മൂന്നുതവണ തോറ്റാലെന്താ; ആരോടൊക്കെയാ മത്സരിച്ചത്?

കണ്ണൂര്‍: മൂന്നു തവണ മത്സരിച്ചിട്ടും നിയമസഭ കാണാത്തതില്‍ ആര്‍.എസ്.പി കേന്ദ്ര കമ്മിറ്റി അംഗവും ദീര്‍ഘകാലം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ അബ്ദുല്‍ഖാദറിന് നിരാശയില്ല. ഇ.കെ. നായനാരോടും പിണറായി വിജയനോടും എം. കമലത്തോടും മുഖാമുഖം മത്സരിച്ചതു തന്നെയാണ് തന്‍െറ രാഷ്ട്രീയ വിജയമെന്ന് അബ്ദുല്‍ഖാദര്‍. എഴുപതുകള്‍ മുതല്‍ പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലെ മുന്നണി സാരഥ്യംകൊണ്ട് നിറഞ്ഞുനിന്ന 89 കാരനായ അബ്ദുല്‍ഖാദര്‍ ഇപ്പാള്‍ എല്ലാറ്റില്‍നിന്നും അല്‍പം അകന്ന് പാപ്പിനിശ്ശേരിയിലെ വീട്ടിലിരുന്ന് ആത്മകഥ രചിക്കുന്ന തിരക്കിലാണ്.  ഇരിക്കൂറിലെ പ്രമാണിയും മരക്കച്ചവടക്കാരനുമായിരുന്ന കിണാക്കൂല്‍ ഖാദര്‍ ഹാജിയുടെ പുത്രന്‍ അബ്ദുല്‍ഖാദറിന് തെരഞ്ഞെടുപ്പുരാഷ്ട്രീയം വരവുചെലവ് കണക്കുപ്രകാരം നഷ്ടക്കച്ചവടമാണ്. പക്ഷേ, അന്നത് ഒരു ഹരം.

ഇരിക്കൂറിലെ മുസ്ലിം ലീഗ് കോട്ടയില്‍ ജനിച്ചുവളര്‍ന്ന്  യാദൃച്ഛികമായി  ടി.കെ. ദിവാകരന്‍െറയും ബേബിജോണിന്‍െറയും സൗഹൃദത്തിലൂടെ വളര്‍ന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടിന്‍െറ അടിയുറച്ച സാരഥിയായി അബ്ദുല്‍ഖാദര്‍  ഉയര്‍ന്നു. 1970ല്‍ സി.പി.എമ്മിലെ സമുന്നതനായ എ. കുഞ്ഞിക്കണ്ണനോട് ആര്‍.എസ്.പി നേതാവ് ടി. ലോഹിതാക്ഷന്‍ മത്സരിച്ച് തോറ്റ ഇരിക്കൂര്‍ മണ്ഡലത്തില്‍ ’74ലെ ഉപതെരഞ്ഞെടുപ്പിലാണ് അബ്ദുല്‍ഖാദറിനെ പാര്‍ട്ടി അങ്കത്തിനിറക്കിയത്. ഇരിക്കൂറിലെ തന്‍െറ  കുടുംബ കരുത്തും പൊതുബന്ധവുമെല്ലാം തെരഞ്ഞെടുപ്പില്‍ വോട്ടാവുമെന്ന് കണക്കുകൂട്ടി. കന്നിയങ്കമായതിനാല്‍ ഉശിരും വാശിയുമേറെ. മത്സരം നല്ല നിലയില്‍ പിരിമുറുകി. എം.വി. രാഘവന്‍ സി.പി.എം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ നേരിട്ട് ഇരിക്കൂറില്‍ മേല്‍നോട്ടം വഹിച്ചു.

പിന്നീട് മുഖ്യമന്ത്രിപദത്തിലേക്ക് നടന്നുകയറിയ ഇ.കെ. നായനാരുടെ കന്നിയങ്കം.  അവസാന മണിക്കൂറില്‍ സി.പി.എമ്മിന്‍െറ തമ്പുകളില്‍നിന്ന് ചില അപവാദങ്ങള്‍ പൊങ്ങി. അബ്ദുല്‍ഖാദറിന്‍െറ ബാപ്പയുടെ കാര്യസ്ഥനായ ചാത്തുണ്ണിനമ്പ്യാരുടെ മരണത്തെ ദുര്‍വ്യാഖ്യാനിച്ചുപോലും എതിരാളികള്‍ പ്രചാരണം നടത്തി. നമ്പ്യാര്‍ വോട്ട് നിര്‍ണായകമായ മണ്ഡലത്തില്‍ അവസാന മണിക്കൂറില്‍ ചില ബൂത്തുകളില്‍ പ്രശ്നങ്ങളുണ്ടാക്കി കണ്ണൂരിന്‍െറ സ്വത$സിദ്ധ ശൈലിയില്‍  ‘കനത്തപോളിങ്’ നടത്തുകയായിരുന്നു. വോട്ടെണ്ണിയപ്പോള്‍ 1822 വോട്ടിനാണ് തോറ്റത്. ഇത് തോല്‍വിയല്ലായിരുന്നു. കാരണം, അത്രയും വോട്ട് സി.പി.എമ്മിന്‍േറതല്ലായിരുന്നുവെന്നാണ് അബ്ദുല്‍ഖാദര്‍ ഇപ്പോഴും വിശ്വസിക്കുന്നത്.

1977ല്‍ കോണ്‍ഗ്രസ് ജാതിവോട്ട് ലാക്കാക്കി സി.പി. ഗോവിന്ദന്‍നമ്പ്യാര്‍ക്കുവേണ്ടി സീറ്റ് ആര്‍.എസ്.പിയില്‍നിന്ന് പിടിച്ചുവാങ്ങിയതോടെ ഇരിക്കൂറില്‍ രണ്ടാമൂഴം കരക്കടുപ്പിക്കാമെന്ന അബ്ദുല്‍ഖാദറിന്‍െറ മോഹം പൂവണിഞ്ഞില്ല. ’77ല്‍ അബ്ദുല്‍ഖാദറിന് നിയോഗം കൂത്തുപറമ്പിലേക്കായിരുന്നു.  ചുകന്ന കോട്ടയില്‍  കണ്ണൂരിലെ സി.പി.എമ്മിന്‍െറ തീതുപ്പുന്ന പ്രസംഗകനായ പിണറായി വിജയനോടാണ് മത്സരമെന്നത് ആശങ്കയെക്കാള്‍ ആവേശമുളവാക്കുന്നതായി. കൂത്തുപറമ്പായിട്ടും അന്നും അബ്ദുല്‍ഖാദര്‍ പൊരുതാതിരുന്നില്ല. പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷത്തിന്‍െറ മേധാശക്തിയുള്ള സി.പി.എമ്മിന്‍െറ കോട്ടയില്‍ അബ്ദുല്‍ഖാദര്‍ തോറ്റത് 4064 വോട്ടിന്‍െറ വ്യത്യാസത്തില്‍.
ഇനിയൊരു മത്സരത്തിന് ‘രാശി’ ശരിയല്ളെന്ന് പലരും പറഞ്ഞതാണ്.

പക്ഷേ, സാദാ പ്രവര്‍ത്തകരോടൊപ്പം പാതിരാവിലും പോസ്റ്റര്‍ പതിക്കാന്‍ തെരുവില്‍ കൂടെ നടക്കാറുള്ള അബ്ദുല്‍ഖാദറിന് പാര്‍ട്ടിയാണ് എല്ലാറ്റിനെക്കാളും വലുത്. അതുവരെയും യു.ഡി.എഫിന്‍െറ പാളയത്തിലായിരുന്ന ആര്‍.എസ്.പി ഇടതുമുന്നണിയുടെ ഭാഗമായതോടെ മത്സരം പിന്നെ യു.ഡി.എഫിനോടായി. അബ്ദുല്‍ഖാദര്‍ 1980ല്‍ കല്‍പറ്റയില്‍ മലകേറിവന്നത് പുതിയ മുന്നണി സമവാക്യത്തിന്‍െറ മാറ്റുരക്കുക എന്ന ദൗത്യംകൂടി ഏറ്റെടുത്താണ്. ഒരു പാരമ്പര്യവുമില്ലാത്ത യു.ഡി.എഫിന്‍െറ കോട്ടയായ കല്‍പറ്റയില്‍ സ്ഥിരതാമസമാക്കിയാണ് രാവും പകലും കരുക്കള്‍ നീക്കിയത്. പക്ഷേ,  എം. കമലത്തോട് പതിമൂവായിരത്തിലേറെ വോട്ടിന് തോറ്റു.  

മത്സരിച്ചതു തന്നെയാണ് വലിയ രാഷ്ട്രീയ വിജയമെന്നാണ് അബ്ദുല്‍ഖാദര്‍ ഇപ്പോഴും പറയുന്നത്. വമ്പന്മാരോടാണല്ളോ മത്സരം. മലബാറിലൊരു സീറ്റ് നേടുക എന്ന പാര്‍ട്ടി ലക്ഷ്യത്തിന്‍െറ തുറുപ്പു ശീട്ടെന്ന നിലയില്‍ പിന്നെയും അബ്ദുല്‍ഖാദറിനെ മത്സരിപ്പിക്കാന്‍ നീക്കം നടന്നു.
പക്ഷേ, പാര്‍ട്ടി തന്നെ അതു വേണ്ടെന്നുവെച്ചു. പകരം പാര്‍ട്ടി  സ്ഥാപനങ്ങളുടെ സാരഥ്യം നല്‍കുകയായിരുന്നു.  തളിപ്പറമ്പ് സര്‍സയ്യിദ് കോളജ്, കേയിസാഹിബ് ട്രെയ്നിങ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍നോട്ടക്കാരായ മുസ്ലിം എജുക്കേഷനല്‍ അസോസിയേഷന്‍െറ മുഖ്യസാരഥികളിലൊരാളാണ്  അബ്ദുല്‍ഖാദര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.