ലാവലിന്‍: നിയമ പോരാട്ടത്തിന് വീണ്ടും അരങ്ങുണരുന്നു

കൊച്ചി: പിണറായി വിജയനെയടക്കം കുറ്റവിമുക്തമാക്കിയ സി.ബി.ഐ കോടതി ഉത്തരവിനെതിരെ സര്‍ക്കാറിന്‍െറ ഉപഹരജി ലാവലിന്‍ കേസില്‍ വീണ്ടും നിയമയുദ്ധത്തിന് വഴിയൊരുക്കുന്നു. ഉത്തരവ് പുന$പരിശോധിക്കണമെന്ന ആവശ്യവുമായി സി.ബി.ഐ അടക്കം നല്‍കിയ റിവ്യൂ ഹരജികളില്‍ തുടര്‍നടപടികളില്ലാതിരിക്കുമ്പോഴാണ് സര്‍ക്കാറിന്‍െറ അപ്രതീക്ഷിതമായ രംഗപ്രവേശം. ക്രൈം എഡിറ്റര്‍ ടി.പി. നന്ദകുമാറും സി.ബി.ഐയും നല്‍കിയ ഹരജികളില്‍ വാദം ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായെങ്കിലും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാന്‍ നല്‍കിയ ഹരജിയിലെ നടപടി പൂര്‍ത്തിയാകാത്തതാണ് കേസില്‍ തുടര്‍ നടപടികളില്ലാതാക്കിയത്.
ഷാജഹാന്‍െറ ഹരജിയില്‍ നോട്ടീസ് കൈപ്പറ്റാത്ത എതിര്‍കക്ഷിയെ ഒഴിവാക്കി കേസ് പരിഗണിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അനുവദിച്ചാല്‍ വരും ദിവസങ്ങളില്‍ ലാവലിന്‍ വീണ്ടും സജീവ ചര്‍ച്ചാവിഷയമാവും. പിണറായിക്കെതിരെ ആരോപണമുന്നയിച്ചും സി.ബി.ഐ കോടതി വിധിയെ എതിര്‍ത്തും സര്‍ക്കാര്‍ ഹൈകോടതിയില്‍ വിശദീകരണം നല്‍കുന്നത് ആദ്യമല്ല. ടി.പി. നന്ദകുമാറിന്‍െറ ഹരജിയില്‍ കക്ഷി ചേരാന്‍ ഇപ്പോള്‍ നല്‍കിയ ഉപഹരജിയിലെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി നേരത്തെ സര്‍ക്കാര്‍ ഹരജി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ അപേക്ഷയില്‍ തീരുമാനമായിട്ടില്ല. ഈ ഹരജി നിലവിലുള്ളതിനാലാണ് ഇപ്പോള്‍ നല്‍കിയത് ഉപഹരജിയായത്.
റിവ്യൂ ഹരജികളിലെ വാദം ഉടന്‍ ആരംഭിക്കണമെന്നും ഹരജികള്‍ തീര്‍പ്പാക്കണമെന്നുമുള്ള ആവശ്യം പുതിയതാണ്. അതിനാല്‍, സര്‍ക്കാറിന്‍െറ ഉപഹരജി തന്നെ ഈ ആവശ്യമുന്നയിച്ചുള്ളതാണെന്നതാണ് വാസ്തവം. അതേസമയം, പിണറായിക്കും മറ്റുമെതിരായ ആരോപണവും സി.ബി.ഐ കോടതി വിധിക്കെതിരായ പരാമര്‍ശങ്ങളും വീണ്ടും ഉപഹരജിയില്‍ ചേര്‍ത്തത് തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ വീണ്ടും ഇക്കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. കേസ് പരിഗണിക്കുമ്പോള്‍ കോടതിയുടെ നിരീക്ഷണം കൂടിയുണ്ടായാല്‍ യു.ഡി.എഫ് സര്‍ക്കാറിന് അതിലൂടെ വലിയ നേട്ടമുണ്ടാക്കാനാവുമെന്നും കണക്കുകൂട്ടുന്നു.
ലാവലിന്‍ ഇടപാട് ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നാണ് ഇപ്പോള്‍ ഉപഹരജിയില്‍ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍,  ഈ ഇടപാട് നഷ്ടമുണ്ടാക്കിയിട്ടില്ളെന്ന് യു.ഡി.എഫിന്‍െറ മുന്‍ ഭരണനാളില്‍ സര്‍ക്കാര്‍ തന്നെ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. അതിലെ വിശദാംശങ്ങള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ വിശദീകരണങ്ങള്‍. കെ.എസ്.ഇ.ബി സംഘടനാ നേതാവ് നല്‍കിയ ഹരജിയോടനുബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കരാറിലൂടെ നഷ്ടമുണ്ടായെന്ന സി.എ.ജിയുടെ കണ്ടത്തെല്‍ ശരിയല്ളെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ലാവലിന്‍ കരാര്‍ കൃത്യമായി നടപ്പാക്കിയിട്ടില്ളെന്ന ആരോപണം തെറ്റാണെന്നും സാമ്പത്തിക നഷ്ടം ഉണ്ടായെന്ന കണ്ടത്തെല്‍ വസ്തുതകള്‍ പരിശോധിക്കാതെയാണെന്നും വ്യക്തമാക്കിയാണ് ഊര്‍ജ സെക്രട്ടറിയായിരുന്ന കെ.ജെ. ആന്‍റണി സത്യവാങ്മൂലം നല്‍കിയത്. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റും എംപ്ളോയീസ് യൂനിയന്‍ ഓഫ് ഇന്ത്യ മുന്‍ സെക്രട്ടറിയുമായി കെ.ആര്‍. ഉണ്ണിത്താനാണ് ഈ ഹരജി നല്‍കിയിരുന്നത്. സി.ബി.ഐ കോടതി ഉത്തരവുമായി ബന്ധപ്പെട്ടും ഉണ്ണിത്താന്‍ ഹൈകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. നാല് ബെഞ്ചുകള്‍ കൈയൊഴിഞ്ഞശേഷം അഞ്ചാം ബെഞ്ചാണ് റിവ്യൂ ഹരജികള്‍ കേട്ടുകൊണ്ടിരുന്നതെന്നതാണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു വസ്തുത. അഞ്ചാം ബെഞ്ച് മുമ്പാകെയത്തെിയ ശേഷം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിന്‍െറ പേരില്‍ പരിഗണനക്കത്തൊതെയും വന്നു. സര്‍ക്കാര്‍ നല്‍കിയ ഹരജി ജസ്റ്റിസ് ബി. കെമാല്‍പാഷ മുമ്പാകെ ഇന്നോ നാളെയോ പരിഗണനക്കത്തെിയേക്കും. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 2009 ജനുവരിയിലാണ് പിണറായി വിജയനെ പ്രതിയാക്കി കേസെടുത്തത്. പിണറായി വിജയന് പുറമെ, മുന്‍ ഊര്‍ജ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ ജോയന്‍റ് സെക്രട്ടറി എ. ഫ്രാന്‍സിസ്, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍മാരായ പി.എ. സിദ്ധാര്‍ഥ മേനോന്‍, ആര്‍. ശിവദാസന്‍, ബോര്‍ഡ് മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍, ചീഫ് അക്കൗണ്ട്സ് ഓഫിസറായിരുന്ന കെ.ജി. രാജശേഖരന്‍ നായര്‍ എന്നിവരും പ്രതികളായിരുന്നു. ഇവരെയെല്ലാവരെയും കേസില്‍നിന്ന് ഒഴിവാക്കിയാണ് സി.ബി.ഐ കോടതി ഉത്തരവുണ്ടായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.