ഇടതെന്നുറപ്പിച്ച് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം

തിരുവനന്തപുരം/കോട്ടയം: കേരള കോണ്‍ഗ്രസിലെ  ഭിന്നത പരിഹരിക്കാന്‍ കെ.എം. മാണി  നടത്തിയ അനുനയശ്രമങ്ങളും തള്ളി ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ഇടതുചേരിയിലേക്ക്. സി.പി.എം നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ആറു സീറ്റെന്ന ഇവരുടെ ആവശ്യം അംഗീകരിച്ചതായാണ് വിവരം. ഇതിന്‍െറ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലയിലെ സീറ്റ് ചര്‍ച്ചകള്‍ സി.പി.എം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. അനുനയത്തിന്‍െറ ഭാഗമായി ഫ്രാന്‍സിസ് ജോര്‍ജിനും ആന്‍റണി രാജുവിനും സീറ്റ് നല്‍കാന്‍ തയാറാണെന്ന് പി.ജെ. ജോസഫിനെ മാണി അറിയിച്ചിരുന്നു. കഴിഞ്ഞ തവണ ഡോ. കെ.സി. ജോസഫ് മത്സരിച്ച കുട്ടനാട് അദ്ദേഹത്തിനുതന്നെ നല്‍കാമെന്ന വാഗ്ദാനവും നല്‍കി.
വിമതപക്ഷം പിണറായി വിജയനുമായാണ് അനൗപചാരികമായി ബന്ധപ്പെട്ടത്. നിലപാട് പരസ്യമാക്കിയാല്‍ എല്‍.ഡി.എഫുമായി സഹകരിപ്പിക്കാമെന്ന അഭിപ്രായമാണ് സി.പി.എം തുടക്കം മുതലേ എടുത്തിരുന്നത്.
സമവായത്തിന് കെ.എം. മാണിയും കോണ്‍ഗ്രസും തയാറാവുകയും ക്രൈസ്തവ സഭയുടെ ഇടപെടലുമുണ്ടായതോടെയാണ് പി.ജെ. ജോസഫ് പിന്മാറിയത്. ഇതോടെ ടി.യു. കുരുവിളയും മോന്‍സ് ജോസഫും പാര്‍ട്ടി വിടില്ളെന്നും ഉറപ്പായി. നേതൃയോഗങ്ങളിലെ ചര്‍ച്ചക്കുശേഷം ഘടകക്ഷിയാക്കണമെന്ന ആവശ്യത്തില്‍ തീരുമാനം അറിയിക്കാമെന്നും സി.പി.എം വ്യക്തമാക്കിയതായി വിമതര്‍ പറയുന്നു. ഇക്കാര്യത്തില്‍ സി.പി.എമ്മിന്‍െറ ഉറപ്പുലഭിച്ചാലുടന്‍ പാര്‍ട്ടിവിട്ട് പുറത്തുവരാനാണ് തീരുമാനം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പ്രവര്‍ത്തകയോഗം വിളിക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജിന് മൂവാറ്റുപുഴ അല്ളെങ്കില്‍ അങ്കമാലിയും ആന്‍റണി രാജുവിന് കുണ്ടറയും നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കിയതായും ഈ സാഹചര്യത്തില്‍ യു.ഡി.എഫില്‍ തുടരാന്‍ തീരുമാനിച്ചതായും മുതിര്‍ന്ന നേതാവ് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.