പിണറായിയുടെ യാത്ര തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കലാകും

കാസര്‍കോട്: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് നാളെ തുടക്കം. യാത്രയുടെ മുന്നോടിയായി ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളെ പിണറായി ഇന്ന് നേരില്‍ കാണും. 15ന് വൈകീട്ട് മൂന്നിന് ഉപ്പളയില്‍ സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുക. ‘മതനിരപേക്ഷ, അഴിമതി മുക്ത, വികസിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മാര്‍ച്ച് ഉപ്പളയില്‍ നിന്നാരംഭിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യാത്രയില്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്കും യാത്രാനായകന്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാറാണ് ഇനി അധികാരത്തില്‍ വരുകയെന്ന മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് സി.പി.എം യാത്ര.
തെരഞ്ഞെടുപ്പില്‍ വിഷയമാകാന്‍ പോകുന്ന എസ്.എന്‍.ഡി.പി-ബി.ജെ.പി കൂട്ടുകെട്ട്, സോളാര്‍ ഉള്‍പ്പെടെയുള്ള അഴിമതികള്‍, സി.പി.എമ്മിന്‍െറ വികസന അജണ്ട എന്നിവ കാച്ചിക്കുറുക്കിയാണ് ‘മതനിരപേക്ഷ, അഴിമതി മുക്ത, വികസിത കേരളം’ എന്ന മുദ്രാവാക്യം രൂപപ്പെടുത്തിയെടുത്തത്. ചുരുക്കത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കലാകും നവകേരള മാര്‍ച്ച്.  

നാലാം പഠന കോണ്‍ഗ്രസില്‍ വികസനത്തോട് സ്വീകരിച്ച പുതിയ സമീപനങ്ങള്‍ യാത്രയുടെ മുഖ്യവിഷയമാകുമെന്ന് സി.പി.എം നേതാക്കള്‍ തന്നെ തുറന്നുസമ്മതിക്കുന്നു. അതിവേഗം വളരുന്ന കേരളം, വന്‍ പദ്ധതികള്‍, വിദേശ നിക്ഷേപം എന്നിങ്ങനെ മുതലാളിത്ത വളര്‍ച്ചയെപോലും വെല്ലുന്ന സ്വപ്നപദ്ധതികളാണ് പഠന കോണ്‍ഗ്രസില്‍ മുന്നോട്ടുവെച്ചത്. എന്നാല്‍, ഇതിനെതിരെ ഇടതു ഘടകകക്ഷികള്‍ വിയോജിപ്പിന്‍െറ ശബ്ദം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.യാത്രക്കിടെ എല്ലാ ജില്ലകളിലെയും ജനകീയ പ്രശ്നങ്ങള്‍ ചര്‍ച്ചയാകും.

ബന്ധപ്പെട്ടവരുമായി പിണറായി സംവദിക്കുമെന്ന് സംഘാടക സമിതി നേതാക്കള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതിന്‍െറ ഭാഗമായാണ് കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ മേഖലയിലേക്ക് അദ്ദേഹം ചെല്ലുന്നത്. ജപ്തി ഭീഷണി നേരിടുന്ന ഇരകളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം സാധ്യമാക്കുമെന്ന വാഗ്ദാനമാണ് സി.പി.എം നല്‍കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.