മാറ്റത്തിന്‍െറ മാറ്റുരക്കുന്ന പോരാട്ടം

പത്തുവര്‍ഷമായി കേരള നിയമസഭയില്‍ കോണ്‍ഗ്രസിന് പ്രാധിനിധ്യമില്ലാത്ത ജില്ലയെന്ന പ്രത്യേകതയാണ് കൊല്ലത്തിന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ കെ.ബി. ഗണേഷ്കുമാറും ആര്‍.എസ്.പി-ബിയിലെ ഷിബു ബേബിജോണുമാണ് യു.ഡി.എഫിന്‍െറ പേരില്‍ ജയിച്ചത്. ഇതില്‍ ഗണേഷ്കുമാര്‍ മുന്നണിവിട്ടപ്പോള്‍ ആര്‍.എസ്.പിയിലെ രണ്ടുപേര്‍ ഇടതുമുന്നണിയില്‍ നിന്നത്തെി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പോടെയാണ് ജില്ലയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ചില മാറ്റങ്ങളുണ്ടായത്. കൊല്ലം ലോക്സഭാ സീറ്റിന് വേണ്ടിയുള്ള അവകാശം അംഗീകരിക്കപ്പെടാതെ വന്നതോടെ ഇടതുമുന്നണിയിലായിരുന്ന ആര്‍.എസ്.പി യു.ഡി.എഫിലത്തെി. കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റില്‍ ആര്‍.എസ്.പിയുടെ എന്‍.കെ. പ്രേമചന്ദ്രന്‍ വിജയിച്ചു. അതേസമയം, യു.ഡി.എഫിലായിരുന്ന കേരള കോണ്‍ഗ്രസ് -ബി മുന്നണി വിട്ട് ഇടതുമുന്നണിക്ക് പിന്തുണ നല്‍കി.
കേരള കോണ്‍ഗ്രസ് -ബി ഇടതുമുന്നണിയുടെ ഘടകകക്ഷിയല്ളെങ്കിലും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പോടെ അവരുടെ ക്യാമ്പിലായിട്ടുണ്ട്. ആര്‍.എസ്.പിയുടെ വരവോടെ നഷ്ടം മുസ്ലിം ലീഗിനാണ്. തെക്കന്‍ കേരളത്തില്‍ ലീഗ് മത്സരിക്കുന്ന ഏക മണ്ഡലമായ ഇരവിപുരം ആര്‍.എസ്.പിയുടെ സിറ്റിങ് സീറ്റാണ്. അവരുടെ സംസ്ഥാന സെക്രട്ടറി എ.എ. അസീസാണ് സിറ്റിങ് എം.എല്‍.എ. ആ സീറ്റ് വിട്ടുകൊടുക്കാന്‍ എന്തായാലും ആര്‍.എസ്.പി തയാറല്ല.

ഇരവിപുരം കിട്ടിയില്ളെങ്കില്‍ കരുനാഗപ്പള്ളി എന്നതാണ് മുസ്ലിം ലീഗിന്‍െറ ആവശ്യം. ജെ.എസ്.എസിലെ എ.എന്‍. രാജന്‍ ബാബു ജയിക്കുകയും കഴിഞ്ഞ രണ്ടുതവണയായി പരാജയപ്പെടുകയും ചെയ്ത കരുനാഗപ്പള്ളിയെ നോട്ടമിട്ട് കോണ്‍ഗ്രസിലെ പ്രമുഖരും രംഗത്തുണ്ട്. അരുവിക്കരക്ക് പകരം കൊല്ലത്ത് ഒരു നിയമസഭാ സീറ്റ് കൂടി വേണമെന്ന ആവശ്യവും ആര്‍.എസ്.പി ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞതവണ ഇടതുമുന്നണിയില്‍ സി.പി.എമ്മും സി.പി.ഐയും നാലുവീതം മണ്ഡലങ്ങളില്‍ മത്സരിച്ചു. ആര്‍.എസ്.പി മൂന്നിടത്തും. യു.ഡി.എഫില്‍ കോണ്‍ഗ്രസ് ആറിടത്തും കേരള കോണ്‍ഗ്രസ് -ബി രണ്ടിടത്തും. ആര്‍.എസ്.പി -ബി, ജെ.എസ്.എസ് എന്നിവര്‍ ഓരോയിടത്തും. ഇത്തവണ ഇടതുമുന്നണിയില്‍ ആര്‍.എസ്.പിയില്ല. പകരം കേരള കോണ്‍ഗ്രസ് -ബിയുണ്ട്. അവരുടെ സിറ്റിങ് സീറ്റായ പത്തനാപുരം നല്‍കിയാല്‍ ആര്‍.എസ്.പിയുടെ ഇരവിപുരം, ചവറ, കുന്നത്തൂര്‍ മണ്ഡലങ്ങള്‍ സി.പി.എമ്മും സി.പി.ഐയും പങ്കിടും. യു.ഡി.എഫില്‍, ആര്‍.എസ്.പിയുടെ  രണ്ട് സീറ്റില്‍ ഒരിടത്ത് ലീഗും മറ്റൊരിടത്ത് കോണ്‍ഗ്രസും മത്സരിക്കുന്നതാണ്. കേരള കോണ്‍ഗ്രസ് -ബിയുടെ രണ്ട് സീറ്റും കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. അതല്ളെങ്കില്‍ ലീഗിന് പത്തനാപുരമോ ചടയമംഗലമോ വാഗ്ദാനം ചെയ്തേക്കും.

ആര്‍.എസ്.പി ഇടതുമുന്നണിയില്‍ എത്തുമോയെന്ന ചര്‍ച്ച ഇടക്കാലത്ത് സജീവമായിരുന്നെങ്കിലും മുതിര്‍ന്ന നേതാവ് വി.പി. രാമകൃഷ്ണപിള്ളയുടെ മകള്‍ ജയന്തിയടക്കമുള്ളവര്‍ സി.പി.എമ്മില്‍ ചേര്‍ന്നതോടെ ജില്ലയില്‍ ഈ പാര്‍ട്ടികള്‍ തമ്മില്‍ പോരുമുറുകി. അതോടെ ഇടതുമുന്നണി സാധ്യത അടഞ്ഞ അധ്യായമായി. എന്നാല്‍, കുന്നത്തൂര്‍ എം.എല്‍.എ കോവൂര്‍ കുഞ്ഞുമോന്‍ എവിടെ നില്‍ക്കുന്നുവെന്ന ചര്‍ച്ച പുറത്ത് സജീവമാണ്. ഇടതുമുന്നണിയില്‍ തുടരാന്‍ താല്‍പര്യമുള്ള കുഞ്ഞുമോന്‍ സി.പി.ഐയുമായി ചര്‍ച്ച നടത്തിയെന്നും പറയുന്നു. അടുത്തകാലത്തൊന്നും യു.ഡി.എഫ് വിജയിക്കാത്ത കുന്നത്തൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്നുതവണയായി കുഞ്ഞുമോനാണ് ജയിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കൈവിട്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ല ഉള്‍പ്പെടുന്ന മൂന്നു മണ്ഡലങ്ങളും സ്വന്തമാക്കി. രണ്ടിടത്ത് കോണ്‍ഗ്രസും കൊല്ലത്ത് ആര്‍.എസ്.പിയും. എന്നാല്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടു. കൈവശമുണ്ടായിരുന്ന പഞ്ചായത്തുകളടക്കം നഷ്ടമായി.
കോണ്‍ഗ്രസിലെ ഗ്രൂപ്പും കാലുവാരലുമാണ് പരാജയത്തിന് കാരണമെന്ന ഘടകകക്ഷികളുടെ ആരോപണങ്ങള്‍ക്കിടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പലയിടത്തും അക്കൗണ്ട് തുറന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ അവര്‍ക്കാകില്ല.  എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ആസ്ഥാന ജില്ലയാണെങ്കിലും വെള്ളാപ്പള്ളി നടത്തിയ ജാഥയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ടുവന്ന് നടത്തിയ ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദനവും ഗുണംചെയ്തില്ല. എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂനിയന്‍ പ്രസിഡന്‍റും ആര്‍. ശങ്കറിന്‍െറ മകനുമായ മോഹന്‍ ശങ്കര്‍ വിട്ടുനിന്നതും വിവാദത്തിന് ശക്തിപകര്‍ന്നു. കെ.പി.സി.സി  നിര്‍വാഹക സമിതയംഗമായ മോഹന്‍ ശങ്കര്‍ കൊല്ലത്ത് സ്ഥാനാര്‍ഥിയാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ഈഴവ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലങ്ങളുണ്ടെങ്കിലും സമുദായ സംഘടനക്ക് കാര്യമായ റോളില്ളെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.  ആ തെരഞ്ഞെടുപ്പില്‍ മുസ്ലിം, ന്യൂനപക്ഷ വോട്ടുകള്‍ ഒന്നാകെ ഇടതുമുന്നണിയെ പിന്തുണച്ചിരുന്നുവെന്നാണ് വിലയിരുത്തല്‍. അന്നത്തെ ദേശീയ സാഹചര്യം മാറിയെങ്കിലും അത് അനുകൂല ഘടകമാക്കാന്‍ ജില്ലയിലെ കോണ്‍ഗ്രസിന് കഴിയില്ല. കാരണം അത്രത്തോളം ഗുരുതരമാണ് ഗ്രൂപ് വഴക്ക്. ഇതിനിടെയാണ് സീറ്റിന് വേണ്ടിയുള്ള കരുനീക്കങ്ങള്‍. അതേസമയം, ലത്തീന്‍ വിഭാഗത്തിന് ജില്ലയില്‍ കാര്യമായ സ്വാധീനമുണ്ട്.

ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍. മഹേഷ്, ഡി.സി.സി പ്രസിഡന്‍റ് വി. സത്യശീലന്‍ എന്നിവര്‍ സീറ്റിനായി രംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് -ബി മുന്നണിവിട്ട സാഹചര്യത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.സി. വിഷ്ണുനാഥും കൊട്ടാരക്കരയെ ലക്ഷ്യമിടുന്നു. കഴിഞ്ഞ തവണ ചാത്തന്നൂരില്‍ പരാജയപ്പെട്ട മഹിളാ കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷ ബിന്ദു കൃഷ്ണ വാമനപുരത്തേക്ക് ചുവടുമാറിയാല്‍ അവിടേക്കുമുണ്ട് ജംബോ പട്ടിക. കഴിഞ്ഞ തവണ ചടയമംഗലത്തും അതിനുമുമ്പ് കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലും പരാജയപ്പെട്ട കോണ്‍ഗ്രസിലെ ഷാഹിദ കമാല്‍ ഇത്തവണ സുരക്ഷിതമണ്ഡലം വേണമെന്ന ആവശ്യത്തിലാണ്.

സി.പി.എം, സി.പി.ഐ മുഖങ്ങളില്‍ മാറ്റമുണ്ടാകുമെന്നാണ് സൂചന. സി.പി.എം പൊളിറ്റ്ബ്യൂറോ അംഗമായ എം.എ. ബേബി ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കില്ല. കൊല്ലത്ത് രണ്ടുതവണ ജയിച്ച പി.കെ. ഗുരുദാസനും മാറിയേക്കും. കൊട്ടാരക്കരയില്‍ അയിഷ പോറ്റിയും രണ്ട് ടേം പൂര്‍ത്തിയാക്കി. ഇവിടെ ജില്ലയിലെ പ്രമുഖന്‍ മാസങ്ങളായി സജീവമാണ്. കഴിഞ്ഞതവണ പത്തനാപുരത്ത് പരാജയപ്പെട്ട കെ. രാജഗോപാലിനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്.  
സി.പി.എമ്മിന്‍െറ സിറ്റിങ് സീറ്റ്  ആര്‍. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടാലും കൊടുക്കുമോയെന്നത് കണ്ടറിയണം. പത്തനാപുരത്തിന് പുറമെ  ചെങ്ങന്നൂര്‍ സീറ്റ് പിള്ള ആവശ്യപ്പെട്ടതായും പറയുന്നു. സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍. ബാലഗോപാല്‍, സംസ്ഥാന കമ്മിറ്റിയംഗം സൂസന്‍ കോടി തുടങ്ങിയവരെയും ജില്ലയില്‍ പരിഗണിച്ചേക്കും.

വി.എസ് വിഭാഗത്തിന് വേരോട്ടമുള്ള ജില്ലയാണെങ്കിലും കഴിഞ്ഞ കുറച്ചുനാളായി വിഭാഗീയത പുറത്തേക്കില്ല എന്നതാണ് സി.പി.എമ്മിന്‍െറ നേട്ടം.
സി.പി.ഐയുടെ മുല്ലക്കര രത്നാകരന്‍ (ചടയമംഗലം), കെ. രാജു (പുനലൂര്‍), സി. ദിവാകരന്‍ (കരുനാഗപ്പള്ളി) എന്നിവരും രണ്ട് ടേം പൂര്‍ത്തിയാക്കി. ഇതില്‍ നിയമസഭാകക്ഷി നേതാവായ ദിവാകരന്‍ വീണ്ടും മത്സരിച്ചേക്കും. സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി ആര്‍. രാമചന്ദ്രന്‍, കെ.ആര്‍. ചന്ദ്രമോഹന്‍, പി.എസ്.സുപാല്‍ തുടങ്ങി പ്രമുഖര്‍ ഏറെയുണ്ടെങ്കിലും വിഭാഗീയത ശക്തമായ ജില്ലയെന്ന നിലയില്‍ അതും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഘടകമാകും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.