിലാറ്റില്‍നിന്നും വെള്ളമത്തെിക്കാനുള്ള പദ്ധതിയും യാഥാര്‍ഥ്യമാവുകയാണ്. 150 കോടിയാണ് ഇതിന്‍െറ ചെലവ്. കോട്ടയത്തുനിന്ന് മണര്‍കാട്-പാമ്പാടിവഴി സര്‍വേ പൂര്‍ത്തിയാക്കിയ കോട്ടയം എരുമേലി റെയില്‍പാത ഭൂവുടമകളുടെ താല്‍പര്യത്തിനായി അട്ടിമറിച്ചതൊഴിച്ചാല്‍ മണ്ഡലത്തിന്‍െറ വികസനത്തിനായിരുന്നു ഇക്കാലയളവിലെ പ്രവര്‍ത്തനങ്ങളെല്ലാം. അഞ്ചു വര്‍ഷം കൊണ്ട് പുതുപ്പള്ളി മണ്ഡലത്തില്‍ മാത്രം ചെലവഴിച്ചത് 3000 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണെന്നാണ് ഏകദേശ കണക്ക്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ വിജയത്തിന്‍െറ ആത്മവിശ്വാസത്തിലാണ് ഒരിക്കല്‍ക്കൂടി കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയില്‍ ജനവിധിക്കിറങ്ങുന്നത്. പ്രതിപക്ഷത്തിനുപോലും വിമര്‍ശിക്കാന്‍ കഴിയാത്ത വിധമുള്ള വികസനമാണ് ഇക്കാലയളവില്‍ പുതുപ്പള്ളിയിലേക്ക് ഒഴുകിയത്. തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഒരിക്കലും വികസനപ്പോരായ്മ പ്രചാരണവിഷയമാക്കാന്‍ പ്രതിപക്ഷത്തിനും താല്‍പര്യമില്ല. ഇവിടെ വിഷയം രാഷ്ട്രീയം മാത്രമാണ്. സോളാറും സരിതയുമാകും ഇക്കുറിയും പ്രചാരണായുധം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.