സി.പി.എം യെച്ചൂരിയുടെ പ്രായോഗിക രാഷ്ട്രീയ വഴിയിലേക്ക്

ന്യൂഡല്‍ഹി: കാരാട്ടിന്‍െറ കാലത്തെ പ്രത്യയശാസ്ത്ര കാര്‍ക്കശ്യത്തില്‍നിന്ന് പ്രായോഗിക രാഷ്ട്രീയത്തിന്‍െറ പുതുവഴികളിലേക്ക് പാര്‍ട്ടിയെ നയിക്കുകയാണ് യെച്ചൂരിയെന്നാണ് ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച സി.പി.എം തീരുമാനം വ്യക്തമാക്കുന്നത്.
സി.പി.എം കാലങ്ങളായി എതിര്‍ക്കുന്ന കോണ്‍ഗ്രസിന്‍െറ നയങ്ങളില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ബംഗാളില്‍ കോണ്‍ഗ്രസിനൊപ്പം ചേരുന്നതിന് അവിടെ സി.പി.എം എത്തിപ്പെട്ട പരിതാപകരമായ സാഹചര്യമല്ലാതെ മറ്റൊരു ന്യായമില്ല. മാത്രമല്ല, ബംഗാളില്‍ ദോസ്തിയും കേരളത്തില്‍ ഗുസ്തിയുമെന്ന വൈരുധ്യം വിശദീകരിക്കാനും പ്രയാസമുണ്ട്. ഇവയെല്ലാം അവഗണിച്ചാണ് കോണ്‍ഗ്രസുമായി സഹകരണത്തിനായി യെച്ചൂരി നിലകൊണ്ടത്.

പ്രത്യയശാസ്ത്ര കാര്‍ക്കശ്യം മാറ്റാതെ കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്നുവെച്ചാല്‍ മമതക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന പാര്‍ട്ടി ബംഗാളില്‍ മുച്ചൂടും മുടിയുമെന്ന മുന്നറിയിപ്പിലൂടെ കേന്ദ്ര കമ്മിറ്റിയെ പ്രായോഗിക രാഷ്ട്രീയ വഴിയിലേക്ക് കൊണ്ടുവരാന്‍ പുതിയ ജനറല്‍ സെക്രട്ടറിക്ക് കഴിഞ്ഞു. കാരാട്ട് പക്ഷവും കേരളഘടകവും അത് അംഗീകരിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ പിന്തുണ അക്കാര്യത്തില്‍ യെച്ചൂരിക്കും ബംഗാള്‍ ഘടകത്തിനും കരുത്ത് പകര്‍ന്നു. ബംഗാള്‍ ലൈന്‍ പിന്തുണച്ച് വി.എസ് യെച്ചൂരിക്ക് കുറിപ്പ് നല്‍കിയിരുന്നു. യെച്ചൂരി  അത് കേന്ദ്ര കമ്മിറ്റിയില്‍ വിതരണം ചെയ്യുകയും ചെയ്തു. കോണ്‍ഗ്രസിനോടുള്ള സമീപനത്തെ ചൊല്ലി സി.പി.ഐ വിട്ടുപോന്നവര്‍ ഉണ്ടാക്കിയ സി.പി.എമ്മില്‍ അരനൂറ്റാണ്ടിനിപ്പുറം കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി രൂപപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഇരുപക്ഷത്തിനും സ്വീകാര്യമാംവിധം സഖ്യം വേണ്ട, സഹകരണമാകാമെന്ന തീരുമാനത്തോടെ കേന്ദ്ര കമ്മിറ്റി പിരിഞ്ഞപ്പോള്‍ പാര്‍ട്ടി നേരിട്ട വലിയൊരു പ്രതിസന്ധികൂടിയാണ് വഴിമാറിയത്.  


കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം യെച്ചൂരിയുടെ വ്യക്തിപരമായ നേട്ടം കൂടിയാണ്. കോണ്‍ഗ്രസുമായി ഒരു സഹകരണവും വേണ്ടെന്ന നിലപാടുള്ള മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്‍െറ പക്ഷത്തിനാണ് പി.ബിയിലും കേന്ദ്ര കമ്മിറ്റിയിലും മേല്‍ക്കൈ. എന്നിട്ടും ബംഗാളില്‍ കോണ്‍ഗ്രസ് സഹകരണത്തിന് അനുകൂലമായ തീരുമാനമെടുപ്പിക്കാന്‍ യെച്ചൂരിക്ക് കഴിഞ്ഞു. എസ്.ആര്‍.പി ജനറല്‍ സെക്രട്ടറിയാകട്ടെയെന്ന കാരാട്ട് പക്ഷത്തിന്‍െറ താല്‍പര്യം അവസാന നിമിഷം അട്ടിമറിച്ചാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായത്. യെച്ചൂരി പാര്‍ട്ടിയില്‍ പിടിമുറുക്കുന്നുവെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ തീരുമാനം വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസുമായുള്ള സഹകരണം സംബന്ധിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി തീരുമാനം വിശദീകരിച്ച പത്രസമ്മേളനം നടന്നത് ഡല്‍ഹി റോസ് അവന്യൂവിലെ പാര്‍ട്ടി വക ഭൂമിയിലാണ്. മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ് സുര്‍ജിതിന്‍െറ പേരില്‍ നിര്‍മിക്കുന്ന പാര്‍ട്ടിയുടെ പുതിയ ഓഫിസ് കെട്ടിടത്തിന്‍െറ ശിലാസ്ഥാപനവും ഇതോടൊപ്പം നടന്നു. കോണ്‍ഗ്രസും സി.പി.എമ്മും കൈകോര്‍ത്ത യു.പി.എ സഖ്യത്തിന്‍െറ ശില്‍പി സുര്‍ജിതാണെന്നിരിക്കെ, കോണ്‍ഗ്രസിനോടുള്ള പാര്‍ട്ടിയുടെ സമീപനത്തിലെ ചുവടുമാറ്റം സുര്‍ജിതിന്‍െറ ചിത്രം പതിച്ച വേദിയിലാണ് യെച്ചൂരി പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമായി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.