എനിക്ക് വേണ്ടീട്ടല്ല; പാര്‍ട്ടി പറഞ്ഞാല്‍...

വല്ലാത്തൊരു എളിമയാണ്, ഈ കാലമായാല്‍. മൂത്ത നേതാവാണെന്നോ മന്ത്രിയാണെന്നോ തോന്നില്ല, ആ എളിമകണ്ടാല്‍. എനിക്ക് ഒന്നും വേണ്ട, ഒന്നുമാവണ്ട. പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കാം. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മത്സരിക്കാം. അങ്ങനെയൊക്കെ കേള്‍ക്കുന്ന കാലമാണ്. ഇവരെപ്പറ്റിയാണോ കുറ്റം പറയുന്നതെന്നു ചിന്തിച്ച് മൂക്കത്ത് വിരല്‍ വെച്ചുപോകും. ഒന്നും ആഗ്രഹിക്കാത്തവര്‍, നിസ്വന്മാര്‍, നിസ്വാര്‍ഥര്‍!

ആറു തവണ തൃശൂരില്‍നിന്ന് എം.എല്‍.എ ആയെങ്കിലും അഡ്വ. തേറമ്പില്‍ രാമകൃഷ്ണന് നിയമസഭാ സ്പീക്കറാവാനേ കഴിഞ്ഞിട്ടുള്ളൂ. ഇന്നോളം മന്ത്രിയായില്ല. വേണമെങ്കില്‍ ഏഴാം തവണയും അദ്ദേഹം മത്സരിക്കും; പക്ഷേ, ‘പാര്‍ട്ടി പറയണം’. തേറമ്പില്‍ വക്കീല്‍ ആദ്യം എം.എല്‍.എ ആവുമ്പോള്‍ കെ.എസ്.യു എന്നുപറഞ്ഞ് നടന്നവര്‍ യൂത്തും കഴിഞ്ഞ് മൂത്തുപഴുക്കാറായി. തൃശൂര്‍ സീറ്റ് കിട്ടിയാല്‍ ഒരുകൈ നോക്കാമെന്ന് കൊതിയുള്ളവര്‍ അക്കൂട്ടത്തില്‍ ഇല്ലാഞ്ഞിട്ടല്ല. പക്ഷേ, ആദ്യതവണ മുതല്‍ വക്കീലിനോട് കോണ്‍ഗ്രസ് പാര്‍ട്ടി പറയുകയാണ് മത്സരിക്കൂ, മത്സരിക്കൂയെന്ന്. വക്കീലിനെ കുറ്റംപറഞ്ഞിട്ട് എന്തുകാര്യം?
അന്തരിച്ച ലീഡര്‍ സാക്ഷാല്‍ കെ. കരുണാകരന്‍െറ തട്ടകം എന്ന് തൃശൂരിനെ പറയുന്നത് വെറുതെയല്ല. ദീര്‍ഘദര്‍ശിയായിരുന്ന ലീഡര്‍ക്ക് ഭാര്യ കല്യാണിക്കുട്ടിയമ്മയുടേതായി തൃശൂര്‍ നഗരത്തിലെ പൂങ്കുന്നത്ത് ഒരു വീടുണ്ട്. ലീഡറുടേയും ഭാര്യയുടേയും അസ്ഥിത്തറയുള്ള മണ്ണ്. വീടിന് മകന്‍ മുരളീധരന്‍െറ പേരാണെങ്കിലും താമസിക്കുന്നത് മകള്‍ പത്മജയാണ്. ദുബൈയിലും കൊച്ചിയിലും തിരുവനന്തപുരത്തും സമയം കിട്ടുമ്പോള്‍ തൃശൂരിലും താമസിക്കുന്ന പത്മജക്ക് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ തൃശൂരിന്‍െറ ചുമതലയുമുണ്ട്. പോരേ തൃശൂര്‍പൂരം. പപ്പിച്ചേച്ചിക്ക് ഇത്തവണ തൃശൂര്‍ സീറ്റില്‍ കണ്ണുണ്ടത്രെ. ഇതുവരെ തേറമ്പില്‍ വക്കീലിനോട് മത്സരിക്കാന്‍ പറഞ്ഞ പാര്‍ട്ടി ഇത്തവണ എന്തുപറയുമോ ആവോ?.

തൃശൂരില്‍നിന്ന് സ്പീക്കറും മന്ത്രിയുമായ മറ്റൊരാളുണ്ട് -ചേലക്കരയില്‍നിന്നുള്ള സി.പി.എമ്മിന്‍െറ എം.എല്‍.എ കെ. രാധാകൃഷ്ണന്‍. തുടര്‍ച്ചയായി നാലു തവണ നിയമസഭയിലുണ്ട്. ഇത്തവണയും നിയോഗം ഒത്തുവരുന്നുവെന്നാണ് കേള്‍വി. രണ്ടുവട്ടം കഴിഞ്ഞാല്‍ മാറിനില്‍ക്കണമെന്ന പാര്‍ട്ടിനയമൊന്നും ഇദ്ദേഹത്തിന്‍െറ കാര്യത്തില്‍ ബാധകമാവില്ലത്രെ. കാരണം വേറൊന്നുമല്ല. മണ്ഡലം കൈവിടാതിരിക്കാന്‍ വേറൊരാളെ തല്‍ക്കാലം കാണാനില്ല. പാര്‍ട്ടി അങ്ങനെ തീരുമാനിച്ചാല്‍ കുറ്റംപറയാനുമാവില്ല. അക്ഷരാര്‍ഥത്തില്‍ നിസ്വാര്‍ഥന്‍, അവിവാഹിതന്‍. മണ്ഡലത്തില്‍ തരക്കേടില്ലാത്ത ഇമേജും.

ഏറക്കാലം തൃശൂര്‍ ജില്ലാ കോണ്‍ഗ്രസിനെ നയിക്കുകയും കെ.പി.സി.സി ട്രഷററെന്ന നിലയില്‍ ഭൂമി ഒത്തുകിട്ടുന്നിടത്തെല്ലാം പാര്‍ട്ടിക്ക് കെട്ടിടമുണ്ടാക്കാന്‍ ഫണ്ടുണ്ടാക്കുകയും ചെയ്ത സി.എന്‍. ബാലകൃഷ്ണന്‍ ആദ്യമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍നിന്ന് മത്സരിച്ചത്. എം.എല്‍.എയായി, മന്ത്രിയും. വയസ്സ് 80 കഴിഞ്ഞു. ഐ ഗ്രൂപ്പിനുവേണ്ടി അക്ഷീണം ജില്ലയില്‍ പടനയിക്കുന്നു. മന്ത്രിപ്പണികൊണ്ട് അത്യാവശ്യം ചീത്തപ്പേരൊക്കെ സമ്പാദിച്ചെങ്കിലും അതിന്‍െറ തലക്കനമൊന്നും അദ്ദേഹത്തിനില്ല. പാര്‍ട്ടി പറഞ്ഞാല്‍ റെഡി എന്ന് ഇക്കഴിഞ്ഞ ദിവസവും നയം വ്യക്തമാക്കി.

സി.പി.എം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ സാക്ഷാല്‍ കെ. മുരളീധരനെ തറപറ്റിച്ച് നിയമസഭയില്‍ എത്തിയയാളാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പിലും ജയം ആവര്‍ത്തിച്ചു. ഇത്തവണ അദ്ദേഹത്തിന്‍െറ പേര് കുന്നംകുളത്ത് ഉള്‍പ്പെടെ ചില മണ്ഡലങ്ങളില്‍ ഉയരുന്നുണ്ട്. മത്സരരംഗത്ത് ഉണ്ടാവുമോ എന്നു ചോദിച്ചാല്‍ പക്ഷേ, കോണ്‍ഗ്രസുകാര്‍ പറയുന്നതുപോലെ പറ്റില്ലല്ളോ സി.പി.എമ്മുകാര്‍ക്ക്. അടുപ്പക്കാരോട് ചോദിച്ചാലോ ‘ഉണ്ടില്ല, വേണ്ടണം’ എന്നൊക്കെയാണ് മറുപടി. അതുതന്നെയാണ് കഴിഞ്ഞതവണ മണലൂരില്‍ കൈപൊള്ളിയ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിന്‍േറയും അവസ്ഥ. ഉണ്ടെന്നും ഇല്ളെന്നും കേള്‍ക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഇരുവരും മത്സരിക്കാന്‍ തയാറാണെന്നാണ് പറയുന്നത്.
ചുളുവില്‍ ഡി.സി.സി പ്രസിഡന്‍റായ ഒ. അബ്ദുറഹ്മാന്‍കുട്ടിക്കും ജില്ലാ സഹകരണ ബാങ്ക് ഭരിക്കുന്ന കോണ്‍ഗ്രസ് നേതാവ് എം.കെ. അബ്ദുസ്സലാമിനും ഒരു കൈ നോക്കണമെന്നുണ്ട്. അവരുടേയും പ്രഖ്യാപിതനയം ‘പാര്‍ട്ടി പറഞ്ഞാല്‍’ എന്നുതന്നെ. മറ്റൊരാള്‍ കോണ്‍ഗ്രസിന്‍െറ ഗര്‍ജിക്കുന്ന സിംഹം ടി.എന്‍. പ്രതാപനാണ്. ഇപ്പോള്‍ കൊടുങ്ങല്ലൂരാണ് തട്ടകം. യു.ഡി.എഫ് സര്‍ക്കാറിന്‍െറ പലനയങ്ങളോടും പരസ്യമായി കലഹിക്കുന്ന പ്രതാപന്‍ ഇത്തവണ എവിടെ മത്സരിക്കും എന്ന് മാത്രമല്ല, മത്സരിക്കുന്നുണ്ടോ എന്നും ചോദ്യമുണ്ട്. മത്സരിക്കുന്നില്ളെങ്കില്‍ പിന്നെ ഡി.സി.സി പ്രസിഡന്‍റ് മുതല്‍ എ.ഐ.സി.സി സെക്രട്ടറി വരെയുള്ള പദവികളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതത്രെ.

പി.സി. ചാക്കോയുടെ ‘ഡല്‍ഹി ഓപറേഷനില്‍’ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍നിന്ന് തോല്‍ക്കാനായി തൃശൂരിലേക്ക് നാടുകടത്തപ്പെട്ട കെ.പി. ധനപാലന് ഇത്തവണ തൃശൂര്‍ ജില്ലയില്‍നിന്ന് നിയമസഭയില്‍ എത്തിയാല്‍ കൊള്ളാമെന്നുണ്ട്. സഭയോട് ഏറ്റുമുട്ടി കപ്പിനും ചുണ്ടിനുമിടയില്‍ എന്ന് പറഞ്ഞതുപോലെ മണ്ഡലത്തെക്കുറിച്ചുള്ള ആധിയുമായി കഴിയുന്നവര്‍ ഇനിയുമുണ്ട്. എന്നാല്‍, പരമപ്രധാനം മറ്റൊരു താരമാണ്. സാക്ഷാല്‍ വി.എം. സുധീരന്‍. അദ്ദേഹത്തിന്‍െറ പഴയമണ്ഡലമായ മണലൂരില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടതായി കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. വെളുപ്പിന് വിവരം പുറത്തുവന്നപ്പോള്‍തന്നെ ഡല്‍ഹിയിലിരുന്ന് അദ്ദേഹം അതിനെ അപലപിച്ചു. യഥാര്‍ഥത്തില്‍ ചുമരെഴുത്തിന് പിന്നില്‍ ഒരു കഥയുണ്ട്. ജനരക്ഷായാത്രയുടെ ചുമരെഴുത്ത് മായ്ച്ചപ്പോള്‍ സുധീരന്‍െറ പേരുമാത്രം നിലനിര്‍ത്തിയതായിരുന്നു. ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മറ്റും പ്രഭാവത്തില്‍ ഇടക്കാലത്ത് മങ്ങിപ്പോയ സുധീരന്‍െറ രാഷ്ട്രീയം ഡല്‍ഹിവഴി ഉജ്ജ്വലമായതിന്‍െറ വഴികള്‍ അറിയുന്നവര്‍ ഈ ചുമരെഴുത്തിന്‍െറ കഥകേട്ടാല്‍ തലകുലുക്കും. ആ പേരുമാത്രം നിലനിര്‍ത്തി ബാക്കി മായ്ച്ചതോ മായ്പ്പിച്ചതോ എന്ന ചോദ്യം ചോദിക്കുന്നവരുമുണ്ട്. കോണ്‍ഗ്രസിന്‍െറ പടനായകന്‍ എളിമകൊണ്ട് ഇല്ളെന്നുപറഞ്ഞാലും നാളെ സ്ഥാനാര്‍ഥിയായാല്‍ അദ്ഭുതപ്പെടാനില്ല.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.