ഉറപ്പുകള്‍ പാലിക്കണമെന്ന് വീണ്ടും ജെ.ഡി.യു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്ന നിലപാടില്‍ ജെ.ഡി.യുവും യു.ഡി.എഫില്‍ പൂര്‍ണഅംഗത്വം വേണമെന്ന് ജെ.എസ്.എസും ആവശ്യപ്പെട്ടു.  പുതുതായി  ഒന്നും പറയാനില്ളെന്ന നിലപാടായിരുന്നു ജെ.ഡി.യുവിന്‍േറത്. തങ്ങളെ സംശയദൃഷ്ടിയോടെ കാണുന്നതിലുള്ള പ്രയാസമാണ് ജെ.എസ്.എസ് (രാജന്‍ ബാബു) പ്രകടിപ്പിച്ചത്. പരിയാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമെടുപ്പിക്കാനായിരുന്നു സി.എം.പി (സി.പി. ജോണ്‍) ശ്രമിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് ഇന്നലെ ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിയത്.ആറുമാസംമുമ്പ് നല്‍കിയ ഉറപ്പുകള്‍ പാലിച്ചശേഷം  പുതിയ വിഷയങ്ങളില്‍ ചര്‍ച്ചയാകാമെന്നും ജെ.ഡി.യു വ്യക്തമാക്കി.

പാലക്കാട് വീരേന്ദ്രകുമാറിനുണ്ടായ തോല്‍വിയെക്കുറിച്ചുള്ള യു.ഡി.എഫ് ഉപസമിതി റിപ്പോര്‍ട്ട് ഇതുവരെ നടപ്പാക്കിയിട്ടില്ല. കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനവും നല്‍കിയില്ല. മുന്നണിയുടെ ഭാഗമാണെന്ന് പരസ്യമായി പറയുന്നുണ്ടെങ്കിലും അതിന്‍െറ സംഘടനാസംവിധാനത്തില്‍ ഇതുവരെ പങ്കാളിത്തം നല്‍കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ അര്‍ഹമായത് നല്‍കിയില്ളെന്ന് മാത്രമല്ല, നല്‍കിയേടത്ത് വിമതന്മാരെയും നിര്‍ത്തി. എത്രയും വേഗം വേണ്ടതു ചെയ്യാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പുനല്‍കി. ജെ.ഡി.യു സംസ്ഥാന പ്രസിഡന്‍റ് എം.പി. വീരേന്ദ്രകുമാര്‍, സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, ഷേഖ് പി. ഹാരിസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

വെള്ളാപ്പള്ളി നടേശന്‍െറ പാര്‍ട്ടിക്ക് ഭരണഘടന തയാറാക്കിക്കൊടുത്തുവെന്നതിന്‍െറ പേരില്‍ തന്നെ വേട്ടയാടിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ട രാജന്‍ ബാബു കഴിഞ്ഞതവണത്തെ നാലുസീറ്റുകള്‍ വേണമെന്നും ഘടകകക്ഷിയായി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.
രാജന്‍ ബാബുവിനു പുറമെ കെ.കെ. ഷാജു, ആര്‍. പൊന്നപ്പന്‍, സുരേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്നാണ് സി.എം.പി (സി.പി. ജോണ്‍) ആവശ്യപ്പെട്ടത്. ഇതിനുള്ള നടപടികള്‍ എകദേശം പൂര്‍ത്തിയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സഹകരണ ബാങ്കില്‍ കൊല്ലത്തുനിന്നുണ്ടായിരുന്ന ഡയറക്ടര്‍ രാജിവെച്ച ഒഴിവ് നികത്തണം.

പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഇടതുപക്ഷത്തുപോയവരാണ്  ചില ജില്ലാ ബാങ്കുകളില്‍ തുടരുന്നത്. ഇവ പരിഹരിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പുനല്‍കി. കഴിഞ്ഞ തവണ മത്സരിച്ച സീറ്റ് നല്‍കണമെന്നും ആവശ്യപ്പെട്ടു. സി.പി. ജോണിനു പുറമെ സി.എ. അജീര്‍, എം.പി. സാജു എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.