നിയമത്തില്‍ കേമനായിട്ടും നിയമസഭ കാണാനായില്ല

കാസര്‍കോട്: സി.കെ. ശ്രീധരനെ നിയമസഭ കാണിച്ചാല്‍ കോണ്‍ഗ്രസ് കോടതിയില്‍ തോറ്റുപോകും. നിയമസഭയില്‍ വാദിച്ചാല്‍ കോടിയേരിയും തോല്‍ക്കും. അതുകൊണ്ട് സി.കെ പരാജയപ്പെട്ടാലും ഒരുജയംതന്നെയാണ്. തൊട്ടകേസെല്ലാം കോണ്‍ഗ്രസിന് പൊന്നാക്കിനല്‍കിയ സി.കെ. ശ്രീധരന്‍ മൂന്നുതവണ മത്സരിച്ചിട്ടും നിയമസഭ കാണാത്തതില്‍ ആര്‍ക്കും പരിഭവം വേണ്ട. എന്‍.കെ. ബാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കിയ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പി. വിശ്വംഭരന്‍ ചെയര്‍മാനായ പാര്‍ലമെന്‍ററി ബോര്‍ഡില്‍ കൗമാരത്തില്‍ കയറിയ സി.കെ. ശ്രീധരന്‍െറ രാഷ്ട്രീയപാരമ്പര്യം ഇന്ന് യു.ഡി.എഫ് മന്ത്രിസഭയിലെ മുക്കാല്‍പങ്കിനും ഇല്ല. സോഷ്യലിസ്റ്റ് പാര്‍ട്ടിവിട്ട് 40 വര്‍ഷമായി കോണ്‍ഗ്രസില്‍.

പാരമ്പര്യത്തിനും ത്യാഗത്തിനും യു.ഡി.എഫില്‍ വലിയ സ്ഥാനമില്ലാത്തതിനാല്‍ സി.കെക്ക് ജയിക്കണമെന്ന ആര്‍ത്തിയില്ല. കാരണം തന്‍െറ പ്രൈം ലവ് കോടതിതന്നെയാണ്. നിയമത്തിലും നിയമസഭയിലേക്കും കൊമ്പന്മാരോട് കൊമ്പുകോര്‍ത്ത വക്കീലാണ് സി.കെ.  1991ല്‍ ഇ.കെ. നായനാരോട് തൃക്കരിപ്പൂരില്‍ മത്സരിച്ചാണ് സി.കെ സംസ്ഥാനത്തുതന്നെ ശ്രദ്ധേയനായത്. ഇടതുമുന്നണി വിയര്‍ത്തുപോയ തെരഞ്ഞെടുപ്പ്. പതിനായിരങ്ങളുടെ ഭൂരിപക്ഷത്തില്‍ ജയിക്കേണ്ട മണ്ഡലത്തില്‍ നായനാര്‍ വിജയിച്ചത് 6417 വോട്ടിന്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂരില്‍ ഇടതു സ്ഥാനാര്‍ഥി ജയിച്ചത് 15,000ത്തിലധികം വോട്ടിനാണെന്നറിയുമ്പോഴാണ് സി.കെ. ശ്രീധരന്‍െറ സ്ഥാനാര്‍ഥിത്വം ഉയര്‍ത്തുന്ന വെല്ലുവിളി മനസ്സിലാവുക.

2001ല്‍ ഉദുമയില്‍ മത്സരിച്ചപ്പോഴും ഇടതുവോട്ട് കുറഞ്ഞു. ജയിക്കുമെന്ന് ഉറപ്പിച്ച് 2011ല്‍ തൃക്കരിപ്പൂരില്‍ വീണ്ടും മത്സരിച്ചപ്പോഴും സി.കെയെ ജനം നിയമസഭ കാണിച്ചില്ല. കാരണം, സി.കെയെ നിയമസഭ കാണിച്ചാല്‍ കോടതി അനാഥമാകും. ’80കളില്‍ ചീമേനിയില്‍ അഞ്ചു സി.പി.എം പ്രവര്‍ത്തകരെ പാര്‍ട്ടി ഓഫിസില്‍ തീയിട്ടുകൊന്ന കേസില്‍ പ്രതിഭാഗത്തിനുവേണ്ടി ഹാജരായതും സി.കെ.  ഈ കേസിലെ 63പേരെ വെറുതെവിട്ടു. പയ്യന്നൂരിലെ കക്കറ പത്മനാഭന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിച്ച കേസില്‍ പ്രതികളായ സി.പി.എമ്മുകാര്‍ക്ക് ശിക്ഷ വാങ്ങി നല്‍കി. ചില്ലറക്കാരല്ല എതിരാളികള്‍. ഹൈകോടതിയിലും സുപ്രീംകോടതിയിലും പ്രഗല്ഭരായ കെ. കുഞ്ഞിരാമ മേനോനും എം.കെ. ദാമോദരനും.

ഐ.എന്‍.ടി.യു.സി കണ്ണൂര്‍  ജില്ലാ സെക്രട്ടറി ചേലോറ വസന്തന്‍ വധക്കേസിലെ മൂന്നു പ്രതികള്‍ക്ക് നല്‍കിയത് ജീവപര്യന്തം. കെ. സുധാകരന്‍ പ്രതിയായ നാല്‍പാടിവാസു വധക്കേസില്‍ പ്രതികളെയെല്ലാം വെറുതെവിട്ടത് സി.കെയുടെ വാദത്തില്‍. സേവറി ഹോട്ടല്‍ കേസിലും പ്രതികളെ രക്ഷപ്പെടുത്തി. കേരളം ഉറ്റുനോക്കിയ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സ്പെഷല്‍ പ്രേസിക്യൂട്ടറായതോടെ സി.കെയുടെ ഗ്രാഫ് വീണ്ടും ഉയര്‍ന്നു. പി. ജയരാജന്‍െറ അറസ്റ്റിന് കാരണമായ ഷുക്കൂര്‍ കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായ സി.കെ. ശ്രീധരന്‍െറ വാദം പി. ജയരാജന്‍െറ ജാമ്യം നിഷേധിക്കുന്നതിലത്തെിച്ചു. അതുകൊണ്ടാണ് പറയുന്നത് സി.കെയുടെ മണ്ഡലം നിയമസഭയെക്കാള്‍ കോടതിയാണെന്ന്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.