ഇടതിന് മനക്കോട്ട; യു.ഡി.എഫിന് അഭിമാനപ്രശ്നം

നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുന്ന മലപ്പുറത്ത് തദ്ദേശതെരഞ്ഞെടുപ്പ് ഫലംനോക്കി ഇടതുമുന്നണി മനക്കോട്ടകെട്ടുമ്പോള്‍ സീറ്റുകള്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള  തന്ത്രങ്ങളുടെ പണിപ്പുരയിലാണ് യു.ഡി.എഫ്- പ്രത്യേകിച്ച് മുസ്ലിം ലീഗ്. സ്വന്തംതട്ടകത്തിലെ 12 നിയമസഭാ സീറ്റുകള്‍ ലീഗിനെ സംബന്ധിച്ച് അഭിമാന പോരാട്ടംതന്നെ. രണ്ടു സീറ്റുള്ള കോണ്‍ഗ്രസിനും മലപ്പുറം അഭിമാനപ്രശ്നമാണ്. കുത്തിയാല്‍ ഇളകാത്ത ചില മണ്ഡലങ്ങളില്‍ അടുത്തകാലത്തുണ്ടായ പടലപ്പിണക്കങ്ങളും  മുന്നണിയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ കലാപങ്ങളും ലീഗിനെ അലട്ടുന്നു. അതില്‍നിന്ന് കരകയറാനുള്ള  നീക്കങ്ങളും ചര്‍ച്ചകളുമാണ് മലപ്പുറം രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലും ഭരണത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന ലീഗിന്‍െറ 20 എം.എല്‍.എമാരില്‍ 12 പേരും ഈ ജില്ലയില്‍നിന്നാണ്.

ഇരുഭാഗത്തും നേതാക്കള്‍ തമ്മില്‍ ചര്‍ച്ചകള്‍ പലവട്ടം നടന്നെങ്കിലും കോണ്‍ഗ്രസ്-ലീഗ് തര്‍ക്കത്തിന് അറുതിവന്നിട്ടില്ല. അത് എല്‍.ഡി.എഫിന്‍െറ സ്വപ്നങ്ങള്‍ വര്‍ധിപ്പിക്കുന്നു. എന്നാല്‍, നിലമ്പൂര്‍മേഖലയില്‍ പാര്‍ട്ടിയിലെ  പ്രബലപക്ഷം ഉയര്‍ത്തിയ വിമതശബ്ദവും  അടുത്തിടെ നടന്ന  സംഘര്‍ഷവും സി.പി.എമ്മിനെ അലട്ടുന്നു. ഇതിനു പുറമേ പൊന്നാനിയിലടക്കം സി.പി.എം -സി.പി.ഐ ഭിന്നത തുടരുകയാണ്. ഇക്കാര്യം ഇടതുമുന്നണിയില്‍ പുകയുന്നുണ്ട്. ബി.ജെ.പിക്ക് ഒരു മണ്ഡലത്തിലും പ്രതീക്ഷയില്ളെങ്കിലും 2011നെക്കാള്‍ വോട്ടുകള്‍ കൂടുതല്‍ കിട്ടുമെന്ന പ്രതീക്ഷയുണ്ട്. വെള്ളാപ്പള്ളിയുടെ പുതിയ പാര്‍ട്ടിയായ ഭാരത് ധര്‍മ ജന സേനക്കും മലപ്പുറം മണ്ണില്‍ ചില്ലറ വേരുകളുണ്ട്. ഐ.എന്‍.എല്‍  ഇടതുപക്ഷത്ത് ഉറച്ചുനില്‍ക്കുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, പി.ഡി.പി എന്നിവരുടെ മത്സരം ഇരുമുന്നണികളും നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. സുന്നി കാന്തപുരം വിഭാഗത്തിന് ചില മണ്ഡലങ്ങളില്‍ അവഗണിക്കാനാവാത്ത വോട്ടുകളുള്ളതിനാല്‍ മുന്നണിനേതാക്കള്‍ അവരുമായി ആശയവിനിമയം ആരംഭിച്ചിട്ടുണ്ട്.
സാധ്യതകള്‍, ചര്‍ച്ചകള്‍
ലീഗില്‍ നിലവിലെ എം.എല്‍.എമാരില്‍ ചുരുങ്ങിയത് അഞ്ചുപേരെങ്കിലും ഇക്കുറി മാറിനില്‍ക്കേണ്ടിവരുമെന്ന സൂചനകളാണ് ആദ്യഘട്ടത്തില്‍ ലഭിക്കുന്നത്. കൂടാതെ, മലപ്പുറത്ത് ഉള്‍പ്പെടെ സീറ്റ് വെച്ചുമാറല്‍ ചര്‍ച്ചകളും നേതാക്കള്‍ തമ്മിലുണ്ട്. മത്സരിക്കാന്‍ സാധ്യതയുള്ള ലീഗ് പട്ടികയില്‍ മലപ്പുറം മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ. പി. മുഹമ്മദ് മുസ്തഫ, ലീഗ് ജില്ലാ ജന. സെക്രട്ടറി പി. അബ്ദുല്‍ ഹമീദ്, അഡ്വ. പി.എം.എ. സലാം, പി.എ. ജബ്ബാര്‍ഹാജി, കുറുക്കോളി മൊയ്തീന്‍, വനിതാ ലീഗ് നിരയില്‍നിന്ന് ഖമറുന്നീസ അന്‍വര്‍, കോണ്‍ഗ്രസ് നിരയില്‍നിന്ന് വി.വി. പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, ആര്യാടന്‍ ഷൗക്കത്ത്, പി.ടി. അജയ് മോഹന്‍, കെ.എസ്.യു  പ്രസിഡന്‍റ് വി.എസ്. ജോയ് എന്നിവരുണ്ട്. ഇടതുമുന്നണിയാണെങ്കില്‍ ലീഗ് കോട്ടകള്‍ പൊളിക്കാന്‍ ഇത്തവണ ഒരുപിടി പൊതുസമ്മതരായ സ്വതന്ത്രന്മാരെ ഗോദയിലിറക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. വണ്ടൂരില്‍ കോണ്‍ഗ്രസിനെ നേരിടാന്‍ സിനിമാരംഗത്തുനിന്ന് സ്ഥാനാര്‍ഥിയെ ഇറക്കാനുള്ള നീക്കങ്ങള്‍ എല്‍.ഡി.എഫ് ഭാഗത്തുനിന്നുണ്ട്. കഴിഞ്ഞതവണ ഏറനാട് മണ്ഡലത്തില്‍ ഇടതുമുന്നണി മത്സരിപ്പിച്ച സി.പി.ഐ സ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളി 47,452 വോട്ടുകള്‍ വാരിക്കൂട്ടിയ പി.വി. അന്‍വറിനെ സി.പി.എം ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കും.

തിരൂരിലോ താനൂരിലോ വി. അബ്ദുറഹ്മാന്‍ ഇടതു സ്ഥാനാര്‍ഥിയായേക്കും. മന്ത്രി മഞ്ഞളാംകൂഴി അലി പെരിന്തല്‍മണ്ണ വിട്ട് കൂടുതല്‍ സുരക്ഷിത മണ്ഡലത്തിലേക്ക് മാറുമെന്ന സൂചനയുമുണ്ട്. വി.ഐ.പി മണ്ഡലങ്ങള്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വേങ്ങരയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ നിലമ്പൂരുംതന്നെ. കൂടാതെ, മന്ത്രിമാരായ എ.പി. അനില്‍ കുമാറിന്‍െറ വണ്ടൂരും, പി.കെ. അബ്ദുറബ്ബിന്‍െറ തിരൂരങ്ങാടിയും അലിയുടെ പെരിന്തല്‍മണ്ണയും ജില്ലയില്‍ മന്ത്രിമണ്ഡലങ്ങള്‍ എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നു. മന്ത്രി ആര്യാടന്‍ മുഹമ്മദ് വീണ്ടും മത്സരിക്കുമോ എന്നചോദ്യം കോണ്‍ഗ്രസ് വൃത്തങ്ങളില്‍ സജീവ ചര്‍ച്ചയാണിപ്പോള്‍. പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരവിട്ട് മലപ്പുറത്തേക്ക് മാറുമെന്ന സൂചനയുണ്ട്. അങ്ങനെവന്നാല്‍ പി. ഉബൈദുല്ല വേങ്ങരയിലേക്ക് മാറും. വള്ളിക്കുന്ന്, കൊണ്ടോട്ടി, മങ്കട, തിരൂര്‍, തിരൂരങ്ങാടി, മഞ്ചേരി എന്നീ മണ്ഡലങ്ങളില്‍ ലീഗ് എം.എല്‍.എമാര്‍ക്ക് മാറ്റമോ മണ്ഡലംമാറ്റമോ ഉണ്ടാകാനാണ് സാധ്യത. ഇതില്‍ തിരൂരില്‍ ഇത്തവണ 32,448 പുതിയ വോട്ടര്‍മാര്‍ പട്ടികയില്‍വന്നത് ഇരുമുന്നണികളും പരിശോധിക്കുന്നുണ്ട്. നിലവിലുള്ള തവനൂരിനും പൊന്നാനിക്കും പുറമേ പെരിന്തല്‍മണ്ണയും നിലമ്പൂരും മങ്കടയും സ്വന്തം അക്കൗണ്ടില്‍ ചേര്‍ക്കാനുള്ള ഒരുക്കമാണ് ഇടതുമുന്നണി നടത്തുന്നത്.

വണ്ടൂര്‍, മഞ്ചേരി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്  മണ്ഡലങ്ങളില്‍ യു.ഡി.എഫ് മേല്‍ക്കൈ കാണുന്നു. കൊണ്ടോട്ടിയുടെ കാര്യത്തില്‍ ഇരുപക്ഷത്തും പ്രതീക്ഷയും അതുപോലെ ആശങ്കയുമുണ്ട്. കാരണം, തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.എമ്മും മുന്നണിയായി ലീഗിനെ നേരിട്ട കൊണ്ടോട്ടിയില്‍ ഇരു ഭാഗത്തും നടന്നുവരുന്ന ചര്‍ച്ചകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും നിയമസഭയിലേക്കുള്ള കൂട്ടുകെട്ട്. വണ്ടൂര്‍ മണ്ഡലത്തിലും ഇത്തരം ചര്‍ച്ചകള്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടന്നുവരുകയാണ്. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ ലീഗ് നേതാവ്  ഇ. അഹമ്മദ്  1,94,739 വോട്ടുകളുടെ ഭൂരിപക്ഷം നേടി. മഞ്ചേരി ലോകസഭാ മണ്ഡലത്തിന്‍െറ പരിധിയില്‍വരുന്ന നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫിനായിരുന്നു മേല്‍ക്കൈ. പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ 25,410 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അവിടെ തവനൂരും പൊന്നാനിയും അന്നും എല്‍.ഡി.എഫിനെ തുണച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പല പഞ്ചായത്തുകളിലും ഇടതുമുന്നണിയും പുതുതായി രൂപപ്പെട്ട സാമ്പാര്‍മുന്നണികളും ലീഗിനെ തോല്‍പിച്ച് മുന്നേറി. എന്നാല്‍, ജില്ലാപഞ്ചയത്തില്‍ ഒറ്റക്ക് ഭൂരിപക്ഷം നിലനിര്‍ത്താന്‍ സാധിച്ചതാണ് ലീഗിന്‍െറ പ്രതീക്ഷ. ഒപ്പം ബ്ളോക് ഭരണത്തിലും യു.ഡി.എഫിനാണ് മേധാവിത്വം. 2011ലെ തെരഞ്ഞെടുപ്പില്‍ 5000ന് മുകളിലാണ് ജില്ലയിലെ 15 മണ്ഡലങ്ങളിലെയും ഭൂരിപക്ഷം. എന്നാല്‍, പൊന്നാനിയിലെ വിജയം 4101 വോട്ടുകള്‍ക്കായിരുന്നു.
വിചിത്രസഖ്യങ്ങള്‍, അടിയൊഴുക്കുകള്‍
തദ്ദേശതെരഞ്ഞെടുപ്പില്‍ സാമ്പാര്‍മുന്നണികള്‍ മാത്രമല്ല, വിചിത്രമുന്നണികളും മലപ്പുറത്ത് അരങ്ങ് നിറഞ്ഞാടി. കോണ്‍ഗ്രസും സി.പി.എമ്മും കൊണ്ടോട്ടി നഗരസഭയിലടക്കം മുന്നണിയായി മത്സരിച്ച് വിജയംപങ്കിട്ടു. ലീഗിനെതിരെ അസാധാരണ പടയൊരുക്കമായി അത് രാഷ്ട്രീയത്തില്‍ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു. വിമത ഭീഷണിയുടെ കാര്യത്തില്‍ കോണ്‍സ്ര് മാത്രമല്ല, ലീഗും പലയിടത്തും അന്തിച്ചുനിന്നു. യു.ഡി.എഫില്‍ താഴത്തെട്ടിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മുകള്‍ത്തട്ടിലെ ചര്‍ച്ചകള്‍ ഫലംകാണുമോ എന്ന സംശയവും ചോദ്യങ്ങളും പടരുകയാണ്. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും ആര്യാടന്‍മുഹമ്മദും എ.പി. അനില്‍കുമാറുമെല്ലാം ചേര്‍ന്ന് മുന്നണിയില്‍ സമവായത്തിനുവേണ്ട വിട്ടുവീഴ്ചകളെ കുറിച്ച് സംസാരിക്കുന്നുണ്ട്.

ചോക്കാട്, എടപ്പറ്റ പഞ്ചായത്തുകളില്‍ വിചിത്രസഖ്യം ലീഗിനെ തുറിച്ചുനോക്കുന്നു. അതേസമയം, കൊണ്ടോട്ടി നഗരസഭയിലും മാറാക്കരയിലും മറ്റും കോണ്‍ഗ്രസുമായാണ് സി.പി.എം സഖ്യം. ഇത് സി.പി.എമ്മിനെ മാത്രമല്ല, കോണ്‍ഗ്രസിനെയും കുഴക്കുന്നു. 2011ലെ തെരഞ്ഞെടുപ്പിനെക്കാള്‍ വലിയ സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് സി.പി.എം സ്ഥാനാര്‍ഥിപ്പട്ടിക ഉണ്ടാക്കുന്നത്്. ‘സ്വതന്ത്ര തന്ത്ര’മായിരിക്കും അവരുടെ ഒരു തുരുപ്പുശീട്ട്. ടി.കെ. ഹംസയെയും കെ.ടി. ജലീലിനെയും പരീക്ഷിച്ച പാഠം ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ്, ലീഗ് നിരയിലെ ‘റെബലുകളുടെ’ കണക്കെടുപ്പും അവരുടെ മനസ്സിലിരുപ്പും പാര്‍ട്ടി ഇത്തവണ കൂടുതലായി പരിശോധിക്കുന്നുണ്ട്.
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.