വി.എസ്. അച്യുതാനന്ദനോടുള്‍പ്പെടെ മൂന്നുതവണ നിയമസഭയിലേക്കും ഒരിക്കല്‍ പാര്‍ലമെന്‍റിലേക്കും മത്സരിച്ചു തോറ്റയാളോട് ഇനിയും മത്സരിക്കാന്‍ പേടിയുണ്ടോ എന്ന് ചോദിക്കണോ? പേടിയെല്ലാം പമ്പകടന്നുവെന്നാണ് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിയുടെ മറുപടി. പക്ഷേ, ഇനിയൊരു അങ്കം ജയിച്ചുകയറാനാവണം എന്നാണ് സതീശന്‍െറ ആശ. ആശിക്കാത്തിടത്തും സമയത്തും മത്സരിച്ച് ‘തോറ്റു തഴമ്പിച്ച’ ഒരാളുടെ മനസ്സിലെ പുതിയ പൂതി കോണ്‍ഗ്രസ് പരിഗണിക്കുമോ? പരിഗണിച്ചാലും ഇല്ളെങ്കിലും സതീശന്‍ പാച്ചേനി ഒന്നുറച്ചിട്ടുണ്ട്. ഇനി ഒരു പരീക്ഷണത്തിനില്ല.
യു.യു.സി. ചെയര്‍മാന്‍ പദവി ഉള്‍പ്പെടെ പലതും മത്സരിച്ചു നേടിയ ചോരത്തിളപ്പിന്‍െറ കാലത്താണ് കെ.എസ്.യു നേതാവെന്ന നിലയില്‍ സതീശന്‍ പാച്ചേനിക്ക് നിയമസഭാ അങ്കത്തിന്‍െറ പരിച കിട്ടിയത്. അതും സി.പി.എമ്മിന്‍െറ പൊന്നാപുരം കോട്ടയായ തളിപ്പറമ്പില്‍ തന്‍െറ യു.പി.സ്കൂളിലെ ഗുരുനാഥനായ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദനോട്. 1996ലെ ഈ കന്നി മത്സരത്തില്‍ സതീശന്‍ പാച്ചേനി 17,000 വോട്ടിനാണ് തോറ്റത്.
ഷുവര്‍ സീറ്റൊക്കെ മുതിര്‍ന്നവര്‍ പങ്കിട്ടശേഷം കന്നി മത്സരത്തിന്‍െറ അപ്രതീക്ഷിത നിയോഗത്തിന് വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍െറ സെക്രട്ടറിയെന്ന പരിഗണനയില്‍ അന്ന് കിട്ടിയതിനെക്കാള്‍ കനലെരിയുന്ന സ്ഥാനാര്‍ഥി കുപ്പായമാണ് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സതീശനെ തേടിയത്തെിയത്. മലമ്പുഴയില്‍ അച്യുതാനന്ദനോട് മത്സരിക്കാനുള്ള തീരുമാനം വരുന്നത് വി.എസ് അവിടെ സ്ഥാനാര്‍ഥിയായി രണ്ടാം വട്ടം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയപ്പോഴാണ്. സാക്ഷാല്‍ എ.കെ. ആന്‍റണി തന്നെ നേരിട്ട് വിളിച്ചാണ് മലമ്പുഴക്ക് വണ്ടികയറാന്‍ ആവശ്യപ്പെട്ടത്. കൈയില്‍ കാശില്ല. മലമ്പുഴ പരിചയമില്ല. മണ്ഡലത്തിലെ ഒരു ബ്ളോക് പ്രസിഡന്‍റും കമ്മിറ്റികളുടെ തലപ്പത്തില്ല. എങ്ങനെ അവിടെ പോകും? എ.കെ. ആന്‍റണി തന്നെയാണ് അതിന് മറുപടി നല്‍കിയത്: ‘രണ്ട് ജോടി കുപ്പായവും എടുത്ത് വേഗം രണ്ടും കല്‍പിച്ച് വണ്ടി കയറൂ’.
1996ല്‍ ടി. ശിവദാസമേനോന്‍ 18,000 വോട്ടിന് ജയിച്ച മലമ്പുഴയില്‍ വി.എസിന്‍െറ ഭൂരിപക്ഷം 4700ല്‍ കുറച്ചുവെച്ചാണ് സതീശന്‍ ബൂട്ടഴിച്ചത്. തോല്‍ക്കാന്‍ മലമ്പുഴ വന്ന പാച്ചേനിക്കാരന്‍ പിന്നെ സാക്ഷാല്‍ പാലക്കാട്ടുകാരനായി മാറുകയായിരുന്നു. പക്ഷേ, മലമ്പുഴയിലേക്കുള്ള രണ്ടാമൂഴം കൂടുതല്‍ ദുര്‍ഘടമായി. സീറ്റ് നിഷേധിക്കപ്പെട്ട് ഒടുവില്‍ പി.ബിയില്‍ കലഹിച്ച് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഭൂമി കുലുക്കി വന്ന വി.എസിനോടുള്ള മത്സരം സതീശന് മറക്കാനാവില്ല. ഇഞ്ചോടിഞ്ച് പൊരുതി. പക്ഷേ, വോട്ടെണ്ണിയപ്പോഴാണ് മനസ്സില്‍ ഇടിവെട്ടിയത്. ഇരുപതിനായിരത്തോളം വോട്ടിന് അടിയറ പറഞ്ഞിരിക്കുന്നു.
നിയമസഭയില്‍ അള്ളിപ്പിടിച്ചുനില്‍ക്കുന്ന വയസ്സന്മാരൊക്കെ വഴിമാറിയാലേ ഇനി ഒരു ഷുവര്‍ സീറ്റ് കിട്ടുകയുള്ളൂ എന്നത് കട്ടായം. പക്ഷേ, ഇത് കോണ്‍ഗ്രസാണ് മോനെ എന്ന് ചങ്ങാതിമാര്‍ അടക്കംപറയുന്നതിനിടയിലാണ് പാലക്കാട്ടുകാരുടെ തന്നെ സമ്മര്‍ദഫലമായി 2009ല്‍ അവിടെ പാര്‍ലമെന്‍റ് സീറ്റില്‍ അങ്കത്തിന് നിയുക്തനായത്. സി.പി.എമ്മിലെ എം.ബി. രാജേഷിനോടുള്ള ഈ മത്സരത്തില്‍ കരകയറുമെന്നുതന്നെയായിരുന്നു പ്രതീക്ഷ. തോറ്റത് 1800 വോട്ടിന്. ഇതൊരു റെക്കോഡ് മാര്‍ജിനായിരുന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാര്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്‍െറ ഭൂരിപക്ഷത്തിന് മൂക്കുകുത്തി വീണപ്പോഴാണ് തന്‍െറ തോല്‍വി ഒരു തോല്‍വിയല്ല എന്ന് കോണ്‍ഗ്രസുകാര്‍പോലും വിളിച്ചുപറഞ്ഞത്.
പാര്‍ട്ടിയില്‍ ചിലര്‍ കാലുവാരിയെന്നത് നേര്. ഡി.സി.സി പ്രസിഡന്‍റ് രാജിവെച്ചതുള്‍പ്പെടെയുള്ള അനന്തരഫലം ഈ ജനവിധിക്ക് ശേഷമുണ്ടായി. പക്ഷേ, സതീശന്‍െറ നിയമസഭാ സാമാജികത്വ മോഹത്തിന് ഇനി ചിറക് മുളക്കണമെങ്കില്‍ ജയിക്കാന്‍ പാകമുള്ള സീറ്റ് പാര്‍ട്ടി നല്‍കണം. കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ ദീര്‍ഘകാലമായി കുടിയിരിക്കുന്ന കെ.സി. ജോസഫിന്‍െറ സീറ്റിലാണ് സതീശന്‍െറ കണ്ണ്. ന്യായമായൊരു നോട്ടമാണിതെന്ന് മറ്റു കോണ്‍ഗ്രസുകാരും പറയുന്നുണ്ട്. എ ഗ്രൂപ്പിലെ എക്കാലത്തെയും യുവരക്ത സാരഥിയായ സതീശന് നല്ളൊരു തട്ടകം ഇക്കുറി കിട്ടുമോ എന്നാണ് പലരുടെയും ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.