സി.പി.ഐ ജനകീയ യാത്ര 27 മുതല്‍

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ നേതൃത്വത്തില്‍ ജനുവരി 27 മുതല്‍ മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന ‘ജനകീയ യാത്ര’ വിപുലമായി സംഘടിപ്പിക്കാന്‍ സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി തീരുമാനം. ജനങ്ങളാണ് വികസനത്തിന്‍െറ കേന്ദ്രബിന്ദു എന്ന ആശയം മുന്‍നിര്‍ത്തി സുസ്ഥിരവികസനം എന്ന ബദല്‍ കാഴ്ചപ്പാട് യാത്രയുടെ ഭാഗമായി അവതരിപ്പിക്കും.
‘മതനിരപേക്ഷത, സാമൂഹികനീതി, സുസ്ഥിര വികസനം, അഴിമതി വിമുക്തം’ എന്നീ മുദ്രാവാക്യം ഉയര്‍ത്തിയാണ് ജനകീയ യാത്ര. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ജാഥ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 18 ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി സത്യന്‍ മൊകേരി, മുല്ലക്കര രത്നാകരന്‍, പി. പ്രസാദ്, അഡ്വ. കെ. രാജന്‍, ജെ. ചിഞ്ചുറാണി, ടി.ജെ. ആഞ്ചലോസ്, കെ.കെ. അഷ്റഫ്, വി. വിനില്‍ എന്നിവരാണ് ജാഥാംഗങ്ങള്‍.
ജനകീയ യാത്രയുടെ ഭാഗമായി ഗൃഹസന്ദര്‍ശനം, വിളംബര ജാഥ എന്നിവയും ആസൂത്രണം ചെയ്യുന്നുണ്ട്. ഇന്നും നാളെയും ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഫാക്ടറികള്‍ തുറക്കുംവരെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കണമെന്നും സംസ്ഥാന നിര്‍വാഹക സമിതി ആവശ്യപ്പെട്ടു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.